മംഗളവാർത്തക്കാലം: ശിശുവായ് സ്വയമേ വെളിവായി

റവ. ഫാ. സോണി ഉളളാട്ടിക്കുന്നേൽ സി. എം. ഐ.

ആരാധനക്രമവത്സരത്തിലെ അഞ്ച്/ആറ് ആഴ്ചകൾ നീണ്ടുനിൽക്കുന്ന മംഗളവാർത്തക്കാലം (സൂബാറ എന്നു സുറിയാനിയിലും ആഗമനകാലം എന്ന് ലത്തീൻ ക്രമത്തിലും) നവംബർ 27-നും ഡിസംബർ 3-നും മദ്ധ്യേയുളള ഞായറാഴ്ച ആരംഭിക്കുന്നു. ഡിസംബർ 25 എന്ന ലക്ഷ്യത്തെക്കാളുപരി അനുദിനജീവീതത്തിൽ രക്ഷയുടെ പിറവി സ്വീകരിക്കാനുളള ക്ഷണമാണ് മംഗളവാർത്തക്കാലം. ചരിത്രത്തിൽ പിറവിയെടുത്ത മിശിഹായെ ഉറ്റുനോക്കിക്കൊണ്ട് പഴയനിയമഗ്രന്ഥത്തിലെ പശ്ചാത്തല വിവരണങ്ങളും പുതിയ
നിയമത്തിലെ തിരുപ്പിറവി സംഭവങ്ങളും മനനം ചെയ്ത്, യുഗാന്ത്യപ്പിറവിക്കായി
നമ്മെത്തന്നെ വെടിപ്പും വിശുദ്ധിയും ഉളളവരാക്കി അനുദിനജീവിതം ചിട്ടപ്പെടുത്തുവാൻ മംഗളവാർത്തക്കാലത്തെ ആരാധനക്രമം
(ലിറ്റർജി) നമ്മെ സഹായിക്കുന്നു.
കാലത്തിന്റെ ചൈതന്യം
വചനം നരനുപദേശിച്ചവനെ, ശിശുവായി തന്റെ ദൈവത്വം മനുഷ്യത്വത്തിൽ വെളിപ്പെടുത്തി തന്റെ ശ്രേഷ്ഠതയെ കൈവിട്ടവനെ, യോഗ്യതകളൊന്നുമില്ലെങ്കിലും മനുഷ്യവംശത്തിനായി സ്വീകരിച്ച പരിശുദ്ധ കന്യകാമറിയത്തെയും അതു മുന്നരുൾചെയ്ത പ്രവാചകരെയും അനുസ്മരിച്ച് നമ്മെത്തന്നെ എളിമപ്പെടുത്തി രക്ഷകനെ സ്വീകരിച്ച്, ശാശ്വത ജീവിതത്തിൽ വിശുദ്ധരോടൊന്നിക്കാൻ ഭൂവാസികളുടെ സഭയിൽ ജീവിക്കുക.
എങ്ങനെ തുടക്കമിടാം
1. മംഗളവാർത്തക്കാലം ആദ്യ ഞായറാഴ്ച ദൈവദൂത് മാലാഖായിലൂടെ സഖറിയായ്ക്ക് പകർന്നു നൽകപ്പെട്ട സുവിശേഷഭാഗം (ലൂക്കാ 1,5-6) വായിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ദൈവത്തിന്റെ ദൂത് അറിയിക്കുന്ന മാലാഖയുടെ സാന്നിദ്ധ്യം തുടർന്നുളള ദിവസങ്ങളിലും വായിക്കപ്പെടുമ്പോൾ മനുഷ്യനോട് ഇടപെട്ട് അവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരാനുളള അവതരിച്ച ദൈവവചനത്തിന്റെ അദമ്യമായ ആഗ്രഹം തന്നെയാണ് വെളിപ്പെടുന്നത് (cf. യോഹ 3,16).
ദൈവതനൂജർ നീരിൽ ജാതം- ചെയ്‌തോരെ വരുവിൻ ഇമ്പമെഴും നാദ-മുയർത്തിടുവിൻ മംഗളഗീതികളാൽ ദിനമന്നിൽ ഉദയം ചെയ്തവനായി
(തിരുപ്പിറവിഗീതം, no. 5, ഗീവർഗ്ഗീസ് വർദ).
പരിശുദ്ധ കുർബാനയും, ദൈവവചനത്തിന്റെ വ്യാഖ്യാനവും ആഘോഷവുമായ യാമപ്രാർത്ഥനയും ഈ കാലത്തിൽ അനുദിന ജീവിതത്തിന്റെ ഭാഗമാകട്ടെ.
2. നോമ്പാചരണത്തിലൂടെ: നസ്രാണി പാരമ്പര്യം പേറുന്ന നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന നോമ്പാചരണം മംഗളവാർത്തക്കാലത്തിൽ പാഴ്ത്തുണിയാൽ പൊതിയപ്പെട്ടവനെ പിൻചെല്ലാൻ ആഗ്രഹിക്കുന്നവർക്കു യോജിച്ച പരിത്യാഗ ജീവിതശൈലിയാണ് (cf. മത്താ. 16,24). അധരസ്തുതികൾക്കൊപ്പം ആത്മവിശുദ്ധി വരുത്തി രക്ഷയുടെ സദ്‌വാർത്തയെ ജീവിതത്തിലേക്കു സ്വികരിക്കാൻ സ്‌നാപകന്റെ മരുഭുമിജീവിതവും നമുക്കാവശ്യമാണ്.
ലോകപുരാതനനേ ഭേദാത്മകനേ ദൈവാംശത്തിൽനിന്നുരു ധരണീഭൂതാ
മഹാത്മ്യത്തെ കീർത്തിപ്പാൻ വദനം ക്ഷയമുളളക്ഷരമീയുലകിൽപ്പോരില്ല.
(തിരുപ്പിറവിഗീതം, no. 4, ഗീവർഗ്ഗീസ് വർദ).
3. അമ്മയോടു ചേർന്ന് വചനസ്വീകരണത്തിലൂടെ: പിതാവായ ദൈവത്തിന്റെ കരുണയുടെ മുഖത്തെ മനുഷ്യരിലേക്കു തിരിച്ച്, നമ്മുടെ മദ്ധ്യസ്ഥനും അനുരഞ്ജക
നുമായിത്തീർന്ന മിശിഹായെ, അവതരിച്ച കരുണയെ, മനുഷ്യകുലത്തിനായി ഏറ്റുവാങ്ങിയ പരിശുദ്ധ അമ്മയെ മംഗളവാർത്തക്കാലത്ത് നമുക്കു പ്രത്യേകം ബഹുമാനിക്കാം, മാദ്ധ്യസ്ഥ്യം യാചിക്കാം, പ്രത്യേകിച്ച് കറയറ്റ കന്യകയുടെ ഉത്ഭവം ആഘോഷിക്കുന്ന ഡിസംബർ 8-ാം തീയതി.
എരിതീജ്വാലയെരിച്ചൊരു മുൾച്ചെടി അഗ്നിയടങ്ങുമ്പളതുപോലീഹ
അത്ഭുതമീച്ചെടി മറിയമതല്ലോ രക്ഷകനേയുദരേയേറ്റിയാ പ്രതിരൂപമിതാ
(തിരുപ്പിറവിഗീതം, no. 12, ഗീവർഗ്ഗീസ് വർദ).
ഗിരിശൈലാഗ്രേ നാട്ടിയ മരമിതുഭേദം കൂടാതാ കുഞ്ഞാടിനു ജനനം നല്കും
മരമൊരു ബിംബം മറിയം തന്നെജഗതീരക്ഷകനെ ധരണിയിലേറ്റിയവൾ-
(തിരുപ്പിറവിഗീതം, no.11, ഗീവർഗ്ഗീസ് വർദ).
പരിശുദ്ധ മറിയത്തെ ആവർത്തിച്ചരുസ്മരിക്കുന്നത് മംഗളവാർത്തക്കാലത്തെ ഒരു
പ്രത്യേകതയാണ്.
4. സ്ലീവായോടുളള വണക്കത്തിലൂടെ: നസ്രാണികൾ മംഗളവാർത്തക്കാലത്തിൽ മൈലാപ്പൂരിലെ അത്ഭുതസ്ലീവായുടെ തിരുനാൾ ആചരിക്കുന്നു (ഡിസംബർ 18). ‘മേന്മ ഭാവിക്കാൻ ഈശോമിശിഹായുടെ കുരിശല്ലാതെ എനിക്കു വേറൊന്നുമില്ല’ എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളാണ് നമ്മുടെ ക്രിസ്തീയജീവിതത്തിന്റെ ആപ്ത
വാക്യം. മാർത്തോമ്മാ സ്ലീവായെ വണങ്ങുന്നതിലൂടെ, പരിശുദ്ധ റൂഹായുടെ ആവാസത്താൽ ജന്മംകൊണ്ട മിശിഹാ, ആ റൂഹാതന്നെ മരണത്തിൽ നിന്നവനെ ഉയിർപ്പിക്കുന്നു; അവതരിച്ച മിശിഹായുടെ രക്ഷാകരസംഭവങ്ങൾ മുഴുവനുമല്ലേ നാം ധ്യാനിക്കുന്നത്! അവനുദയം ചെയ്‌തോരീ ധരണീതന്നിൽ
സംഭ്രമമത്ഭുതമായ് ആദരപ്രകടിതമായ് അവിടെയവൻ ക്രൂശിതനായിയവിടെയുയർപ്പിച്ചു നാശത്തിന്മരണേ തേജസ്സോടെയവൻ
(തിരുപ്പിറവിഗീതം, no. 33, ഗീവർഗ്ഗീസ് വർദ).
അമ്മനുവേലെന്ന മംഗളവാർത്തക്കാലത്തിന്റെ കേന്ദ്രബിന്ദു, തന്റെ ജനനംവഴി മനുഷ്യവംശത്തിനു നല്കിയ രക്ഷയുടെ ചരിത്രം മുഴുവൻ മാർത്തോമ്മാസ്ലീവായുടെ വണക്കത്തിലൂടെ നാം അനുസ്മരിക്കുന്നു.
5. നിരന്തരമായ വചനധാര: വചനം നരജനനം നടത്തിയ അത്ഭുത രഹസ്യം മനസ്സിലാക്കുവാനും ഭൗമിക സഭയിലെ ജീവിതം ക്രമപ്പെടുത്തുവാനും എഴുതപ്പെട്ട ദൈവവചനവുമായുളള നമ്മുടെ നിരന്തരസമ്പർക്കം നമ്മെ സാഹായിക്കും. മനുഷ്യാവതാര രഹസ്യങ്ങൾ ഉൾക്കൊളളുന്ന വചനഭാഗങ്ങൾ എല്ലാ ദിവസവും വായിക്കുക, മനനം ചെയ്യുക, ആ വചനഭാഗങ്ങൾ ഉപയോഗിച്ച് വ്യക്തിപരമായ പ്രാർത്ഥനകൾ നടത്തുക, വചനാനുസൃതം ജീവിക്കുക.
ചേർപ്പാനെന്നുളളം നിന്നിൽ നീയെന്നിൽ ഉരുവായിത്തീർന്നിടുവാൻ
എൻ ഗുരുവാകണമേ പരിശീലിപ്പിക്കാൻ നല്കണമേ ദാനം ജ്ഞാനത്തിൻ നേർവഴി
ഭാഷകളും
(തിരുപ്പിറവിഗീതം, no. 2, ഗീവർഗ്ഗീസ് വർദ).
സമാപനം
മിശിഹായുടെ മനുഷ്യാവതാര രഹസ്യങ്ങളെക്കുറിച്ചുളള ആഴത്തിലുളള ധ്യാനവും, ആ ധ്യാനത്തിൽ നിന്നുളവാകുന്ന വിചിന്തനങ്ങളും അനുദിന ആരാധനക്രമത്തോടു ചേർത്ത് ആഘോഷിക്കുകയും ചെയ്തുകൊണ്ട് സഭാമക്കൾ മംഗളവാർത്തക്കാലം ജീവിക്കുന്നു. ആദാമിനെ സൃഷ്ടിച്ചവനിഹവന്നാദാമായ്
ആദാമിനെ സംരക്ഷിക്കാനവനാരോഹിതനായി
ആർദ്രത തൂകീ ജാതം ചെയ്താദാമിൻ
പുത്രിയിൽ നിന്നും
അത്ഭുതമീ ജനനം ദുർഘടമേ വർണ്ണിപ്പാൻ
(തിരുപ്പിറവിഗീതം, no. 6, ഗീവർഗ്ഗീസ് വർദ).
അനുസൂചിക
ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രാർത്ഥനാശീലുകൾ പൗരസ്ത്യ സുറിയാനി സഭകളുടെ ആരാധനക്രമ ഉറവിടങ്ങളിലെ ഒരമൂല്യ ശേഖരമായ ബുക്ക് ഓഫ് ദ റോസ് (Book of the Rose) എന്ന കൃതിയിൽ നിന്നുമാണ്. മാർ അഫ്രഹാത്ത്, മാർ അപ്രേം, മാർ നർസായി തുടങ്ങിയ വന്ദ്യ പിതാക്കന്മാരുടെ ദൈവവിജ്ഞാനീയവും വിശുദ്ധ ചിന്തകളും പകർന്നു നില്ക്കുന്ന ഈ ശേഖരത്തിന്റെ രചയീതാവായി ഗീവർഗ്ഗീസ് വർദ ( George Warda) യെ ബന്ധപ്പെടുത്തിയിരിക്കുന്നു. പൗരസ്ത്യ സുറിയാനി സഭയുടെ യാമപ്രാർത്ഥനകളിൽ സ്വാധീനം ചെലുത്തിയിരിക്കുന്ന
ഈ കൃതി മിശിഹാക്കാലം 12-16 നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ടിരിക്കുന്നു. മറ്റു രചയിതാക്കളുടെ രചനകൾ ഉളളടക്കത്തിലുണ്ടെങ്കിലും സമൂഹത്തിൽ വർദ്ധിച്ച ജനസമ്മതിയും അംഗീകാരവുമുണ്ടായിരുന്ന ഗീവർഗ്ഗീസ് വർദയുടെ പേരിൽ തന്നെ ഈ കൃതികൾ അറിയപ്പെട്ടു. രചനകളിൽ നിന്നു വായിച്ചെടുത്താൽ അദ്ദേഹം ഒരു മെത്രാൻ ആയിരുന്നു (മെത്രാനടുത്ത പദവി?) എന്നു വേണം അനുമാനിക്കാൻ.
പൗരസ്ത്യ സുറിയാനി സഭയെ സംബന്ധിച്ച് ചരിത്ര, സാമൂഹ്യ, മത, സാഹിത്യ, ആരാ
ധനക്രമ പശ്ചാത്തലത്തിൽ അഭൂതപൂർവ്വമായ വ്യതിയാനങ്ങൾക്കു സാക്ഷ്യം വഹിച്ച കാലമാണ് 13-ാം നൂറ്റാണ്ട്. മംഗോളുകളുടെ കടന്നുകയറ്റം, സുറിയാനി നവോത്ഥാനം, ഇസ്ലാമികാധിനിവേശം, സാഹിത്യലോകത്തുണ്ടായ മാറ്റങ്ങൾ, കിഴക്കും പടിഞ്ഞാറും സുറിയാനിസഭകളുടെ ഇടകലർപ്പ്, ബൈസന്റയിൻ ശക്തികളുടെ സാന്നിദ്ധ്യം ഇങ്ങനെ ഒരു സഭയെ സംബന്ധിച്ച് ‘സഹനം’ എന്ന പദം അതിന്റെ എല്ലാ അർത്ഥത്തിലും പരകോടിയിലെത്തിയ കാലം. ഈ കാലഘട്ടത്തിലാണ് മാർ അപ്രേമിനെപ്പോലുളള സഭയുടെ പുണ്യ രത്‌നങ്ങൾ പകർന്നു നല്കിയ സത്യവിശ്വാസത്തെയും, പാരമ്പര്യോപദേശങ്ങളെയും കലർപ്പില്ലാതെ ഒരു ജനതയെ പഠിപ്പിക്കാൻ ഗീവർഗ്ഗീസ് വർദയും കൂട്ടരും പരിശ്രമിച്ചത്.
ധൂപകലശത്തിലെ സുഗന്ധദ്രവ്യമായി അവരുടെ ജീവിതം എരിഞ്ഞു തീർന്നപ്പോൾ ഉയർന്നുപൊങ്ങിയ സൗരഭ്യപരിമളമാണ് പ്രാർത്ഥനാശീലുകളായി ദൈവാരാധനയിൽ ഇന്നു നാമുപയോഗിക്കുന്ന ഗീതങ്ങൾ എന്നു നമുക്ക് മറക്കാതിരിക്കാം. അവർ നല്കിയ
പ്രാർത്ഥനാഗീതങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുമ്പോൾ സത്യവിശ്വാസം ജീവിക്കാൻ, മക്കൾക്കു പകർന്നു നല്കാൻ നമ്മുടെ പിതാക്കന്മാർ അനുഭവിച്ച യാതനകളും കഷ്ടതകളും നമ്മുടെ ഭവനങ്ങൾക്ക് ശക്തി പകരട്ടെ. സഭയോടൊത്ത്, സഭാപിതാക്കന്മാരോടൊത്ത് മംഗളവാർത്തക്കാലം ജീവിക്കാം.