മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.
മെത്രാന്മാരും വൈദികരും സന്ന്യസ്തരുമടങ്ങുന്ന എന്തോ ഒരു പ്രസ്ഥാനമാണ് സഭയെന്നാണ് പലരും കരുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, സഭാനേതൃത്വത്തിനോ സഭാസ്ഥാപനങ്ങൾക്കോ എതിരായുണ്ടാകുന്ന അക്രമങ്ങൾ പോലും ഭൂരിപക്ഷം സാധാരണ വിശ്വസികളെയും ബാധിക്കുന്നില്ല.
വിശ്വാസികൾ സഭയിൽ നിന്ന് അകന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു എന്നുളള പരിദേവനങ്ങൾ പലപ്പോഴായി നാം കേട്ടുകൊണ്ടിരിക്കുന്നതാണ്. ആധുനിക ലോകത്തിന്റെ സുഖഭോഗങ്ങൾക്കു പിന്നാലെ പായുന്നു, സാമ്പത്തിക ഉന്നതി പ്രാപിക്കുന്നതോടെ സഭയോടും പളളിയോടും അടുപ്പമില്ലാതാകുന്നു, സഭാവിരുദ്ധ പ്രസ്ഥാനങ്ങളുടെയും നിരീശ്വരപ്രസ്ഥാനങ്ങളുടെയും സ്വാധീനം എന്നിങ്ങനെ ഇതിനുളള ഒട്ടേറെ കാരണങ്ങളും പലരും വിശദീകരിക്കാറുണ്ട്. എന്നാൽ ‘പളളിയിലെ പരിഷ്‌കാരങ്ങളുടെ’ ഫലമായി വിശ്വാസികൾ സഭയിൽ നിന്ന് അന്യരാക്കപ്പെടുന്നതിനെക്കുറിച്ച് വേണ്ടത്ര ചർച്ചകൾ ഉണ്ടാകുന്നില്ല എന്നതാണു വാസ്തവം. സ്വന്തമെന്ന തോന്നലില്ലാത്ത യാതൊന്നിനെയും മനുഷ്യൻ ഗാഢമായി സ്‌നേഹിക്കുകയില്ല. സഭ തന്റെ സ്വന്തമെന്ന തോന്നൽ ഒരു സാധാരണ വിശ്വാസിക്ക് ഉണ്ടാകുന്നില്ലെങ്കിൽ അയാൾ സഭയിൽനിന്ന് അകലുകയായിരിക്കും ഫലം. നിർഭാഗ്യകരമെന്നു പറയട്ടെ, സഭ തന്റെ സ്വന്തമെന്ന അവബോധം ഭൂരിപക്ഷം വിശ്വാസികൾക്കും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണു വാസ്തവം. മെത്രാന്മാരും വൈദികരും സന്ന്യസ്തരുമടങ്ങുന്ന എന്തോ ഒരു പ്രസ്ഥാനമാണ് സഭയെന്നാണ് പലരും കരുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, സഭാനേതൃത്വത്തിനോ സഭാസ്ഥാപനങ്ങൾക്കോ എതിരായുണ്ടാകുന്ന അക്രമങ്ങൾ പോലും ഭൂരിപക്ഷം സാധാരണ വിശ്വസികളെയും ബാധിക്കുന്നില്ല. തങ്ങൾക്ക് അന്യമായതിനോടുളള നിസംഗതാ മനോഭാവമാണ് അവരിൽ മുന്നിട്ടു നിൽക്കുന്നത്. സഭാസംബന്ധിയായ കാര്യങ്ങളുളള ഈ നിസംഗത ക്രമേണ പൂർണ്ണ തിരസ്‌കാരമായി മാറുമെന്നതിൽ സംശയമില്ല. അങ്ങനെ സംഭവിച്ചാൽ പാശ്ചാത്യരാജ്യങ്ങളിലേതുപോലെ നമ്മുടെ നാട്ടിലും സഭ ആർക്കും വേണ്ടാത്ത കുറെ കെട്ടിടങ്ങൾ മാത്രമായി മാറും.
എന്തുകൊണ്ടാണ് വിശ്വാസികൾക്ക് സഭ തങ്ങളുടെ സ്വന്തമാണെന്ന ബോധ്യം നഷ്ടപ്പെടുന്നത് എന്ന് ആഴത്തിൽ പരിശോധിച്ചാൽ നമ്മുടെ വിശ്വാസപരിശീലനത്തിന്റെ അപര്യാപ്തതയാണ് പ്രധാന കാരണം എന്നു വ്യക്തമാകും. പന്ത്രണ്ടു വർഷങ്ങളോളം വിശ്വാസപരിശീലന ക്ലാസ്സുകളിൽ പഠിച്ച്
പുറത്തിറങ്ങുന്ന നമ്മുടെ പുതു തലമുറയ്ക്ക് സ്വന്തം സഭയുടെ ചരിത്രം, പൈതൃകം,
പാരമ്പര്യങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധനക്രമം എന്നിവയെക്കുറിച്ചൊന്നും വേണ്ടത്ര അറിവുകൾ ഇല്ലായെന്നത് ദുഃഖകരമായ വസ്തുതയാണ്. അതുകൊണ്ടുതന്നെ സഭയുടെ ഏറ്റവും പരമമായ ആരാധനയായ പരിശുദ്ധ കുർബ്ബാനയിൽ അർത്ഥം അറിഞ്ഞ് പങ്കാളികളാകാൻ അവർക്കു സാധിക്കുന്നില്ല. ക്രിക്കറ്റ് കളിയും, കഥകളിയും ഉദാഹരണമായി എടുക്കുക. അവയുടെ നിയമങ്ങളും, അവയിൽ ഉപയോഗിക്കുന്ന ആംഗ്യങ്ങളും ചിഹ്നങ്ങളും അവയുടെ അർത്ഥവും അറിവില്ലാത്തവർക്ക് അവ രണ്ടും ആസ്വദിക്കാൻ കഴിയില്ലെന്നു മാത്രമല്ല വെറും മുഷിപ്പനായി അനുഭവപ്പെടുകയും ചെയ്യും. എന്നാൽ അർത്ഥ തലങ്ങൾ മനസ്സിലാക്കിയാലോ, കളിക്കാരെക്കാൾ കാഴ്ചക്കാർ ആവേശം കൊളളുകയും ഊണും ഉറക്കവും മാറ്റിവെച്ച് കളി ആസ്വദിച്ചിരിക്കുകയും ചെയ്യും. ഇതുപോലെ തന്നെയാണ് മിശിഹായുടെ രക്ഷാകര ദൗത്യത്തിന്റെ പുനരാവിഷ്‌കാരമായ പരിശുദ്ധ കുർബ്ബാനയും. പരിശുദ്ധ കുർബ്ബാനയിൽ ഉപയോഗിക്കുന്ന അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും അർത്ഥം മനസ്സിലാക്കാത്തവർക്ക് ‘ദിവ്യരഹസ്യത്തിന്റെ’ മനോഹാരിത ആസ്വദിക്കാൻ സാധിക്കുകയില്ല. ഒമ്പതാം ക്ലാസ്സിലെ പാഠപ്പുസ്തകം ഒഴിച്ചു നിർത്തിയാൽ വിശ്വാസപരിശീലന ക്ലാസ്സുകളിൽനിന്ന് പരിശുദ്ധ കുർബ്ബാനയെക്കുറിച്ച് കൂടുതൽ അറിയാൻ മാർഗ്ഗങ്ങളൊന്നുമില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ബഹുമാനപ്പെട്ട പുരോഹിതരാണ് ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങേണ്ടത്. പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നീ പുരോഹിതധർമ്മങ്ങളോട് വിശ്വസ്തത
പുലർത്തുന്ന ഒരു പുരോഹിതന് തന്നിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസ സമൂഹത്തോടുളള ഉത്തരവാദിത്തം വിസ്മരിക്കാൻ സാധിക്കുകയില്ല. എന്നാൽ ജനങ്ങളുടെ മുഷിപ്പ് ഒഴിവാക്കാൻ പ്രാർത്ഥനകളും, ഗാനങ്ങളും ഒഴിവാക്കിയും വെട്ടിച്ചുരുക്കിയും പരിശുദ്ധ കുർബ്ബാനയുടെ ‘നീളം’ കുറയ്ക്കുന്ന പ്രവണതയാണ് ചിലയിടങ്ങളിലെങ്കിലും കണ്ടുവരുന്നത്. കട്ടിലിനൊപ്പിച്ചു കാലു മുറിക്കുന്ന ഈ പ്രവ
ണത സഭാഗാത്രത്തെ മുറിപ്പെടുത്തുന്നതാണെന്നു തിരിച്ചറിഞ്ഞ് ഇത്തരം പ്രവണതകളെ ഗൗരവബുദ്ധ്യാ നിരുത്സാഹപ്പെടുത്താൻ ഉത്തരവാദപ്പെട്ടവർ അമാന്തം കാണിച്ചുകൂടാ.
പ്രൊഫഷണൽ കോളേജുകളിലെ അഡ്മിഷന്റെയും, എയ്ഡ്ഡ് സ്ഥാപനങ്ങളിലെ
അപ്പോയ്ന്റ്‌മെന്റിന്റെയും കാര്യത്തിലുളള ഗൗരവവും ഉത്തരവാദിത്വവും സഭാംഗങ്ങൾക്കു വിശ്വാസപരിശീലനം നൽകുന്ന കാര്യത്തിലും ഉണ്ടാകണം. ആരാധനക്രമത്തെക്കുറിച്ചുളള ശരിയായ അറിവ് പരിശുദ്ധ കുർബ്ബാനയും യാമപ്രാർത്ഥനകളും വിശ്വാസികൾക്കു അനുഭവവേദ്യമാക്കുമെന്നതിൽ സംശയമില്ല.
പരിശുദ്ധ കുർബ്ബാനയിൽ വിശ്വാസികളുടെ പങ്കാളിത്തം നിഷേധിക്കുന്നവ എന്തൊക്കെയെന്നു കണ്ടെത്തി അവ ഒഴിവാക്കാനാണ് പിന്നീട് ഉത്തരവാദപ്പെട്ടവർ ശ്രദ്ധ പതിപ്പിക്കേണ്ടത്. ഉദാഹരണത്തിന് പരിശുദ്ധ കുർബ്ബാനയിൽ കാതടപ്പിക്കുന്ന വിധത്തിലുളള സൗണ്ട് സിസ്റ്റത്തിന്റെ ഉപയോഗം, വിശ്വാസികൾക്കു പാടാൻ സാധിക്കാത്ത വിധത്തിലുളള ട്യൂണുകളുടെ ഉപയോഗം എന്നിവ കർശനമായി നിരോധിക്കുവാൻ ബഹുമാനപ്പെട്ട വികാരിയച്ചന്മാർ മുൻകൈയെടുക്കണം. ‘എട്ടര കട്ടയ്ക്കു’ പാടുന്ന ഗായക സംഘവും ‘അഞ്ചര കട്ടയ്ക്കു’ പാടുന്ന പുരോഹിതനും (അച്ചന്റെ ‘പിച്ച്’ മോശമായാൽ ഗായകസംഘനേതാവ് തൽക്കാലത്തേയ്ക്ക് അച്ചനുമാകും) മത്സരിച്ചു പാടി തകർക്കുമ്പോൾ സാധാരണ വിശ്വാസികൾ വെറും കാഴ്ചക്കാരായി മാറി നിൽക്കുന്നു. പരിശുദ്ധ കുർബ്ബാനയിൽ സജീവമായി പങ്കെടുക്കണമെന്നു നിർബ്ബന്ധമുളളവർ, ഒരു ശ്രമം നടത്തി തൊണ്ട പൊട്ടി,
കണ്ണിൽ വെളളം നിറഞ്ഞ് ദയനീയമായി പിൻവാങ്ങി മൗനികളാകുന്നു. പളളിയിൽ
പരിശുദ്ധ കുർബ്ബാനയിൽ സജീവ പങ്കാളിത്തം നിഷേധിക്കപ്പെടുന്നവർ ‘ചാനൽ കുർബ്ബാന’ മതിയെന്നു തീരുമാനിച്ചാൽ ആർക്കാണ് അവരെ കുറ്റപ്പെടുത്താൻ സാധിക്കുക? ‘ഗായകസംഘത്തിന്റെ റിയാലിറ്റി ഷോ’ ആയി പരിശുദ്ധ കുർബ്ബാന മാറുമ്പോൾ വിശ്വാസികൾ അന്യരാക്കപ്പെടുകയും സഭയിൽനിന്ന് അകലുകയുമാണെന്ന് തിരിച്ചറിയാനുളള തെളിവ് അധികാരികൾക്കും ആരാധനക്രമം അതിന്റെ പരിപൂർണ്ണതയിൽ ലഭിക്കുക എന്നത് തങ്ങളുടെ അവകാശമാണെന്ന് തിരിച്ചറിയാനുളള വെളിവ് സഭാംഗങ്ങൾക്കും പരിശുദ്ധ റൂഹാ പ്രദാനം ചെയ്യട്ടെ.