കുടുംബാസൂത്രണ മാർഗ്ഗങ്ങൾ

കുടുംബാസൂത്രണ മാർഗ്ഗങ്ങൾ സ്വാഭാവികമായാലും കൃത്രിമമായാലും, രണ്ടും ജീവനെ തടയുന്നതിനാൽ അധാർമ്മികമല്ലേ?

സ്വാഭാവിക കുടുംബാസൂത്രണമാർഗ്ഗങ്ങളിലൂടെയും കൃത്രിമഗർഭനിരോധനമാർഗ്ഗങ്ങളിലൂടെയും കുഞ്ഞുങ്ങൾ ഉണ്ടാകുന്നതു തടയാം എന്ന നിലയിൽ രണ്ടും ഒരുപോലെ എതിർക്കപ്പെടേണ്ടതല്ലേ എന്ന സംശയം സ്വാഭാവികമാണ്. സ്വാഭാവിക കുടുംബാസൂത്രണം (Natural Family Planning) എന്നാൽ സ്ത്രീയുടെ ഉല്പാദനക്ഷമതയുളളതും ഇല്ലാത്തതുമായ കാലഘട്ടം ശരിയായി മനസ്സി
ലാക്കി ഗർഭം ധരിക്കുന്നതിനെ അനുവദിക്കുകയോ ഗർഭധാരണം ഒഴിവാക്കുകയോ ചെയ്യുന്ന രീതിയാണ്. ഉല്പാദക്ഷമമായിരിക്കുമ്പോഴും അല്ലാത്തപ്പോഴും സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന ചില ലക്ഷണങ്ങൾ മനസ്സിലാക്കിയാണ് സ്വാഭാവിക കുടുംബാസൂത്രണം നടപ്പിലാക്കുന്നത്.

ദമ്പതികൾ ദാമ്പത്യബന്ധത്തിലേർപ്പെടുമ്പോഴെല്ലാം കുഞ്ഞുങ്ങളുണ്ടാകണമെന്നോ, ദമ്പതികളുടെ ആരോഗ്യവും സാമ്പത്തികഭദ്രതയും കണക്കിലെടുക്കാതെ, ഒരു നിയന്ത്രണവുമില്ലാതെ ധാരാളം കുഞ്ഞുങ്ങൾ ഉണ്ടാകണമെന്നോ സഭ പഠിപ്പിക്കുന്നില്ല. ദമ്പതികൾ തമ്മിലുളള ലൈംഗികബന്ധം കുഞ്ഞുങ്ങൾ ഉണ്ടാകാൻ എന്നതിനോടൊപ്പംതന്നെ അവരുടെ ദാമ്പത്യബന്ധവും സ്‌നേഹവും സുദൃഢമാകാനും കാരണമാകുന്നുണ്ട്. അതുകൊണ്ട് ഉല്പാദനക്ഷമമല്ലാത്ത കാലത്ത്, കുഞ്ഞുങ്ങൾ ഉണ്ടാണമെന്ന ലക്ഷ്യത്തോടെയല്ലാതെയും ലൈംഗികബന്ധത്തിലേർപ്പെടുന്നത് ദാമ്പത്യജീവിതത്തിന്റെ ഭാഗമാണ്. ദമ്പതികൾക്ക് അവരുടെ ന്യായമായ കാരണമുണ്ടെങ്കിൽ കുടുംബത്തിന്റെ വലിപ്പം സ്വാഭാവിക കുടുംബാസൂത്രണ മാർഗ്ഗങ്ങളിലൂടെ പരിമിതപ്പെടുത്താം എന്ന് സഭയുടെ പ്രബോധനമുണ്ട് (Familiaris Consortio,35; Humane Vitae,16; CCC 2370).

അതേസമയം, കൃത്രിമ ഗർഭനിരോധനമാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിലെ അധാർമ്മികത എന്നത്, അത് ദമ്പതികളുടെ ഉല്പാദനക്ഷമതയെ നിഷേധിക്കുകയും ലംഘിക്കുകയും ചെയ്യുന്ന മനഃപൂർവ്വ പ്രവൃത്തി എന്നതാണ്. ഈ പ്രവൃത്തിയിലൂടെ ദമ്പതികൾ തങ്ങളുടെ ഉല്പാദനക്ഷമത, ദാമ്പത്യബന്ധത്തിനു തടസ്സമായി കരുതി അതിനെ മനഃപൂർവ്വം തടഞ്ഞുവച്ചുളള ബന്ധത്തിനാണു ശ്രമിക്കുന്നത്. പരസ്പരം പൂർണ്ണമായി നല്കുന്ന സ്വയം ദാനവും സ്‌നേഹവും അതാവശ്യപ്പെടുന്ന ഉത്തരവാദിത്വവും ദാമ്പത്യബന്ധത്തിൽ ആവശ്യമില്ലായെന്നും, ദാമ്പത്യബന്ധമെന്നത് വെറമൊരു വിനോദമോ, നേരമ്പോക്കോ മാത്രമായി മാറ്റുന്ന ഒരു സംസ്‌കാരമാണ് കൃത്രിമ ഗർഭനിരോധനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നത്. എന്നാൽ, സ്വാഭാവിക കുടുംബാസൂത്രണത്തിൽ, ദമ്പതികളുടെ ഉല്പാദനക്ഷമത സ്വാഭാവികമാണെന്നും ദാനമാണെന്നും തിരിച്ചറിഞ്ഞ് ശരീരത്തിന്റെ പ്രകൃതിയും താളവും മനസ്സിലാക്കിയുളള സമീപനമാണു നടത്തുന്നത്. ഉല്പാദനക്ഷമമല്ലാത്ത കാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ശരീരത്തിന്റെ സ്വാഭാവികത മനസ്സിലാക്കി പരസ്പരം ബഹുമാനിച്ചും സ്‌നേഹിച്ചും തങ്ങളുടെ ബന്ധം കൂടുതൽ സുദൃഢമാകുന്ന അനുഭവമാണ് ദമ്പതികൾ പങ്കുവയ്ക്കുന്നത്.

സ്വാഭാവിക കുടുംബാസൂത്രണ മാർഗ്ഗങ്ങൾ പ്രായോഗികമല്ലെന്നും യുക്തിഭദ്രമല്ലെന്നും ധാരാളം പേർ വാദിക്കുമെങ്കിലും സത്യസന്ധമായി ഈ മാർഗ്ഗം അവലംബിക്കുന്നവരുടെ അനുഭവം വ്യത്യസ്തമാണ്. ഈ മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ ഭാര്യമാർക്ക് തങ്ങളുടെ ഭർത്താക്കന്മാരാൽ തങ്ങൾ കൂടുതൽ ബഹുമാനിക്കപ്പെടുന്നെന്നും അവർ തങ്ങളുടെ ആരോഗ്യത്തെയും ശരീരത്തിന്റെ പ്രത്യേകതകളെയും കരുതുന്നുവെന്നും മനസ്സിലാക്കുന്നുവെന്നും അനുഭവിക്കാൻ സാധിക്കും. ഭർത്താക്കന്മാർക്കാകട്ടെ, തങ്ങൾക്കു കൂടുതൽ ആത്മനിയന്ത്രണവും ആത്മാഭിമാനവും, തങ്ങളുടെ ഭാര്യമാരോടു സ്‌നേഹവും, അവരുടെ ശരീരത്തോടും അതി
ന്റെ ഉല്പാദനക്ഷമതയോടും ബഹമാനവും വർദ്ധിക്കുന്നതും മനസ്സിലാക്കാൻ കഴിയും. ആരോഗ്യകാരണങ്ങളാലും ജോലിസംബന്ധമായ കാരണങ്ങളാലുമെല്ലാം ദമ്പതികൾ ലൈംഗികബന്ധം ത്യജിക്കുന്നതു സർവ്വസാധാരണമാണ്. അതുപോലെതന്നെയാണ് സ്വാർത്ഥപരമല്ലാത്ത കാരണങ്ങളാൽ പരസ്പരം ആദരവോടും സമ്മതത്തോടുംകൂടെ സ്വാഭാവികമാർഗ്ഗങ്ങളിലൂടെ കുഞ്ഞുങ്ങളുടെ എണ്ണം പരിമിതിപ്പെടുത്തി കുടുംബത്തെ ശരിയായ വിധത്തിൽ ക്രമീകരിക്കുന്നത്.

സ്വാഭാവിക കുടുംബാസൂത്രണവും കൃത്രിമ ഗർഭനിരോധനമാർഗ്ഗങ്ങളും ജീവനെ തടയുന്നുണ്ടെങ്കിലും, അവ രണ്ടും ധാർമ്മികമായി ഒരേ രീതിയിലല്ല വിലയിരുത്തപ്പെടേണ്ടത്. കാരണം ലക്ഷ്യം ഒന്നാണെങ്കിൽപോലും അതിലേയ്ക്ക് എത്താൻ ഉപയോഗിക്കുന്ന എല്ലാ മാർഗ്ഗങ്ങളും ധാർമ്മികമായി ശരിയായിരിക്കണമെന്നോ തുല്യമാണെന്നോ വരുന്നില്ല. എത്ര വലിയ കാരണമുണ്ടെങ്കിലും നല്ല ലക്ഷ്യങ്ങൾക്കായി തിന്മയുടെ മാർഗ്ഗം സ്വീകരിക്കാനാവില്ല (റോമ. 3,8; Humane Vitae,14).