വീട്ടുമാമ്മോദീസാ നൽകിയ ഒരാൾക്ക് വീും മാമ്മോദീസാ നൽകണോ?

മരണാസന്നനായ/മരണാസന്നയായ ഒരു കുട്ടിക്ക് വീട്ടുമാമ്മോദീസാ നൽകി. പിന്നീട് ആരോഗ്യം വീണ്ടെടുക്കപ്പെട്ട ആ കുട്ടിക്ക് വീണ്ടും പളളിയിൽ വച്ച് മാമ്മോദീസാ നൽകണോ? വീട്ടുമാമ്മോദീസായുടെ വിവരങ്ങൾ ഇടവകയിലെ മാമ്മോദീസാ രജിസ്റ്ററിൽ ചേർക്കേണ്ടതുണ്ടോ?
സാധാരണ ഗതിയിൽ നമ്മുടെ ഇടവകകളിൽ ഉണ്ടാകുന്ന സംശയമാണ് മേൽ കൊടുത്തിരിക്കുന്നത്. സാധുവായ രീതിയിൽ മാമ്മോദീസാ സ്വീകരിച്ച ഒരു വ്യക്തിക്കു മാത്രമേ മറ്റു കൂദാശകൾ സാധുവായി സ്വീകരിക്കുന്നതിന് സാധിക്കുകയുളളു. മരണാസന്നനായ/മരണാസന്നയായ ഒരു വ്യക്തിക്ക് മാമ്മോദീസാ നൽകേണ്ടി വരുമ്പോൾ, ഒരു പുരോഹിതന് അതു പരികർമ്മം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ, പിന്നീടു പരിഗണിക്കേണ്ടത് മ്ശംശാന അഥവാ ഡീക്കനെയാണ്. അതും സാധിക്കുന്നില്ലെങ്കിൽ മറ്റേതെങ്കിലും ശെമ്മാശനോ, സമർപ്പിത ജീവിതം നയിക്കുന്നവർക്കോ അതുമല്ലെങ്കിൽ മാമ്മോദീസാ നൽകാൻ അറിയാവുന്ന ഏതെങ്കിലും ക്രൈസ്തവവിശ്വാസിക്കോ, അർത്ഥിയുടെ മാതാപിതാക്കൾക്കു തന്നെയോ മാമ്മോദീസാ നൽകാവുന്നതാണ്. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ സ്വാഭാവിക ജലം കുരിശടയാളത്തിൽ മൂന്നു പ്രാവശ്യം അർത്ഥിയുടെ ശിരസ്സിൽ ഒഴിച്ചോ, തളിച്ചോ, മൂന്നു പ്രാവശ്യം ജലത്തിൽ മുക്കിയോ സ്‌നാനം നൽകാവുന്നതാണ്. മരണാസന്നനായ/മരണാസന്നയായ അർത്ഥിക്ക് വെളളം ശിരസ്സിൽ തളിക്കുന്നതായിരിക്കും ഉചിതം. മേൽ വിവരിച്ച കാര്യങ്ങൾ സാധുതക്ക് ആവശ്യമാണ്. സാധിക്കുന്നിടത്തോളം തലതൊടുവാൻ ഒരാളെങ്കിലും ഉണ്ടാകുവാൻ ശ്രദ്ധിക്കണം. സഭയിലെ ഈ കുദാശ ആത്മാവിൽ മായാത്ത മുദ്ര പതിപ്പിക്കുന്നതാകയാൽ ഒരിക്കൽ മാമ്മോദീസാ സ്വീകരിച്ച വ്യക്തി രണ്ടാമത് അതു സ്വീകരിക്കുവാൻ പാടില്ല. എന്നാൽ മാമ്മോദീസാ സാധുവായി പരികർമ്മം ചെയ്യാൻ ആവശ്യമായ ഏതെങ്കിലും ഘടകങ്ങൾ (ഉദാ: പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ മാമ്മോദീസാ മുക്കപ്പെടുന്നു എന്നുളള പ്രകരണത്തിന്റെ അഭാവം, അല്ലെങ്കിൽ സ്വാഭാവികമായ ജലത്തിന്റെ അഭാവം മുതലായവ) ഇല്ലാതെ വന്നാൽ അത് സാധുവായ മാമ്മോദീസാ ആയിരുന്നു എന്നു പറയുവാൻ സാധിക്കില്ല.
അങ്ങനെ സാധുവായ പരികർമ്മം നടന്നിട്ടില്ലായെങ്കിൽ മാത്രമേ പളളിയിൽ വച്ച് നിയമാനുസൃതമായ മാമ്മോദീസാ പരികർമ്മം ചെയ്യേണ്ടതുളളു.
വീട്ടുമാമ്മോദീസാ സാധുവായി പരികർമ്മം ചെയ്യപ്പെട്ടാൽ, പ്രസ്തുത വിവരം ഇടവക വികാരിയെ അറിയിക്കണം. വികാരി ആ വിവരം മാമ്മോദീസാ രജിസ്റ്ററിൽ ചേർക്കുകയും, രജിസ്റ്ററിലെ റിമാർക്ക് കോളത്തിൽ, വീട്ടുമാമ്മോദീസാ ആയിരുന്നു എന്ന വിവരം രേഖപ്പെടുത്തുകയും ചെയ്യണം. രജിസ്റ്ററിൽ നിർബന്ധമായും ചേർക്കേണ്ട കാര്യങ്ങൾ: മാമ്മോദീസാ സ്വീകരിച്ച ആളിന്റെ പേര്, മാതാപിതാക്കളുടെ പേര്, തലതൊട്ടവരുടെ പേര്, സ്ഥലവും തീയതിയും, ജനന തിയതി, ജനനസ്ഥലം എന്നിവയാണ്. രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനനസർട്ടിഫിക്കറ്റും മാമ്മോദീസാ സർട്ടിഫിക്കറ്റും നൽകാം. ലത്തീൻ സഭക്കായി 1969-ൽ പരിശുദ്ധ സിംഹാസനം വീട്ടുമാമ്മോദീസാ നൽകുന്നതിനുളള ഒരു ക്രമം നൽകുകയുണ്ടായി. സീറോമലബാർ സഭയുടെ പ്രത്യേക നിയമ പരിഷ്‌കരണത്തിൽ അടിയന്തിരമായി വരേണ്ട ഒന്നാണ് വീട്ടുമാമ്മോദീസാ സംബന്ധിച്ചുളള നടപടിക്രമം.