പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡീമോണിറ്റൈസേഷന്റെ’ – കറൻസി അസാധുവാക്കലിന്റെ – ഫലമായി ജനം നെട്ടോട്ടമോടുന്നതിനിടയിൽ സാംസ്‌കാരിക കേരളത്തിൽ മറ്റൊരു അസാധുവാക്കൽ ശ്രമം നടന്നു. ക്രിസ്തുവിനെയും അതോടൊപ്പം കന്യാസ്ത്രികളെയും നിന്ദിച്ചുകൊണ്ടുളള അത്യന്തം പ്രകോപന
പരമായ ചിത്രം പ്രസിദ്ധീകരിച്ചുകൊണ്ട് പത്രപ്രവർത്തനരംഗത്ത് കുലീനവും പ്രശസ്തവുമായ പാരമ്പര്യം അവകാശപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ ഭാഷാസാംസ്‌കാരിക മാസികയിൽ ഇതു നടന്നുവെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ക്രിസ്ത്യാനികൾ മാത്രമല്ല സന്മനസ്സുളള സകല മനുഷ്യരും ക്രിസ്തുമസിനൊരുങ്ങുന്ന ഡിസംബർ മാസത്തിൽത്തന്നെ മനോരമയുടെ ഭാഷാപോഷിണിയിൽ വിശ്വവിഖ്യാത ഡാവിഞ്ചി ചിത്രമായ ‘അന്ത്യത്താഴ’ത്തിൽ മ്ലേച്ഛതയുടെയും പരിഹാസത്തിന്റെയും, അതിലുപരി ദൈവനിന്ദയുടെയും വിഷം കലർത്തിയ ചിത്രം പ്രസിദ്ധീകരിച്ചുവന്നത് അത്യന്തം ഹീനവും അപലപനീയവുമായ ഒരു പ്രവൃത്തിയാണ്. ക്രിസ്തുവിന്റെ സ്ഥാനത്ത്, ചാരപ്രവർത്തകയെന്ന പേരിൽ ഒന്നാം ലോകമഹായുദ്ധകാലത്ത് വധശിക്ഷക്കു വിധേയയായ മാതാഹരി’യുടെ മാറുമറയ്ക്കാത്ത ചിത്രം! ശിഷ്യന്മാരുടെ സ്ഥാനത്താകട്ടെ പന്ത്രണ്ടു കന്യാസ്ത്രീകളും! ഇത്തരം ഒരു ചിത്രം വരയ്ക്കാൻ ക്രൈസ്തവനാമധാരിയായ അതിന്റെ രചയിതാവിനെയും അതു പ്രസിദ്ധീകരിക്കാൻ അതിന്റെ എഡിറ്ററായ കെ. സി. നാരായണനെയും പ്രേരിപ്പിച്ചതെന്തായിരിക്കാം? അന്ത്യത്താഴച്ചിത്രത്തിൽ കയറിയിരുന്ന് അതിനെ മലീമസമാക്കി അവതരിപ്പിക്കുന്നത് കലാകൊലപാതകമാണ്; അതു സംസ്‌കാരശൂന്യതയും ദൈവനിന്ദയുമാണെന്ന് അവർക്കറിഞ്ഞുകൂടായിരുന്നോ? അതോ വായനക്കാരെ ലഭിക്കാൻ ഏതു കുത്സിതമാർഗ്ഗവും അവലംബിക്കാൻ മാനേജ്‌മെന്റ് അവരെ കയറൂരിവിട്ടതുകൊണ്ടാണോ? ‘അങ്കവും കാണാം താളിയും ഒടിക്കാം’ എന്നു കണ്ട് സാംസ്‌കാരിക പ്രവർത്തനത്തിന്റെ പേരിൽ ക്രിസ്തുവിനും ഒപ്പം കന്യാസ്ത്രിമാർക്കും ഒരു പണികൊടുക്കാം എന്നും ചിന്തിച്ചിരിക്കുമോ? സത്യമായി ഞാൻ നിങ്ങളോടു പറയുന്നു ”നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും” (മത്താ. 26,21) എന്ന് അന്ത്യത്താഴവേളയിൽ ഈശോ പറഞ്ഞ വചനവും ശിഷ്യന്മാരുടെ പ്രതികരണവുമാണ് ഡാവിഞ്ചിയുടെ അന്ത്യത്താഴചിത്രത്തിന്റെ യഥാർത്ഥ പ്രമേയം. ഇന്നും ചരിത്രത്തിലൂടെ ഈ ഒറ്റിക്കൊടുക്കൽ തുടരുകയാണെന്നതിന്റെ ഉദാഹരണമാണീ സംഭവം. ഇത്തവണ അതു ചെയ്തത് ഭാഷാപോഷിണിയിലൂടെയാണെന്നു മാത്രം. തന്നെ മരണശിക്ഷക്കു വിധിച്ചവെന്റതിനേക്കാൾ കൊടിയ പാപമാണ് ഒറ്റിക്കൊടുത്തവൻ ചെയ്തത് (യോഹ. 19,11) എന്ന ഈശോയുടെ പ്രസ്താവം ഇവിടെ ഓർമ്മ വരുന്നു. ഗുരുതരമായ ഈ ഗുരുനിന്ദയും പരനിന്ദയും നടത്തിയതിന്റെ പേരിൽ പ്രസ്തുത മാനേജ്‌മെന്റ് മാസിക പിൻവലിക്കുകയും ഖേദപ്രകടനം നടത്തുകയുമുണ്ടായി. പ്രശ്‌നത്തിൽ നിന്നു തലയൂരാൻവേണ്ടി നടത്തിയ ഒരു ചട്ടപ്പടി ‘ഖേദ’മാകാതെ ക്രിസ്തുവിനോടുളള
പാപനിവേദനത്തിനും സമൂഹത്തോട് ഇത്തരം ചെയ്തികൾ ആവർത്തിക്കുകയില്ല എന്ന പ്രതിജ്ഞാബദ്ധതയ്ക്കും ഇതിടയാകട്ടെ എന്നാശിക്കാം. ഒന്നോർക്കുക, ക്രിസ്തുവിനെയും അവനോടു ചേർന്നുനിൽക്കുന്നവരെയും ‘ഡീമോണിറ്റൈസ്’ ചെയ്തുകളയാമെന്ന് ആരും വ്യാമോഹിക്കേണ്ട; അതു നടക്കുകയില്ലെന്നുളളതിനു ചരിത്രം സാക്ഷി.”നിതാന്തജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വില” എന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന തോമസ് ജെഫേർസൺ പറഞ്ഞു. നോവലിസ്റ്റായ ആൾഡസ് ഹക്‌സിലി അതിനെ ഇങ്ങനെ തിരുത്തുകയുണ്ടായി: ”നിതാന്ത ജാഗ്രത സ്വാതന്ത്ര്യത്തിന്റെ മാത്രമല്ല മാനവ മാന്യതയുടെയും വിലയാണ്”. ഇവിടെ നടന്ന ഹീനകൃത്യത്തിനു കാരണക്കാരായവർക്കും അതിന്റെ പ്രസിദ്ധീകരണങ്ങൾക്കുമെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ഈ ജാഗ്രതയുടെ ബഹിർസ്ഫുരണങ്ങളായി കണ്ടാൽ മതി. കത്തോലിക്കാവിശ്വാസികളെ സംബന്ധിച്ച് സെൻസിറ്റീവായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മനോരമ കാട്ടുന്ന പക്ഷപാതപരമായ ചില സമീപനങ്ങൾ ഇത്തരുണത്തിൽ പലരുടെയും ഓർമ്മയിൽ തെളിഞ്ഞുവരുന്നത് സ്വാഭാവികമാണ്. ഫ്രാൻസിൽ പരി. കുർബാനക്കിടെ ഇസ്ലാമിക ഭീകരവാദികളാൽ കഴുത്തറുത്തു കൊല്ലപ്പെട്ട വൈദികന്റെ ചിത്രവും വാർത്തയും ഉൾപേജുകളിലേയ്ക്കു പോയപ്പോൾ വൈദികരുടെയോ സമർപ്പിതരുടെയോമേൽ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുകയോ അതിൽ അവർ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങൾ ആറുകോളം വാർത്തയായി ഫ്രണ്ടുപേജിലും, തുടർന്ന് പ്രത്യേക വാർത്തയായി അകത്ത് ജനറൽ പേജിലും വരുന്നത് എന്തുകൊണ്ടാണെന്ന്‌വിവേകശാലികളായ വായനക്കാർക്ക് തിരിച്ചറിയാനാവുമെന്ന് ഇതിന്റെ മാനേജ്‌മെന്റ് മനസ്സിലാക്കണം. ഒരു പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ ചില പരാമർശങ്ങൾ വന്നതിന്റെപേരിൽ വടക്കേ മലബാറിൽ ഉണ്ടായ കോലാഹലങ്ങൾ നാം മറന്നിട്ടില്ല. എന്നാൽ കുറെ നാളുകൾക്കുമുമ്പ് രജനീഷിനെയും ചില വിദേശപത്രപ്രവർത്തകരെയും കൂട്ടുപിടിച്ച് വി. മദർ തെരേസായെ കരിവാരിത്തേക്കുന്ന ഒരു ലേഖനം മനോരമയുടെ ഓൺലൈനിൽ വായിച്ചതോർക്കുന്നു. നിഷേധാത്മക പ്രസിദ്ധി ഉണ്ടാകാതിരിക്കാനാവാം അന്നാരും പ്രതികരിച്ചതുമില്ല. ‘ഫാ. ബെനഡിക്ട് കേസ്’ കവറുചെയ്തതും പിന്നീട് രവിയച്ചന്റെ കേസു വന്നപ്പോൾ തൊപ്പി മുറിച്ചു മാറ്റിയ ചിത്രം വച്ച് അതോടൊപ്പം പഴയ മന്ദമരുതിക്കേസിനെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തൽകൂടി നടത്തിയതുമൊന്നും ആരും മറന്നുപോയെന്നു കരുതരുത്. തമ്മിലടിക്കുമ്പോൾ ചോര കുടിക്കാനെത്തുന്ന ആട്ടിൻകുട്ടിയുടെ തോലും മേൽവിലാസവുമൊക്കെയുളള കപട ‘ബുദ്ധി’ജീവികളെയും മതേതര-മതവിരുദ്ധവാദികളെയും നാം തിരിച്ചറിയേണ്ടിയുമിരിക്കുന്നു. ഒപ്പം നിതാന്ത ജാഗ്രതയില്ലെങ്കിൽ നമ്മുടെ സ്വാതന്ത്ര്യമല്ല; മാനവുംകൂടി വല്ലവരും കൊണ്ടുപോകുമെന്ന് നാം ഓർക്കണം. തങ്ങൾ പ്രകടിപ്പിച്ച ഖേദം വ്യാജമല്ലെന്ന് പത്രധർമ്മം പാലിക്കാൻ ബാദ്ധ്യസ്ഥരായ മാനേജ്‌മെന്റ് വരും കാലങ്ങളിലെങ്കിലും അവരുടെ അച്ചടി-ഇലക്‌ട്രോണിക് മാദ്ധ്യമങ്ങളിലൂടെ ബോദ്ധ്യപ്പെടുത്തണം. അവ്യക്തവും, ദുർബ്ബലവുമായ, ഒറ്റപ്പെട്ട പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയുംകാൾ തക്കസമയത്ത് വ്യക്തതയോടും കൃത്യതയോടും ഇടപെടുന്ന നിതാന്ത ജാഗ്രതയുടെ പ്രതികരണത്തിനു സജ്ജരാകാൻ സഭ മുഴുവനും തയ്യാറാവുകയും വേണം.