മൂന്നുനോമ്പ്

മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലിരുന്ന വളരെ പുരാതനമായ ഒരു ആചാരമാണ് മൂന്നു നോമ്പിന്റെ ആചരണം. വലിയനോമ്പിനുളള ഒരുക്കമായും ഇതിനെ കാണാവുന്നതാണ്. വളരെ പുരാതന കാലം മുതലേ കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെയിടയിൽ ഇത് നിലനിന്നിരുന്നുവെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും പോർച്ചുഗീസ് ആഗമനകാലത്തുളള മിഷനറിമാരുടെ വിവരണങ്ങളാണ് ഈ നോമ്പിനെക്കുറിച്ച് ലഭ്യമായിട്ടുളള ചരിത്രപരമായ പരാമർശങ്ങൾ. മാർത്തോമ്മാ ക്രിസ്ത്യാനികളുടെയിടയിൽ മൂന്നുനോമ്പ്
പരക്കെ പ്രചാരത്തിലിരുന്നുവെങ്കിലും സീറോ മലബാർ സഭയിൽ ഇന്ന് ഈ നോമ്പ് അറിയപ്പെടുന്നത് കുറവിലങ്ങാട്, കടുത്തുരുത്തി,പുളിങ്കുന്നു പളളി എന്നീ രണ്ടു പുരാതന ദൈവാലയങ്ങളിലെ പാരമ്പര്യങ്ങളോടു ബന്ധപ്പെട്ടാണ്. കടുത്തുരുത്തിയിലെ മുന്നു നോമ്പ് നമസ്‌കാരത്തിനൊടുവിലെ പുറത്തുനമസ്‌കാരവും, കുറവിലങ്ങാടു പളളിയിലെ കപ്പലോട്ടവുമാണ് ഈ നോമ്പിനോടനുബന്ധിച്ച് ഇന്നുളള പാരമ്പര്യങ്ങൾ.
മൂന്നുനോമ്പ് ഉത്ഭവം – ചരിത്രവും പാരമ്പര്യവും
നിനിവേക്കാരുടെ രോദനം (നിനിവെക്കാരുടെ ബാവൂസ) എന്നും വിളിക്കപ്പെടുന്ന മൂന്നുനോമ്പിന്റെ ഉത്ഭവം പൗരസ്ത്യ ദേശത്താണ്. മൂന്നു നോമ്പിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് പുരാതന രേഖകളിൽ കാണുന്നത്. നിനിവെ, ബേത് ഗാർമേ (അർബിൽ) എന്നീ പ്രദേശങ്ങളിൽ ഉണ്ടായ പകർച്ചവ്യാധികളിൽനിന്ന് രക്ഷ നേടാൻ അന്നത്തെ പൗരസ്ത്യ പാത്രിയാർക്കീസായിരുന്ന മാർ എസക്കിയേലിന്റെ (567-582) നിർദ്ദേശാനുസരണം ജനം മൂന്നു ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചു. തത്ഫലമായി വ്യാധി നീങ്ങിപ്പോയി. പാത്രിയാർക്കീസ് മാർ എസക്കിയേലാണ് മൂന്നു നോമ്പ് തുടർന്നും അനുഷ്ഠിക്കണമെന്ന് നിർദ്ദേശിച്ചത്. നെസ്‌തോറിയൻ മെത്രാനായ മാർ ഏലിയായുടെ വിവരണമനുസരിച്ച് പ്രസ്തുത പ്ലേഗിന്റെ പശ്ചാത്തലത്തിൽ ബേത് ഗാർമേയിലെ മെത്രാനായിരുന്ന സബറീശോയുടെ നിർദ്ദേശമനുസരിച്ച് ജനം യോനാപ്രവാചകന്റെ കാലത്തെ നിനിവെക്കാരുടെ മാതൃകയിൽ ഉപവസിച്ചു പ്രാർത്ഥിച്ചതാണ് മൂന്നു നോമ്പിന് അടിസ്ഥാനം. പാത്രിയാർക്കീസായിരുന്ന അനനീശോയുടെ കാലത്തു നടന്ന മറ്റൊരു സംഭവവുമായി ഈ നോമ്പിനെ ബന്ധിപ്പിച്ചു കാണുന്നുണ്ട്. ഏഴാം നൂറ്റാണ്ടിൽ പേർഷ്യ
യുടെ ഒരു ഭാഗമായ ഹിർത്താ എന്ന പ്രദേശം തന്റെ രാജ്യത്തോടു കൂട്ടിച്ചേർത്ത അബ്ദുൾ മലേക്ക് എന്ന അറബി രാജാവ് ആ ദേശത്തെ കന്യകകളെ പിടിച്ചു കൊണ്ടുവരാൻ കല്പ്പിച്ചു. ഇതറിഞ്ഞ ക്രിസ്ത്യാനികൾ ദൈവാലയത്തിൽ പോയി നിരന്തര പ്രാർത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞു. മൂന്നാം ദിവസം കന്യകൾക്കായി കൽപ്പന ഇറക്കിയ അബ്ദുൽ മലേക്ക് രാജാവ് മരിച്ചുവെന്ന് അവിടുത്തെ മെത്രാനായിരുന്ന മാർ യോഹന്നാന് സുവിശേഷവായനവേളയിൽ വെളിപാടു ലഭിച്ചു. അത് വാസ്തവമായിരുന്നുവെന്ന് പിന്നീട് ജനത്തിന് സ്ഥിരീകരണമായി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സഭയിലെങ്ങും കന്യകൾക്കുളള നോമ്പ് എന്ന പേരിൽ മൂന്നു ദിവസത്തെ നോമ്പാചരണം പാത്രിയാർക്കീസ് നടപ്പാക്കിയെന്നും കണക്കാക്കപ്പെടുന്നു. ഏതായാലും പൗരസ്ത്യ സഭയിൽ നിലനിന്നിരുന്ന മൂന്നു നോമ്പ്, ആ സഭയോടു ബന്ധപ്പെട്ടു കിടന്ന മാർത്തോമ്മാ ക്രിസ്ത്യാനികളും ഭക്തിപൂർവ്വം ആചരിച്ചിരുന്നതായി
പാശ്ചാത്യ മിഷനറിമാർ രേഖപ്പെടുത്തുന്നുണ്ട്. യോനാപ്രവാചകനോട് മൂന്നു നോമ്പിനെ ബന്ധപ്പെടുത്തുന്നത് പിൽക്കാലത്താവണം.
ആചരണരീതി
പുരാതന കാലം മുതലേ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽ മൂന്നു നോമ്പാചരണം നില നിന്നിരുന്നതായി കണക്കാക്കപ്പെടുന്നു. പേത്തുറത്തായ്ക്കു മുമ്പ് – വലിയ നോമ്പിനു 18 ദിവസങ്ങൾക്കു മുമ്പ് – മൂന്നാമത്തെ ആഴ്ചയിലെ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നോമ്പാചരിക്കുകയും വ്യാഴാഴ്ച തിരുനാളായി ആചരിക്കുകയും ചെയ്യുന്നതാണ് നോമ്പിന്റെ രീതി. മൂന്നു നോമ്പ് നമസ്‌കാര
വേളയിൽ വൈദികരെല്ലാം ദൈവാലയത്തിൽ സമ്മേളിച്ച് സങ്കീർത്തനങ്ങളും കാനോനകളും ചൊല്ലിയിരുന്നു. തുടർന്ന് നിനിവെക്കാരുടെ ഉപവാസത്തെക്കുറിച്ച് മാർ അപ്രേം രചിച്ച കീർത്തനം ഹൃദയസ്പർശിയും അനുതാപജന്യവുമായ ഈണത്തിൽ ആലപിക്കുന്നു. അതിനുശേഷം തിരുവസ്ത്രങ്ങളണിഞ്ഞ് കാർമ്മികൻ അനുതാപം സ്ഫുരിക്കുന്ന ഈണത്തിലും സ്വരത്തിലും പ്രാർത്ഥനകൾ ചൊല്ലുകയും, അവസാനം വിശ്വാസികൾ നിലത്തു മുട്ടുകുത്തി കുമ്പിട്ട് ആമ്മേൻ എന്നു ചൊല്ലുകയും ചെയ്യുന്നു. ഇതേത്തുടർന്ന് ഏവർക്കും നേർച്ചഭക്ഷണം നൽകിയിരുന്നു.

കുറവിലങ്ങാടു പളളി

കുറവിലങ്ങാടു പളളിയിൽ പരമ്പരാഗതമായി മൂന്നു നോമ്പ് ആചരിച്ചിരുന്നു. കുറവിലങ്ങാടു പളളിയിലെ നോമ്പിനോട് അനുബന്ധിച്ചു നടത്തിവരുന്ന കപ്പലോട്ടമാണ് ഒരു പ്രത്യേകത. പ്രവാചകനായ യോനാ, നിനിവെയിലേയ്ക്കുളള യാത്രാമദ്ധ്യേ കടലിലെറിയപ്പെട്ടതിന്റെയും, അനുതാപപൂർണ്ണമായ യാചനയിലൂടെ നിനിവെയിൽ എത്തപ്പെടുകയും ചെയ്തതിന്റെ പ്രതീകാത്മകമായ അവതരണമാണ് അത്. പഴയനിയമകാലത്ത് നിനിവെ നിവാസികൾ യോനാപ്രവാചകന്റെ ആഹ്വാനം സ്വീകരിച്ച് മൂന്നു ദിവസത്തെ തപസ്സും പ്രായശ്ചിത്തവും പ്രാർത്ഥനയും വഴി ദൈവകോപത്തിൽനിന്നും രക്ഷനേടിയ സംഭവത്തെ അനുസ്മരിപ്പിക്കുന്നു.

കടുത്തുരുത്തി പളളി
കടുത്തുരുത്തി പളളിയിൽ മൂന്നുനോമ്പു നമസ്‌കാരം പുരാതനകാലം മുതലേ നടന്നു വന്നിരുന്നതായി മിഷനറിമാരുടെ സാക്ഷ്യങ്ങളുണ്ട്. കടുത്തുരുത്തി പളളിയിൽ മൂന്നുനോമ്പിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച
വൈകുന്നേരം നടത്തുന്ന ഭക്തിനിർഭരമായ പ്രാർത്ഥനാശുശ്രൂഷയാണ് പുറത്തുനമസ്‌കാരം. പളളിക്കു പുറത്ത് കരിങ്കൽ കുരിശിങ്കൽ നടത്തുന്ന പ്രാർത്ഥനയായതിനാലാണ് ഇത് പുറത്തുനമസ്‌കാരം എന്ന് അറിയപ്പെടുന്നത്. സുറിയാനിപ്പാട്ടുകാരായിരുന്ന വൈദികരും ഗായകസംഘവും മാറിമാറി പരമ്പരാഗത സുറിയാനി ഈണത്തിൽ സങ്കീർത്തനങ്ങളും കാനോനകളും നമസ്‌കാരപ്രാർത്ഥനകളും ഗീതങ്ങളും പാടിയിരുന്നു. ഈ ഈണമാകട്ടെ കുർബാനയിലെയും കാനോന നമസ്‌കാരത്തിലെയും ഈണത്തിൽ നിന്നു വ്യത്യസ്തമാണ്. പിൽക്കാലത്ത് അത് മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്ത് ഉപയോഗിച്ചു വരുന്നു.
പുളിങ്കുന്ന് പളളി
1925-ൽ പുളിങ്കുന്നു പളളി വികാരി പുരയ്ക്കൽ ബഹു. തോമ്മാക്കത്തനാർ, ഈ
പളളിയിൽ മൂന്നുനോമ്പു ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് മധുരക്കറി നേർച്ച വിളമ്പുന്നതിനു മുമ്പ് ദൈവാലയത്തിൽ കൂട്ടമായി നടത്തിവരാറുളള പ്രാർത്ഥനയുടെ പുസ്തകം പഴക്കംമൂലം ഉപയോഗശൂന്യമായതിനാൽ കടുത്തുരുത്തി വലിയപളളിയിലെ മൂന്നുനോമ്പിന്റെ നമസ്‌കാരങ്ങളടങ്ങുന്ന പുസ്തകം വരുത്തിച്ചു. പുളിങ്കുന്നു പളളിയിലെ പ്രാർത്ഥനാ പുസ്തകവും, കടുത്തുരുത്തി വലിയപളളിയിൽ
നിന്നു വരുത്തിച്ച പുസ്തകത്തിലെ മൂന്നുനോമ്പ് നമസ്‌കാരവും ഉൾക്കൊളളുന്ന സുറിയാനി ഹൂദ്‌റായുമായി താരതമ്യം ചെയ്ത് ഹൂദ്‌റായിലെ ഉളളടക്കം തന്നെയാണ് കടുത്തുരുത്തി കയ്യെഴുത്തുപ്രതിയിലുളളതെന്നു ഉറപ്പു വരുത്തി; അവ ചേർത്ത് ബഹു. പുരയ്ക്കലച്ചൻ അച്ചടിപ്പിച്ച നമസ്‌കാരപുസ്തകമാണ് പിൽക്കാലത്ത് പ്രയോഗത്തിൽ കാണുന്നത്.
ഉപസംഹാരം
ഹൃദയസ്പർശിയും അനുതാപജന്യവുമായ സുറിയാനി ഈണങ്ങളെക്കുറിച്ചുളള പഠനവും മൂന്നു നോമ്പു നമസ്‌കാരത്തിന്റെ അനുഷ്ഠാനങ്ങളെക്കുറിച്ചും അനുബന്ധ വായനകളെക്കുറിച്ചുളള പഠനവും മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പരമ്പരാഗത നോമ്പാചരണത്തെക്കുറിച്ചുളള അന്വേഷണങ്ങളിലേയ്ക്കു വെളിച്ചം വീശുന്നതായിരിക്കും (കാരണം, വലിയനോമ്പിനുളള മുന്നൊരുക്കം കൂടിയായ മൂന്നു നോമ്പിലെ നമസ്‌കാരവേളയിൽ നടത്തുന്ന പ്രാർത്ഥനകളും മുട്ടുകുത്തി നിലംമുട്ടെ കുമ്പിട്ടും നടത്തുന്ന യാചനയും പൗരസ്ത്യ രീതിയിലുളള പരമ്പരാഗത നോമ്പാചരണ രീതിയോട് ഒത്തുപോകുന്നതാണല്ലോ). കൂടാതെ, പൗരസ്ത്യ സുറിയാനി ആരാധനക്രമത്തിൽ ഊന്നിയ സീറോ മലബാർ ആദ്ധ്യാത്മികതയിൽ വളരാനും തനതായ വ്യക്തിത്വം രൂപപ്പെടുത്താനും ഈ പഠനവും നോമ്പാചരണവും ഉപകാരപ്പെടുമെന്ന് പ്രത്യാശിക്കാം.