
റവ. ഡോ. ജോസഫ് ചാലാശേരി
റവ. ഡോ. ജോസഫ് ചാലാശേരി ഈശോമിശിഹായുടെ മാമ്മോദീസായിലൂടെ വെളിപ്പെടുത്തപ്പെട്ട ത്രിത്വരഹസ്യങ്ങളുടെ മധുരിമനുകരുവാൻ സഭയാകുന്ന അമ്മ മക്കളായ നമ്മെ മാടിവിളിക്കുന്ന കാലമാണ് ദനഹാക്കാലം. ദനഹാ എന്ന വാക്കിന്റെ അർത്ഥംതന്നെ ഉദയം, പ്രത്യക്ഷവത്കരണം, വെളിപാട് എന്നൊക്കെയാണ്. മനുഷ്യസ്വഭാവത്തിന്റെ നവീകരണവും രക്ഷയും സാധ്യമാക്കുന്ന മാമ്മോദീസായിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ഈ പ്രത്യക്ഷവത്കരണത്തിലൂടെ വെളിവാക്കപ്പെടുന്നു. ഈശോയുടെതന്നെ മഹത്ത്വത്തിലേയ്ക്ക് – ദൈവപുത്രത്വത്തിലേയ്ക്ക് – അതു നമ്മെ പ്രവേശിപ്പിക്കുന്നു. അതു നമ്മുടെ ആത്മാവിലും ശരീരത്തിലുമുളള പരിശുദ്ധാത്മാവിന്റെ സംസർഗ്ഗത്തിലൂടെയാണ്. പിതാവ് അതിൽ സംപ്രീതനായി പേരുചൊല്ലി നമ്മെ മകനായി/മകളായി സ്വീകരിക്കുന്നു. ചുരുക്കത്തിൽ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സ്‌നേഹം നമ്മിലേയ്ക്ക് ഒഴുകിയെത്തുന്നതാണ് ദനഹാക്കാലം നമുക്ക് അനുഭവവേദ്യമാക്കിത്തരുന്നത്.
കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ‘പിണ്ടികുത്തി’പ്പെരുന്നാൾ എന്ന പേരിൽ ലോകത്തിന്റെ പ്രകാശമായി വന്ന മിശിഹായെ അനുസ്മരിച്ച്, വാഴപ്പിണ്ടിയിൽ പന്തം കൊളുത്തി അതിനുചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് ‘ദൈവം പ്രകാശമാകുന്നു’ (ഏൽ പയ്യ) എന്ന് ആർത്തുവിളിച്ച് നമ്മുടെ പൂർവ്വികർ ദനഹാത്തിരുനാൾ ആഘോഷിച്ചിരുന്നു. തെക്കൻ ഭാഗങ്ങളിൽ ദനഹാത്തിരുനാളിന്റെ തലേദിവസം രാത്രിയിൽ അടുത്തുളള നദിയിലോ കുളത്തിലോ പോയി ആചാരക്കുളി (Ritual bath) രാക്കുളിപ്പെരുന്നാൾ എന്ന പേരിൽ ഈ തിരുനാൾ ആഘോഷിച്ചിരുന്നു. വെറും വാക്കുകളിലൂം പ്രാർത്ഥനകളിലും മാത്രമാക്കാതെ മാമ്മോദീസാനുഭവം ശരീരത്തിലും മനസ്സിലും ഏറ്റുവാങ്ങുവാൻ നമ്മുടെ പൂർവ്വികർ ശ്രമിച്ചതാണ് മേൽപ്പറഞ്ഞ ആഘോഷങ്ങളുടെ പിന്നിൽ നാം കാണുക. എന്നാൽ ഇന്ന് ഈ ആചാരങ്ങളൊക്കെ അന്യംനിന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. അതിനെയൊക്കെ പുനർജ്ജീവിപ്പിച്ച് ആഘോഷിക്കുന്നത് മിശിഹാരഹസ്യങ്ങൾ പഞ്ചേന്ദ്രിയങ്ങളിലൂടെ രുചിച്ചറിയുവാൻ സഹായകമാകും. ദനഹാക്കാലത്തെ യാമപ്രാർത്ഥനകളിലൂടെ, വചനശ്രവണത്തിലൂടെ പരിശുദ്ധാത്മാവ് അകതാരിൽ പ്രവർത്തിച്ച് ഉലയിലുരുക്കിയ ലോഹം പോൽ നാമൊക്കെ മിശിഹായിൽ പുതിയ സൃഷ്ടികളാകണം (ദനഹാ ഞായർ, ഓനീസാ ദ് വാസർ). കർത്താവിൽ ആനന്ദിക്കുന്നവരാകണം (ദനഹാ ഞായർ, ശൂറായ). വിശ്വാസംവഴി ആന്തരികമനുഷ്യനിലും സ്‌നേഹംവഴി നമ്മുടെ ഹൃദയങ്ങളിലും ഈശോ വസിക്കണം (ദനഹാ തിങ്കൾ, ഓനീസാ ദക്ക്ദം).ഈശോയെ കേൾക്കുന്നവരാകണം (ദനഹാതിങ്കൾ, ഓനീസാ ദ് വാസർ). ദൈവമാകുന്ന പ്രകാശത്തെ കൂദാശകളിലൂടെയും വചനത്തിലൂടെയും ഉളളിൽ സ്വീകരിച്ച് നാം ലോകത്തിപ്രകാശമാകണം (ദനഹാ, ചൊവ്വ). നിത്യവെളിച്ചത്തിന്റെ പ്രഫലനമായ മാതാവിനെ നാം മാതൃകയാക്കണം (ദനഹാ, ബുധൻ). കർത്താവ് എത്രയോ നല്ലവനാണെന്ന് അനുഭവിച്ചറിയണം. അവിടുന്ന് പിതാവിനെ വെളിപ്പെടുത്തുന്നവൻ, കരുണാമയനും ദയാലുവുമായവൻ, നമ്മുടെ പാപങ്ങൾ വഹിക്കുന്നവൻ, നമുക്കു ശക്തി നൽകുന്നവൻ, ലോകത്തെ വിജയിച്ചവൻ, വഴികാണിക്കുന്നവൻ, നമ്മളെ മക്കളാക്കുന്നവൻ (ദനഹാ,വ്യാഴം). സ്വർഗ്ഗത്തിൽ നിക്ഷേപങ്ങൾ സൂക്ഷിച്ച്‌വിശുദ്ധരാകുവാൻ ദനഹാക്കാലം വെള്ളിയാഴ്ചത്തെ പ്രാർത്ഥനകൾ നമ്മെ പ്രചോദിപ്പിക്കുന്നു. സ്വർഗ്ഗീയ മഹത്ത്വത്തിന്റെ ദൃശ്യ അടയാളങ്ങളായ വിശുദ്ധരെ ദനഹാക്കാലം വെളളിയാഴ്ചകളിൽ അനുസ്മരിക്കുന്നു. സ്‌നാപകയോഹന്നാൻ, പത്രോസ് പൗലോസ് ശ്ലീഹന്മാർ, സുവിശേഷകന്മാർ, ആദ്യ രക്തസാക്ഷി വിശുദ്ധ എസ്തപ്പാനോസ്, ഗ്രീക്ക് പിതാക്കന്മാർ, സുറിയാനി പിതാക്കന്മാർ, സകല മരിച്ചവർ എന്നിവരെ വെള്ളിയാഴ്ചകളിൽ പ്രത്യേകം ഓർക്കുന്നു. സഭയുടെ മക്കളായ നാമെല്ലാവരും വിശ്വാസത്തിൽ സമ്പന്നരാകുവാൻ ദനഹാ ശനിയാഴ്ചത്തെ യാമപ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്നു. വെളിപ്പെടുത്തപ്പെട്ട രഹസ്യങ്ങൾ വായിച്ചും ധ്യാനിച്ചും അനുഭവിച്ചും വിശ്വാസമെന്ന മഹാദാനം വളർത്തിയെടുക്കുവാൻ ദനഹാക്കാലം നമ്മെ സഹായിക്കുന്നു. മാമ്മോദീസാനുഭവത്തിൽ ആഴപ്പെട്ട് ഞാൻ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സ്വന്തമാണെന്നും ഈ ലോകത്തിൽ നിന്ന് വേർതിരിക്കപ്പെട്ടവനാണെന്നും, സ്വർഗ്ഗരാജ്യത്തിലെ പൗരനാണെന്നുമുളള ബോധ്യത്തിൽ ആഴപ്പെട്ട് ഈ ഭൂമിയിൽ ആയിരിക്കെ ഈ അവസരത്തിൽ നമുക്കു നല്കപ്പെട്ടിരിക്കുന്ന ജീവിതത്തിന്റെ മാധുര്യം അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാൻ നമുക്കെല്ലാവർക്കും കഴിയെട്ടെയെന്നാഗ്രഹിക്കാം, പ്രാർത്ഥിക്കാം, മിശിഹാ നമ്മെ അനുഗ്രഹിക്കട്ടെ.