ഉണ്ണീശോയുടെ പിറവി തിരുനാൾ

ഡോ. റോബി ആലഞ്ചേരി

”ഇതായിരിക്കും നിങ്ങളുടെ അടയാളം: പിളളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” (ലൂക്കാ 2,12). കൈക്കുഞ്ഞിനെ കാണുമ്പോൾ ആരുടെ ഹൃദയമാണ് തരളിതമാകാത്തത്, അതിനെ കയ്യിലെടുത്ത് താലോലിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്? ജീവിതദുഃഖം മൂലം ആകെ തകർന്നവരായാലും ഇളം കുഞ്ഞിനെ കാണുമ്പോൾ എല്ലാം മറന്ന് അതിനെ ഒരുമാത്ര ഓമനിക്കാൻ മനസ്സു വെമ്പാത്തവർ ആരുണ്ട്? ഏതു കഠിന ഹൃദയമുളളവനിലും ആർദ്രതയും നൈർമല്യവും നിറക്കാൻ കുഞ്ഞിന്റെ പുഞ്ചിരിക്കാവില്ലേ? ഓരോ കുഞ്ഞും ഒരു അത്ഭുതമല്ലേ! നമ്മുടെ ലാളനവും സ്‌നേഹവും ഏറ്റുവാങ്ങാൻ സർവ്വശക്തനായ ദൈവം ഒരു ചോരക്കുഞ്ഞായി മാറിയ അത്ഭുതമാണ് പിറവി തിരുനാൾ. നമുക്കു താലോലിക്കാനും ഓമനിച്ച് ഉമ്മവെയ്ക്കാനുംവേണ്ടിയാണ് പുത്രൻതമ്പുരാൻ ഉണ്ണിയായി പിറന്നത്. എത്രമാത്രം നിരാശിതരാണെങ്കിലും, ഉണ്ണീശോയെ കയ്യിലെടുത്തു ലാളിച്ചാൽ അവരുടെ ഉള്ളിലും ശിമയോനെപ്പോലെ ഒരു സ്‌തോത്രഗീതം ഉയരും, ”രക്ഷ എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു” (ലൂക്കാ 2,32) എന്ന്. ദൈവം കുഞ്ഞായി ജനിച്ചത് നാം ദൈവത്തെ എടുത്തു സ്‌നേഹിക്കുന്നതിനുവേണ്ടിയാണ്. നമ്മുടെ സ്‌നേഹം ചോദിച്ചുവാങ്ങാൻ വെമ്പൽ കൊളളുന്ന ഒരു പൊടിക്കുഞ്ഞിന്റെ നിസ്സഹായതയുടെ പേരാണ് ക്രിസ്തുമസ്. മനുഷ്യക്കുഞ്ഞിനെപ്പോലെ ഇത്രമാത്രം അശരണനായി ഒരു മൃഗത്തിന്റെ കുഞ്ഞും ജനിക്കുന്നില്ല. മൃഗങ്ങളുടെ കുഞ്ഞുങ്ങളൊക്കെ എത്രയോ വേഗമാണ് സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുന്നത്. എന്നാൽ മനുഷ്യനോ, കുഞ്ഞായിരിക്കുമ്പോൾ ഒന്നും തന്നെ ചെയ്യാൻ അതിനു കഴിവില്ല. എന്നാൽ ഈ ”കഴിവില്ലായ്മ”യാണ് ദൈവത്വത്തിന്റെ അടയാളമായി ആട്ടിടയന്മാർക്ക് മാലാഖ നൽ
കിയത്. കുഞ്ഞിന്റെ നിസ്സഹായാവസ്ഥയിൽ ദൈവത്തിന്റെ പരമൗന്യത്യം തിരിച്ചറിഞ്ഞ നിര ക്ഷരരായ ആട്ടിടയരെ സമ്മതിക്കാതെ വയ്യ. ദൈവത്തെിന്റെ അടയാളം-”പിളളക്കച്ചകളിൽ പൊതിഞ്ഞ ഒരു കുഞ്ഞാണ്”. ഇത്രമാത്രം! ആൾക്കൂട്ടമില്ല, മഹാസംഭവങ്ങളില്ല, അത്ഭുതങ്ങളില്ല, ബഹളങ്ങളില്ല. ദൈവത്തെ കൊടുങ്കാറ്റിലും, ഭൂകമ്പത്തിലും, അഗ്നിയിലും കണ്ടുമുട്ടുന്നതാണ് നമുക്കിഷ്ടം (1 രാജാ. 19,11-13). എന്നാൽ അവിടുന്ന് മൃദുസ്വരത്തിലാണ്, സാധാരണത്വത്തിലാണ്, ലാളിത്യത്തിലാണ്. ദൈവത്തിന്റെ അസാധാരണത്വം നമ്മുടെ ദൈനംദിന ജീവിതത്തിലാണെന്നും അതിലേറെ നമ്മുടെ നിസ്സഹായതയിലാണെന്നും ക്രിസ്തുമസ് നമ്മെ പഠിപ്പിക്കുന്നു (ഈശോ എന്റെ ക്യാൻസർ രോഗം മാറ്റി എന്നു പറ
യുന്നതിലും വലിയ വിശ്വാസസാക്ഷ്യം, ഈശോയോടുളള സ്‌നേഹത്തെപ്രതി ഞാൻ ഈ രോഗാവസ്ഥ സ്വീകരിക്കുന്നു എന്നു പറയുന്നതാണ്. നമ്മുടെയിടയിൽ അങ്ങനെയുളളവരാണ് കൂടുതലെങ്കിലും അതാരും കൺവെൻഷൻ വേദികളിൽ പരസ്യമാക്കാറില്ല). നിസ്സഹായാവസ്ഥയിലാണ് ദൈവം ഏറ്റം കൂടുതൽ സന്നിഹിതനാകുന്നത്. നിരാലംബരെ ശുശ്രൂഷിക്കുന്നതുവഴിയാണ് നമുക്കിന്ന് ഉണ്ണീശോയെ താലോലിക്കാനാവുന്നത്. നമ്മുടെ സഹായം ഒരാൾ എത്രത്തോളം
അർഹിക്കുന്നുവോ അത്രത്തോളം അദ്ദേഹം നമുക്കു ദൈവത്തിന്റെ അടയാളമാണ്. കുഞ്ഞിനെ താലോലിക്കുന്നത് നമ്മുടെ ഔദാര്യമല്ല, കടമയും ഉത്തരവാദിത്വവുമാണ്. അവകാശം ചോദിച്ചുവാങ്ങാൻ കഴിവില്ലാത്തവന്റെ മുമ്പിൽ നമ്മുടെ കൃത്യവിലോപം
പൊറുക്കാൻ പറ്റാത്ത മഹാപരാധമായി മാറുന്നു. അങ്ങനെയെങ്കിൽ, ഉണ്ണീശോയെ മാത്രമല്ല, ഉണ്ണീശോയുടെ ഛായപേറുന്ന എല്ലാ നിരാലംബരെയും ശുശ്രൂഷിക്കാനും സ്‌നേഹിക്കാനുമുളള പുണ്യദിനംകൂടിയാണ് ക്രിസ്തുമസ്. സഹജനെ നമ്മുടെ സഹായം അർഹിക്കുന്ന വ്യക്തിയായി കാണുമ്പോൾ മാത്രമേ യഥാർത്ഥത്തിൽ ഉണ്ണീശോ നമ്മുടെ ഉളളിൽ ജനിക്കൂ. ഒരു കുഞ്ഞായി തീരുന്നതിലാണ് ക്രിസ്തുമതത്തിന്റെ കാതൽ ഉൾക്കൊളളുന്നത്. ”കുഞ്ഞുങ്ങളെ പോലെയാകുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല” (മത്താ 18,3). പ്രായത്തിലും അറിവിലും നാം എത്ര പക്വതയിൽ വളർന്നാലും ദൈവപിതാവിൻ മുമ്പിൽ അവിടുന്നിൽ പൂർണ്ണാശ്രയം വയ്ക്കുന്ന ഒരു പൈതലായി തീരുന്നതിലാണ് യഥാർത്ഥ ക്രിസ്തീയ ആദ്ധ്യാത്മികത.
ദൈവം പോലും വളർന്നു വളർന്ന് ഒരു കുഞ്ഞിനെപ്പോലെ ചെറുതായി തീർന്നതിന്റെ തിരുനാളാണ് ഉണ്ണീശോയുടെ പിറവിത്തിരുനാൾ.