മംഗളവാർത്തക്കാലം ആരാധനാവത്സരത്തിൽ

സീറോമലബാർ സഭയുടെ പൗരസ്ത്യ സുറിയാനി ആരാധനക്രമത്തിൽ മംഗളവാർത്തക്കാലത്തോടെയാണ് ആരാധനാവത്സരം ആരംഭിക്കുന്നത്; അവസാനിക്കുന്നത് പളളിക്കൂദാശക്കാലത്തോടെയും. ഈ കാലയളവിൽ മനുഷ്യരക്ഷാചരിത്രം മുഴുവൻ ഓർമ്മിക്കാനും, ദൈവത്തിന്റെ രക്ഷാപ്രവൃത്തികൾ ധ്യാനിച്ച് ദൈവത്തെ സ്തുതിച്ചാരാധിക്കാനും സഹായിക്കുന്ന ക്രമീകരണമാണ് ആരാധനാവത്സരം. അതുവഴി രക്ഷകനായ ഈശോമിശിഹാ മനുഷ്യവർഗ്ഗത്തിനു മുഴുവനായി നേടിയ രക്ഷയുടെ അനുഭവം നാമോരോരുത്തരും സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ്. ആരാധനാവത്സരം സഭയുടെ ആത്മീയ തീർത്ഥാടനപാതയാണെന്നു പറയാം. ഈശോമിശിഹാ തന്നെയാണ് ഈ പാത. കാരണം, രക്ഷാചരിത്രം മിശിഹായേയും മിശിഹായുടെ തുടർച്ചയായ സഭയേയുമാണ് അവതരിപ്പിക്കുന്നത്. ദൈവകല്പന ലംഘിച്ച് പാപത്തിനും പാപത്തിന്റെ ഫലമായ മരണത്തിനും അടിമപ്പെട്ട മനുഷ്യകുലത്തെ രക്ഷിക്കുന്നതിന് ദൈവം രക്ഷകനെ വാഗ്ദാനം ചെയ്യുന്നതും, രക്ഷകന്റെ വരവിനായി ദൈവം ചരിത്രത്തിൽ ഇടപെടുന്നതും, ജനത്തെ ഒരുക്കുന്നതും, അവസാനം മറിയം എന്ന കന്യകയിൽ
നിന്ന് രക്ഷകൻ പിറക്കാൻ പോകുന്നു എന്ന മംഗളവാർത്ത ഗബ്രിയേൽ മാലാഖാവഴി ദൈവം അറിയിക്കുന്നതും, ബേത്‌ലഹമിലെ കാലിത്തൊഴുത്തിൽ രക്ഷകനായ ഈശോ പിറക്കുന്നതും, മുപ്പതാം വയസ്സിൽ തന്റെ രക്ഷാദൗത്യം പരസ്യമായി ആരംഭിക്കുന്നതുവരെയുമുളള ഈശോയുടെ ജീവിതമാണ് മംഗളവാർത്തക്കാലത്തിന്റെ ഉളളടക്കം. മാമ്മോദീസായോടുകൂടി ആരംഭിക്കുന്ന ഈശോയുടെ പരസ്യജീവിതം (ദനഹാക്കാലം), ഈശോയുടെ പീഡാസഹനം, മരണം,
സംസ്‌കാരം എന്നീ രക്ഷാസംഭവങ്ങളെ കേന്ദ്രീകരിച്ചാചരിക്കുന്ന നോമ്പുകാലം, ഉയിർപ്പും അനന്തരസംഭവങ്ങളും അനുസ്മരിച്ചാഘോഷിക്കുന്ന ഉയിർപ്പുകാലം, ഈശോയുടെ വാഗ്ദാനമായ റൂഹാദ്ക്കുദ്ശാ ശ്ലീഹന്മാരുടെമേൽ ഇറങ്ങുന്നതും റൂഹായിൽ നിറഞ്ഞ് ശ്ലീഹന്മാർ സുവിശേഷപ്രഘോഷണം നടത്തുന്നതും കേന്ദ്രീകരിച്ചുളള ശ്ലീഹാക്കാലം, ശ്ലീഹന്മാരുടെയും അവരുടെ പിൻഗാമികളുടെയും സുവിശേഷപ്രഘോഷണ ഫലമായി രൂപം കൊണ്ടു വളർന്ന സഭ രക്ഷയുടെ ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനെ അനുസ്മരിപ്പിക്കുന്ന ഖൈത്താക്കാലം, ഈശോയുടെ പ്രത്യാഗമനം, അന്ത്യവിധി, ലോകാവസാനം ഇവയെ ധ്യാനവിഷയമാക്കുന്ന ഏലിയാ-
സ്ലീവാ, മൂശെക്കാലം, രക്ഷാകരപദ്ധതിയുടെ പരമ ലക്ഷ്യമായ സ്വർഗ്ഗീയ ജീവിതത്തെയും സഭയുടെ സ്വർഗ്ഗപ്രവേശനത്തെയും ധ്യാനിച്ചാചരിക്കുന്ന പളളിക്കൂദാശക്കാലം എന്നിവയാണ് വിവിധ ആരാധനാവത്സര കാലഘട്ടങ്ങൾ.
സത്യവും ജീവനുമായ ഈശോയാകുന്ന മാർഗ്ഗത്തിലൂടെയുളള സഭയുടെ പ്രയാണമാണ് ആരാധനാവത്സരം. സഭയോടു ചേർന്ന് നാമോരോരുത്തരും ഈ തീർത്ഥാടനത്തിൽ പങ്കുചേരണം. ജീവിതലക്ഷ്യമായ ദൈവഭവനത്തിൽ വഴിതെറ്റാതെ എത്തിച്ചേരാനുളള മാർഗ്ഗമാണിത്. ആരാധനാവത്സരത്തിന്റെ പ്രഥമഘട്ടമായ മംഗളവാർത്തക്കാലത്തെക്കുറിച്ച് അല്പം പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നു.
മംഗളവാർത്തക്കാലത്തിന്റെ സന്ദേശം
1. ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല
പ്രതിസന്ധികൾക്കും പ്രതികൂലസാഹചര്യങ്ങൾക്കും ദൈവത്തിന്റെ പദ്ധതിയെ പരാജയപ്പെടുത്താനാവില്ല. ദൈവം വാഗ്ദാനം ചെയ്ത രക്ഷകന്റെ വരവിനായി ഒരു ജനതയെ ഒരുക്കുന്നതിലും തലമുറകളിലൂടെ നയിക്കുന്നതിലും മാനുഷികമായ അസാദ്ധ്യതകൾ ഏറെയായിരുന്നു. രക്ഷാപദ്ധതി അബ്രാഹത്തിന്റെ സന്തതിപരമ്പരകളിലൂടെയായിരുന്നു വാഗ്ദാനപ്രകാരം സാക്ഷാത്കരിക്കപ്പെടേണ്ടിയിരുന്നത്. എന്നാൽ അബ്രാഹത്തിന്റെ ഭാര്യ സാറാ വന്ധ്യയായിരുന്നു. അവൾ പ്രായം കഴിഞ്ഞവളുമായിരുന്നു. അവളിൽ നിന്ന് അബ്രാഹത്തിന് സന്തതികളുണ്ടാകുക എന്നത് മാനുഷികമായി അസാദ്ധ്യമായിരുന്നു. എങ്കിലും ദൈവത്തിന്റെ വാഗ്ദാനം നിറവേറുക തന്നെ ചെയ്തു. വന്ധ്യയും വൃദ്ധയുമായ സാറാ ഇസഹാക്കിനു ജന്മം നല്കി. ഇപ്രകാരമുളള അസാദ്ധ്യതകളെ സാദ്ധ്യതകളാക്കിക്കൊണ്ട് ദൈവത്തിന്റെ പദ്ധതി മുന്നേറി.
പഴയനിയമത്തിന്റെ അവസാന തലമുറക്കാരനും രക്ഷകനു മുന്നോടിയുമായിരുന്ന യോഹന്നാൻ മാംദാനയുടെ അമ്മ എലിസബത്തും വന്ധ്യയായിരുന്നു. ദീർഘനാളത്തെ പ്രാർത്ഥനക്കും കാത്തിരിപ്പിനും ശേഷം ദൈവത്തിന്റെ വാക്കനുസരിച്ച് എലിസബത്തിനും പുത്രനുണ്ടായി, കർത്താവിനു വഴിയൊരുക്കിയ യോഹന്നാൻ. അസാദ്ധ്യതകളെ ഉന്മൂലനം ചെയ്യുന്ന ദൈവത്തിന്റെ ഇടപെടലുകളിൽ അത്യന്തം വിസ്മയകരമായത് കന്യകയായ മറിയം പുരുഷബന്ധം കൂടാതെ ഗർഭം ധരിച്ചു എന്നതാണ്. അങ്ങനെ ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തു. ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല. ഇതിൽ ഉറച്ചു വിശ്വസിച്ച് ദൈവത്തിൽ ആശ്രയിക്കുന്നവരാണ് രക്ഷ കൈവരിക്കുക.
2. വിനയവും ലാളിത്യവും ഉളളവരും സത്യാന്വേഷികളും ദൈവത്തെ കണ്ടുമുട്ടും
രക്ഷകൻ പിറന്നത് ഏറ്റവും വിനീതവും ലളിതവുമായ സാഹചര്യത്തിലാണ്; ഒരു കാലിത്തൊഴുത്തിൽ. ഈശോയുടെ ജനനത്തിലുടനീളം ഈ ചൈതന്യമാണ് നമ്മൾ കാണുന്നത്. വിനീതരായ ആട്ടിടയർക്കാണ് രക്ഷകന്റെ ജനനവാർത്ത ആദ്യം അറിയാനും ഉണ്ണീശോയെ കാണാനും ഇടയായത്. കാലത്തിന്റെ അടയാളങ്ങൾ സൂക്ഷ്മതയോടെ ഗ്രഹിച്ചവരും സത്യാന്വേഷികളുമായ, കിഴക്കു നിന്നു വന്ന വിജ്ഞന്മാരും രക്ഷകനെ കണ്ട് അനുഗൃഹീതരായി. തങ്ങളുടെ ഉന്നതപദവിയിൽ അഹങ്കരിക്കാതെ ശിശുവായ ഈശോയുടെ മുമ്പിൽ ശിരസ്സു നമിച്ച് അവർ കാഴ്ചവസ്തുക്കൾ സമർപ്പിച്ചു.
3. ദൈവഹിതത്തിനു സ്വയം സമർപ്പിച്ചാൽ ജീവിതപ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താം
ദൈവഹിതമറിയാൻ എപ്പോഴും ചെവിയോർത്തിരുന്നവരായിരുന്നു മറിയവും യൗസേപ്പും. ഉണ്ണീശോയെ സംരക്ഷിക്കുന്നതിൽ അവർക്കുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ കഴിഞ്ഞത് അവർ ദൈവഹിതം അറിഞ്ഞു പ്രവർത്തിച്ചതുകൊണ്ടാണ്. ഈജിപ്തിലേക്ക് ഒളിച്ചോടിയതും പിന്നീട്
നസ്രസ്സിൽ വാസമുറപ്പിച്ചതുമൊക്കെ ദൈവഹിതത്തിനു കീഴ്‌വഴങ്ങിയാണ്.
4. ക്ഷമയോടും പ്രാർത്ഥനയോടുംകൂടി കാത്തിരിക്കുന്നവർ അനുഗ്രഹിക്കപ്പെടും
വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ കാണാൻ പ്രത്യാശയോടെ പ്രാർത്ഥിച്ച് കാത്തിരുന്നവരായിരുന്നു വൃദ്ധരായ ശെമയോനും അന്നായും. അവരുടെ ദീർഘകാലത്തെ കാത്തിരിപ്പ് സഫലമായി. ദൈവാലയത്തിൽവെച്ച് ഉണ്ണീശോയെ കൈകളിലെടുത്ത് അവർ ആനന്ദനിർവൃതിയടഞ്ഞു.
5. ക്രിസ്തീയ ജീവിതം സുഖലോലുപതയുടേതല്ല, ലാളിത്യത്തിന്റെയും പങ്കുവയ്ക്കലിന്റേതുമാണ്
ഈശോയെ അനുകരിച്ച് പിന്നാലെ പോകുന്നവരാണ് ക്രിസ്ത്യാനികൾ. നസ്രായനായ ഈശോയെ അനുഗമിച്ച ആദിമവിശ്വാസികൾ നസ്രാണികൾ എന്നാണ് ആദ്യം അറിയപ്പെട്ടത്. ഇന്ത്യയിലെ പുരാതന ക്രൈസ്തവരും നസ്രാണികൾ എന്നാണ് വിളിക്കപ്പെട്ടു പോന്നിരുന്നത്. നസ്രാണികൾ എന്നോ ക്രിസ്ത്യാനികൾ എന്നോ വിളിക്കപ്പെടുന്നവർ ഈശോയുടെ ചൈതന്യം ജീവിതത്തിൽ
പകർത്തണം. ആഡംബരവും സുഖലോലുപതയും പാടില്ല. തങ്ങൾക്കുളളത് കഴിവനുസരിച്ച് ആവശ്യമുളളവരുമായി പങ്കുവയ്ക്കണം. ദൈവം നല്കിയ കഴിവുകളൊക്കെ മറ്റുളളവരുടെയും നന്മക്കായി വിനിയോഗിക്കണം. അദ്ധ്വാനശീലരാകണം.
ഉപസംഹാരം
ഇരുപത്തഞ്ചു നോമ്പാചരിച്ച് പിറവിത്തിരുനാളിനൊരുങ്ങാം. ആരാധനാവത്സര കലണ്ടറിൽ കൊടുത്തിരിക്കുന്നതനുസരിച്ച് മംഗളവാർത്തക്കാലത്തെ പ്രത്യേക അനുസ്മരണദിനങ്ങളും തിരുനാളുകളും ഹൃദയ ഒരുക്കത്തോടെ ആചരിക്കാം. ക്രിസ്തുമസിന്റെ ആഘോഷങ്ങളിൽ ലാളിത്യവും മിതത്വവും പാലിക്കാം. കരുണയോടും സ്‌നേഹത്തോടുംകൂടി എല്ലാവരെയും, പ്രത്യേകിച്ച് എളിയവരെ സ്വാഗതം ചെയ്യുന്നതിന് നമ്മുടെ ഹൃദയ വാതിലുകൾ തുറക്കാം. സർവ്വോപരി ഈശോയ്ക്ക് നമ്മുടെ ഉളളിലും ജീവിതത്തിലും എന്നും ഒരിടമുണ്ടാകട്ടെ.