മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.
കരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ സഭയുടെ വിവിധ മേഖലകളിൽ സഹജീവികളോടു കാരുണ്യം പ്രകടിപ്പിക്കാൻ പലവിധ പദ്ധതികളും പ്രത്യേകമായി ആവിഷ്‌കരിച്ചു നടപ്പാക്കുകയുണ്ടായി. വിവിധ ഇടവകകളും, സഭാസ്ഥാപനങ്ങളും ആവേശത്തോടെയാണ് പലവിധ കാരുണ്യ പദ്ധതികളുമായി മുന്നോട്ടുവന്നത്. ഭവനരഹിതർക്കു പാർപ്പിടമൊരുക്കാനും, അഗതികളെ സംരക്ഷിക്കാനും, നിർധന യുവതികളുടെ വിവാഹം നടത്തിക്കൊടുക്കാനും, സാമ്പത്തികക്ലേശമനുഭവിക്കുന്നവർക്ക് സൗജന്യ ചികിത്സാസഹായം നല്കാനുമൊക്കെ കാരുണ്യവർഷത്തിൽ നമുക്കു സാധിച്ചു. യോഗ്യതയോടെ കരുണയുടെ കവാടങ്ങളിലൂടെ കരുണാനിധിയായ ദൈവത്തിന്റെ പക്കലേക്കു കടന്നുചെന്ന് ദണ്ഡവിമോചനം പ്രാപിക്കാനുളള അവസരവും ഒട്ടേറെ വിശ്വാസികൾ ഉപയോഗിച്ചു. തങ്ങൾക്കുളളത് മറ്റുളളവരുമായി പങ്കുവെച്ച് കരുണയുടെ ആൾരൂപങ്ങളായി മാറിയ വ്യക്തികളും നമ്മുടെയിടയിലുണ്ട്. വലം കൈ ചെയ്യുന്നത് ഇടം കൈ അറിയാതിരിക്കാൻ ശ്രദ്ധചെലുത്തുന്ന അത്തരം ആളുകളുടെ പ്രവർത്തനങ്ങൾ പലപ്പോഴും പൊതുസമൂഹം അറിയുന്നില്ല. പക്ഷേ അവരുടെ നിസ്വാർത്ഥ സേവനങ്ങൾ മറ്റുളളവർക്കു മാതൃകയാണെന്നതിനാൽ അവ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. കാരുണ്യവർഷത്തിനു പതിറ്റാണ്ടുകൾക്കു മമ്പുതന്നെ കരുണയുടെ സുവിശേഷം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തികളിൽ ഒരാളാണ് കാഞ്ഞിരപ്പളളി രൂപതയിലെ ചെറുവളളി ഇടവകാംഗമായ വയലിൽ കെ. ജെ. ദേവസ്യാ എന്ന ദേവസ്യാസാർ. 32 വർഷം ചെറുവളളി സെന്റ് മേരീസ് എൽ പി സ്‌കൂളിലെ അദ്ധ്യാപകനായും 45 വർഷം സൺഡേ സ്‌കൂൾ അദ്ധ്യാപകനായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ദേവസ്യാ സാറിന് ഇപ്പോൾ 89 വയസ്സുണ്ട്. പക്ഷേ കാരുണ്യപ്രവൃത്തികൾ ചെയ്യുന്നതിന് പ്രായം അദ്ദേഹത്തിനൊരു തടസ്സമാകുന്നില്ല. പിതാവിന്റെ പ്രവർത്തനങ്ങൾക്ക് മക്കൾ പൂർണ്ണ പിന്തുണ നല്കുന്നു. 1998-ൽ അര ഏക്കർ സ്ഥലം പാവപ്പെട്ടവർക്കു വീടു വയ്ക്കുന്നതിനായി മാറ്റി വെച്ച ദേവസ്യാസാർ റോഡ് പുറമ്പോക്കിൽ താമസിച്ചിരുന്ന മൂന്നു കുടുംബങ്ങൾക്കു വീടുപണിയുന്നതിനായി മൂന്നു സെന്റ് വീതം ഒമ്പതു സെന്റ് സ്ഥലം ദാനം നല്കി. വിവിധ സർക്കാർ പദ്ധതികളിലൂടെ ഇവർക്ക് വീട് ഒരുക്കുന്നതിനും അദ്ദേഹം നേതൃത്വം നല്കി. കാരുണ്യ വർഷത്തിൽ ഒരു കുടുംബത്തിനു മൂന്നു സെന്റ് സ്ഥലം വീടുപണിയാനായി നല്കിയ അദ്ദേഹം ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നു ലഭിച്ച രണ്ടര ലക്ഷം രൂപ ആ വീടിന്റെ നിർമ്മാണത്തിനു മതിയാകാതെ വന്നപ്പോൾ മൂന്നര ലക്ഷം രൂപ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ നല്കി. ദരിദ്രർക്കു വീടൊരുക്കുന്ന ദേവസ്യാ സാറിന്റെ പറമ്പിൽ ഇതര മതസ്ഥരായ നാലു
പേർ അന്ത്യവിശ്രമം കൊളളുന്നുണ്ട്. സ്വന്തമായി സ്ഥലമില്ലാതിരുന്ന അവരുടെ മൃത
സംസ്‌കാരം സ്വന്തം പറമ്പിൽ നടത്താൻ ദേവസ്യാ സാർ അനുവദിക്കുകയായിരുന്നു. ജോലിയിൽ നിന്നു വിരമിച്ച സാധാരക്കാരനായ ഒരു അദ്ധ്യാപകന് ഇത്രയൊക്കെ സാധിക്കുമെങ്കിൽ നമ്മിൽ പലർക്കും എത്രയധികമായി മറ്റുളളവരെ സഹായിക്കാൻ സാധിക്കും എന്ന് ആത്മവിചിന്തനം നടത്തുന്നത് ഉചിതമായിരിക്കും.
പളളിയിലെ നേർച്ചപ്പാത്രത്തിൽ ഏതാനും നാണയത്തുട്ടുകൾ നിക്ഷേപിച്ചാൽ ദാനധർമ്മമായി എന്നു സ്വയം കരുതുന്നവരാണ് നമ്മിൽ പലരും. സമ്പത്തിന്റെ ദശാംശം പോയിട്ട് സഹസ്രാംശം പോലും പാവങ്ങൾക്കായി പങ്കുവെയ്ക്കാൻ ഭൂരിപക്ഷം പേർക്കും സാധിക്കാറില്ല. പലപ്പോഴും നാം അനാവശ്യമായി ചെലവഴിക്കുന്ന തുകയുണ്ടെങ്കിൽ ഒരു ദരിദ്ര കുടുംബത്തിന് സുഭിക്ഷമായി ജീവിക്കാൻ സാധിക്കും. ഇടവക തിരുനാളിനും, സ്വഭവനത്തിലെ വിവാഹാഘോഷങ്ങൾക്കുമൊക്കെ നാം ധൂർത്തടിക്കുന്ന പണം ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിന് സഹായകമാകുമെങ്കിൽ അതിനായിരിക്കണം നാം
പ്രാധാന്യം നല്‌കേണ്ടത്. സഹായമർഹിക്കുന്നവർ നമുക്കു ചുറ്റും ഇല്ലാത്തതുകൊണ്ടല്ല, അവരെ കാണാൻ നമ്മുടെ കണ്ണുകൾ തുറക്കപ്പെടാത്തതുകൊണ്ടാണ് ആർഭാടങ്ങളിലും ധൂർത്തിലും മനഃക്ലേശമില്ലാതെ അഭിരമിക്കാൻ നമുക്കു കഴിയുന്നത്. വീട്ടുപടിക്കൽ കിടന്ന ലാസറിനെ വിസ്മരിച്ച് സുഖഭോഗങ്ങളിൽ മുഴുകിയ ധനവാനെപ്പോലെയാണ് നമ്മിൽ പലരും. നമ്മുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാനുളള നെട്ടോട്ടത്തിനിടയിൽ നമ്മുടെ സഹായം അർഹിക്കുന്ന, നമുക്ക് സഹായിക്കാൻ സാധിക്കുന്ന ദരിദ്രരുടെ മുഖങ്ങൾ നമ്മുടെ ശ്രദ്ധയിൽ പോലും പെടുന്നില്ല. മൂല്യമില്ലാതായ നോട്ടുകെട്ടുകൾ മാറിയെടുക്കുന്നതിനായി നെട്ടോട്ടമോടുന്നവർ ഉറകെട്ടുപോയ ഉപ്പിനെ ഓർമ്മിപ്പിച്ച് ഭൂമിയുടെ ഉപ്പാകാൻ ആഹ്വാനം ചെയ്ത ഗുരുവിന്റെ വചനങ്ങൾ ഓർക്കുന്നതുമില്ല. ഈ എളിയവരിൽ ഒരാൾക്കു നിങ്ങൾ ഇതു ചെയ്തപ്പോൾ എനിക്കു തന്നെയാണു ചെയ്തത് എന്ന വിധിയാളന്റെ വചസുകൾ മനസ്സിൽ സൂക്ഷിച്ച് സഹായമർഹിക്കുന്നവരിൽ മിശിഹായുടെ മുഖം ദർശിക്കാൻ നമുക്കു ശ്രമിക്കാം. കേവലം ഒരു വർഷത്തിന്റെ ആചരണവും ഭക്താനുഷ്ഠാനങ്ങളും കൊണ്ട് മതിയാക്കാവുന്ന ഒന്നല്ല കരുണ എന്നു തിരിച്ചറിഞ്ഞ് നമുക്ക് കരുണയുടെ സുവിശേഷവാഹകരാകാം.