നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ് ഈശോയുടെ ഉയിർപ്പുതിരുനാൾ. ഇതിന് ഒരുക്കമായി ദനഹാക്കാലത്തിനും ഉയിർപ്പുതിരുനാളിനും ഇടയ്ക്കുളള ഏഴ് ആഴ്ചകൾ ആണ് നോമ്പുകാലമെന്ന പേരിൽ ആരാധനക്രമവത്സരത്തിൽ നൽകപ്പെട്ടിരിക്കുന്നത്. ഈശോയുടെ പരസ്യജീവിതത്തിന് ഒരുക്കമായുളള നാല്പതു ദിവസത്തെ ഉപവാസമാണ് വലിയ നോമ്പ് അഥവാ അമ്പതുനോമ്പ് എന്നറിയപ്പെടുന്ന ഈ കാലത്തിന്റെ അടിസ്ഥാനം. എല്ലാ മതങ്ങളിലും നോമ്പ് ആചരണം നിലവിലുണ്ടണ്ട്. നോമ്പാചരണം. തീക്ഷ്ണമായ പ്രാർത്ഥനയും ഉപവാസവും ത്യാഗപ്രവൃത്തികളുമൊക്കെ അതിന്റെ ഭാഗമായി കാണാം. ഹൈന്ദവ സഹോദരങ്ങൾ മകരവിളക്കിനോടനുബന്ധിച്ച് ആചരിക്കുന്ന വ്രതകാലവും മുസ്ലീം സഹോദരങ്ങൾ റംസാൻ ആചരണത്തോടനുബന്ധിച്ച് നോക്കുന്ന റംസാൻ വ്രതവും നമുക്കറിവുളളതാണ്. എല്ലാ
നോമ്പാചരണങ്ങളുടെയും ലക്ഷ്യം മനുഷ്യമനസ്സിന്റെയും ഹൃദയത്തിന്റെയും ശുദ്ധീകരണമാണ്. മനുഷ്യമനസ്സിലും ഹൃദയത്തിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ഇന്ന് മനുഷ്യനിലെ മനുഷ്യത്വം നഷ്ടപ്പെടുത്തി അവരെ അഹന്തയും സ്വാർത്ഥതയും ജഡികതയും നിറഞ്ഞ മനുഷ്യരൂപങ്ങളാക്കി മാറ്റുന്നു. അതിനാൽ നാം നമ്മിലേയ്ക്കുതന്നെ തിരിഞ്ഞു നോക്കി, മാറ്റേണ്ടതു മാറ്റി, അവസാനിപ്പിക്കേണ്ടത് അവസാനിപ്പിച്ച് മനഃശുദ്ധിയും ഹൃദയശുദ്ധിയും വരുത്തി തങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുവാൻ നോമ്പുകാലം നമ്മെ ക്ഷണിക്കുന്നു. സഭയാകുന്ന അമ്മ അതിനു വേണ്ടതെല്ലാം നമുക്ക് ഒരുക്കിത്തരുന്നു. പരമ്പരാഗതമായി മൂന്നു മാർഗ്ഗങ്ങളാണ് സഭ
നോമ്പുകാല ആരാധനക്രമത്തിൽ ചൂണ്ടിക്കാണിക്കുന്നത്. അവ തീക്ഷ്ണമായ പ്രാർത്ഥനയും ഉപവാസവും ദാനധർമ്മവുമാണ് (മത്താ 6,1-8). ത്രിവിധ ബന്ധങ്ങളിലുളള ആഴപ്പെടലാണ് ഈ മാർഗ്ഗങ്ങൾ ലക്ഷ്യം വെയ്ക്കുക. പ്രാർത്ഥന വഴി ദൈവവുമായുളള ബന്ധത്തിന്റെയും, ഉപവാസം വഴി തന്നോടുതന്നെയുളള ബന്ധത്തിന്റെയും, ദാനധർമ്മം വഴി സഹോദരങ്ങളുമായുളള ബന്ധത്തിന്റെയും ആഴപ്പെടൽ.
പുത്രമനോഭാവത്തോടെ ദൈവസന്നിധിയിൽ ആയിരിക്കുന്നതാണല്ലോ യഥാർത്ഥ
പ്രാർത്ഥന. വചനധ്യാനത്തിലൂടെ, സ്വപുത്രനെ പോലും തന്നു സ്‌നേഹിക്കുന്ന പിതാവിന്റെ സ്‌നേഹം ആസ്വദിക്കുമ്പോൾ, അത് പിതാവും പുത്രനും പരിശുദ്ധ റൂഹായുമായുളള നമ്മുടെ ബന്ധത്തെ ആഴപ്പെടുത്തും. ഉപവാസം (അടുത്തു വസിക്കൽ) വഴി നമ്മുടെ വ്യക്തിത്വത്തിൽ വന്നുഭവിച്ച കുറവുകൾ അറിഞ്ഞ് ദൈവപുത്രന്റെ വ്യക്തിത്വത്തിന്റെ തനിമ പ്രാപിക്കുവാൻ കഴിയണം. ദൈവവചനത്തിലൂടെ പുത്രനായ മിശിഹായോട് അടുത്തു വസിക്കുമ്പോൾ നമ്മുടെ കുറവുകൾ കാണാൻ കഴിയും.ഈ അടുത്തു വസിക്കൽ ഏതെങ്കിലും ഭക്ഷണസാധനങ്ങൾ ത്യജിക്കുന്നതിൽ ഒതുക്കിനിറുത്തുവാനുളളതല്ല. പലരും നോമ്പാചരണം ചില ഭക്ഷണസാധനങ്ങൾ അകറ്റി നിറുത്തുന്നതിൽ മാത്രം തൃപ്തിയടയുകയാണ്. ”നോമ്പിൻ സാരം ഭോജ്യങ്ങൾ, വെടിയുകമാത്രവുമല്ലല്ലോ. കോപാസൂയാദികളെല്ലാം ഉപവാസത്താൽ വെടിയേണം” (ഓനീസാ
ദ്‌വാസർ, ഞായർ റംശാ). ആസക്തികളെ വളർത്തുന്ന ഒന്നിനെയും ഉളളിലേയ്ക്കു പ്രവേശിപ്പിക്കാതെ സൂക്ഷിക്കുക നോമ്പാചരണത്തിന്റെ ഒന്നാമത്തെ പടിയായേ കാണാൻ സാധിക്കൂ. രണ്ടാമത്തെ പടി മനസ്സിനെയും ഹൃദയത്തെയും മലിനമാക്കുന്ന ഒന്നിനെയും (നെഗറ്റീവ് ചിന്തകളെ) ഉളളിലേയ്ക്കു പ്രവേശിപ്പിക്കാതെ ശ്രദ്ധയുളളവരാകുക എന്നതാണ്. മൂന്നാമത്തെ പടി മനസ്സിനെയും ഹൃദയത്തെയും പ്രോജ്ജ്വലമാക്കുന്ന പോസിറ്റിവ് ചിന്തകളെ, ദൈവവചനത്തെ ഉളളിലേയ്ക്കു പ്രവേശിപ്പിച്ച് ദൈവപുത്രന്റെ മനോഭാവങ്ങളാൽ നമ്മെത്തന്നെ നിറയ്ക്കുകയാണ്. അപ്പോഴാണ് യഥാർത്ഥത്തിൽ നാം നമ്മോടു തന്നെയുളള ബന്ധത്തിൽ, ദൈവപുത്രന്റെ/പുത്രിയുടെ വ്യക്തിത്വത്തിൽ ഐക്യം പ്രാപിച്ച്, ആഴപ്പെടുക. ദാനധർമ്മത്തിലൂടെ സഹോദരങ്ങളുമായുളള ബന്ധത്തിൽ ആഴപ്പെടണം. ഏതാനും നാണയത്തുട്ടുകൾ നൽകലല്ല ദാനധർമ്മം. ദൈവം നമുക്കു നൽകിയ ദാനങ്ങളായ നമ്മുടെ അറിവ്, ആരോഗ്യം, സമയം, കഴിവുകൾ, സമ്പത്ത്, ഇവയെല്ലാം മറ്റുളളവരുമായി പങ്കുവെയ്ക്കുന്നതിലൂടെ നാം സഹോദരങ്ങളുമായി ഉളള ബന്ധത്തിൽ ആഴപ്പെടും. മറ്റുളളവരെക്കുറിച്ചുളള പരിഗണനാമനോഭാവം നമ്മെ സ്വർഗ്ഗീയ പിതാവു മാത്രം അറിഞ്ഞുളള ദാനധർമ്മത്തിലേയ്ക്കു നയിക്കണം (മത്താ 6,3-4).
സഭയാകുന്ന അമ്മ നോമ്പുകാലത്തിൽ, നമ്മുടെ വ്യക്തിത്വത്തെ വികലമാക്കുന്ന
പാപവും അതുവഴിയുണ്ടാകുന്ന നഷ്ടങ്ങളും, അനുതാപത്തിന്റെയും മനഃപരിവർത്തനത്തിന്റെയും ആവശ്യകതയും, ഈശോയുടെ പീഡാസഹന മരണത്തിലൂടെ വ്യക്തമാക്കപ്പെടുന്ന ദൈവസ്‌നേഹത്തിന്റെ ആഴവും നമ്മെ ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുന്നു. ദൈവത്തിലേയ്ക്കു തിരിഞ്ഞ്, മരണത്തെ
പരാജയപ്പെടുത്തി നിത്യജീവനിലേയ്ക്കു പ്രവേശിക്കുവാൻ വചനത്തിലൂടെയും യാമ
പ്രാർത്ഥനയിലൂടെയും സഭ നമ്മെ ക്ഷണിക്കുന്നു. ആരാധനക്രമ കലണ്ടറിൽ കൂടുതൽ വചനഭാഗങ്ങൾ നമ്മുടെ പരിചിന്തനത്തിനായി നൽകപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും നോമ്പിന്റെ 1, 4, 7 ആഴ്ചകളിൽ. എല്ലാ ദിവസവും നാലു വായനകൾ നൽകിയിരിക്കുന്നു. വചനത്തിന്റെ മനനം വഴി അവയുടെ ചൈതന്യം
ഉൾക്കൊണ്ട്, ഉയിർപ്പുതിരുനാളിലേയ്ക്ക് എത്തുമ്പോൾ, മക്കളായ നാമെല്ലാം പൂർണ്ണരായി തീരാനുളള സഭാമാതാവിന്റെ ആഗ്രഹം, ആ വചനഭാഗങ്ങൾ വ്യക്തിപരമായി ധ്യാനപൂർവ്വം വായിച്ചു നിറവേറ്റുവാൻ ഈ നോമ്പുകാലത്ത് നമുക്കു പരിശ്രമിക്കാം. ”ചപ്പുചവറുകൾ” വായിച്ചുകൂട്ടുവാൻ സമയം കണ്ടെത്തുന്ന നമുക്ക് ദൈവവചനവായനക്കുവേണ്ടി കുറെ സമയം മാറ്റിവെയ്ക്കാം.
നോമ്പുകാല യാമപ്രാർത്ഥനകളിൽ ഞായറാഴ്ചത്തെ പ്രാർത്ഥനയിലൂടെ സകല തിന്മകളുടെയും മൂലം ദ്രവ്യാഗ്രഹമാകുന്നു (1 തിമോ 6,10) എന്നു ചൂണ്ടിക്കാട്ടി ഉപവാസം പ്രാർത്ഥന, അനുതാപം എന്നിവയിലൂടെ വിശുദ്ധീകരണം പ്രാപിക്കുവാൻ സഭ നമ്മെ സഹായിക്കുന്നു. തിങ്കളാഴ്ചത്തെ പ്രാർത്ഥനയിൽ അനുചിതചിന്തകൾ അകറ്റി, നിർമ്മല സുന്ദരചിന്തകൾ വളർത്തി ഹൃദയത്തിന്റെയും മനസ്സിന്റെയും ശുദ്ധി പാലിക്കുവാൻ ക്ഷണിക്കുന്നു. സംസാരത്തിൽ പിഴയ്ക്കാതിരിക്കുവാൻ നാവിനെ നിയന്ത്രിക്കുവാനും (സങ്കീ 39,1) ദൈവത്തെ തേടുന്ന ഒരു ഹൃദയം (സങ്കീ 42,1) സ്വന്തമാക്കുവാനും നമ്മെ പ്രേരിപ്പിക്കുന്നു. ചൊവ്വാഴ്ചത്തെ പ്രാർത്ഥനയിൽ പാപങ്ങളോർത്ത് അനുതപിക്കുവാനും കർത്താവിൽ മാത്രം ശരണപ്പെട്ട് മുന്നേറുവാനും നമ്മെ പ്രചോദിപ്പിക്കുന്നു. ബുധനാഴ്ചകളിൽ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്ന പരിശുദ്ധ അമ്മയുടെ പ്രാർത്ഥനയിൽ അഭയം തേടുവാനും നമ്മെ ദൈവത്തിൽ നിന്നകറ്റുന്ന വികടചിന്തകളകറ്റി (ജ്ഞാനം 1,14) നമ്മുടെ വംശത്തിന്റെ മഹത്ത്വം ഉയർത്തിപ്പിടിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. വ്യാഴാഴ്ചകളിലെ പ്രാർത്ഥനയിലൂടെ പാപങ്ങൾ ഓർത്ത് പശ്ചാത്തപിച്ച്, കർത്താവിലേയ്ക്കു തിരിച്ചു വരുവാൻ, അനുതാപത്തിന്റെ വാതിലിലൂടെ, കരുണാസമ്പന്നനായ കർത്താവിലേയ്ക്കു തിരികെയെത്തി ജീവനുളളവരാകുവാൻ നമ്മെ സഹായിക്കുന്നു. വെളളിയാഴ്ചകളിൽ അനുതാപമാകുന്ന സോപാന (ഗോവണി) ത്തിലൂടെ വിണ്ണിലേയ്ക്കു നമ്മെ എത്തിച്ച് നല്ല കളളനെപ്പോലെ, പാപിനിയായ സ്ത്രീയെപ്പോലെ ഈശോയോടു ചേർന്നു നിന്ന് സായൂജ്യമടയാൻ നമ്മെ പ്രചോദിപ്പി
ക്കുന്നു. ശനിയാഴ്ചത്തെ യാമപ്രാർത്ഥനകളിൽ ധൂർത്തപുത്രനെപ്പോലെ അനുതപിച്ച് പിതാവിലേയ്ക്കു വരുവാനും വചനം ധ്യാനിച്ച് സ്വർഗ്ഗഭാഗ്യം സ്വന്തമാക്കുവാനും മക്കളായ നമ്മെ സഭാമാതാവ് സഹായിക്കുന്നു.
സഭയുടെ ദൃശ്യതലവവനായ മാർപ്പാപ്പാ ഈ വർഷം നൽകിയ നോമ്പുകാല സന്ദേശത്തിലൂടെ ”പൂർണ്ണഹൃദയത്തോടെ (ജോയേൽ 2,22) ദൈവത്തിലേയ്ക്കു പിന്തിരിയുവാനും മന്ദത ഉപേക്ഷിച്ച് കർത്താവുമായുളള സൗഹൃദത്തിൽ വളരാനും” നമ്മോട് ആവശ്യപ്പെടുന്നു. ലാസറിന്റെയും ധനവാന്റെയും ഉപമ (ലൂക്കാ 16,19-31) വ്യാഖ്യാനിച്ച് നിത്യജീവൻ നേടാൻ നാം എന്തുചെയ്യണമെന്ന് പഠിപ്പിക്കുന്നു. അപരൻ ഒരു ദാനമാണെന്നും പാപം നമ്മെ ബന്ധനത്തിലാക്കുമെന്നും ദൈവവചനം കേൾക്കുന്നതിലുളള പരാജയം ധനവാനെ എന്നപോലെ (ലൂക്കാ 16,31) നമ്മെയും നരകത്തിലേയ്ക്കു നയിക്കുമെന്നും ഫ്രാൻസിസ് മാർപ്പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ധനമോഹമാണ് ഏല്ലാ തിന്മകളുടെയും അടിസ്ഥാനമെന്ന് (1 തിമോ 6,10) ഓർമ്മിപ്പിച്ച്, പണം നമ്മെ അടിമകളാക്കുന്നു എന്ന സത്യം മാർപ്പാപ്പാ എടുത്തു പറയുന്നു. ”നന്മ ചെയ്യാനും മറ്റുളളവരുമായുളള ഐക്യദാർഢ്യം കാണിക്കാനും നമ്മെ സേവിക്കുന്ന ഒരു ഉപകരണമായിരിക്കേണ്ടതാണ് പണം. പക്ഷേ അതിനുപകരം അത് നമ്മെയും മുഴുവൻ ലോകത്തെയും സ്‌നേഹിക്കുവാൻ ഇടം തരാത്തതും സമാധാനത്തെ തടയുന്നതുമായ സ്വാർത്ഥതയുടെ യുക്തിയിൽ കെട്ടിയിടും… പണത്തോടുളള ഒട്ടിച്ചേരൽ ഒരുതരം അന്ധതയാണ്.” സമ്പാദിച്ചു കൂട്ടുന്നവയുടെ അനന്തരഫലങ്ങൾകൂടി നോക്കിക്കണ്ട്, അവയുടെ നശ്വരതയും അവ വരുത്തിവെയ്ക്കുന്ന കഷ്ടങ്ങളും മുൻകൂട്ടി ദർശിച്ച്, നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുവാനും എല്ലാവിധത്തിലുമുളള ആത്മീയാന്ധതയിൽനിന്നും മോചിതരായി പ്രകാശിതരാകാനും ഈ നോമ്പുകാലം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ.