വചനം ബലിവേദിയിൽ

0
321

പിറവി രണ്ടാം ഞായർ (ജനുവരി-1, 1-ാം ഞായർ)
ഉൽപ. 17,1-27; ഏശ 42:18-43,13; ഗലാ. 5:1-6 + ഫിലി. 2,5-11; മത്താ.1:18-25 + ലൂക്കാ 2,21

മംഗളവാർത്തക്കാലത്തിൽ ഈശോയുടെ മനുഷ്യാവതാരത്തെ ധ്യാനവിഷയമാക്കുന്ന സഭയുടെ മുമ്പിൽ സ്വന്തം ജനത്തെ രക്ഷിക്കുന്ന വിശ്വസ്തനായ – ഉടമ്പടി കാക്കുന്ന – ദൈവത്തെ തിരുവചനം അവതരിപ്പിക്കുന്നു. ഈശോയുടെ മനുഷ്യാവതാരം എന്ന മഹാവിസ്മയം ദൈവത്തിന്റെ നിരന്തരമായ കരുണയുടെയും വിശ്വസ്തതയുടെയും ഉത്തമ സാക്ഷ്യമാണ്. പുൽക്കൂട്ടിലെ ഉണ്ണീശോയുടെ മുഖത്ത് ആബ്രാഹം എന്ന പൂർവ്വപിതാവിന്റെ അടുത്തുവന്ന് ഉടമ്പടി ചെയ്ത ദൈവത്തിന്റെ മുഖം ദർശിക്കാനായാൽ നമുക്ക് രക്ഷ രുചിക്കാനാവും. ഈശോ എന്ന പേര് അവനു നൽകുകവഴി വാഗ്ദാനം ചെയ്യപ്പെട്ട ഉടമ്പടിയുടെ പൂർത്തീകരണം നിറവേറുകയായിരുന്നു. മിശിഹായാകുന്ന പുതിയ ഉടമ്പടിയുടെ അടയാളം സ്വീകരിക്കുവാൻ ഓരോ ക്രിസ്ത്യാനിയെയും തിരുവചനം ക്ഷണി
ക്കുന്നു.
മിശിഹായെ ധരിക്കുന്നവൻ അനുസരണയുളളവനായിത്തീരുന്നു. കുരിശുമരണം വരെ അനുസരണയുളളവനായ മിശിഹായെയാണ് നാം മാതൃകയാക്കേണ്ടത്. അവനു ദൈവത്തിന്റെ പ്രീതി സംലഭ്യമാകും. പ്രതിസന്ധികളിൽ ദൈവം കൂടെയുണ്ടാകുമെന്നും തനിച്ചാക്കി ദൂരെ പോകില്ലെന്നും ഏശയ്യായുടെ പുസ്തകം നമുക്ക് ഉറപ്പു നൽകുന്നു. ഉടമ്പടിയുടെ പങ്കുകാരനായ ദൈവത്തിന്റെ വിശ്വസ്തതയെയാണ് എല്ലാ വായനകളും വ്യക്തമാക്കുന്നത്. ഒരു അന്ധനെപ്പോലെയോ, ബധിരനെപ്പോലെയോ ഒക്കെ ദൈവം നമ്മുടെ ഉടമ്പടി ലംഘനങ്ങളോടു പ്രതികരിക്കുന്നു. എന്നിട്ട് അവസാനം വരെയും ദൈവം നമ്മോടു
വിശ്വസ്തനായിരിക്കുകയും ചെയ്യുന്നു.
അബ്രാഹത്തെപ്പോലെയും മാർ യൗസേപ്പിതാവിനെപ്പോലെയുമൊക്കെ ദൈവത്തോടു നിതാന്തമായ വിശ്വസ്തത പുലർത്തേണ്ടവരല്ലേ നാം. നമുക്കു സ്വന്തമായവയൊന്നും ഈ വിശ്വസ്തക്ക് ഭംഗമാവരുത്. അവസാനം വരെ അനുസരണയുളളവനായിത്തീർന്ന മനുഷ്യപുത്രൻ എങ്ങനെ ദൈവത്തോടു വിശ്വസ്തനായിരിക്കണമെന്ന് നമുക്കു കാണിച്ചുതരുന്നുണ്ട്. മിശിഹാതന്നെയാണ് ദൈവത്തിന്റെ വിശ്വസ്തത.
റവ. ഫാ. വർഗ്ഗീസ് കായിത്തറ

ദനഹാ ഒന്നാം ഞായർ (ജനുവരി-8, 2-ാം ഞായർ)
പുറ 3:1-12; ഏശ 44:21-45:4; 2 തിമോ 3:1-15; ലൂക്കാ 4:14-30

പഴയനിമത്തിൽ മൂശെയ്ക്ക് കത്തുന്ന മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൈവം വാഗ്ദത്ത
നാട്ടിലേക്ക് തന്റെ ജനത്തെ നയിക്കുവാനുള്ള വാഗ്ദാനവും നിർദ്ദേശവും നൽകുകയാണ്. പുതിയനിയമത്തിൽ ദൈവം മനുഷ്യനായി ഭൂമിയിൽ ഇറങ്ങിവസിച്ച് തന്റെ ജനത്തെ രക്ഷയുടെ പാതയിൽ സ്വർഗ്ഗനാട്ടിലേക്കു നയിക്കുമെന്ന വാഗ്ദാനം നൽകുകയാണ്. ഇവിടെ കർത്താവ് രണ്ടു കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ഒന്നാമത്തേത് ഒരു മുന്നറിയിപ്പാണ് – ഈശോ മിശിഹായോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും (2 തിമോ 3:12). വാഗ്ദാത്ത നാട്ടിലേക്കു പുറപ്പെട്ട ഇസ്രായേൽ ജനത്തിന് പല പ്രതിബന്ധങ്ങളെയും നേരിടേണ്ടി വന്നതുപോലെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി യാത്രചെയ്യുന്ന സഭയ്ക്കും സഭാതനയർക്കും ക്ലേശങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണിത്. പക്ഷേ, ഇസ്രായേൽ ജനത്തെ പേരുചൊല്ലിവിളിച്ച് തന്റെ സ്വന്തമാക്കിയ കർത്താവ് കൂടെയുണ്ടാകുമെന്ന ഉറപ്പാണ് രണ്ടാമത്തേത് (ഏശയ്യ 45:4-5). കർത്താവിന്റെ വചനം കേട്ട് യുദ്ധം ചെയ്ത ഇസ്രായേൽക്കാർ വാഗ്ദത്ത ദേശം പിടി
ച്ചടക്കിയതൂപോലെ, സ്വർഗ്ഗത്തിലേയ്ക്കുള്ള പാതയിൽ നമുക്കുണ്ടാകുന്ന പ്രതിബന്ധങ്ങളെ ദൈവവചനം കൊണ്ടു നമുക്കു നേരിടാം (2 തിമോ 3:15-17).
റവ. ഫാ. സ്‌കറിയാ പറപ്പളളിൽ

ദനഹാ രണ്ടാം ഞായർ (ജനുവരി-15, 3-ാം ഞായർ)
സംഖ്യ 10:29-11,10; ഏശ 45:11-17; 2 ഹെബ്രാ. 3:1-4,7; യോഹ.1:1-28

വെളിപാടുകളുടെ പൂർത്തീകരണമായ ഈശോമിശിഹായിൽ സകല വാഗ്ദാനങ്ങൾക്കും അർത്ഥം കണ്ടെടുക്കുവാൻ തിരുസ്സഭ തന്റെ മക്കളെ ക്ഷണിക്കുകയാണ്, ദനഹാക്കാലത്തിൽ. മനുഷ്യനു സഹജമായ ആവലാതിയും പിറുപിറുപ്പും കൂടെയുണ്ടെങ്കിലും ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വരില്ല എന്ന ആശ്വാസദൂതും വിശ്രമത്തിലേയ്ക്കു പ്രവേശിക്കാനുളള ക്ഷണവും ഇന്നത്തെ തിരുവചനവായനകൾ ഉൾക്കൊളളുന്നു. എല്ലാ അടിമത്വങ്ങൾക്കും ഒരു മധുരമുണ്ട്. മധുരമായ ആ ഓർമ്മകൾ സ്വാതന്ത്ര്യത്തിന്റെ നാളുകളിലും അടിമത്വത്തിന്റെ നുകം വീണ്ടും സ്വീകരിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. മദ്യപാനവും, ലഹരിയുടെ ഉപയോഗവും, അശ്ലീലതയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങൾതന്നെ. ഈജിപ്തിന്റെ അടിമത്വം വീണ്ടും അനുഭവിക്കുന്ന ഒരു പറ്റം ജനത്തെയാണ് ഒന്നാം വായന വെളിവാക്കുന്നത്. ദൈവം കൂടെയുണ്ടെന്ന തോന്നലിനിടയിലും പരാതി തീരാത്ത
ജനം. ശീലങ്ങളുടെ തടവറകളിൽനിന്ന് പുറത്തുകടക്കാനാഗ്രഹിക്കുന്നവരൊക്കെ അടിമത്വത്തിന്റെ മധുരത്തെ അതിമധുരമാക്കി കണക്കാക്കരുതെന്നർത്ഥം.
പരിപാലനത്തിലും പിറുപിറുപ്പും പരാതിയും തുടർന്നതാണ് ദൈവത്തിന്റെ സ്വന്തം ജനത്തിന് അവരുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രവാസത്തിലേയ്ക്കു വഴിതുറന്നത്. പക്ഷെ, പ്രവാസികളുടെ നെടുവീർപ്പുകൾക്കു മുന്നിൽ ദൈവകരുണ കവാടം തുറക്കപ്പെടുകതന്നെ ചെയ്തു. പ്രതിഫലത്തിനോ സമ്മാനത്തിനോ വേണ്ടിയല്ലാതെ നഗരം പണിയുന്നവരും വിപ്രവാസികളെ സ്വതന്ത്രരാക്കുന്നവരുമാകാൻ, അങ്ങനെ ആത്മാഭിമാനമുളള ജനതയാകാൻ ദൈവം അവരെ അനുവദിക്കുന്നതാണ് രണ്ടാം വായന നമ്മെ ഓർമ്മി പ്പിക്കുന്നത്. ഒരിക്കലും ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വരില്ല എന്ന ആശ്വാസവചനം ശിരസുയർത്തിപ്പിടുച്ചു നിൽക്കാൻ ആ ജനതയെ പ്രാപ്തരാക്കുന്നു.
ലേഖനഭാഗം വിശ്രമത്തിന്റെ ദൈവശാസ്ത്രമാണ്. വിശ്രമിക്കുന്നത് ക്ഷീണം മാറാനുംകൂടുതൽ കരുത്തുണ്ടാകുവാനുമാണ്. എല്ലാ അസ്വസ്ഥതകളും ഇല്ലാതാകേണ്ട നേരമാണത്. ”ജോലികൾ തീർന്നൊരു സന്ധ്യസമം ലോകാന്ത്യത്തിൽ ദിനമണയും” (സപ്ര കർമ്മക്രമം, ഞായർ) എന്ന ആരാധനക്രമഗീതത്തിന്റെ വരികൾ ദൈവികവിഭാവനയിലെ വിശ്രമത്തെ വെളിവാക്കുന്നുണ്ട്. ബലിപീഠം എല്ലാ ഭാരങ്ങളും ആകുലതകളും ഇറക്കി വയ്ക്കാനുളള ഇടമാകുമ്പോൾ ഓരോ ബലിയർപ്പണവും വിശ്രമമായി മാറും. യോഹന്നാന്റെ സുവിശേഷരചനയുടെ ലക്ഷ്യങ്ങളിലൊന്ന് അബദ്ധപ്രബോധനങ്ങളെ ചെറുക്കുകയാണ്. ലോകത്തിലേയ്ക്കു വരാനിരുന്ന രക്ഷകൻ, യഥാർത്ഥത്തിൽ, സ്‌നാപകനായിരുന്നു എന്ന തരത്തിലുളള പ്രചാരണങ്ങൾ സ്‌നാപകന്റെ ശിഷ്യരുടെ ഭാഗത്തുനിന്നുണ്ടാവുകയും സത്യവും മിഥ്യയും തിരിച്ചറിയാനാകാതെ തിരുസ്സഭ പ്രക്ഷുബ്ദമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ശിഷ്യരിൽ അവശേഷിച്ചവനായ യോഹന്നാൻ തന്റെ പ്രബോധനാധികാരത്തെ ഉപയോഗിച്ചതാണ് നാലാമത്തെ സുവിശേഷമായി ഉയിരുനേടിയതെന്നാണ് പണ്ഡിതമതം. ഈ പശ്ചാത്തലത്തിൽ ഇന്നത്തെ സുവിശേഷം കൂടുതൽ ഗ്രാഹ്യമാകുന്നു. എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനെന്നും, ഇതാ ലോകത്തിന്റെ പാപങ്ങൾ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞടെന്നുമൊക്കെയുളള സ്‌നാപകന്റെ സാക്ഷ്യം അബദ്ധപ്രബോധകർക്കുളള സഭയുടെ മറുപടിയാണ്. മിശിഹായുമായുളള കണ്ടുമുട്ടലിന്റെയും സഹവാസത്തിന്റെയും കൃത്യ സമയംപോലും സുവിശേഷകൻ ഓർത്തുവയ്ക്കുന്നു എന്നത് തീവ്രമായ ഒരനുഭവത്തിന്റെ ഏറ്റുപറച്ചിലായി മനസ്സിലാക്കാം.
റവ. ഡോ. ബാബു പുത്തൻപുരക്കൽ