ആരാധനക്രമാലാപനം: ലിറ്റർജിക്കൽ ചാന്റ്

ആമുഖം
സീറോമലബാർസഭയുടെ ആരാധനക്രമത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ഒരു വിശ്വാസപരിശീലനഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ സഭയുടേതായി എല്ലാവരാലും അംഗീകരിക്കപ്പെട്ട ഒരു ആരാധനക്രമാലാപനം ഇന്നും ഉണ്ടായിട്ടില്ല. ഓരോ വൈദികനും അദ്ദേഹത്തിന്റെ മനോധർമ്മമനുസരിച്ചും, ഓരോ രൂപതയിലും വ്യത്യസ്ത രീതികളിലും ചൊല്ലുകയും പാടുകയും ചെയ്യുന്നു. പലപ്പോഴും ആരാധനക്രമപ്രാർത്ഥനകളും ഗീതങ്ങളും ഗായകസംഘത്തിന്റേതുമാത്രമായും സംഗീതോപകരണങ്ങളോടുകൂടിയ യുഗ്മഗാനങ്ങൾക്കു സമാനമായും തീരുന്നു. സീറോമലബാർസഭയെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു പോരായ്മയാണ്. സഭയുടെ ആരാധനക്രമാഘോഷങ്ങൾ വിശ്വാസികളുടെ സമൂഹത്തിന്റെ മുഴുവൻ ഭാഗഭാഗിത്വത്തോടുകൂടിയും സഭയുടെ തനിമ വ്യക്തമാക്കുവാൻ പോരുന്ന വിധത്തിലും നിർവഹിക്കുവാൻ കഴിയാത്ത ഒരു സ്ഥിതിവിശേഷം ഇന്നു നിലവിലുണ്ട്. അതിനു പരിഹാരം കണ്ടെത്തേണ്ടത് ആവശ്യകമാണ്. പൗരസ്ത്യസുറിയാനി സഭാപാരമ്പര്യത്തിന് അനുസൃതമായ ഒരു ആരാധനക്രമാലാപനരീതി സീറോമലബാർസഭയ്ക്ക് ഉണ്ടാകേണ്ടതിന് ആരാധനക്രമാലാപനത്തിന്റെ സ്വഭാവവും പ്രത്യേകതകളും അറിയേണ്ടതുണ്ട്.
1. ആരാധനക്രമാലാപനം: സ്വഭാവം
സഭയുടെ ആരാധനക്രമത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ, വസ്ത്രങ്ങൾ, പ്രാർത്ഥനകൾ തുടങ്ങിയവയെല്ലാം ആരാധനക്രമാഘോഷത്തിനുവേണ്ടി മാത്രം ഉപയോഗിക്കുന്നവയാണ്. അതുപോലെ ആരാധനക്രമാലാപനവും ആരാധനാക്രമാഘോഷത്തിൽമാത്രം ഉപയോഗിക്കേണ്ട ഒന്നാണ്. അത് മറ്റു സംഗീതങ്ങളിൽനിന്നെല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് അതിന്റെ പ്രത്യേകതകൾ നാം അറിഞ്ഞിരിക്കണം. എങ്കിൽമാത്രമേ സഭയുടെ ആരാധനക്രമത്തിൽ ഉചിതമായി സംബന്ധിക്കുവാൻ നമുക്കു കഴിയുകയുള്ളു. കൃത്യമായി പറഞ്ഞാൽ ‘ആലാപനം’ (ചാന്റ്) എന്നു പറഞ്ഞാൽ ‘മനുഷ്യസ്വരം’ മാത്രമാണ് ഉദ്ദേശിക്കുക. അത് തനിയെയോ, സമസ്വരപ്പെടുത്തിയോ ആകാം. വ്യാപകാർത്ഥത്തിൽ അത് സംഗീതോപകരണങ്ങളോടുകൂടിയ ആലാപനത്തിനും ഉപയോഗിക്കാം. കാരണം, സംഗീതോപകരണങ്ങൾ മനുഷ്യസ്വരത്തിനനുസൃതവും മനുഷ്യസ്വരത്തോടു ബന്ധപ്പെട്ടവയുമാണ്. മനുഷ്യസ്വരമാണ് ആദ്യത്തെയും ഏറ്റം പൂർണതയുള്ളതുമായ സംഗീതോപകരണം – ദൈവത്തിന്റെ കരവേല.
1.1. ആരാധനക്രമാലാപനം: നാലു വിധം
നാലു വിധത്തിൽ ആരാധനക്രമാലാപനത്തെ തിരിക്കാം:
1. ശുദ്ധമായ മനുഷ്യസ്വരം: സംഗീതോപകരണങ്ങളൊന്നുമില്ലാതെ മനുഷ്യസ്വരത്തിൽ മാത്രം നടത്തുന്ന ആലാപനം.
2. സമസ്വരപ്പെടുത്തപ്പെട്ട മനുഷ്യസ്വരം: രണ്ടോ മൂന്നോ നാലോ വ്യത്യസ്ത സ്വരങ്ങളിൽ സമസ്വരപ്പെടുത്തി നടത്തുന്ന ആലാപനം.
3. സംഗീതോപകരണാത്മകമായ മനുഷ്യസ്വരം: ഏകസ്വരത്തിലോ സമസ്വരപ്പെടുത്തിയോ സംഗീതോപകരണങ്ങളുപയോഗിച്ചു നടത്തുന്ന ആലാപനം.
4. സംഗീതോപകരണങ്ങളുപയോഗിച്ചു മാത്രം നടത്തുന്ന ആലാപനം.
1.2. ആരാധനക്രമാലാപനവും ദൈവാരാധനയും
ആരാധനക്രമാലാപനം ദൈവാരാധനയ്ക്കുള്ള ശുശ്രൂഷയാണ്. അതുകൊണ്ട് മനുഷ്യനുള്ളതിൽ ഏറ്റം ശ്രേഷ്ഠമായവ കൊടുക്കേണ്ട ഒരു ശുശ്രൂഷയാണ് ആരാധനക്രമാലാപനം. കലാപരമായി പൂർണതയുള്ള ആലാപനമായിരിക്കണം. അതോടൊപ്പം അത് പരിശുദ്ധവുമായിരിക്കണം. കാരണം, ദൈവം പരിപൂർണ്ണനും പരിശുദ്ധനുമാണ്. ദൈവാരാധനയുടെ പരിശുദ്ധിക്കു ചേരാത്ത സംഗീതരൂപങ്ങളൊന്നും ആരാധനാലാപനത്തിനുണ്ടാവരുത്. നടനപരമോ, നാടകീയമോ, വിനോദപരമോ ആയ സംഗീതരൂപങ്ങളൊന്നും ആരാധനാഗീതത്തിനുണ്ടാവരുത്. ദൈവസൃഷ്ടിയായ മനുഷ്യസ്വരത്തെ മുക്കിക്കളയുന്ന വിധത്തിൽ മനുഷ്യസൃഷ്ടികളായ സംഗീതോപകരണങ്ങൾ ആരാധനക്രമാലാപനത്തിൽ ഉപയോഗിക്കുകയുമരുത്. മനുഷ്യസ്വരത്തിനു ശുശ്രൂഷ ചെയ്യുന്ന സ്ഥാനമാണ് സംഗീതോപകരണങ്ങൾക്കുള്ളത്.
1.3. ആരാധനക്രമാലാപനവും സഭാത്മകമായ ആരാധനയും
ആരാധനക്രമാലാപനം ദൈവാരാധനയ്ക്കുള്ളതാണെന്നു പറയുമ്പോൾ, പൊതുവായ ദൈവാരാധനയല്ല ഉദ്ദേശിക്കുന്നത്; മിശിഹായുടെ സഭയിലെ ദൈവാരാധനയാണ്. സഭയ്ക്ക് അതിന്റേതായ ബലിയർപ്പണമുണ്ട് – ഈശോമിശിഹായിലൂടെ പൂർത്തീകരിക്കപ്പെട്ട പുതിയനിയമ ബലിയർപ്പണം; മിശിഹായുടെ ബലിയർപ്പണത്തിൽ കേന്ദ്രീകൃതമായ ആരാധനാവേദിയും ആരാധനാകർമ്മങ്ങളും ആരാധനാരീതികളും. ആത്യന്തികമായി സഭയുടെ ആധികാരികമായ നിർദ്ദേശങ്ങൾക്കനുസൃതമായ ആരാധനക്രമാലാപനമാണ് സഭയുടെ ദൈവാരാധനയ്ക്ക് ഉപയോഗിക്കേണ്ടത്. പഴയനിയമത്തിൽ പറയുന്ന വിധമുള്ള ആലാപനം പോലുമല്ല ക്രിസ്തീയ ആരാധനയിൽ ഉപയോഗിക്കേണ്ടത്. ചിലപ്പോഴെല്ലാം പഴയനിയമത്തിലെ ചില പ്രസ്താവനകളുടെ വെളിച്ചത്തിൽ ക്രിസ്തീയ ആരാധനയിൽ സംഗീതോപകരണങ്ങളുടെ അതിപ്രസരത്തെ ന്യായീകരിക്കുന്ന പ്രവണതകൾ കണ്ടിട്ടുണ്ട്. ”കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിൻ; വീണയും കിന്നരവും മീട്ടി അവിടുത്തെ സ്തുതിക്കുവിൻ. തപ്പുകൊട്ടിയും നൃത്തമാടിയും അവിടുത്തെ സ്തുതിക്കുവിൻ; തന്ത്രികളും കുഴലുകളുംകൊണ്ട് അവിടുത്തെ സ്തുതിക്കുവിൻ” (സങ്കീ 150,3-4). ഇതുപോലെയുള്ള പഴയനിയമപ്രസ്താവനകൾ അതിനു പ്രചോദനമാകാറുണ്ട്. മിശിഹായിൽ പൂർത്തീകരിക്കപ്പെട്ട ദൈവാരാധനയും ആരാധനക്രമാലാപനവും സഭയുടെ നിർദ്ദേശങ്ങൾക്കനുസൃതമാണ് നാം ക്രമീകരിക്കേണ്ടത്.
1.4. ആരാധനക്രമാലാപനവും സ്വകാര്യ പ്രാർത്ഥനാഗീതങ്ങളും
ആരാധനക്രമഗീതം സഭയുടെ പൊതുവുംഔദ്യോഗികവുമായ ആരാധനയുടെ ഭാഗമായുള്ള ആലാപനമാണ്. സഭയുടെ ദൈവികമായ അധികാരത്താൽ നിശ്ചയിക്കപ്പെട്ടതും സഭയുടെ നിയോഗിതശുശ്രൂഷകരാലും കർമ്മവിധികളാലും നിർവഹിക്കപ്പെടുന്നതും, ദൈവമഹത്ത്വത്തിനും സഭാംഗങ്ങളുടെ വിശുദ്ധീകരണത്തിനുമായി പരികർമ്മം ചെയ്യപ്പെടുന്നതുമായ സഭയുടെ ഔദ്യോഗികമായ ആരാധനക്രമാലാപനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വിശ്വാസികളുടെ സ്വകാര്യഭക്തി പരിപോഷിപ്പിക്കുവാൻ സഭയിൽ രൂപപ്പെടുന്ന ഭക്തകൃത്യങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാണ് ആരാധനക്രമവും ആരാധനക്രമാലാപനവും. ദിവ്യകാരുണ്യാരാധന, ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ, തിരുനാൾ പ്രദക്ഷിണങ്ങൾ, കൊന്തനമസ്‌കാരം, കുരിശിന്റെ വഴി, നൊവേനകൾ തുടങ്ങിയവയെല്ലാം സ്വകാര്യഭക്തിപ്രകടനങ്ങളാണ്. അവയിൽ ഉപയോഗിക്കുന്ന ഗാനങ്ങളും ആരാധനക്രമാലാപനവും ഒന്നല്ല. അവയെ ഒരുപോലെ കൈകാര്യം ചെയ്യുന്ന പ്രവണത ആശാസ്യമല്ല. ആരാധനക്രമപ്രാർത്ഥനകളുടെയും കർമ്മങ്ങളുടെയും അവശ്യഭാഗവും അവയെ പരിപുഷ്ടമാക്കുവാൻ പര്യാപ്തവുമായ ആലാപനമാണ് ആരാധനക്രമാലാപനം. സഭാസമൂഹത്തെ ആരാധനാസമൂഹമായി കെട്ടിപ്പടുക്കുവാൻ പര്യാപ്തമായിരിക്കണം ആരാധനക്രമാലാപനം. സഭയുടെ പാരമ്പര്യത്തിലുള്ള ആലാപനരീതിയാണ് ആരാധനക്രമാലാപനത്തിൽ അവലംബിക്കേണ്ടത്. ജനങ്ങളുടെ വികാരങ്ങളെ ഉദ്ദീപിപ്പിക്കുവാൻ ഉപയോഗിക്കുന്ന മാദ്ധ്യമങ്ങൾ ആരാധനക്രമപ്രാർത്ഥനകൾക്ക് ഉപയോഗിക്കുവാൻ പാടില്ല.
2. ആരാധനക്രമാലാപനം: പ്രത്യേകതകൾ
2.1. മനുഷ്യസ്വരം
ആരാധനക്രമാലാപനത്തിന്റെ ഒരവശ്യഘടകമാണ് മനുഷ്യന്റെ സ്വരം. ഒരു മനുഷ്യൻ പാടുമ്പോഴാണ് അവന്റെ ആത്മാവ് അതിന്റെ തനിമയിൽ പ്രകാശിപ്പിക്കപ്പെടുന്നത്. ഹൃദയത്തിന്റെ ആന്തരികഭാവങ്ങളെ പ്രകടമാക്കാൻ കഴിയുന്നത് മനുഷ്യസ്വരത്തിനാണ്. ദൈവവും മനുഷ്യനുമായുള്ള ഹൃദയബന്ധമാണല്ലോ ദൈവാരാധന. ദൈവം മനുഷ്യനെ തന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചത് ശ്വാസോഛ്വാസം ചെയ്യുന്ന ഒരു വ്യക്തിയായിട്ടാണ് – ഒരു സംഗീതോപകരണമായിട്ടാണ്. ഇതു തന്റെ കൃപയുടെ മഹത്ത്വത്തിനുവേണ്ടിയാണ് (എഫേ 1,6). അതുകൊണ്ട് സംഗീതോപകരണങ്ങളേക്കാൾ മനുഷ്യസ്വരമാണ് ദൈവാരാധനയിൽ മുന്നിട്ടു നില്‌ക്കേണ്ടത്. പുരോഹിതന്റെയും ശുശ്രൂഷിയുടെയും സമൂഹത്തിന്റെയും ഗായകസംഘത്തിന്റെയും സ്വരങ്ങൾ പരസ്പരപൂരകങ്ങളായി കേൾക്കപ്പെടണം. മനുഷ്യമനസ്സിന്റെയും ഹൃദയത്തിന്റെയും ചിന്തകളും വികാരങ്ങളും ദൈവസന്നിധിയിൽ പ്രകടിപ്പിക്കുവാൻ മനുഷ്യസ്വരംപോലെ ഫലപ്രദമായ വേറൊന്നുമില്ല. മനുഷ്യനിർമ്മിതമായ ഒരു സംഗീതോപകരണത്തിനും മനുഷ്യസ്വരം
പോലെ മനുഷ്യഭാവങ്ങൾ പ്രകടിപ്പിക്കുവാൻ കഴിവുള്ളതായിട്ടില്ല. അതുകൊണ്ടുതന്നെയാണ് മനുഷ്യസ്വരത്തെ തമസ്‌കരിക്കുന്ന സംഗീതോപകരണങ്ങൾ പാശ്ചാത്യസഭയിൽ 9-ാം നൂറ്റാണ്ടുവരെയും നിരോധിക്കപ്പെട്ടിരുന്നതും പൗരസ്ത്യസഭകളിൽ ഇന്നുവരെയും നിരോധിക്കപ്പെട്ടിരിക്കുന്നതും. ആരാധനക്രമാലാപനത്തിൽ മനുഷ്യസ്വരത്തിനു താങ്ങായി മാത്രമേ സംഗീതോപകരണങ്ങൾ ഉപയോഗിക്കാവൂ.
2.2. ഗാനാത്മകസംഭാഷണം
ആരാധനക്രമാലാപനം ഗാനാത്മകസംഭാഷണമാണ്. ഭാഷ ഒരു കലയാണെന്നു
പറയാം. വാക്കുകൾക്ക് അവയുടേതായ ഒരു സംഗീതാത്മകതയുണ്ട്. ജീവിതഭാവങ്ങൾ അവയുടെ വൈവിധ്യങ്ങളിൽ പ്രകടിപ്പിക്കാൻ കഴിവുള്ള ഒരു കലയാണ് സംഭാഷണം. ഭാഷയുടെ ആത്മാവാണ് സംഗീതം എന്നു പറയാം. ഒരു വാചകം കുറേ വാക്കുകളുടെ വെറുമൊരു സമുച്ചയമല്ല. വാചകത്തിൽത്തന്നെ ഒരു സംഗീതമുണ്ട്. സംഗീതമില്ലാത്ത വാചകം ആത്മാവില്ലാത്ത ശരീരംപോലെയാണ്. ഒരു വാചകം നന്നായിട്ടു പറയണമെങ്കിൽ ആ വാചകം സംഗീതാത്മകമായി പറയണം.
പറയേണ്ട രീതിയിൽ പറയണം. വാക്കുകൾക്ക് അനുയോജ്യമായ രീതിയിലും സ്വരത്തിലും ഭാവത്തിലും അവ പറയുമ്പോഴാണ് അവയിലൂടെ ആശയവിനിമയം നടക്കുന്നത്. അതുകൊണ്ട് ദൈവവും മനുഷ്യനും തമ്മിലുള്ള സംഭാഷണത്തിനും അതിന്റേതായ ഈണവും ഭാവവും ഉണ്ടായിരിക്കണം. ദൈവത്തോടുള്ള ആരാധനാപരമായ ബന്ധപ്പെടലായതുകൊണ്ട് അതിന്റേതായ ഈണവും
ഭാവവും നല്കുവാൻ ആരാധനക്രമാലാപനം ഉപകരിക്കുന്നു. അരൂപിയിലുള്ള സംഭാഷണമാണ് ആരാധനക്രമപ്രാർത്ഥന. പിതാവിനെ സത്യത്തിലും അരൂപിയിലും ആരാധിക്കുന്ന സന്ദർഭമാണ് ക്രിസ്തീയ പ്രാർത്ഥന. ”അരൂപിയാൽ  പൂരിതരാകുവിൻ” എന്നുപദേശിക്കുന്നതിനെത്തുടർന്ന് പൗലോസ്ശ്ലീഹാ ഇപ്രകാരം പറയുന്നു: ”സങ്കീർത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിൻ. ഗാനാലാപങ്ങളാൽ പൂർണഹൃദയത്തോടെ കർത്താവിനെ പ്രകീർത്തിക്കുവിൻ” (എഫേ 5,18-19). ഈ വാക്കുകൾ അന്വർത്ഥമാകുന്നത് ആരാധനക്രമാലാപനത്തിലാണ്.
2.3. പരിശുദ്ധവും ദൈവികവുമായ സംഭാഷണം
ആരാധനക്രമാലാപനം പ്രാർത്ഥനകളെ പരിശുദ്ധവും ദൈവികവുമായി മാറ്റുന്നു. പ്രാർത്ഥന ദൈവമനുഷ്യസംഭാഷണമാണല്ലോ – മനുഷ്യനോടുള്ള ദൈവത്തിന്റെ സംഭാഷണം അഥവാ ദൈവവചനം; ദൈവത്തോടുള്ള മനുഷ്യന്റെ വചനം; ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ വചനം. ആരാധനക്രമപ്രാർത്ഥനകൾ വെറും മനുഷ്യസംഭാഷണമല്ല. ദൈവവും സ്വർഗ്ഗീയഗണവുമായി കണ്ടുമുട്ടുന്ന അനുഭവത്തിൽനിന്നും ഉരുത്തിരിയുന്ന പ്രാർത്ഥനകളാണ്. അതുകൊണ്ടുതന്നെ അവ പരിശുദ്ധവും മഹോന്നതവുമാണ്.
2.4. സജീവവും ബോധപൂർവകവുമായ ഭാഗഭാഗിത്വം
ആരാധനക്രമത്തിൽ സജീവമായി പങ്കെടുക്കണമെന്ന് സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെല്ലാം ആവർത്തിച്ചുപറയുന്നുണ്ട്. സജീവവും ബോധപൂർവകവുമായ ഭാഗഭാഗിത്വത്തിന് ആരാധനക്രമാലാപനം അത്യന്താപേക്ഷിതമാണ്. ഗാനത്തിലും ശ്രവണത്തിലും നിരന്തരം നിലനിന്നുകൊണ്ട് ആരാധനയിൽ പങ്കെടുക്കുവാൻ ആരാധനാസമൂഹത്തെ ആരാധനക്രമാലാപനം സഹായിക്കും. കാർമ്മികൻ, ശുശ്രൂഷികൾ, ഗായകസംഘം, ആരാധനാസമൂഹം തുടങ്ങിയവരെല്ലാവരും ചേർന്ന് യാഥാർത്ഥ്യമാക്കുന്ന ഒന്നാണ് ആരാധനക്രമാലാപനം. ആരാധനക്രമശുശ്രൂഷയിലുള്ള ഭാഗഭാഗിത്വത്തിന്റെ സ്വഭാവമനുസരിച്ച് വ്യതിരിക്തതകളുള്ള രൂപഭാവങ്ങൾ ചേർന്ന ഗീതസമുച്ചയമാണ് ആരാധനക്രമാലാപനം.
2.5. ആരാധനക്രമാലാപനവും നിശബ്ദതയും
ആരാധനക്രമാലാപനം നിശബ്ദതയിൽ നിന്നുരുത്തിരിയുന്നതും നിശബ്ദതയിലേക്കു നയിക്കുന്നതുമാണ്. ദൈവമനുഷ്യസംഭാഷണമാണല്ലോ ആരാധനക്രമത്തിന്റെ അന്തഃസത്ത. ഈ സംഭാഷണത്തിനു തുടക്കമിടുന്നത് ദൈവമാണ്. ദൈവവചനത്തിനു മനുഷ്യൻ പ്രത്യുത്തരം നല്കുമ്പോഴാണ് ദൈവമനുഷ്യസംഭാഷണം നടക്കുന്നത്. ദൈവം സംസാരിക്കുന്നത് നിശബ്ദതയിലാണ്: ”ശാന്തമാകുക, ഞാൻ ദൈവമാണെന്നറിയുക”
(സങ്കീ 46,10). നിശബ്ദതയിൽ ദൈവത്തോടൊപ്പമായിരിക്കുന്നതിൽ നിന്നും പുറപ്പെടുന്നതും, നിശബ്ദതയിലും ശ്രവണമനോഭാവത്തിലും ദൈവത്തോടൊപ്പമായിരിക്കുന്നതും, ദൈവൈക്യത്തിലേക്കു നയിക്കുന്നതുമാണ് ആരാധനക്രമഗീതം. പ്രപഞ്ചത്തിന്റെ നിശബ്ദതയിൽ സന്നിഹിതനായിരിക്കുന്ന ദൈവസാന്നിദ്ധ്യത്തെ വിളിച്ചറിയിക്കുന്ന ഗായകനാണ് പ്രാർത്ഥിക്കുന്ന മനുഷ്യൻ. മനുഷ്യസ്വരമാണ് ആരാധനക്രമാലാപനം. പാടുന്നവരെയും പാട്ടുകേൾക്കുന്നവരെയും ആരാധനക്രമാലാപനം ദൈവസാന്നിദ്ധ്യത്തെക്കുറിച്ച് കൂടുതൽ അവബോധമുള്ളവരാക്കുകയും ദൈവസാന്നിദ്ധ്യത്തിൽ സായൂജ്യം പ്രാപിക്കുന്ന നിശ
ബ്ദതയിലേക്കു നയിക്കുകയും ചെയ്യുന്നു. അപ്രകാരം അത് ദൈവാലയത്തെ സ്വർഗകവാടമാക്കി മാറ്റുകയും ചെയ്യുന്നു.