”യോഹന്നാൻ കർത്താവിന്റെ മാർവ്വിൽ ചാരിക്കിടന്ന് പാനം ചെയ്തത് പാനം ചെയ്യാൻ നമുക്കു തരുന്നു”. വി. ആഗസ്തീനോസ്
മിശിഹായുടെ ജീവിതവും പ്രവർത്തനങ്ങളും വിവരിക്കുന്ന സമാന്തര സുവിശേഷങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായി മിശിഹായുടെ വ്യക്തിത്വത്തിന്റെ ആഴങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന ഒരു പ്രതിപാദനരീതിയാണ് വി. യോഹന്നാന്റെ സുവിശേഷത്തിൽ കാണുന്നത്. വി.യോഹന്നാൻ അറിയിച്ച സുവിശേഷം ‘ആത്മീയസുവിശേഷം’ ‘അരൂപിയുടെ സുവിശേഷം’ ‘സ്‌നേഹത്തിന്റെ സുവിശേഷം’ ‘വിശ്വാസത്തിന്റെ സുവിശേഷം’ ‘ജീവന്റെ സുവിശേഷം’ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്നു.
യോഹന്നാൻശ്ലീഹാ സുവിശേഷം എഴുതിയതിന്റെ ലക്ഷ്യം 20:30-31 ൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്: ”ഈ ഗ്രന്ഥത്തിൽ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും ഈശോ ശിഷ്യരുടെ സാന്നിദ്ധ്യത്തിൽ പ്രവർത്തിച്ചു. എന്നാൽ ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത് ഈശോ ദൈവപുത്രനായ മിശിഹായാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങൾക്ക് അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്”. അതായത്, സുവിശേഷം എഴുതിയത് ‘ഈശോ ദൈവപുത്രനായ മിശിഹായാണെന്ന് വിശ്വസിക്കുന്നതിനും അപ്രകാരം വിശ്വസിക്കുന്നവർക്ക് ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്’.
അടയാളങ്ങൾ
ഇവിടെ യോഹന്നാൻശ്ലീഹാ തന്റെ സുവിശേഷത്തിന്റെ ഉള്ളടക്കത്തെ വിശേഷിപ്പിക്കുന്നത് ‘അടയാളങ്ങൾ’ എന്നാണ്. ഈശോ പ്രവർത്തിച്ച അടയാളങ്ങളാണ് സുവിശേഷത്തിന്റെ ഉള്ളടക്കം. ‘അടയാളങ്ങൾ’ അദൃശ്യമായ യാഥാർത്ഥ്യത്തെ ദൃശ്യമാക്കുന്നവയാണല്ലോ. അദൃശ്യനായ ദൈവത്തെ ദൃശ്യനാക്കിയത് ഈശോയാണ്. അദൃശ്യനായ ദൈവത്തിങ്കലേക്ക് വിരൽചൂണ്ടുന്ന ഈശോയുടെ വാക്കുകളും പ്രവൃത്തികളും അത്ഭുതങ്ങളും ജീവിതവുമാണ് ‘അടയാളങ്ങൾ’ എന്നതിലൂടെ ശ്ലീഹാ സൂചിപ്പിക്കുന്നത്. യോഹന്നാൻശ്ലീഹായുടെ മിശിഹാനുഭവം വിവരിക്കുന്ന ലേഖനഭാഗത്ത് ഇത് കൂടുതൽ വ്യക്തമാക്കുന്നു: ”ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പർശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങൾ അറിയിക്കുന്നു. ജീവൻ വെളിപ്പെട്ടു; ഞങ്ങൾ അതു കണ്ടു; അതിനു സാക്ഷ്യം നൽകുകയും ചെയ്യുന്നു. പിതാവിനോടുകൂടി ആയിരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോട് പ്രഘോഷിക്കുന്നു”.
(1 യോഹ 1:1-2). സ്വന്തം ജീവിതത്തിൽ ഏറ്റുവാങ്ങിയ ഈ മിശിഹാനുഭവമാണ് ‘വിശ്വസിക്കുന്നതിനും ജീവൻ ഉണ്ടാകുന്നതിനും വേണ്ടി’ ശ്ലീഹന്മാർ പകർന്നു നൽകിയത്. ഈശോയുടെ വരവിന്റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല: ”ഞാൻ വന്നത് അവർക്കു ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്” (10:10). വിശ്വാസം ഉണ്ടാകുന്നതിനുവേണ്ടി ഈശോയുടെ വാക്കുകളും പ്രവൃത്തികളുമാകുന്ന അടയാളങ്ങൾ രേഖപ്പെടുത്തി; അടയാളങ്ങൾ തിരിച്ചറിഞ്ഞ് എല്ലാവരും വിശ്വാസത്തിലേക്ക് കടന്നുവരണം. അപ്രകാരം ഈശോമിശിഹായിൽ വിശ്വസിക്കുന്നവർക്ക് ജീവൻ ലഭിക്കുകയും ചെയ്യും.
ദൈവപുത്രനായ മിശിഹാ
ഈശോ ‘ദൈവപുത്രനായ മിശിഹാ’യാണെന്നതാണ് വിശ്വാസത്തിന്റെ വിഷയം. ദൈവപിതാവിന്റെ ജീവനിൽ പങ്കുചേരുന്നവനാണ് ‘ദൈവപുത്രൻ’. ‘മിശിഹാ’ എന്ന വാക്കിന്റെ അർത്ഥം ‘അഭിഷിക്തൻ’ എന്നാണ്. ദൈവം അഭിഷേകം ചെയ്ത് അയച്ചവ
നാണ് ഈശോ. ദൈവം തന്റെ പുത്രനെ അഭിഷേകം ചെയ്ത് അയച്ചത് ദൈവികജീവൻ മനുഷ്യന് പകർന്നുകൊടുക്കുവാനാണ്. ഈശോ ദൈവപുത്രനായ മിശിഹായാണെന്ന് വിശ്വസിക്കുക എന്നതുകൊണ്ട് ഈശോ ദൈവികജീവനിൽ പങ്കുചേരുന്നവനും
ഈ ജീവൻ മനുഷ്യർക്ക് നൽകാൻ ദൈവത്താൽ അഭിഷിക്തനായി അയയ്ക്കപ്പെട്ടവനുമാണെന്ന് വിശ്വസിക്കുക എന്നതാണ് അർത്ഥമാക്കുന്നത്.
ജീവൻ ഈശോ പ്രദാനം ചെയ്യുന്ന ജീവൻ ദൈവികജീവൻ അഥവാ നിത്യജീവനാണ്. ”ഏകസത്യദൈവമായ അവിടുത്തേയും അങ്ങ് അയച്ച ഈശോമിശിഹായെയും അറിയുക എന്നതാണ് നിത്യജീവൻ” (യോഹ 17:3). ദൈവികജീവന്റെ പ്രവർത്തനം ‘അറിയുക’ എന്നതാണ്. ഏകസത്യദൈവമായ പിതാവിനേയും അവിടുന്ന് അയച്ച ദൈവപുത്രനായ ഈശോമിശിഹായെയുമാണ് അറിയേണ്ടത്. ദൈവികജീവന്റെ പ്രവർത്തനം അറിവിന്റെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രവർത്തനമാണ്. സത്യദൈവത്തെ അറിയാനുള്ള മാർഗ്ഗം ഈശോമിശിഹായാണ്. മനുഷ്യനെ അറിയാതെ, മനുഷ്യനുമായി ബന്ധം പുലർത്താതെ, മനുഷ്യനോട് ഐക്യപ്പെടാതെ ദൈവമനുഷ്യനായ ഈശോമിശിഹായെ അറിയുന്നു എന്നു പറയുന്നതിൽ അർത്ഥമില്ല. അതുകൊണ്ട് നിത്യജീവൻ എന്നത് ദൈവത്തെയും മനുഷ്യനെയും ഈശോമിശിഹായിൽ അറിയുകയും സ്‌നേഹിക്കുകയും അവരോട് ഐക്യപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ്. ദൈവത്തെയും ദൈവം സ്വന്തമാക്കിയ മനുഷ്യനെയും സ്‌നേഹിക്കുക എന്നതാണ് ദൈവിക ജീവനിലുള്ള വളർച്ചയുടെ അളവുകോൽ. ചുരുക്കത്തിൽ, ഈശോയുടെ വാക്കുകളും പ്രവൃത്തികളും അത്ഭുതങ്ങളും ജീവിതവുമാകുന്ന അടയാളങ്ങളിലൂടെ ഈശോയിൽ വിശ്വസിച്ചുകൊണ്ട് നിത്യജീവൻ പ്രാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുവിശേഷരചന നിർവഹിക്കപ്പെട്ടത്.
സുവിശേഷം എഴുതിയത് ആര്?
വി. യോഹന്നാന്റെ സുവിശേഷം ആര് എഴുതി എന്നത് ബൈബിൾ വ്യാഖ്യാതാക്കൾ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. യോഹന്നാൻശ്ലീഹാ തന്നെയാണ് എഴുതിയത് എന്ന് സഭാപിതാക്കന്മാർ അഭിപ്രായപ്പെടുന്നുണ്ട്. വി. ഇരണേവൂസിന്റെയും ഒരിജന്റെയും അഭിപ്രായത്തിൽ, കർത്താവിന്റെ മാർവ്വിൽ ചാരിക്കിടന്ന ശിഷ്യനായ യോഹന്നാൻ തന്നെയാണ് ഈ സുവിശേഷം എഴുതിയത്. വി. ആഗസ്തീനോസ് പറയുന്നു: ”യോഹന്നാൻ കർത്താവിന്റെ മാർവ്വിൽ ചാരിക്കിടന്ന് പാനം ചെയ്തത് പാനം ചെയ്യാൻ നമുക്കു തരുന്നു”.
ഈശോ സ്‌നേഹിച്ച ശിഷ്യൻ
യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ യോഹന്നാൻശ്ലീഹായുടെ പേര് കാണുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. തന്റെ പേരു പറയേണ്ട സന്ദർഭങ്ങളിലെല്ലാം സുവിശേഷകൻ ‘ഈശോ സ്‌നേഹിച്ച ശിഷ്യൻ’ എന്നു പറയുന്നതായിട്ടാണ് കാണുന്നത്. സുവിശേഷത്തിൽ രണ്ടു സന്ദർഭങ്ങളിൽ വിവരിക്കപ്പെടുന്ന സംഭവങ്ങൾക്ക് ദൃക്‌സാക്ഷിയായി ‘ഈശോ സ്‌നേഹിച്ച ശിഷ്യനെ’ കാണുന്നുണ്ട് (19,35; 21,24). ഈശോ സ്‌നേഹിച്ച ”ഈ ശിഷ്യൻ തന്നെയാണ് ഈ കാര്യങ്ങൾക്കു സാക്ഷ്യം നല്കുന്നതും ഇവ എഴുതിയതും” (21:24) എന്ന് സുവിശേഷത്തിൽ വ്യക്തമായി പറയുന്നുമുണ്ട്. ‘ഈശോ സ്‌നേഹിച്ച ശിഷ്യൻ’ എന്നു വിശേഷിപ്പിക്കുന്നത് ആരെയാണ്? തന്റെ ജീവിതത്തിലെ ചില പ്രധാനസംഭവങ്ങൾക്കു സാക്ഷികളാകുവാൻ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും ഈശോ അനുവദിച്ചിട്ടുള്ളതിനാൽ അവരിലൊരാളായിരിക്കുമത്. ജായ്‌റോസിന്റെ മകളെ ഉയിർപ്പിക്കുന്ന അവസരത്തിലും ഈശോയുടെ രൂപാന്തരീകരണ സമയത്തും ഗത്‌സെമനിയിലുമൊക്കെ ഈ മൂന്നു ശിഷ്യന്മാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. അന്ത്യത്താഴത്തിൽ ഈശോയെ ഒറ്റിക്കൊടുക്കുന്നവൻ ആരെന്ന് അവിടുത്തോടു ചോദിക്കാൻ ‘ഈശോ സ്‌നേഹിച്ചിരുന്നവനോട്’ ആംഗ്യം കാണിച്ചു പറഞ്ഞത് പത്രോസാണ് (13:24). ‘ഈശോ സ്‌നേഹിച്ച ശിഷ്യൻ’ പത്രോസല്ല എന്നത് അതിൽനിന്നു വ്യക്തമാണ്. നാലാമത്തെ സുവിശേഷരചനയ്ക്കു മുമ്പുതന്നെ യാക്കോബ്ശ്ലീഹായുടെ രക്തസാക്ഷിത്വം നടന്നു. അതുകൊണ്ട് ‘ഈശോ സ്‌നേഹിച്ച ശിഷ്യൻ’ യോഹന്നാൻതന്നെയാണെന്നു മനസ്സിലാക്കാം.
ദൈവത്തിനു മനുഷ്യനോടുള്ള സ്‌നേഹം
മറ്റ് സുവിശേഷങ്ങളിൽനിന്നും വ്യത്യസ്തമായി ദൈവത്തിന് മനുഷ്യനോടുള്ള സ്‌നേഹത്തിന് ഊന്നൽ കൊടുക്കുവാനാണ് യോഹന്നാൻശ്ലീഹാ ശ്രമിക്കുന്നത്. മനുഷ്യനോടുള്ള ദൈവത്തിന്റെ സ്‌നേഹത്തിന്റെ വെളിപ്പെടുത്തലാണ് ഈശോയിൽ സംഭവിക്കുന്നത്: ”എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (3:16). ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘നൽകി’ എന്ന ക്രിയ ബലിയെ സൂചിപ്പിക്കുന്നതാണ്. അബ്രാഹം തന്റെ പുത്രനെ നൽകി എന്നു പറയുമ്പോൾ ഇസഹാക്കിനെ ബലിയർപ്പിക്കാൻ തയ്യാറായി എന്നാണ് വിവക്ഷ. ദൈവം ഇത്രമാത്രം സ്‌നേഹിച്ച ഓരോ മനുഷ്യന്റെയും പ്രതീകമാണ് ‘ഈശോ സ്‌നേഹിച്ച ശിഷ്യൻ’. ഈശോയുടെ സ്‌നേഹത്താൽ ആഴത്തിൽ സ്പർശിക്കപ്പെടുകയും ആ സ്‌നേഹത്തിന് പരമാവധിയിൽ പ്രത്യുത്തരം നൽകുകയും ചെയ്ത യോഹന്നാൻ തന്റെ പേരിനേക്കാൾ ‘ഈശോ സ്‌നേഹിച്ച ശിഷ്യൻ’ എന്ന വിശേഷണത്താൽ അറിയപ്പെടാനാണ് ആഗ്രഹിച്ചത്. അതുകൊണ്ടാണ് യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ അദ്ദേഹത്തിന്റെ പേര് പറയാത്തത്. ദൈവത്തെ സ്‌നേഹിക്കുന്നതിനെക്കുറിച്ചല്ല, ദൈവത്തിനു മനുഷ്യനോടുള്ള സ്‌നേഹത്തെക്കുറിച്ചും ആ സ്‌നേഹം അനുഭവിച്ചറിഞ്ഞ സമൂഹത്തിലുണ്ടായിരിക്കേണ്ട പരസ്പരസ്‌നേഹത്തെക്കുറിച്ചുമാണ് യോഹന്നാൻശ്ലീഹാ എഴുതുന്നത്: ”ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ” (13:34).