സിനഡുരീതിയിലുളള ഭരണനിർവ്വഹണം
ജറുസലേം കൗൺസിലിന്റെ പ്രചോദനം ഉൾക്കൊണ്ട് നിനഡുകളും അസംബ്ലികളും ആദിമസഭയിൽ സംഘടിപ്പിച്ചിരുന്നു. പ്രവിശ്യാ സിനഡുകളാണ് ആദ്യം രൂപംകൊണ്ടത്. മെത്രാപ്പോലീത്ത വിളിച്ചുകൂട്ടുന്നതും ആദ്ധ്യക്ഷം വഹിക്കുന്നതുമായ ഒരു സഭാ പ്രവിശ്യയിലെ മെത്രാന്മാരുടെ സമ്മേളനത്തെയാണ് പ്രവിശ്യാ സിനഡ് എന്നു വിളിക്കുന്നത്. ആദിമ സഭയിൽ മെത്രാന്മാരെ തിരഞ്ഞെടുക്കാനുളള അർഹമായ അധികാരമുണ്ടായിരുന്നത് പ്രവിശ്യാ സിനഡിനായിരുന്നു. കാലക്രമത്തിൽ പാത്രിയാർക്കൽ സിനഡഡുകൾ പോലെയുളള ഉന്നത പ്രവിശ്യാ സംഘങ്ങൾ ഉദ്ഭവിച്ചു. പാത്രിയാർക്കീസ് വിളിച്ചുകൂട്ടുന്നതും അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ പാത്രിയാർക്കേറ്റിലെ എല്ലാ മെത്രാന്മാരുമടങ്ങുന്ന ആലോചനാസംഘത്തെയാണ് പാത്രിയാർക്കൽ സിനഡ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. എന്നാൽ ഭാരതത്തിലെ മാർത്തോമ്മാ നസ്രാണിസഭയിൽ പതിനാറാം നൂറ്റാണ്ടിനു മുമ്പ് പ്രവിശ്യാ സിനഡുകളോ പാത്രിയാർക്കൽ സിനഡുകളോ സാധ്യമായിരുന്നില്ല. അതുകൊണ്ട് മെത്രാന്മാരുടെ തിരഞ്ഞെടുപ്പ് ഒഴിച്ച്, പ്രവിശ്യാ സിനഡിന്റെ മറ്റെല്ലാ അധികാരങ്ങളും ഉൾക്കൊളളുന്ന ‘അർദ്ധസൂനഹദോസ്’ സംവിധാനമായ ‘പള്ളിയോഗം’ അഥവാ ‘സഭാ-ആലോചനാ സംഘങ്ങൾ’ മാർത്തോമ്മാ നസ്രാണി സഭയിൽ രൂപംകൊണ്ടു. മൂന്നു തരം സഭാ ആലോചനാ സംഘങ്ങളാണുണ്ടായിരുന്നത്.
1. ഇടവകയോഗം
മുതിർന്ന വൈദികന്റെ അദ്ധ്യക്ഷതയിൽ എല്ലാ ക്രിസ്തീയ കുടുംബങ്ങളുടെയും തലവന്മാരും ഇടവക വൈദികരും ചേരുന്ന ആലോചനാ സംഘമാണ് ഇടവകയോഗം. ഇടവകയ്ക്കുളളിലെ നിയമനിർമ്മാണവും ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനുമുളള അധികാരം ഈ യോഗത്തിനുണ്ടായിരുന്നു. കുറ്റവാളികളെയും പരസ്യപാപികളെയും സഭയിൽ നിന്നും ബഹിഷ്‌ക്കരിക്കാൻ അധികാരം ഈ യോഗത്തിനുണ്ടായിരുന്നു. മലബാറിൽ നില നിന്നിരുന്ന പരമ്പരാഗത പ്രാദേശിക ഭരണസംവിധാനത്തിന്റെ ഒരു വികസിത രൂപമായി ഇടവക യോഗത്തെ കാണാവുന്നതാണ്. ”മൻറം” (ഗ്രാമസഭ) ഇന്ത്യയിൽ മുൻപേ നിലനിന്നിരുന്നു. ഇടവകയോഗത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളെപ്പറ്റിയുളള എല്ലാ തീരുമാനങ്ങളും എല്ലാ ഇടവകാംഗങ്ങളും വൈദികരും അനുസരിക്കാൻ കടപ്പെട്ടിരുന്നു.
2. പ്രാദേശികയോഗം
നാല് ഇടവകകളെങ്കിലും ഉള്ള ഒരു പ്രദേശത്തെ ക്രിസ്തീയ വിശ്വാസികളുടെ പ്രതിനിധികളും വൈദികരും ചേർന്ന ആലോചനായോഗമാണ് പ്രാദേശികയോഗം. നീതിന്യായ നിർവ്വഹണത്തിനുവേണ്ടിയായിരുന്നു ഈ യോഗം. മാർത്തോമ്മാ നസ്രാണി പാരമ്പര്യമനുസരിച്ച് പ്രാദേശികയോഗത്തിനു മാത്രമേ വൈദികർക്കും അത്മായർക്കും ശിക്ഷവിധിക്കാൻ അധികാരമുണ്ടായിരുന്നുള്ളു. ഗൗരവമേറിയ തെറ്റുകൾക്കു പോലും നാലു പള്ളികളുടെ പ്രതിനിധികൾ സമ്മേളിച്ച് വാദംകേട്ട് വിധിപറയുന്നതുവരെ അവരെ ശിക്ഷിക്കാൻ പാടില്ലെന്നതായിരുന്നു നിയമം.
3. പൊതുയോഗം
ഇന്ത്യ മുഴുവന്റെയും ആർച്ചുഡീക്കന്റെ (അർക്കദിയാക്കോൻ) അദ്ധ്യക്ഷതയിൽ മാർത്തോമ്മാ നസ്രാണികളുടെ എല്ലാ ഇടവകകളിലെയും വിശ്വാസികളുടെ പ്രതിനിധികളും വൈദികരും അടങ്ങുന്ന ആലോചനാ സംഘമായിരുന്നു പൊതുയോഗം എന്നറിയപ്പെട്ടിരുന്നത്. സഭയെ മുഴുവൻ സംബന്ധിക്കുന്ന കാര്യങ്ങൾക്ക് തീർപ്പു കൽപിച്ചിരുന്നത് പൊതുയോഗമായിരുന്നു. സഭ മുഴുവന്റെ മേലും നിയമനിർമ്മാണപരവും ഭരണപരവും നീതിന്യായ നിർവ്വഹണപരവുമായ അധികാരം വിനിയോഗിച്ചിരുന്ന മാർത്തോമ്മാ നസ്രാണി സഭയുടെ
പരമോന്നതാധികാരം ഈ പൊതുയോഗത്തിനായിരുന്നു. ‘അർക്കദിയാക്കോൻ’ അഥവാ ‘ജാതിക്കു കർത്തവ്യൻ’ (സമൂഹത്തിന്റെ ഉത്തരവാദിത്വമുളളയാൾ) ആയിരുന്നു ഈ പൊതുയോഗത്തിന്റെ അദ്ധ്യക്ഷനെന്ന് മുൻപ് പ്രസ്താവിച്ചുവല്ലോ. അതിനാൽ മാർത്തോമ്മാ നസ്രാണികൾ അവരിൽ നിന്നുതന്നെയുളള ഒരു തലവനോടുകൂടിയ ഒരു ”ക്രിസ്തീയ റിപ്പബ്ലിക്ക്” പോലെയായിരുന്നുവെന്നു പറയാം.
മാർത്തോമ്മാ നസ്രാണികളുടെ സ്വയാവബോധമനുസരിച്ച് പൊതുയോഗത്തിന്റെ തീരുമാനങ്ങൾ യാതൊരു മാറ്റം വരുത്താനോ തിരുത്താനോ ഇടയില്ലാത്തവിധം, പരമോന്നതവും തീർച്ചയുളളതുമായിരുന്നു. മാർത്തോമ്മാ നസ്രാണി സഭാചരിത്രത്തിന്റെ നിർണ്ണായക നിമിഷങ്ങളിലെല്ലാം പൊതുയോഗം കൃത്യമായി ഇടപ്പെട്ട ചരിത്രം നാം പിന്നീടു വിശകലനം ചെയ്യുന്നതാണ്.
തുടരും..