രണ്ടാം വത്തിക്കാൻ കൗൺസിലിനു മുൻപ് നമ്മുടെ സഭയുടെ സഭാപരമായ വ്യക്തിത്വത്തെക്കുറിച്ച് ഏറെ വിചിന്തനം നടന്നിരുന്നില്ല എന്നതാണ് വസ്തുത. പോർട്ടുഗീസ് ഭരണകാലത്ത് നമ്മുടെ ആരാധനക്രമത്തിൽ ധാരളം മാറ്റങ്ങൾ വരുത്തിയതിൽ നമ്മുടെയിടയിൽ അതൃപ്തി ഉണ്ടായി എന്നതു ശരിയാണ്. പക്ഷേ അതിന്റെ പേരിൽ മാത്രമാണ് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽ വലിയ വിഭജനമുണ്ടായതെന്ന് പറയാനാവില്ല. നമ്മുടെ ഭരണക്രമത്തിലുണ്ടായ കൈകടത്തൽ, പോർട്ടുഗീസുകാരുടെ മേധാവിത്വ മനോഭാവം, ഇവിടെ വളർന്നു വന്ന ദേശിയബോധം എന്നിവയെല്ലാം പോർട്ടുഗീസ് അധികാരത്തോടുള്ള അകൽച്ചക്ക് കാരണമായി എന്നുവേണം പറയാൻ. കത്തോലിക്കാ വിഭാഗത്തിൽ സെമിനാരി പരിശീലനവും മറ്റും പോർട്ടുഗീസുകാരുടെ പിടിയിലായി കഴിഞ്ഞപ്പോൾ ലത്തീൻ പൊന്തിഫിക്കൽ സുറിയാനിയിലാക്കി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് നമ്മൾതന്നെ 1929 -ൽ റോമിനോടു അഭ്യർത്ഥിച്ചതാണല്ലോ. എങ്കിലും പൗരസ്ത്യസഭകളെ സ്‌നേഹിച്ചിരുന്ന ലിയോ പതിമൂന്നാമൻ മാർപ്പാപ്പായുടെ ‘കിഴക്കിന്റെ മഹത്ത്വം’ എന്ന ശ്ലൈഹിക
ലേഖനം പൗരസ്ത്യപാരമ്പര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു സുപ്രധാന പ്രബോധനമായിരുന്നു. അത് കേരളത്തിലും അലയടികൾ സൃഷ്ടിച്ചു, മലയാളത്തിൽ അത് ഭാഷന്തരം ചെയ്തു അക്കാലത്ത് ലഭ്യമായിരുന്നു. പക്ഷേ അത്തരം ചിന്തകളൊന്നും വേണ്ടത്ര വേരോടിയില്ല. നമ്മുടെ ചിന്തകൾ ദേശിയതയിൽ ഒതുങ്ങിപ്പോയെന്നു തോന്നുന്നു. ഏതായാലും പതിനൊന്നാം പിയൂസ് മാർപ്പാപ്പാ ഈ സഭയുടെ സുറിയാനി ആരാധനക്രമം പുനരുദ്ധരിക്കാനാണ് ആഗ്രഹിച്ചത്. അതിൻപ്രകാരം ആരാധനക്രമ പുനരുദ്ധാരണത്തിനായി ഒരു കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തു. ആ കമ്മറ്റി പുനരുദ്ധരിക്കപ്പെട്ട പൊന്തിഫിക്കൽ ക്രമം ചർച്ചകൾക്കുശേഷം പ്രസിദ്ധീകരിച്ചു. പിന്നീട് പന്ത്രണ്ടാം പിയൂസ് മാർപ്പാപ്പാ കുർബാനക്രമം പുനരുദ്ധരിച്ച് ക്രമപ്പെടുത്താനായി ഒരു കമ്മറ്റിയെ നിയോഗിച്ചു. അതിൽ ബഹു. പ്ലാസിഡച്ചനും ഒരംഗമായിരുന്നു. ആ കമ്മറ്റി പുനരുദ്ധരിച്ച കുർബാനക്രമത്തിന്റെ ഡ്രാഫ്റ്റ് ഇവിടെ പിതാക്കന്മാർക്ക് അയച്ചുകൊടുത്തതായും പല പിതാക്കന്മാരും നിലവിലുണ്ടായിരുന്ന രീതികളിൽ വലിയ മാറ്റം വരുത്തുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചതായും കേട്ടിട്ടുണ്ട്. എങ്കിലും റോമിലെ കമ്മറ്റി എല്ലാ വശങ്ങളും പഠിച്ചശേഷം മാർപ്പാപ്പായ്ക്ക് സമർപ്പിച്ച സുറിയാനി ടെക്സ്റ്റ് മാർപ്പാപ്പാ 1957 -ൽ അംഗീകരിക്കുകയും പ്രസിദ്ധീകരണത്തിനായി നിർദ്ദേശിക്കുകയും ചെയ്തു.
1962 ജൂലൈ മൂന്നിനാണ് പുനരുദ്ധരിച്ച ക്രമം മലയാളത്തിലാക്കിയത് നടപ്പിലാക്കി തുടങ്ങുന്നതിന് നിശ്ചയിച്ചത്. ഞങ്ങൾ പട്ടത്തിനൊരുങ്ങിയത് പൂനാ സെമിനാരിയിൽ വച്ചായിരുന്നു. റോമിലെ തീരുമാനം വരുന്നതിനുമുമ്പാണ് ഞങ്ങൾക്ക് ലിറ്റർജി
യിൽ പരിശീലനം നൽകപ്പെട്ടത്. അന്ന് പ്രധാനമായും rubrics (ക്രമാനുഷ്ഠാനങ്ങൾ) മനസ്സിലാക്കാനും ഗാനരീതികൾ പഠിപ്പിക്കാനുമാന്ന് അച്ചന്മാർ ശ്രദ്ധിച്ചത്. അതു രണ്ടും വിഷമിച്ചു പഠിച്ചു വന്നപ്പോൾ പുതിയ ക്രമം നടപ്പിലാക്കുന്നതിനുള്ള തീരുമാനമായി. പുതിയ ടെക്സ്റ്റിൽ (മലയാളം തക്‌സയിൽ) ചില ഭാഗങ്ങൾ സുറിയാനിയിലും നൽകിയിരുന്നു. ചങ്ങനാശ്ശേരിക്കാരായ ബഹു.വാവാനിക്കുന്നേലച്ചനും ഞാനും പുതിയക്രമം പഠിച്ച് അതിലാണ് പുത്തൻകുർബാന അർപ്പിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾ പഴയ ടെക്സ്റ്റ് (സുറിയാനിയിലുള്ളത്) തന്നെ പ്രഥമദിവ്യബലിയിൽ ഉപയോഗിച്ചു എന്നാണ് ഓർമ്മ. 1962-ൽ പുതിയ കുർബാനക്രമം അവതരിപ്പിച്ചുകൊണ്ട് സീറോ മലബാർ സഭയിലെ പിതാക്കന്മാർ സംയുക്ത ഇടയലേഖനം എഴുതി, പുതിയ ക്രമത്തിന്റെ പശ്ചാത്തലം വിശദീകരിക്കുകയുണ്ടായി. എങ്കിലും മിക്ക വൈദികരും പുതിയ നീക്കത്തിന്റെ പിന്നിലുള്ള ദൈവശാസ്ത്രവും മറ്റും മനസ്സിലാക്കാൻ ശ്രദ്ധിച്ചെന്നു തോന്നുന്നില്ല. Rubrics പോലും വേണ്ടത്ര മനസ്സിലാക്കാതെയാണ് പലരും പുതിയ ടെക്സ്റ്റ് ഉപയോഗിക്കാൻ തുടങ്ങിയത്. ആരാധനക്രമാധിഷ്ഠിതമായ ദൈവശാസ്ത്രപഠനം അക്കാലത്ത് നമ്മുടെ സെമിനാരികളിലുണ്ടായിരുന്നെന്ന് പറയാനാവില്ല. കൗൺസിലിനുശേഷമാണ് ഈ രംഗത്ത് നാം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.
1962-ലെ തക്‌സാ പുറത്തിറക്കിയപ്പോൾ അതേക്കുറിച്ച് പലയിടങ്ങളിൽ നിന്നും
വിമർശനമുണ്ടായി. കൗൺസിൽ ആരാധനക്രമപരിഷ്‌കരണത്തേക്കുറിച്ച് പറഞ്ഞി
രുന്നത് ആരാധനക്രമങ്ങൾ അവയുടെ തനിമ വീണ്ടെടുക്കണമെന്നും സർഗ്ഗാത്മക
മായ വളർച്ചക്കു വേണ്ടിയല്ലാതെ ഒരുമാറ്റവും പാടില്ലെന്നുമെല്ലാമാണ്. അതെല്ലാം പാടേ മറന്നുകൊണ്ട് 1962-ലെ പുനരുദ്ധാരിക്കപ്പെട്ട ക്രമത്തിൽ പരിഷ്‌കരണങ്ങൾ വരുത്തണമെന്നായിരുന്നു മുഖ്യവാദം. കുർബാനക്രമം ചെറുതാക്കണം, ഭാരതവത്കരിക്കണം, ലത്തീൻസഭയിൽപ്പെട്ട വിശ്വാസികളുടെ ഇടയിലായതുകൊണ്ട് കഴിയുന്നത്ര ലത്തീൻ രീതികൾ ഉൾക്കൊള്ളണം തുടങ്ങിയ നിർദ്ദേശങ്ങളാണുയർന്നത്. ഇതിനിടയ്ക്ക് ചിലർ ‘ഭാരതപൂജ’യ്ക്കുവേണ്ടിയും മറ്റുചിലർ ഭാരതത്തിൽ ഒരു റീത്തിനു (ഏകറീത്ത്) വേിയുമുളള അഭിപ്രായങ്ങൾ ഉന്നയിച്ചു. ഏതായാലും മാറ്റങ്ങൾ വരുത്തിയേ മതിയവൂ എന്ന വാദം പ്രബലമാകുകയാൽ സെൻട്രൽ ലിറ്റർജി കമ്മറ്റി (അതിന്റെ അദ്ധ്യക്ഷൻ അഭി. പാറേക്കാട്ടിൽ പിതാവായിരുന്നു) കൂടി മാറ്റത്തിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾ ചർച്ചചെയ്തു. ഞങ്ങൾ ഏതാനും പേർ (ബഹു. വെള്ളിയാനച്ചൻ, ചാൾസച്ചൻ, വാവാനിക്കുന്നേലച്ചൻ തുടങ്ങിയവർ) മിക്ക നിർദ്ദേശങ്ങളെയും എതിർക്കുകയും നമ്മുടെ ആരാധനാപൈതൃകം സംരക്ഷിക്കണമെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തു. പക്ഷേ ഞങ്ങൾ മൂന്നിലൊന്നു ഭാഗം മാത്രമായിരുന്നു. അതുകൊണ്ട് സി.എൽ.സി. യിൽ പുതിയ Text അംഗീകരിക്കപ്പെട്ടു. പെട്ടെന്നുതന്നെ പുതിയ ടെക്സ്റ്റും പിതാക്കന്മാരുടെ ഒപ്പുശേഖരിച്ചുള്ള കത്തും റോമിലെത്തിക്കുകയും അവിടെ അതു ഉടൻ തന്നെ പാസാക്കുകയും ചെയ്തു. അങ്ങനെ 1968 ആഗസ്റ്റ് പതിനഞ്ചാം തീയതി പുതിയ കുർബാനക്രമം (Text) ഉപയോഗത്തിലായി. റോമിന്റെ അംഗീകാരം ഉണ്ടായിരുന്നതുകൊണ്ട് അന്നുമുതൽ തന്നെ നേരത്തെ എതിർത്തവരും കൃത്യമായി ഈ ക്രമം(Text) ഉപയോഗിച്ചുതുടങ്ങി. (പ്രസ്തുത Text രണ്ടു വർഷത്തെ പരീക്ഷണത്തിനായിട്ടാണ് അംഗീകരിക്കപ്പെട്ടത്.) പക്ഷേ അതോടൊപ്പം പുതിയ Text നെക്കുറിച്ചുള്ള പരാതികളും പൊന്തിവന്നു. അതിന് അനുകൂലമായും പ്രതികൂലമായും ധാരളം കത്തുകൾ റോമിലേക്കുമായി പോയി. ഇവിടെയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു.ഇതിനിടയ്ക്ക് 1969-ൽ ബാംഗളൂർ ധർമ്മാരാമിൽ വച്ചു നടത്താനിരുന്ന Church in India Seminar-ന് ഒരുക്കമായി ‘കേരള റീജിയണൽ സെമിനാർ’ ആലുവായിൽ വച്ചാണു നടന്നത്. അവിടെ ചിലർ ഏകറീത്ത് വാദം ഉന്നയിക്കുകയും അതു ചർച്ച വിഷയമാകുകയും ചെയ്തു. മലങ്കര കത്തോലിക്കാ സഭയുടെ പ്രതിനിധികളും ചില സീറോ മലബാർ പ്രതിനിധികളും ഇതിന് ശക്തമായി എതിർത്തതിനാൽ പ്രമേയവുമായി മുന്നോട്ടുപോകാനായില്ല. ദേശിയ സെമിനാറിലും ഏകറീത്ത് വാദം ചിലർ ഉയർത്തി. കുറെ ചർച്ചകൾക്കു ശേഷം ബഹു. ജോനാസ് തളിയത്ത് അച്ചനും കൂട്ടരുംകൂടി ഒരു അനുരഞ്ജന പ്രമേയം അവതരിപ്പിച്ചു പ്രതിസന്ധി ഒഴിവാക്കി.
(തുടരും)
- നസ്രാണിമക്കള്ക്ക്
- പഠനക്കളരി
- പരിചയപ്പെടൽ
- പാഠവും പഠനവും
- സഭാചരിത്ര പഠനം
- മാർത്തോമ്മാ നസ്രാണി സഭാചരിത്രം
- സമുദായികം