പ്രവാചകരെ കല്ലെറിയുന്നവർ

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.

പഴയനിയമത്തിൽ ഇസ്രായേലിന്റെ ചരിത്രത്തിലുടനീളം ദൈവം പ്രവാചകന്മാരിലൂടെ സംസാരിക്കുന്നതു കാണാം. ജനം തിന്മ ചെയ്ത് ദൈവത്തിൽ നിന്ന് അകലുമ്പോൾ അവരെ വിമർശിച്ചും അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചും നേർവഴിക്കു നടക്കാനും ദൈവത്തിങ്കലേക്കു തിരിയാനും ആഹ്വാനം ചെയ്തവരാണ് പ്രവാചകന്മാരെല്ലാവരുംതന്നെ. എന്നാൽ ഒരു ന്യൂനപക്ഷമൊഴിച്ച് മറ്റാരും അവരുടെ വാക്കുകൾക്കു ചെവികൊടുക്കുന്നില്ല. ആരെ നേർവഴിക്കു നടത്തുന്നതിനാണോ പ്രവാചകന്മാർ ക്ലേശങ്ങൾ അനുഭവിക്കുന്നത് അവർതന്നെ പലപ്പോഴും പ്രവാചകന്മാരെ കല്ലെറിയുന്നതിനും, വധിക്കുന്നതിനും, അല്ലെങ്കിൽ സമൂഹത്തിൽ നിന്നു പുറത്താക്കുന്നതിനും നേതൃത്വം വഹിക്കുന്നു. സ്വന്തം ജനത്തിനിടയിൽ അംഗീകരിക്കപ്പെടാതിരിക്കുക, സ്വന്തം ജനത്താൽ ക്രൂശിക്കപ്പെടുക എന്നതൊക്കെ എവിടെയും പ്രവാചകരുടെ വിധിയാണ്. അനുതപിക്കാതെ പാപത്തിൽതന്നെ തുടരുകയും പ്രവാചകന്മാർ ദീർഘദർശനം ചെയ്തിരുന്ന മഹാവിപത്തുകൾ വന്നുഭവിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് സമൂഹം പ്രവാചകന്മാരുടെ വാക്കുകളുടെ മൂല്യം മനസ്സിലാക്കുന്നത്. ആധുനികയുഗത്തിലും പ്രവാചകർ ഇപ്രകാരം അവഹേളിക്കപ്പെടുകയും തിരസ്‌കൃതരാകുകയും ചെയ്യുന്നുണ്ട്. കേൾക്കാൻ ഇമ്പമുളളതു പ്രസംഗിക്കുന്ന വ്യാജപ്രവാചകർക്കു പിന്നിൽ അണിനിരക്കുന്നവർ യഥാർത്ഥ പ്രവാചകരെ അവഗണിക്കുകയും ചെയ്യുന്നു.
ഇതിന് ഉത്തമ ഉദാഹരണമാണ് ഇടുക്കി രൂപതാദ്ധ്യക്ഷനായ അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിനെതിരെ ചില കേന്ദ്രങ്ങൾ നടത്തുന്ന നീക്കങ്ങൾ. ഒരു പ്രവാചകന്റെ ദീർഘവീക്ഷണത്തോടെ അദ്ദേഹം സ്വന്തം ജനങ്ങളെ ഉപദേശിക്കുന്നതും നേർവഴിക്കു നടക്കാൻ നിർദ്ദേശങ്ങൾ നൽകുന്നതും ചിലരെ അലോരസപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ച് തൽപ്പരകക്ഷികളായ ചില മാദ്ധ്യമങ്ങൾ വിവാദങ്ങൾ ഉയർത്തിവിടുന്നതും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. കാഞ്ഞിരപ്പളളി രൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തിമാറ്റി വിവാദമുണ്ടാക്കുകയും ഒരു സാമുദായിക സംഘർഷാവസ്ഥയിലേയ്ക്കു വരെ കാര്യങ്ങൾ എത്തിക്കുകയും ചെയതവരുടെ ഉദ്ദേശലക്ഷ്യങ്ങൾ നടക്കാതെ പോകുകയും ചെയ്തത്, മതത്തിനും
രാഷ്ട്രീയത്തിനുമതീതമായി വ്യക്തിബന്ധങ്ങളുളള അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ പിതാവിന്റെ നയതന്ത്ര വൈദഗ്ദ്ധ്യവും സഭാസമൂഹത്തിന്റെ ആത്മസംയമനവും മൂലം ആയിരുന്നു. മനുഷ്യജീവന്റെ മൂല്യത്തെക്കുറിച്ച് സഭയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ ആനിക്കുഴിക്കാട്ടിൽ പിതാവ് തന്റെ അജഗണങ്ങൾക്കായി പുറപ്പെടുവിച്ച ഇടയലേഖനമാണ് ഇത്തവണ വിവാദമാക്കാൻ ചിലർ ശ്രമിച്ചത്. ‘കുട്ടികളെ ഉണ്ടാക്കി മത്സരിക്കാൻ ആഹ്വാനം ചെയ്ത് കത്തോലിക്കാസഭ’ എന്ന് തലക്കെട്ടു കൊടുത്ത് ഏഷ്യാനെറ്റ് ന്യൂസ് വിവാദത്തിനു തിരികൊളുത്തിയെങ്കിലും മറ്റു പ്രമുഖ ചാനലുകൾ അത് ഏറ്റുപിടിക്കാതിരുന്നതിനെത്തുടർന്ന് ആ ശ്രമം വിജയിച്ചില്ല. എന്നാൽ എന്തു നുണയും പെട്ടെന്നു പ്രചരിക്കുന്ന സോഷ്യൽ മീഡിയയിൽ ഈ വിവാദം വേഗം കത്തിപ്പടർന്നു. സത്യം എന്തെന്നറിയാതെ പിതാവിനെതിരെ പ്രതികരിച്ചവരിൽ ഒട്ടേറെ സഭാവിശ്വാസികളുമുണ്ടായിരുന്നു. ‘ജനസംഖ്യ വർദ്ധിപ്പിച്ച് ഭരണം പിടിക്കാൻ ശ്രമിക്കുന്നു’ എന്നു തുടങ്ങി ‘സ്ത്രീകളെ പ്രസവിക്കാനുളള വെറും ഉപകരണങ്ങളായി കാണുന്നു’ എന്നുവരെയുളള ആരോപണങ്ങളുണ്ടായി. പരിഹാസങ്ങളുമായി ട്രോളുകൾ പെരുകി. യാഥാർത്ഥ്യം എന്തെന്നറിയാതെ നമ്മുടെ പുതുതലമുറ ട്രോളുകളും, പരിഹാസങ്ങളും കൈമാറി സഭാവിരുദ്ധരുമായി കൈകോർത്തു. വിവാദങ്ങൾക്കിടയിൽ ‘മനുഷ്യജീവന്റെ അമൂല്യത സംരക്ഷിക്കുക’ എന്ന അഭിവന്ദ്യ പിതാവിന്റെ സന്ദേശം ജീവനറ്റു കിടന്നു. പ്രവാചകരെ വധിച്ച് അവരുടെ സന്ദേശം ഇല്ലായ്മ ചെയ്യാം എന്നു വ്യാമോഹിച്ച പഴയനിയമ ജനതയുടെ പുതു രൂപമാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണാനാകുന്നത്.

അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ പിതാവും പുഷ്പഹാരങ്ങളെക്കാൾ കല്ലേറു
കൾ ഏറ്റുവാങ്ങിയ പ്രവാചകനാണ്. ‘ക്രൈസ്തവർ തങ്ങളുടെ കുട്ടികളെ ക്രൈസ്തവവിദ്യാലയങ്ങളിൽ പഠിപ്പിക്കണം’ എന്ന ഒരു വാചകത്തെ സാഹചര്യത്തിൽ നിന്നും അടർത്തി മാറ്റി ദുർവ്യാഖ്യാനം ചെയ്തവർ സൃഷ്ടിച്ചെടുത്ത അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. സ്വജനത്തെ ദീർഘദർശനത്തോടെ മുന്നിൽ നിന്നു നയിക്കുന്ന കത്തോലിക്കാസഭയിലെ അഭിവന്ദ്യ പിതാക്കന്മാരെല്ലാവരും തന്നെ എപ്പോെഴങ്കിലൂം കല്ലേറ് ഏറ്റുവാേങ്ങണ്ടി വന്നിട്ടുളള പ്രവാചകരാണ്. സഭയുടെ പ്രബോധനങ്ങൾ അജഗണങ്ങളെ പഠിപ്പിക്കുവാൻ പിതാക്കന്മാർ നടത്തുന്ന ആത്മാർത്ഥമായ ശ്രമങ്ങളും, സഭാതനയർക്കുവേണ്ടി അവർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളും ഇഷ്ടപ്പെടാത്തവരാണ് അവർക്കെതിരെയുളള വിവാദങ്ങളുടെ പിന്നിലെന്ന് മനസ്സിലാക്കാൻ ചിന്താശേഷിയുളളവർക്കു സാധിക്കും. കുഞ്ഞാടുകളെ മോഷ്ടിച്ചു കൊണ്ടുപോയി കൊന്നു തിന്നുന്ന ചെന്നായ്ക്കൾ ആടുകൾക്കു വഴിയും വാതിലുമായി സുരക്ഷയൊരുക്കുന്ന ഇടയന്മാരെ നശിപ്പിക്കാൻ ശ്രമിക്കുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലല്ലോ. അവഗണിക്കാവുന്ന കാര്യങ്ങൾക്ക് അനാവശ്യമായ പ്രതിഷേധം സംഘടിപ്പിക്കുന്നവരും, തങ്ങളെ ബാധിക്കാത്ത കാര്യങ്ങൾക്കു പോലും പത്രക്കുറിപ്പിറക്കി പ്രതിഷേധിക്കുന്നവരുമൊക്കെ ഇത്തരം വിഷയങ്ങളിൽ പിന്തുണയുമായി രംഗത്തു വരാൻ മടിക്കുമ്പോൾ സഭയിൽ ഈ നല്ലിടയർ ഒറ്റപ്പെട്ടിരിക്കുന്നതായി വിശ്വാസികൾക്കുപോലും തോന്നലുണ്ടാകുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടങ്ങൾക്കുവേണ്ടി പ്രവാചകരെ അപഹസിക്കാൻ സഭാതനയരിൽ ചിലർ രംഗത്തു വരുന്നതുപോലെതന്നെ വേദനാജനകമാണ് പിന്തുണ നൽകാൻ ഉത്തരവാദിത്വപ്പെട്ട വ്യക്തികളുടെയും, സംഘടനകളുടെയും മൗനവും.