ആരാധനക്രമാലാപനം-3 ലിറ്റർജിക്കൽ ചാന്റ്‌

  1. 5. ആരാധനക്രമാലാപനപാരമ്പര്യം
    കത്തോലിക്കാസഭയുടെ ആരാധനക്രമത്തിൽ ആരാധനക്രമത്തിന്റെ വ്യത്യസ്ത പാരമ്പര്യങ്ങളുണ്ട്. സഭയുടെ വളർച്ചയിൽ ഉരുത്തിരിഞ്ഞവയാണ് പ്രസ്തുത പാരമ്പര്യങ്ങൾ. അവ കാത്തുസൂക്ഷിക്കണമെന്നതാണ് സാർവത്രികസഭയുടെ നിലപാട്. ആരാധനക്രമമെന്നത് കുറേ പ്രാർത്ഥനകളുടെയും കർമ്മങ്ങളുടെയും സമുച്ചയം മാത്രമല്ല. പ്രാർത്ഥനകളും കർമ്മങ്ങളും പ്രാവർത്തികമാക്കുമ്പോൾ ഉണ്ടാകുന്ന അനുഭവംകൂടി ഉൾച്ചേരുന്നതാണ്. ആരാധനക്രമാലാപനം ആരാധനക്രമാനുഭവത്തിന് നിർണ്ണായകമാണ്. അതുകൊണ്ട് ആരാധനക്രമാലാപ
    നവും ആരാധനക്രമപാരമ്പര്യത്തോടൊപ്പം പരമ്പരാഗതമായി കൈമാറപ്പെടേണ്ടതാണ്.
    രണ്ടാം വത്തിക്കാൻ കൗൺസിൽ ആരാധനക്രമസംഗീതത്തെക്കുറിച്ച് ഇപ്രകാരം
    പറയുന്നു: ”സാർവത്രികസഭയുടെ ആരാധനക്രമസംഗീതപാരമ്പര്യം വിലമതിക്കാൻ കഴിയാത്ത അമൂല്യമായ ഒരു നിധിയാണ്” (SC 112). സാർവത്രികസഭ എന്നു പറയുമ്പോൾ നാം മനസ്സിലാക്കുന്നതും മനസ്സിലാക്കേണ്ടതും ‘വിവിധ വ്യക്തിഗതസഭകളുടെ കൂട്ടായ്മ’ എന്നാണല്ലോ. അതുകൊണ്ട് സഭാകൂട്ടായ്മയിലുള്ള ഓരോ വ്യക്തിഗതസഭയുടെയും ആരാധനക്രമസംഗീതപാരമ്പര്യം സംരക്ഷിക്കപ്പെടേണ്ട ഒരു അമൂല്യനിധിതന്നെയാണ്.
    5.1. ത്രിത്വാത്മകപാരമ്പര്യം
    കത്തോലിക്കാസഭ വ്യക്തിഗതസഭകളുടെ കൂട്ടായ്മയാണല്ലോ. വ്യക്തിഗതസഭകളിലാണ് കത്തോലിക്കാസഭ പ്രായോഗികമായി യാഥാർത്ഥ്യമാകുന്നത്. വ്യക്തിഗതസഭകളിലൂടെയല്ലാതെ കത്തോലിക്കാസഭയ്ക്ക് മറ്റൊരസ്തിത്വമില്ല. അതുകൊണ്ട് കത്തോലിക്കാസഭയുടെ ആരാധനക്രമപാരമ്പര്യം പ്രായോഗികമായി സ്ഥിതിചെയ്യുന്നത് സഭയിലെ വ്യത്യസ്ത വ്യക്തിഗതസഭകളുടെ ആരാധനക്രമപാരമ്പര്യങ്ങളിലാണ്. കത്തോലിക്കാസഭയുടെ സഭാപാരമ്പര്യങ്ങൾക്കും ആരാധനക്രമപാരമ്പര്യങ്ങൾക്കും അടിസ്ഥാനപരമായി ഒരു ത്രിത്വാത്മകമാനമാണുള്ളത്.
    സഭ പരിശുദ്ധ ത്രിത്വത്തിന്റെ ഒരു പ്രതിരൂപമാണെന്നു സഭാപിതാക്കന്മാർ പറയുന്നുണ്ടല്ലോ. സഭയുടെ വളർച്ചയുടെ ചരിത്രം പരിശോധിക്കുമ്പോൾ മൂന്നു വ്യത്യസ്ത പരിതോവസ്ഥകളിൽ സ്വന്തം ആരാധനക്രമപാരമ്പര്യങ്ങളുമായി സഭ വളർന്നതായിട്ടാണ് കാണുന്നത്: 1. പാശ്ചാത്യറോമൻസാമ്രാജ്യ പശ്ചാത്തലം; 2.പൗരസ്ത്യ റോമൻസാമ്രാജ്യ പശ്ചാത്തലം; 3. പേർഷ്യൻസാമ്രാജ്യ പശ്ചാത്തലം. ഈ ത്രിവിധപശ്ചാത്തലങ്ങളിൽ പാശ്ചാത്യലത്തീൻ, പൗരസ്ത്യഗ്രീക്ക്, പൗരസ്ത്യസുറിയാനി സഭാപാരമ്പര്യങ്ങളും അവയുടെ ആരാധനക്രമപാരമ്പര്യങ്ങളുമായിട്ടാണ് സഭയുടെ വളർച്ചയുണ്ടായത്. ഈ ത്രിവിധ പാരമ്പര്യങ്ങളുടെ വളർച്ചയിലുണ്ടായ പരസ്പര സ്വാധീനത്തിന്റെ ഫലമായി കാലാന്തരത്തിൽ പൗരസ്ത്യസഭാപാരമ്പര്യങ്ങൾ അലക്‌സാൻഡ്രിയൻ, അന്ത്യോക്യൻ, അർമേനിയൻ, കാൽഡിയൻ, കോൺസ്റ്റാന്റിനോപോളിറ്റൻ എന്നീ പാരമ്പര്യങ്ങളായി ഇന്ന് അറിയപ്പെടുന്നു. ഇവയിൽ അന്ത്യോക്യൻ പാരമ്പര്യവും കാൽഡിയൻ പാരമ്പര്യവും സുറിയാനി സഭാപാരമ്പര്യങ്ങളാണ്. അന്ത്യോക്യൻ പാരമ്പര്യം പാശ്ചാത്യസുറിയാനി പാരമ്പര്യത്തെ പ്രതിനിധീകരിക്കുമ്പോൾ കാൽഡിയൻ പാരമ്പര്യം പൗരസ്ത്യസുറിയാനി പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നു. ഇവയിൽ പൗരസ്ത്യസുറിയാനി ആരാധനക്രമപാരമ്പര്യമാണ് സീറോ മലബാർ സഭയ്ക്ക് കൈമാറപ്പെട്ടു കിട്ടിയിരിക്കുന്നത്.
    5.2. സഭയുടെ പ്രാർത്ഥനാശൈലി
    സഭയുടെ പ്രാർത്ഥനാശൈലി ആരംഭംമുതലേ ചാന്റ് രീതിയിലായിരുന്നു. ഗദ്യരൂപത്തിലുള്ള പ്രാർത്ഥനകൾ ഗാനാത്മകമായി ചൊല്ലുന്ന രീതിയാണ് ‘ചാന്റ്’ അഥവാ ‘ആലാപനം’ എന്നറിയപ്പെടുന്നത്. ഈ പ്രാർത്ഥനാരീതിയുടെ ഉത്ഭവം പഴയനിയമ സങ്കീർത്തനങ്ങളിൽത്തന്നെയാണ്. സങ്കീർത്തനങ്ങളാണല്ലോ പഴയനിയമത്തിൽ ദൈവജനത്തിന്റെ പ്രാർത്ഥനകളായി ഉരുത്തിരിഞ്ഞത്. അവ ആലപിക്കാവുന്ന രീതിയിലാണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. ‘സങ്കീർത്തനങ്ങൾ’ എന്ന വാക്കു സൂചിപ്പിക്കുന്നതുപോലെതന്നെ അവ ആലപിക്കുന്ന പ്രാർത്ഥനകളായിരുന്നു. പല സങ്കീർത്തനങ്ങൾക്കും രാഗനിർദ്ദേശങ്ങളുണ്ടെന്നുള്ളത് ഇതിനു തെളിവാണ്. സഭയുടെ പ്രാർത്ഥനകളും സങ്കീർത്തനങ്ങളുടെ രീതിയിൽ തന്നെയാണ് ഉരുത്തിരിഞ്ഞത്. ”കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ, ദൈവ
    ത്തിനു സങ്കീർത്തനങ്ങളും കീർത്തനങ്ങളും ആത്മീയഗീതങ്ങളും ആലപിക്കുന്നതിനെ”പ്പറ്റി വി. പൗലോസ്ശ്ലീഹായും പറയുന്നുണ്ട് (കൊളോ 3,16). സാധാരണഗാനങ്ങളിൽ നിന്നുള്ള വ്യത്യാസം സമൂഹം മുഴുവനും ഒന്നുചേർന്ന് ആലപിക്കുവാൻ ഇത് അനുയോജ്യമാണെന്നുള്ളതാണ്. കാർമ്മികന്റെ പ്രാർത്ഥനകൾ ആലാപനരീതിയിൽതന്നെയാണ് ചൊല്ലേണ്ടത്. വിശുദ്ധഗ്രന്ഥ വായനകളും ആലാപനരീതിയിലാവണം. കാർമ്മികനും ആരാധനാസമൂഹവും മാറിമാറിയും, ആരാധനാസമൂഹം തന്നെ പ്രാർത്ഥിക്കുമ്പോൾ രണ്ടു ഗണമായും ആലാപനരീതിയിൽ ചൊല്ലുന്നതാണ് സഭയുടെ പ്രാർത്ഥനാശൈലി. സമൂഹം ഒന്നിച്ചുള്ള ആലാപനത്തിന് സഹായിക്കുക മാത്രമാണ് ഗായകസംഘവും ഉപകരണങ്ങളും ചെയ്യേണ്ടത്. മാത്രമല്ല, സ്വരത്തിന്റെ ആരോഹണങ്ങളും അവരോഹണങ്ങളും നിശ്ചിതപരിധിയിലായതുകൊണ്ട് എല്ലാവർക്കും, ഗായകർക്കും അല്ലാത്തവർക്കും, ആലപിക്കുവാൻ സാധിക്കുന്നതാണ് ചാന്റ് രീതി. ഇപ്രകാരം ദൈവസന്നിധിയിൽ
    പ്രാർത്ഥിക്കുന്ന സമൂഹം ഹൃദയൈക്യമുള്ള സമൂഹമായി നിലനില്ക്കും.
    6. സീറോ മലബാർ സഭയും ആരാധനക്രമാലാപനവും
    സീറോ മലബാർ സഭയിൽ സുറിയാനിഭാഷയിൽ ആരാധനക്രമം പരികർമ്മം ചെയ്തിരുന്നിടത്തോളംകാലം പ്രാർത്ഥനകൾ ചൊല്ലുന്നതിനും പാടുന്നതിനും സുറിയാനി സഭാപാരമ്പര്യത്തിനനുസൃതമായ നിയതമായ ചില രീതികൾ ഉണ്ടായിരുന്നു. സുറിയാനി പാരമ്പര്യത്തിൽ ഒരേ ടെക്സ്റ്റുതന്നെയാണ് പ്രാർത്ഥനയായി ചൊല്ലുന്നതും ആലപിക്കുന്നതും. എന്നാൽ മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടപ്പോൾ സുറിയാനിയിൽ ആലപിക്കുന്ന രീതികൾ അതേ
    പടി സ്വീകരിക്കുവാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. സുറിയാനിരീതിയിൽ പാടാവുന്ന പാട്ടുകൾക്ക് രൂപംകൊടുക്കുവാൻ ശ്രദ്ധിച്ചു. എന്നാൽ ഗദ്യം സുറിയാനിരീതിയിൽ ചൊല്ലുവാനുള്ള പരിശ്രമങ്ങളൊന്നും ഉണ്ടായില്ല. ഗദ്യം സുറിയാനിരീതിയിൽ മലയാളത്തിൽ ചൊല്ലുവാനുള്ള ബുദ്ധിമുട്ടുകൊണ്ടായിരിക്കണം അങ്ങനെ സംഭവിച്ചത്. ഗദ്യം ആലാപനരീതിയിൽ ചൊല്ലുക എന്നതാണ് ആരാധനക്രമാലാപനത്തിന്റെ പ്രത്യേകത. സുറിയാനിഭാഷയിൽനിന്നും മലയാളത്തിലേക്കു വിവർത്തനം ചെയ്യുമ്പോൾ പ്രാർത്ഥനയുടെ അർത്ഥം അതിന്റെ തനിമയിൽ സൂക്ഷിക്കപ്പെടുന്നത് ഗദ്യരൂപത്തിലാണല്ലോ. മലയാളത്തിൽ പദ്യരൂപത്തിലാക്കുമ്പോൾ പ്രാർത്ഥനകളുടെ അർത്ഥം കുറേയൊക്കെ നഷ്ടപ്പെടുക സ്വാഭാവികമാണ്. കാവ്യഭംഗിക്കുവേണ്ടി പ്രാർത്ഥനകളിൽ കുറെയൊക്കെ മാറ്റം വരുത്തേണ്ടിവരും. ഉദാഹരണത്തിന് ”പരിശുദ്ധനായ ദൈവമേ” എന്നതിന് ”പരിപാവനനാം സർവേശാ” എന്നാക്കേണ്ടിവന്നു. ഗദ്യം ഗാനരൂപത്തിൽ ചൊല്ലുവാൻ സാധിച്ചാൽ ഇപ്രകാരമുള്ള നഷ്ടങ്ങൾ ഒഴിവാക്കാൻ കഴിയും. ഇപ്രകാരം സുറിയാനി പാരമ്പര്യത്തിൽനിന്നും വ്യതിചലിക്കാതെ ഗദ്യം ഗാനരൂപത്തിൽ ചൊല്ലുവാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് ആരാധനക്രമാലാപനം.
    6.1. ആരാധനക്രമാലാപനവും പ്രാർത്ഥനാനുഭവവും
    സീറോ മലബാർ സഭയുടെ ആരാധനക്രമാഘോഷം പ്രാർത്ഥനാനുഭവമാകാതെ പോകുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം ഒരേ സ്വരത്തിൽ ഒന്നുചേർന്ന് പ്രാർ
    ത്ഥനകൾ ആലപിക്കുവാൻ സാധിക്കുന്നില്ല എന്നതാണ്. ആരാധനക്രമാഘോഷം
    പ്രാർത്ഥനാനുഭവമാകാത്തതിനാൽ പ്രാർത്ഥനാനുഭവങ്ങൾ തേടി സഭാംഗങ്ങൾ മറ്റു പല ഇടങ്ങളിലേക്കും പോകുവാൻ ഇടയാകുന്നുണ്ട്. ക്രിസ്തീയ ആദ്ധ്യാത്മികത അവശ്യം സഭയുടെ ആദ്ധ്യാത്മികതയാണ്; സഭയുടെ ആദ്ധ്യാത്മികത അവശ്യം ആരാധനക്രമത്തിൽ അധിഷ്ഠിതവുമാണ്. അതുപോലെ തന്നെ,ആരാധനാനുഭവത്തിൽ നിന്നുമാണ്, സഭയുടെ സ്വത്വത്തെക്കുറിച്ചുള്ള അവബോധം സഭാംഗങ്ങൾക്കുണ്ടാകേണ്ടത്. സഭയുടെ സ്വത്വത്തെക്കുറിച്ചുള്ള ഈ അവബോധം ഇന്ന് സഭാംഗങ്ങൾക്കില്ലാതെ പോകുന്നു. കേരളത്തിനു പുറത്തേക്കു പോകുന്ന സഭാംഗങ്ങൾക്ക് അവരുടെ അജപാലനപരവും പ്രേഷിതപരവുമായ അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും അവബോധമില്ലാതെ പോകുന്നതിന്റെ ഫലമായി അവയ്ക്കുവേണ്ടിയുള്ള സഭാദ്ധ്യക്ഷന്മാരുടെ പരിശ്രമങ്ങളോട് സഹകരിക്കുവാൻ സഭാംഗങ്ങൾക്ക് തീക്ഷ്ണതയില്ലാതെ പോകുന്നു. ഇതെല്ലാം പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളാണ്.
    സിനഡിൽ ”സീറോ മലബാർസഭയുടെ ആരാധനക്രമവിശ്വാസപരിശീലനം” എന്ന പ്രബോധനഗ്രന്ഥത്തിന് രൂപം കൊടുത്തിരിക്കുന്നു എന്നത് ശുഭോദർക്കമായ ഒരു വസ്തുതയാണ്. ഈ പശ്ചാത്തലത്തിൽ, സഭയുടേതായ ഒരു ആരാധനക്രമ ചാന്റ് സഭ ഔദ്യോഗികമായി രൂപപ്പെടുത്തുന്നത് തികച്ചും അവസരോചിതമായിരിക്കും. സഭയുടെ ആരാധനക്രമം ഒരു ആത്മീയ അനുഭവമാകുന്നതിനും ആരാധനക്രമാധിഷ്ഠിതമായ ആദ്ധ്യാത്മികത പരിപോഷിപ്പിക്കുന്നതിനും സഭാംഗങ്ങളുടെ സഭാത്മകമായ സ്വത്വാവബോധം വളർത്തുന്നതിനും ഇതു സഹായകമാകും.
    6.2. ആരാധനക്രമവും ഭാരതീയരീതിയും
    ഗദ്യം ഗാനരീതിയിൽ ചൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരിക്കണം ഹൈന്ദവ
    പ്രാർത്ഥനാരീതിയിൽ സങ്കീർത്തനങ്ങൾ ചൊല്ലുവാനുള്ള പരിശ്രമം ചിലയിടങ്ങളിൽ നടക്കുന്നത്. സാംസ്‌കാരികാനുരൂപണമെന്ന നിലയിലും അതിനെ കാണുന്നവരുണ്ട്. എന്നാൽ സംസ്‌കാരവും മതവിശ്വാസവും രണ്ടാണ്. മതപരമായ ഗീതങ്ങളും കർമ്മങ്ങളും വിശ്വാസത്തോട് അഭേദ്യമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ട് അത് ക്രൈസ്തവവിശ്വാസാനുഭവത്തിന് എത്രമാത്രം അനുയോജ്യമെന്ന് ചിന്തിക്കേണ്ടതുണ്ട്. ജീവിതശൈലിയിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സാംസ്‌കാരികാനു
    രൂപണം വരുത്തേണ്ടത് ആവശ്യമാണ്. എന്നാൽ ആരാധനക്രമം അവികലമായി കൈമാറപ്പെടേണ്ട ക്രിസ്തീയവിശ്വാസത്തിന്റെ കൈവഴിയായതുകൊണ്ട് വിശ്വാസത്തിനു വ്യതിചലനമുണ്ടാകാതെ കാത്തുസൂക്ഷിക്കപ്പെടണം. ആരാധനക്രമപ്രാർത്ഥനകൾ മാത്രമല്ല ആരാധനക്രമാലാപനവും ഗീതങ്ങളും ആരാധനക്രമശുശ്രൂഷയുടെ അടിസ്ഥാനഘടകങ്ങളാണ്. അതുകൊണ്ട്
    പൗരസ്ത്യസുറിയാനിയിലുള്ള ആലാപനവും ഗീതങ്ങളും സംരക്ഷിച്ചുകൊണ്ടുവേണം ആരാധനക്രമത്തിൽ സാംസ്‌കാരികാനുരൂപണം നടത്തുവാൻ.
    6.3. സീറോ മലബാർ സഭയുടെ ആരാധനക്രമാലാപനം
    ആരാധനക്രമത്തെ മുഴുവൻ സംഗീതാത്മക യാഥാർത്ഥ്യമായി കാണുന്ന രീതിയാണ് സുറിയാനി പാരമ്പര്യത്തിലുള്ളത്. തന്മൂലം പ്രാർത്ഥനകളെല്ലാംതന്നെ ഈണത്തിൽ ചൊല്ലുന്ന പതിവാണ് സുറിയാനി സഭകളിലുണ്ടായിരുന്നത്. വിശുദ്ധഗ്രന്ഥ വായനകളും സംഗീതാത്മകമായി നിർവഹിക്കുന്നു. പൊതുവെ പൗരസ്ത്യ ആരാധനക്രമ പാരമ്പര്യങ്ങളിലെല്ലാംതന്നെ ഈ ശൈലിയാണു കാണുന്നത്. സീറോ മലബാർസഭയ്ക്ക് സിനഡിന്റെ നിർദ്ദേശപ്രകാരം സുറിയാനി ആരാധനക്രമാലാപനരീതിയിൽ തയ്യാറാക്കിയതും സിനഡ് പരീക്ഷണാർത്ഥം അംഗീകരിച്ചതുമായ ഒരു ആലാപനരീതി (Chanting) നിലവിലുണ്ട്. ഈ ആരാധനക്രമാലാപനം സഭയുടെ ഔദ്യോഗികമായ ആലാപനമായി സ്വീകരിക്കുന്നത് നന്നായിരിക്കും. സീറോ മലബാർ സഭാംഗങ്ങൾ വിപുലമായ തോതിൽ വിപ്രവാസികളായി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിലും ആയിരിക്കുന്ന ഈ പശ്ചാത്തലത്തിൽ ഈ ലിറ്റർജിക്കൽ ചാന്റിന് ക്ലാസിക്കലായ സംഗീതസ്വരചിഹ്നങ്ങൾകൂടി കൊടുത്തിരിക്കുകയാണ്. 1985-86 ൽ
    പുനരുദ്ധരിക്കപ്പെട്ട കുർബാനക്രമം പ്രസിദ്ധീകരിച്ചപ്പോൾ അന്നത്തെ സീറോ മലബാർ ബിഷപ് കോൺഫറൻസിന്റെ നിർദ്ദേശപ്രകാരം പാട്ടുകൾക്ക് സംഗീതസ്വരചിഹ്നങ്ങൾ നല്കിയിട്ടുണ്ടെന്നുള്ളതും നമുക്ക് അറിവുള്ളതാണല്ലോ. സംഗീതസ്വരചിഹ്നങ്ങൾ പഠിച്ചിട്ടുള്ളവർക്ക് ഈ ചാന്റ് അനായാസം പഠിക്കുവാനും പാടുവാനും അത് സഹായകരമാകും. അങ്ങനെ സീറോ മലബാർ സഭാംഗങ്ങൾ ലോകത്തിൽ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ഒരേ സ്വരത്തിലും ഈണത്തിലും സുറിയാനി സംഗീത പാരമ്പര്യത്തിനനുസൃതമായി ആരാധനക്രമാഘോഷം നടത്തുവാൻ സാദ്ധ്യതയുളവാകും. ലത്തീൻ സഭയിലെ ”ഗ്രിഗോറിയൻ ചാന്റ്” എല്ലാ ഭാഷകളിലും ഉപയോഗിക്കുന്നതുപോലെ സീറോ മലബാർ ലിറ്റർജിക്കൽ ചാന്റ് മറ്റു ഭാഷകളിലും ഉപയോഗിക്കുവാനുള്ള സാദ്ധ്യതയുമുണ്ട്. സഭയുടെ ആരാധനക്രമാനുഭവം ഉൾക്കൊള്ളുവാനും സഭാത്മകമായ ആദ്ധ്യാത്മികതയിൽ വളരുവാനും സീറോ മലബാർസഭയുടെ സ്വത്വാവബോധത്തോടെ ജീവിക്കുവാനും പ്രവർത്തിക്കുവാനും സഭാമക്കൾക്കെല്ലാം ഇതു സഹായകമാകുമെന്നതിന് സംശയമില്ല.
    7. ആരാധനാസമൂഹവും ഗായകസംഘവും
    7.1. ആരാധനാസമൂഹം: ഗായകസംഘം
    ആരാധനാസമൂഹം മുഴുവനുമാണ് യഥാർത്ഥ ഗായകസംഘം എന്നു പറയാം. ആരാധനാസമൂഹമാകുന്ന ഗായകസംഘത്തെ പൊതുവേ സ്വർഗീയ ഗായകസംഘം, ഭൗമികഗായകസംഘം എന്നിങ്ങനെ രണ്ടായി തിരിച്ച് വിശേഷിപ്പിക്കുന്ന പാരമ്പര്യം സഭയിലുണ്ട്. മദ്ബഹായിലെ പുരോഹിതന്മാരും ശുശ്രൂഷികളും ചേർന്നതാണ് സ്വർഗീയ ഗായകസംഘം. ഗായകവേദിയിലെ ഗായകരും സമൂഹവേദിയിലെ വിശ്വാസികളും ചേർന്നു രൂപം കൊള്ളുന്നതാണ് ഭൗമികഗായകസംഘം. സ്വർഗീയഗണങ്ങളോടു ചേർന്നുള്ള ആരാധനയാണ് നാം നിർവഹിക്കുന്നത് എന്ന ബോദ്ധ്യത്തിൽനിന്നാണ് മദ്ബഹായിലുള്ളവരെ സ്വർഗീയ ഗായകസംഘം എന്നു വിളിക്കുന്നത്. മദ്ബഹായിലും ഹൈക്കലായിലും ഉള്ളവരെ ഗാനാലാപനത്തിനു സഹായിക്കുക എന്നതാണ് ഗായകസംഘത്തിന്റെ ചുമതല. ദൈവാലയത്തിന്റെ മഹത്ത്വത്തിനു ചേർന്നതും വിശ്വാസികളുടെ സജീവപങ്കാളിത്തത്തിന് സഹായകവുമായ സംഗീതോപകരണങ്ങൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ അവ ഗായകസംഘത്തിന്റെ ശബ്ദത്തിന് ആനുപാതികവും സ്വരലയത്തിനു ചേരുന്നവയുമായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വിശ്വാസം ജനിപ്പിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും സഹായകമായ വിധത്തിലായിരിക്കണം ആരാധനക്രമപ്രാർത്ഥനകൾ ആലപിക്കേണ്ടത്.
    7.2. സംഗീതോപകരണങ്ങൾ
    ദൈവാലയത്തിനുള്ളിലെ ഉല്ലാസപരമായ കലാപരിപാടിയല്ല ആരാധനക്രമസംഗീതം. ദൈവാലയാന്തരീക്ഷത്തിനു ചേർന്നതും ആരാധനക്രമാനുഷ്ഠാനത്തിന്റെ പരിപാവന
    തയ്ക്ക് മാറ്റുകൂട്ടുന്ന വിധത്തിലുമുള്ള സംഗീതോപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. പ്രാദേശിക, സാംസ്‌കാരിക പ്രത്യേകതകളോടുകൂടെയുള്ള പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിക്കാം. എങ്കിലും അവയുടെ എണ്ണത്തിലുള്ള തള്ളിക്കയറ്റം നിയന്ത്രിക്കേണ്ടതാണ്. സെക്കുലർ ഗാനമേളയിലുപയോഗിക്കുന്ന ആധുനിക സംഗീതോപകരണങ്ങൾ വർജ്ജിക്കേണ്ടതാണ്. ആത്മീയാന്തരീക്ഷം സംജാതമാക്കുവാനും, സമൂഹത്തെ
    പ്രാർത്ഥിക്കുവാൻ സഹായിക്കുന്നതിനും പ്രാർത്ഥനകൾ ഒരുമിച്ചു ആലപിക്കുവാനും ഉതകുന്ന സംഗീതോപകരണങ്ങളാണ് ആവശ്യമായിട്ടുള്ളത്. കാർമ്മികരും ഗായകസംഘവും വിശ്വാസികളെല്ലാവരും നിശ്ചിതക്രമമനുസരിച്ച് ഒരുമിച്ചു പാടുന്ന രീതി നിർബന്ധമായും പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇതിനു തടസ്സമായ സംഗീതോപകരണങ്ങൾ, മൈക്രോഫോണുകൾ, സൗണ്ട് സിസ്റ്റം എന്നിവയുടെ ആധിപത്യം നിയന്ത്രിക്കപ്പെടണം.
    ദൈവാലയത്തിനുള്ളിൽ ഗായകസംഘത്തിനുവേണ്ടി പ്രത്യേകമായി നിശ്ചയിക്കപ്പെടുന്ന സ്ഥലം അവരുടെ കൗദാശിക ഭാഗഭാഗിത്വം ഉറപ്പാക്കുന്ന തരത്തിലും ആരാധനാസമൂഹത്തോടു ചേർന്നുനില്ക്കുന്ന വിധത്തിലും ആയിരിക്കണം. ഗായകർ ആരാധനക്രമത്തിന്റെ ചൈതന്യം നന്നായി അറിയുന്നവരും, ഗാനാലാപനം സഭയിൽ
    നിർവഹിക്കുന്ന ദൈവശുശ്രൂഷയാണെന്ന് ഉത്തമബോദ്ധ്യമുള്ളവരുമായിരിക്കണം. വിശ്വാസികളുടെ ശ്രദ്ധ തങ്ങളിലേക്ക് ആകർഷിക്കുന്ന മനോഭാവം ഗായകർക്ക് ഉണ്ടാകരുത്. ആരാധനക്രമരേഖകൾ അനുശാസിക്കുന്നതുപോലെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നവരാണ് ആരാധനക്രമഗാനങ്ങൾ ആലപി
    ക്കേണ്ടതും സംഗീതോപകരണങ്ങൾ വായിക്കേണ്ടതും.
    ഗായകസംഘത്തിന്റെയോ വ്യക്തികളുടെയോ താല്പര്യത്തിന് മുൻഗണന കൊടു
    ക്കാതെ സഭാകൂട്ടായ്മയോടു ചേർന്നു നിന്നുകൊണ്ട് വിശ്വാസാധിഷ്ഠിതവും വിശ്വാസപ്രഘോഷണത്തിന് ഉപയുക്തവുമായ ഗാനങ്ങളായിരിക്കണം ആരാധനക്രമശുശ്രൂഷകളിൽ ആലപിക്കേണ്ടത്. ആരാധനക്രമ കാലത്തിനും ചൈതന്യത്തിനും അന്തഃസത്തയ്ക്കും ചേരാത്ത വിധത്തിൽ പെൻഡ്രൈവ്,
    സെൽഫോൺ, വോയിസ് റിക്കോർഡർ, സിഡി എന്നിവ ഉപയോഗിച്ചുള്ള ഗാനാലാപനം നിരോധിക്കപ്പെടേണ്ടതാണ്. ആധുനിക ഹിറ്റ് ഗാനങ്ങളുടെ സംഗീതാവിഷ്‌കാരങ്ങൾകൊണ്ട് ആരാധനാഗീതങ്ങളെ മലീമസമാക്കുവാൻ പാടില്ല.
    7.3. ഗായകസംഘപരിശീലനം
    ഗായകസംഘങ്ങളുടെ ദൗത്യം ഒരേ സ്വരത്തിലും ഈണത്തിലും പ്രാർത്ഥിച്ചും പാടിയും, ഹൃദയൈക്യത്തോടെ ആരാധനക്രമാഘോഷത്തിൽ പങ്കുചേരുവാൻ ആരാധനാസമൂഹത്തെ സഹായിക്കുക എന്നതാണ്. അതുകൊണ്ട് നമ്മുടെ സഭയിലെ ഗായകസംഘങ്ങൾക്കും അവശ്യം ലിറ്റർജിക്കൽ പരിശീലനം നല്‌കേണ്ടതുണ്ട് (SC 115). ലിറ്റർജിക്കൽ ചാന്റ് സഭാസമൂഹത്തിൽ നടപ്പിൽ വരുത്തുന്നതിനു നേതൃത്വം
    നല്കുവാൻ ഗായകസംഘങ്ങളുടെ സഹായത്തോടെ വൈദികസമൂഹം സന്നദ്ധമാകണം. സീറോ മലബാർസഭയിലെ ആരാധനക്രമാഘോഷത്തിന് നിയതമായ രൂപഭാവങ്ങൾ
    പകരുവാനും ആരാധനക്രമാദ്ധ്യാത്മികതയിൽ സഭാംഗങ്ങൾ വളരുവാനും ഇതു സഹായകമാകും.
    7.4. ആരാധനക്രമാനുഭവം: സഭയുടെ വിശ്വാസാനുഭവം
    വിശ്വാസമാണല്ലോ ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാനം. വിശ്വാസം ആരുടെയും സ്വകാര്യസ്വത്തല്ല; സഭയുടേതാണ്. മാമ്മോദീസായിലൂടെ സഭയുടെ വിശ്വാസത്തിലേക്ക് നാം പ്രവേശിപ്പിക്കപ്പെടുകയാണ്. സഭയുടെ വിശ്വാസം അതിന്റെ തനിമയിൽ പ്രകടമാകുന്നത് സഭയുടെ ആരാധനക്രമാഘോഷത്തിലാണ്. അതുകൊണ്ടാണ് ‘പ്രാർത്ഥനയുടെ നിയമം’ ‘വിശ്വാസത്തിന്റെ നിയമം’ എന്ന് സഭാപിതാക്കന്മാർ പറഞ്ഞുവച്ചത്. അതുകൊണ്ട് സീറോമലബാർ സഭാംഗങ്ങളായ
    നാം, യഥാർത്ഥ വിശ്വാസജീവിതം നയിക്കുന്നവരാകണമെങ്കിൽ, സീറോ മലബാർ സഭയുടെ ആരാധനക്രമാഘോഷത്തിൽ ശരിയായവിധം പങ്കുചേരുന്നവരാകണം. അപ്രകാരം ആരാധനക്രമാഘോഷത്തിൽ പങ്കുചേരുവാൻ സിനഡ് അംഗീകരിച്ചിരിക്കുന്ന ഈ ആരാധനക്രമാലാപനം നമ്മെ സഹായിക്കും. അങ്ങനെ ആരാധനക്രമാലാപനത്തിലുടെ ആരാധനക്രമാഘോഷത്തിൽ പങ്കുചേർന്ന് വിശ്വാസാനുഭവത്തിലും വിശ്വാസജീവിതത്തിലും വളരുവാൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!