പാറേമ്മാക്കൽ ഗോവർണ്ണദോരായിരിക്കുമ്പോൾ നടന്ന ഏറ്റവും പ്രധാന സംഭവമാണ് അങ്കമാലി യോഗവും തുടർന്നുണ്ടായ അങ്കമാലി പടിയോലയും. 1787 ഫെബ്രുവരി ഒന്നാം തീയതി എൺപത്തിനാല് പള്ളിക്കാർ അങ്കമാലിയിൽ കൂടി സുപ്രസിദ്ധമായ പടിയോല എഴുതിയുണ്ടാക്കി. ആഴമായ ക്രൈസ്തവപാരമ്പര്യത്തിന്റെ ഉടമകളായ മാർത്തോമ്മാ നസ്രാണികൾക്ക് പാശ്ചാത്യ ആധിപത്യത്തിലുണ്ടായ ദുരന്തങ്ങളുടെ വേദനിപ്പിക്കുന്ന ഓർമ്മകളും ധർമ്മരോഷവും ശ്ലൈഹിക പൈതൃകം പുനരുദ്ധ രിക്കുന്നതിനുള്ള ദൃഢനിശ്ചയവും ഈ പടിയോലയിൽ പ്രകടമായിരിക്കുന്നു.
1787 ഫെബ്രുവരി ഒന്നാം തീയതി തയ്യാറാക്കിയതാണ് ആദ്യത്തെ അങ്കമാലി പടിയോല. മാർത്തോമ്മാ നസ്രാണികളുടെ അന്നുവരെയുള്ള ചരിത്രത്തിന്റെ ചുരുക്കമാണ് ഈ പടിയോലയിൽ പ്രതിപാദിച്ചിരിക്കുന്നത്. പോർട്ടുഗീസുകാരുടെ ആഗമനം വരെ കൽദായ സുറിയാനി സഭാദ്ധ്യക്ഷന്മാരാൽ ഭരിക്കപ്പെട്ട ഈ സഭ ഉദയമ്പേരൂർ സൂനഹദോസോടുകൂടി ലത്തീൻ സഭയുടെ ഭാഗമാകുകയും ചെയ്തു. തുടർന്ന് നടന്ന കൂനൻകുരിശ് സത്യവും റോമിന്റെ ഇടപെടലുകളും പറമ്പിൽ ചാണ്ടി മെത്രാനെ ആദ്യത്തെ നാട്ടുമെത്രാനായി വാഴിക്കുന്നതും വിവരിച്ചിരിക്കുന്നു. മാർത്തോമ്മാ നസ്രാണികളുടെ ആത്മീയകാര്യങ്ങൾക്കായി എത്തിയ മാർ ശെമയോൻ എന്ന സുറിയാനി മെത്രാനെ ലത്തീൻകാർ പീഡിപ്പിക്കുന്നതും അദ്ദേഹത്തെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയെന്നും പടിയോലയിൽ പ്രസ്താവിച്ചിരിക്കുന്നു. കരിയാറ്റി യൗസേപ്പച്ചന്റെയും പാറേമ്മാക്കൽ തോമ്മാ കത്തനാരുടെയും റോമായാത്രയും അങ്കമാലി പടിയോല വിവരിക്കുന്നുണ്ട്. റോമായാത്രയുടെ ലക്ഷ്യത്തിൽ നിന്നും അവരെ പിന്തിരിപ്പിക്കാനും റോമിനെ തെറ്റിദ്ധരിപ്പിക്കാനും അന്നത്തെ ലത്തീൻ അധികാരികൾ നടത്തിയ ശ്രമങ്ങളും കരിയാറ്റി മെത്രാ പ്പോലീത്തയെ ഗോവയിൽവച്ച് ‘ചതിയാലെ അപായം വരുത്തി’യെന്നും പടിയോലയിൽ വിവരിക്കുന്നു. പാറേമ്മാക്കൽ തോമ്മാ കത്തനാരെ മെത്രാനായിവാഴിക്കണമെന്ന ശുപാർശയും ഇതിലുണ്ട്. സ്വന്ത ജാതിയിലും റീത്തിലും പെട്ട ഒരു മെത്രാന്റെ അഭാവമാണ് സുറിയാനി സഭയിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് പടിയോലയിൽ വ്യക്തമാക്കിയിരിക്കുന്നു. പാറേമ്മാക്കൽ തോമ്മാ കത്തനാരെ മെത്രാനായി വാഴിക്കാൻ ലത്തീൻകാർ വിസമ്മതിച്ചാൽ കൽദായ സുറിയാനി സഭയിൽ നിന്നും മെത്രാനെ കൊണ്ടുവന്ന് പാറേമ്മാക്കലിനെ മെത്രാനായി വാഴിക്കുമെന്നും താക്കീതു നല്കുന്നു.
1787 ഫെബ്രുവരി രണ്ടാം തീയതി മറ്റൊരുപടിയോലയും യോഗക്കാർ തയ്യാറാക്കി. മാർത്തോമ്മാ നസ്രാണി സഭയുടെ പാരമ്പര്യമനുസരിച്ചുള്ള അർക്കദിയാക്കോനെ വാഴിക്കണമെന്ന നിർദ്ദേശമാണ് ഈ പടിയോലയുടെ ആരംഭത്തിലുള്ളത്. 12 പട്ടക്കാരെ നിർദ്ദേശിക്കുന്നുണ്ട്. അർക്കദിയാക്കോന്റെ ചിലവുകൾ വഹിക്കാൻ നസ്രാണികൾ തയ്യാറാണെന്നും സൂചിപ്പിച്ചിട്ടുണ്ട്.
അങ്കമാലി പടിയോലയെക്കുറിച്ചറിഞ്ഞ മിഷനറിമാർ സുറിയാനിക്കാരുടെ പരിശ്രമത്തെ പരാജയപ്പെടുത്തുവാൻ തീരുമാനിച്ചു. പാറേമ്മാക്കൽ തോമ്മാ കത്തനാരെ അല്ലാതെ മറ്റാരെയും ജാതിക്കുതലവനായി സ്വീകരിക്കയില്ലെന്ന് സുറിയാനിക്കാർ രാജാവിനെ അറിയിക്കാതെയാണ് തീരുമാനിച്ചതെന്ന് തിരുവിതാംകൂർ രാജാവിനെയും കൊച്ചി രാജാവിനെയും പൗളിനോസ് പാതിരി (കർമ്മലീത്താ മിഷനറി) 1787 മാർച്ച് 18-ന് ധരിപ്പിച്ചു. തിരുവിതാംകൂർ രാജാവ് തച്ചിൽ മാത്തു തരകനെയും സുറിയാനി നേതാക്കന്മാരെയും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും പാറേമ്മാക്കൽ ഗോവർണ്ണദോരെയും സ്വന്ത ജാതിക്രമത്തിലുള്ള മെത്രാന്മാരെയും കണ്ടുനടക്കുന്നതല്ലാതെ ലത്തീൻകാരായ ഈശോസഭാ മെത്രാന്മാരെയും കൈക്കൊണ്ട് നടപ്പാൻ ആവശ്യമില്ലായെന്ന് വിധിക്കുകയും ചെയ്തു. മാത്രവുമല്ല സുറിയാനിക്കാരുടെ അപേക്ഷപ്രകാരം ഗോവർണ്ണദോർക്കും അദ്ദേഹത്തിന്റെ ആലോചനക്കാർക്കും പദവികളും അവകാശങ്ങളും അനുവ ദിച്ചുകൊണ്ടുള്ള തീട്ടൂരവും മഹാരാജാവ് നൽകി. തങ്ങളുടെ ശ്ലൈഹികസഭയുടെ വ്യക്തിത്വം വീണ്ടെടുക്കാൻ സുറിയാനിക്കാർ നടത്തിയ പരിശ്രമമാണ് അങ്കമാലി പടിയോല യോഗത്തിൽ വ്യക്തമായി കാണുന്നത്. ഇതിനുവേണ്ടിയാണ് പാറേമ്മാക്കൽ തോമ്മാ കത്തനാരെ മെത്രാനായി വാഴിക്കണമെന്ന് അങ്കമാലി യോഗക്കാർ നിർദ്ദേശിച്ചത്. എന്നാൽ പാറേമ്മാക്കലച്ചനെ മെത്രാനായി വാഴിക്കാൻ ലത്തീൻ അധികാരികൾ തയ്യാറാകുന്നില്ലെങ്കിൽ, മുമ്പത്തെപ്പോലെ പൗരസ്ത്യ കത്തോലിക്കാ പാത്രിയാർക്കീസിന്റെ സഹായം തേടി ഗോവർണ്ണദോരച്ചനെ മെത്രാപ്പോലീത്തയായി വാഴിക്കണമെന്ന് അവർ തീരുമാനിച്ചു. ഇക്കാര്യം സാധിക്കുന്നതിനായി ഏതു രീതിയിലുള്ള നിരോധനങ്ങൾ എവിടെനിന്ന് ഉണ്ടായാലും അവ പരിഗണിക്ക രുതെന്നും ഈ അഭിപ്രായങ്ങളോട് സഹകരിക്കാത്തവരെ പള്ളിയോഗങ്ങളിൽ നിന്നും പുറത്താ ക്കണമെന്നും അവരുമായി മറ്റുള്ളവർ സമ്പർക്കം പുലർത്താൻ പാടില്ലെന്നുമായിരുന്നു അവരുടെ തീരുമാനം. സ്വജാതീയ മെത്രാനിലൂടെ പൗരസ്ത്യ സഭാ വ്യക്തിത്വം വീണ്ടെടുക്കുന്നതിനുള്ള ധീരമായ കാൽവയ്പായിരുന്നു ഇത്.
എന്നാൽ ഗോവർണ്ണദോരെയും അങ്കമാലി യോഗത്തെയും പറ്റി പല തെറ്റായ അഭി
പ്രായങ്ങളും മിഷനറിമാർ റോമിൽ എഴുതിയറിയിച്ചു. തൽഫലമായി 1790 ഒക്‌ടോബർ 6-ന് കർദ്ദിനാൾ അന്തോനെല്ലി, വരാപ്പുഴ വികാരി അപ്പസ്‌തോലിക്കായ്ക്ക് അയച്ച എഴുത്തിൽ പാറേമ്മാക്കലച്ചൻ മെത്രാനായി അഭിഷേകം ചെയ്യപ്പെ ടുകയില്ലെന്ന് ലിസ്ബണിലെ രാജകച്ചരിയിൽ നിന്ന് തനിക്കു ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് പ്രസ്താവിച്ചിരിക്കുന്നു. അങ്ങനെ നാട്ടുമെത്രാനെ ലഭിക്കുന്നതിനുള്ള സുറിയാ നിക്കാരുടെ അങ്കമാലി യോഗാനന്തരമുള്ള പ്രയത്‌നങ്ങളും മിഷനറിമാരുടെ എതിർപ്പുമൂലം പരാജയമടഞ്ഞു.