മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 1 : ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികളുടെ ശ്ലൈഹിക ഉത്ഭവം

മനുഷ്യന് ദൈവം നൽകിയ ഒരു വലിയ കഴിവാണ് ഓർമ്മശക്തി. ഓർമ്മ നഷ്ടപ്പെട്ടവന് തന്റെ പ്രിയപ്പെട്ടവരെയോ വേണ്ടപ്പെട്ടവരെയോ തിരിച്ചറിയാൻ കഴിയാതെ വരും. ഗതകാലസംഭവങ്ങളെക്കുറിച്ചുളള ഓർമ്മയാണു ചരിത്രം. സഭയുടെ കഴിഞ്ഞ കാലത്തെക്കുറിച്ചുളള ഓർമ്മ സഭാചരിത്രവും. ആ ഓർമ്മ നഷ്ടപ്പെട്ടാൽ ഒരുവന് അവനായിരുക്കുന്ന സഭയെയും അതിന്റെ പൂജ്യമായ പൈതൃകത്തെയും കണ്ടെത്താൻ കഴിയുകയില്ല. വേരു നഷ്ടപ്പെട്ടാൽ വൃക്ഷങ്ങൾക്കു നിലനിൽക്കാനാവില്ല. ഉറവിടങ്ങളെക്കുറിച്ച് സഭാതനയർ അജ്ഞരാകാൻ പാടില്ല. സഭാചരിത്രപഠനം ഉറവിടങ്ങളിലേയ്ക്കു തിരിച്ചുപോകാനും സ്വന്തം വേരുകൾ കണ്ടെത്താനും അതിലൂടെ ബലവത്തും കരുത്തുറ്റതുമായ ഒരു ഭാവി രൂപപ്പെടുത്താനും നമ്മെ സഹായിക്കുന്നു. ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികളുടെ ചരിത്രത്തിന്റെ ഏടുകളിലേയ്ക്ക് നാം കടക്കുകയാണ്. 16-ാം നൂറ്റാണ്ടു വരെ ഒരേ ഒരു ക്രൈസ്തവ സഭ മാത്രമേ ഭാരതത്തിൽ ഉണ്ടായിരുന്നുളളു – മാർത്തോമ്മാ നസ്രാണികളുടെ സഭ അഥവാ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സഭ. ഈശോമിശിഹായുടെ ശിഷ്യന്മാരിൽ ഒരാളുടെ പേരിൽ അറിയപ്പെടുന്ന ലോകത്തിലെ ഒരേ ഒരു സഭയാണിത്. മാർത്തോമ്മാശ്ലീഹായുടെ, ക്രിസ്തുവർഷം 52 മുതൽ 72 വരെയുളള ഭാരത പ്രേഷിതപ്രവർത്തനത്തിന്റെ ഫലമാണല്ലോ ഇവിടുത്തെ നസ്രാണിസഭ. മാർത്തോമ്മാ നസ്രാണി സഭയുടെ ശ്ലൈഹിക ഉത്ഭവത്തിന് അടിസ്ഥാനമായുളള ചില വസ്തുതകളാണിവിടെ പരാമർശിക്കുന്നത്.
1. ഭൗതിക സാദ്ധ്യത
ഈശോയുടെ ജനനത്തിനു മുമ്പുതന്നെ ഗ്രീക്ക്-റോമൻ സാമ്രാജ്യവും ദക്ഷിണേന്ത്യയുമായി കച്ചവടബന്ധം നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുവർഷത്തിന്റെ ആരംഭത്തിൽ തോമ്മാശ്ലീഹായ്ക്ക് ഭാരതത്തിലെത്തുക ദുഷ്‌കരമായിരുന്നില്ല.
2. സഭാപിതാക്കന്മാരുടെ സാക്ഷ്യങ്ങൾ
നാല്, അഞ്ച് നൂറ്റാണ്ടുകളിലെ സഭാപിതാക്കന്മാർ നേരിട്ടോ അല്ലാതെയോ മാർ
ത്തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതപ്രവർത്തനത്തെയും രക്തസാക്ഷിത്വത്തെയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാർ അപ്രം (306-373), മാർ ജറോം (342-420), മാർ ജോൺ ക്രിസോസ്‌തോം (347-407) എന്നിവർ അവരിൽ ചിലരാണ്.
3. ആരാധനക്രമ തെളിവുകൾ
പാശ്ചാത്യ-പൗരസ്ത്യ ആരാധനക്രമങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും തോമ്മാശ്ലീഹായുടെ ഭാരത േപ്രഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും പറ്റി പരാമർശിക്കുന്നുണ്ട്. പ്രാചീന രക്തസാക്ഷി ചരിത്രത്തിലും (Martyrology) ആരാധനക്രമപഞ്ചാംഗങ്ങളിലും തോമ്മാശ്ലീഹായെ ഭാരതത്തോടു ബന്ധപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്.
4. അപ്രമാണിക രചനകൾ
അപ്രമാണിക രചനകളായ (സഭ ഔദ്യോഗികമായി അംഗീകരിക്കാത്ത രചനകൾ) ”തോമ്മായുടെ നടപടികൾ” (മൂന്നാം ശതകം), ”ശ്ലീഹന്മാരുടെ പഠനങ്ങൾ” (മൂന്നാം ശതകം), ”തോമ്മായുടെ പീഡാസഹനം” (നാലാം ശതകം) തുടങ്ങിയവ ഭാരതക്രൈസ്തവരുടെ ശ്ലൈഹിക ഉത്ഭവത്തെ പരാമർശിക്കുന്നുണ്ട്. ”തോമ്മായുടെ നടപടികൾ” എന്ന കൃതി പ്രതിപാദിക്കുന്നതനുസരിച്ച്, ഗുണ്ടഫറസ് എന്ന രാജാവിന്റെ സഹായത്തോടെയാണ് തോമ്മാശ്ലീഹാ ഭാരതത്തിൽ എത്തുന്നത്. ഗുണ്ടഫറസ് എന്ന രാജാവ് ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ ഭാരതത്തിൽ ഭരണം നടത്തിയിരുന്നുവെന്ന് സമകാലിക ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട് (Cfr. G. Nedungatt Quest for the Historical Thomas Apostle of India: A Re – reading of the Evidence, Bangalore, 2008, 81-86).
5. പ്രാദേശിക പാരമ്പര്യങ്ങൾ
തോമ്മാശ്ലീഹാ രൂപം കൊടുത്ത പുരാതന ക്രൈസ്തവ സമൂഹങ്ങളും അവർ സ്ഥാപിച്ച ദൈവാലയങ്ങളുമൊക്കെ പാരമ്പര്യത്തിന്റെ ഭാഗമാണല്ലോ. ശ്ലീഹായുടെ പ്രേഷിതപ്രവർത്തനവും രക്തസാക്ഷിത്വവുമൊക്കെ നാടൻ പാട്ടുകളുടെയും അനുഷ്ഠാനകലകളുടെയും രൂപത്തിൽ പ്രാചീനകാലം മുതലേ പ്രചാരത്തിലുണ്ട്. പൗരാണികത്വം അവകാശപ്പെടാവുന്ന മാർഗ്ഗംകളിപ്പാട്ട്, റമ്പാൻപാട്ട്, വീരടിയാൻപാട്ട് തുടങ്ങിയവ ഉദാഹരണങ്ങളാണ്.
6. തോമ്മാശ്ലീഹായുടെ കബറിടം
മൈലാപ്പൂരിലുളള തോമ്മാശ്ലീഹായുടെ കബറിടം അദ്ദേഹത്തിന്റെ ഭാരതപ്രേഷിതപ്രവർത്തനത്തിന്റെ മറ്റൊരു തെളിവായി കണക്കാക്കാവുന്നതാണ്. മാർത്തോമ്മാ നസ്രാണികളുടെ ആദ്ധ്യാത്മിക ജീവിതത്തിൽ ഒരു പ്രധാന സ്ഥാനമാണ് തോമ്മാശ്ലീഹായുടെ കബറിടത്തിനുണ്ടായിരുന്നത്. നസ്രാണികൾ മൈലാപ്പൂരിലേയ്ക്കു തീർത്ഥാടനം നടത്തുകയും കബറിടത്തിൽ നിന്ന് മണ്ണെടുത്തു കൊണ്ടുവരികയും അത് പുണ്യകർമ്മങ്ങൾക്കും ഹന്നാൻ വെളളം വെഞ്ചരിക്കുന്നതിനും ഉപയോഗിക്കുകയും ചെയ്യുന്ന പതിവ് 16-ാം നൂറ്റാണ്ടുവരെ നിലനിന്നിരുന്നു.
7. യഹൂദസാന്നിദ്ധ്യം
ബി.സി. പത്താം ശതകം മുതൽ ദക്ഷിണേന്ത്യയുമായി യഹൂദർക്കു  വ്യാപാരബന്ധമുണ്ടായിരുന്നു. വ്യാപാരഭാഷ അറമായ ആയിരുന്നു. അറമായഭാഷ ഈശോ മിശിഹായുടെ സംസാരഭാഷ ആയിരുന്നല്ലോ. കൊടുങ്ങല്ലൂർ, പറവൂർ, കൊല്ലം, മുട്ടം, ചേക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ യഹൂദ കോളനികളാകാം ദക്ഷിണേന്ത്യയിലേയ്ക്കു വരാൻ മാർത്തോമ്മാശ്ലീഹായെ പ്രേരിപ്പിച്ച കാരണം. ഒരു യഹൂദൻ എന്ന നിലയിൽ രക്ഷയുടെ സന്ദേശം യഹൂദരെ അറിയിക്കാൻ തോമ്മാശ്ലീഹായ്ക്കു കടമയുണ്ടല്ലോ (മത്തായി 10,6). അതുകൊണ്ട് തോമ്മാശ്ലീഹാ സുവിശേഷമറിയിച്ചത് ഭാരതത്തിലെ യഹൂദരോട് അവരുടെ ഭാഷയായ അറമായയിലാണെന്ന് അനുമാനിക്കാം. അതിനു ശേഷമാകാം ശ്ലീഹാ ഭാരതത്തിലെ ഇതര സമൂഹങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചത്.
8. പൂരാതന ക്രൈസ്തവസമൂഹം
ക്രിസ്തുവർഷം 189-നും 190-നും ഇടയിൽ ഭാരതത്തിലെത്തിയ അലക്‌സാണ്ഡ്രിയായിലെ പ്രമുഖ പണ്ഡിതനായ പന്തേനൂസ് രണ്ടാം ശതകത്തിൽ ഭാരതത്തിൽ ക്രിസ്ത്യാനികളുണ്ടായിരുന്നതായി സാക്ഷിക്കുന്നുണ്ട്. മാർത്തോമ്മാ നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന ഇവർ തോമ്മാ മാർഗ്ഗം അഥവാ തോമ്മായുടെ നിയമം വിശ്വസ്തതാപൂർവ്വം കാത്തു സൂക്ഷിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയിരുന്നു. ഈ മാർഗ്ഗം തങ്ങളുടെ പൂർവ്വികരെ പഠിപ്പിച്ചത് തോമ്മാശ്ലീഹാ തന്നെയായിരുന്നുവെന്ന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ടാണ് അവർ അതിനോട് അത്രയധികം കൂറു കാണിച്ചത്. മാർത്തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതപ്രവർത്തനം ഒരു കെട്ടുകഥയല്ല, ഒരു ചരിത്ര വസ്തുതയാണ്. ലെയോ 13-ാമൻ മാർപ്പാപ്പായും 11-ാം പീയൂസ് മാർപ്പാപ്പായും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുമൊക്കെ ഈ വസ്തുത ഊന്നിപ്പറഞ്ഞവരിൽ ചിലരാണ്. മാർത്തോമ്മാ നസ്രാണിസഭ ഒരു ശ്ലൈ
ഹിക സഭയാണെന്നതിൽ സഭാംഗങ്ങൾക്ക് അഭിമാനിക്കാം. അതിന്റെ ശ്രേഷ്ഠമായ പാരമ്പര്യങ്ങൾ കാത്തു സൂക്ഷിക്കാനും അഭംഗുരം അടുത്ത തലമുറകളിലേയ്ക്കു കൈമാറാനും സഭാമക്കൾക്ക് ഉത്തരവാദിത്വമുണ്ട്. അവർക്കതിനു സാധിക്കട്ടെ. തുടരും…