വിശുദ്ധ അഗസ്റ്റിനും വിശുദ്ധ തോമസ് അക്വീനാസും സഭയിലെ രണ്ടു മഹാ വേദപാരംഗതരാണ്. ഇവർ രണ്ടും വിശുദ്ധരിൽ വച്ച് വിജ്ഞരും വിജ്ഞരിൽ വച്ച് വിശുദ്ധരുമാണ്. സഭയുടെ സാർവത്രിക വേദപാരംഗതൻ (Universal Doctor) എന്നറിയപ്പെടുന്ന മഹാനായ വിശുദ്ധ ആൽബർട്ടിന്റെ ശിഷ്യനായിരുന്നു വിശുദ്ധ അക്വീനാസ്. ഗ്രീക്കുചിന്തയെ – പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ആശയങ്ങളെ – ക്രിസ്തീയവിശ്വാസത്തിന് അനുരൂപമായ രീതിയിൽ വ്യാഖ്യാനിച്ച ഈ ബുദ്ധിരാക്ഷസനാണ് പാശ്ചാത്യരുടെ ശാസ്ത്രാഭിമുഖ്യത്തിന് കാരണമായിത്തീർന്ന യുക്തിബോധം (rationalism) വികസിപ്പിച്ചത്. വിശ്വാസതത്ത്വങ്ങളെ യുക്തിയുക്തമായി വിശദീകരിക്കാൻ അക്വീനാസ് നടത്തിയ ശ്രമം ദൈവശാസ്ത്രത്തിന്റെയും തത്ത്വശാസ്ത്രത്തിന്റെയും പുരോഗതിക്കു വഴിതെളിച്ചു. ധനശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിജ്ഞാനശാഖകൾക്കും അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. ഇങ്ങെനയൊക്കെയായിരുന്നെങ്കിലും, ശിശുസഹജമായ നിഷ്‌കളങ്കത ഈ വിശുദ്ധന്റെ പ്രത്യേകതയായിരുന്നു. ”മാലാഖായെപ്പോലെയുളള വേദപാരംഗതൻ” (Angelic Doctor) എന്നാണ് സമകാലീനർ അദ്ദേഹത്തെ വിളിച്ചിരുന്നത്. മധ്യയുഗങ്ങളിലെ സ്‌കൊളാസ്റ്റിസിസത്തെ അദ്ദേഹം അതിന്റെ ഉച്ചകോടിയിലെത്തിച്ചു. ഇന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ സത്യാന്വേഷികൾക്കും വിജ്ഞാനദാഹികൾക്കും വിരുന്നൊരുക്കുന്നു.
ജനനം, വിദ്യാഭ്യാസം, സന്ന്യാസജീവിതം
വിശുദ്ധ തോമസ് അക്വീനാസ് ഇറ്റലിയിലെ നേപ്പിൾസിനടുത്ത് അക്വീനോയിൽ 1225-ൽ കുലീനവും സമ്പന്നവുമായ ഒരു കുടുംബത്തിലാണു ജനിച്ചത്. പിതാവായ ലാൻറൾഫ് അക്വീനോയിലെ പ്രഭുവും, മാതാവ് തെയോഡോറാ ഒരു പ്രഭ്വിയുമായിരുന്നു. അഞ്ചാമത്തെ വയസ്സിൽ ബനഡിക്‌ടൈൻ സന്ന്യാസികളുടെ കീഴിൽ മൊണ്ടേകസീനോയിൽ തോമസിന്റെ വിദ്യാഭ്യാസം ആരംഭിച്ചു. പ്രായത്തിൽ കവിഞ്ഞ ബുദ്ധിശക്തി പ്രദർശിപ്പിച്ച ആ കുട്ടി പതിനൊന്നാമത്തെ വയസ്സിൽ നേപ്പിൾസ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശിച്ച് വിദ്യാഭ്യാസം തുടർന്നു. 1240-നും 1243-നും മദ്ധ്യേ തോമസ് അന്നത്തെ ഭിക്ഷാടനസഭകളിൽ (mendicant orders) ഒന്നായ ഡൊമിനിക്കൻ സഭയിൽ ചേർന്ന് സഭാവസ്ത്രം സ്വീകരിച്ചു. ഒരു പ്രഭുകുമാരൻ യാചകവേഷം സ്വീകരിച്ചത് മാതാപിതാക്കൾക്ക് ഇഷ്ടമായില്ല. എന്നാൽ അമ്മയുടെ വാത്സല്യത്തിനോ സഹോദരന്മാരുടെ ഭീഷണികൾക്കോ വഴങ്ങി തന്റെ ദൈവവിളി ഉപേക്ഷിക്കാൻ തോമസ് തയ്യാറായില്ല. കുപിതരായ സഹോദരന്മാർ, ഒരു പക്ഷെ അമ്മയുടെ പ്രേരണയോടെ, തോമസിനെ റോക്കാ-സേക്കായിലുണ്ടായിരുന്നു അവരുടെ മാളികയിലെ ഒരു മുറിയിൽ രണ്ടു കൊല്ലത്തോളം അടച്ചിട്ടു.
ഈ കാരാഗൃഹവാസം തോമസിന്റെ തീരുമാനത്തിന് മാറ്റമൊന്നും വരുത്തുന്നില്ലെന്നു കണ്ടപ്പോൾ അവർ ഒരു വേശ്യയെ അദ്ദേഹത്തിന്റെ മുറിയിലിട്ടടച്ചു. ഭിത്തിയിൽ കുരിശു വരച്ചിട്ട് മുട്ടിന്മേൽ നിന്നു പ്രാർത്ഥിച്ചശേഷം, മുറിയിലെ അടുപ്പിൽ നിന്ന് ഒരു തീക്കൊളളിയെടുത്ത് തോമസ് അവളെ ആട്ടിപ്പായിച്ചു. ഈ പ്രലോഭനത്തെ ജയിക്കാൻ അനുഗ്രഹം നൽകിയ ദൈവത്തിനു നന്ദി പറയാൻ ഒരുങ്ങുമ്പോൾ പെട്ടെന്ന് അദ്ദേഹം ഒരു സമാധിയിലമർന്നു. ഉടനെ ഒരു മാലാഖാ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന്റെ അരയിൽ ബലമായി ഒരു ചരടു കെട്ടിക്കൊണ്ടു പറഞ്ഞു: ”നിത്യബ്രഹ്മചര്യമാകുന്ന അരപ്പട്ടകൊണ്ട് നിന്നെ ഞാൻ ബന്ധിക്കുന്നു”. ഈ അരപ്പട്ട ബന്ധിച്ച സമയത്തുണ്ടായ വേദനകൊണ്ട് അദ്ദേഹം കരഞ്ഞുപോയി. പിന്നീട് ഒരിക്കലും ശുദ്ധതയ്ക്ക് (purity) എതിരായ ഒരു പ്രലോഭനം പോലും അദ്ദേഹത്തിനുണ്ടായിട്ടില്ല. മരണത്തിനു തൊട്ടുമമ്പ് തന്റെ കുമ്പസാര ക്കാരനായിരുന്ന ഫാദർ റെയിനാൾഡിനോടു മാത്രമാണ് വിശുദ്ധൻ ഈ രഹസ്യം വെളിപ്പെടുത്തിയത്.
അങ്ങനെ തടസ്സം നീങ്ങി ഡൊമിനിക്കൻ സഭയിൽ ചേർന്ന തോമസ് തന്റെ ഗുരുഭൂതനായ, മഹാനായ അൽബർട്ടിനോടു കൂടെ 1245-ൽ പാരീസി ലേയ്ക്കും, 1248-ൽ കൊളോണിലേയ്ക്കും പോയി. 1250-ൽ വൈദികപട്ടം സ്വീകരിച്ച തോമസ് ദൈവശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും രണ്ടു ഡോക്ടർ ബിരുദങ്ങൾ സമ്പാദിച്ചു. അനേകവർഷം അദ്ദേഹം പാരീസ് യൂണിവേഴ്‌സിറ്റിയിൽ ദൈവശാസ്ത്രവും തത്ത്വശാസ്ത്രവും പഠിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രശസ്തി യൂറോപ്പിൽ പ്രസരിച്ചു.
”സുമ്മാ തിയോളോജിക്കാ” (Summa Theologica)
വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനുവേണ്ടി വിശുദ്ധൻ എഴുതിയുണ്ടാക്കിയ വിശദമായ നോട്ടുകളുടെ സമാഹാരമാണ് ”സുമ്മാ തിയോളോജിക്കാ” (ദൈവശാസ്ത്ര സമാഹാരം) എന്ന പേരിൽ അറിയപ്പെടുന്ന ബൃഹദ് കൃതി. ലത്തീനിൽ പല വോളിയങ്ങളായി രചിക്കപ്പെട്ട ഈ കൃതിയാണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ്. ഇതിന്റെ പ്രാരംഭത്തിൽ ദൈവാസ്തിത്വം തെളിയിക്കാനായി അദ്ദേഹം കൊടുത്തിട്ടുളള അഞ്ചു വാദമുഖങ്ങൾ ”പഞ്ചസരണികൾ” (Five Ways of Proving the Existence of God) എന്ന പേരിൽ അറിയപ്പെടുന്നു. ഇതും ഇതിനു പുറമേയുളള മറ്റുരചനകളും ഇന്നും ആധികാരികങ്ങളായി കരുതപ്പെടുന്നു.
അമർത്യതയുടെ ഔഷധം (Medicine of Immortality)
വിശുദ്ധ തോമസ് വിശുദ്ധ കുർബാനയുടെ വലിയൊരു ഭക്തനായിരുന്നു. വിശുദ്ധ കുർബാനയെ ”അമർത്യതയുടെ ഔഷധം” എന്നു വിശേഷിപ്പിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ശക്തികേന്ദ്രം വിശുദ്ധ കുർബാനയായിരുന്നു. വിശുദ്ധ കുർബാനയെപ്പറ്റി താനെഴുതിയ ഗ്രന്ഥം പ്രസിദ്ധീകരണാർഹമാണോ എന്നു സംശയിച്ച് തിരുസക്രാരിയുടെ മുമ്പാകെ നിൽക്കുമ്പോൾ, ”തോമസ്, നീ എന്നെപ്പറ്റി നന്നായി എഴുതിയിരിക്കുന്നു” എന്ന ഈശോയുടെ അംഗീകാരവചസ്സുകൾ അദ്ദേഹം ശ്രവിച്ചു. വിശുദ്ധ കുർബാനയെ സ്തുതിച്ചുകൊണ്ടുളള കുറെ ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഗ്രിഗറി പതിനൊന്നാമൻ മാർപ്പാപ്പായുടെ ആഗ്രഹമനുസരിച്ച് 1274-ൽ ലിയോൺസിലെ പൊതു സൂനഹദോസിൽ പങ്കെടുക്കാൻ പോകും വഴി ഫോസാനോവിലെ സിസ്റ്റേഴ്‌സിയൻ ആശ്രമത്തിൽ വച്ചാണ് അദ്ദേഹം ദിവംഗതനായത്. ആസന്ന മരണനായ വിശുദ്ധൻ തിരുപാഥേയം (viaticum) എത്തിയപ്പോൾ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്: ”സത്യദൈവവും സത്യമനുഷ്യനും, ദൈവപുത്രനും കന്യകാമറിയത്തിന്റെ പുത്രനുമായ ഈശോമിശിഹാ ഈ കൂദാശയിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു…ഈ കൂദാശയേയോ മറ്റു കാര്യങ്ങളെയോ സംബന്ധിച്ച് വല്ല അബദ്ധവും ഞാൻ എഴുതിപ്പിടിപ്പിച്ചിട്ടുണ്ടെങ്കിൽ, സമസ്തവും പരിശുദ്ധ റോമാസഭയുടെ തീരമാനത്തിനും, സുബുദ്ധീകരണത്തിനുമായി ഞാൻ സമർപ്പിക്കുന്നു. സഭയോടുളള അനുസരണത്തിൽ ഈ ജീവിതത്തോടു ഞാൻ വിടവാങ്ങുന്നു.
വിനയത്തിന്റെ മൂർത്തീഭാവം
വിശുദ്ധ തോമസ് വിനയത്തിന്റെ മൂർത്തീഭാവമായിരുന്നു. നേപ്പിൾസിൽ വച്ച് ഒരിക്കൽ കുരിശുരൂപത്തിൽ നിന്ന് അദ്ദേഹം ഒരു സ്വരം ശ്രവിച്ചു:”തോമസ്, എന്നെപ്പറ്റി നീ നന്നായി എഴുതിയിരിക്കുന്നു. പകരം നിനക്ക് എന്തുവേണം?” വിനയമൂർത്തിയായ വിശുദ്ധൻ മൊഴിഞ്ഞു: ”കർത്താവേ, എനിക്ക് അങ്ങയെ അല്ലാതെ മറ്റൊന്നും വേണ്ടാ”.
ഒരിക്കൽ, മരണത്തിനു മുമ്പ്, അദ്ദേഹം നടന്നുപോകുമ്പോൾ സ്വർഗ്ഗത്തിന്റെ ഒരു ക്ഷണികദൃശ്യം (A glimpse of heaven) അദ്ദേഹത്തിനുണ്ടായി. ഉടനെ അദ്ദേഹം പറഞ്ഞു: ”ഞാൻ എഴുതിയതെല്ലാം ചവറാണ്” (whatever I have written is rubbish). പിന്നെ അദ്ദേഹം ഒന്നും തന്നെ എഴുതിയില്ല.
അമൂല്യ നിധിശേഖരം
എന്നാൽ തിരുസ്സഭ അദ്ദേഹത്തിന്റെ രചനകളെ അമൂല്യനിധിയായിട്ടാണ് ഇന്നും കരുതുന്നത്. വിശുദ്ധ അക്വീനാസിന്റെ വിജ്ഞാനം മാനുഷികമെന്നതിനേക്കാൾ ദൈവികമാണ്. ബുദ്ധിയുടെ അത്യപൂർവ്വ സിദ്ധികളും ഭക്തിയുടെ ആഴങ്ങളും അദ്ദേഹത്തിൽ ഒത്തു ചേർന്നു. പഠനങ്ങേളക്കാൾ പ്രാർത്ഥനയായി
രുന്നു തന്റെ അറിവിന്റെ ഉറവിടമെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ഉപസംഹാരം
അപാരമായ അറിവിന്റെയും വിശുദ്ധിയുടെയും വിളനിലമായിരുന്ന വിശുദ്ധ അക്വീനാസിന്റെ വിനയവും, തിരുസ്സഭയോടുളള വിധേയത്വവും, വിശുദ്ധ കുർബാനയോടുളള സ്‌നേഹവും നമുക്കു കണ്ടു പഠിക്കാം. ക്രിസ്താനുഭവ കർത്താവ് പറയുന്നതു പോലെ സുകൃതം കഴിഞ്ഞാൽ അറിവാണ് പ്രധാനപ്പെട്ടത്. അജ്ഞത, പ്രത്യേകിച്ച് വിശ്വാസ സംബന്ധമായ അജ്ഞത, അപകടമാണെന്ന് നമുക്ക് ഓർത്തിരിക്കാം.