ആരാധനക്രമം വിശ്വാസത്തിന്റെ ആഘോഷമാണ്, ആഘോഷപൂർവ്വകമായ വിശ്വാസപ്രഖ്യാപനമാണ്. വിശ്വാസപ്രമാണം എല്ലാ സഭകൾക്കും അംഗീകരിക്കാവുന്ന വിശ്വാസത്തിന്റെ ഫോർമുലയാണെന്ന് പറയാം.
പുരാതന ആരാധനക്രമങ്ങൾ പിതാക്കന്മാരിലൂടെ കൈമാറിവന്ന ശ്ലൈഹീകപാരമ്പര്യങ്ങളാണ്. ശ്ലീഹന്മാർ തന്നെ സുവിശേഷപ്രഘോഷണത്തിൽ കുറെയെല്ലാം വ്യത്യസ്തമായ ഊന്നലുകളാണല്ലോ നൽകിയത്. നാലു സുവിശേഷ ഗ്രന്ഥങ്ങൾ ഇതിന് സാക്ഷ്യം വഹിക്കുന്നു. പിതാക്കന്മാരിലൂടെ ഈ പ്രത്യേകതകൾ കൂടുതൽ വിശദീകരിക്കപ്പെട്ടു. അങ്ങനെയാണ് വിശ്വാസത്തിന്റെ ആഘോഷങ്ങൾ വ്യത്യസ്തമായ രീതികളിൽ അവതരിക്കപ്പെട്ടത്. വ്യത്യസ്തങ്ങളായ അടയാളങ്ങളും പ്രതീകങ്ങളും പരികർമ്മ രീതികളും നടപ്പിലായി വന്നു. ഇതിന്റെയെല്ലാം ഫലമായിട്ടാണ് വ്യത്യസ്തമായ ആരാധനക്രമങ്ങൾ സഭയിൽ രൂപം കൊണ്ടത്.
ആരാധനക്രമം സഭാജീവിതത്തിന്റെ കേന്ദ്രബിന്ദുവാണല്ലോ. ആരാധനക്രമത്തോടു ബന്ധപ്പെട്ടാണ് ആദ്ധ്യാത്മികതയും ശിക്ഷണക്രമവും എല്ലാം രൂപപ്പെടുക. ആരാധനക്രമവും ആദ്ധ്യാത്മികതയും ശിക്ഷണക്രമവുമെല്ലാം വ്യത്യസ്തമായ സമൂഹങ്ങളെയാണ് നാം ‘വ്യക്തിസഭകൾ’ എന്നു വിളിക്കുക. സഭയിൽ ഇങ്ങനെ വ്യത്യസ്ത സഭാ സമൂഹങ്ങളുണ്ടെന്നും ഈ വൈവിധ്യം സഭയുടെ ഐക്യത്തെ ദുർബലപ്പെടുത്തുന്നില്ല എന്നും രണ്ടാം വത്തിക്കാൻ കൗൺസിൽ അർത്ഥ
ശങ്കയ്ക്കിടയില്ലാത്ത രീതിയിൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ‘മിശിഹായുടെ നിഗുഢ ശരീരവും – വിശുദ്ധവും കാതോലികവുമായ തിരുസ്സഭ, ഒരേ കൂദാശകളാലും ഒരേ ഭരണത്താലും പരിശുദ്ധാത്മാവിൽ സാവയവം സംയോജിക്കപ്പെട്ട്, ഹയരാർക്കിയാൽ വിവിധ സമൂഹങ്ങളായി സംഘടിക്കപ്പെട്ട വ്യക്തിസഭകൾ അഥവാ റീത്തുകളാ
യിത്തീർന്നിരിക്കുന്ന വിശ്വാസികളുടെ സമൂഹമാണ്. ഇവ തമ്മിൽ വിസ്മയകരമായ
സംസർഗ്ഗം നിലനിൽക്കുന്നു. അങ്ങനെ സഭയിൽ വൈവിധ്യം ഐക്യം ഹനിക്കുകയല്ല; പ്രത്യുത, അതിനെ കൂടുതൽ സ്പഷ്ടമാക്കുകയാണ്. ഓരോ വ്യക്തിസഭയുടെയും അഥവാ റീത്തിന്റെയും പാരമ്പര്യങ്ങൾ ഭദ്രമായും അഭംഗുരമായും നിലനിൽക്കണമെന്നതാണ് കത്തോലിക്കാ സഭയുടെ ലക്ഷ്യം.’ (OE. 2)
അതുപോലെതന്നെ വ്യത്യസ്ത സമൂഹങ്ങൾ തമ്മിൽ തുല്യതയാണുള്ളതെന്നു കൗൺസിൽ ചൂണ്ടിക്കാണിക്കുന്നു. ‘റീത്തിന്റെ കാര്യത്തിൽ അവയിലൊന്നും മറ്റൊന്നിനെക്കാൾ ഉൽകൃഷ്ടമല്ല. അവ ഒരേ അവകാശങ്ങളനുഭ
വിക്കുന്നു, ഒരേ കടമകൾക്കു ബാദ്ധ്യസ്ഥരാകുന്നു’ (Ibid. 3). ആരാധനക്രമത്തെക്കുറിച്ചുള്ള അടിസ്ഥാന രേഖയിലും ഈ തുല്യത കൗൺസിൽ എടുത്തുപറയുന്നുണ്ട്. ‘ഈ അതിപരിശുദ്ധ സൂനഹദോസ് പാരമ്പര്യം വിശ്വസ്തതാപൂർവ്വം അനുസരിച്ചുകൊണ്ട് നിയമപരമായി അംഗീകൃതമായ എല്ലാ റീത്തുകളെയും തുല്യമായ അവകാശവും ബഹുമാനവുമുള്ളവയായി സഭാമാതാവ് പരിഗണിക്കുന്നെന്നും ഭാവിയിൽ ഇവയെ സംരക്ഷിക്കാനും സർവ്വഥാ, പരിപോഷിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്നും … പ്രഖ്യാപിക്കുന്നു.’ (SC. 4) അതിനാൽ തന്നെ ലോകമെമ്പാടും പ്രേഷിതവേല ചെയ്യാനും
അജപാലനശുശ്രൂഷ നടത്താനും എല്ലാ സഭകൾക്കും അവകാശമുണ്ടെന്നും പിതാക്കന്മാർ ചൂണ്ടിക്കാണിക്കുന്നു. ‘അതിനാൽ ലോകം മുഴുവനിലും ഓരോ വ്യക്തി
സഭയുടെയും സംരക്ഷണത്തിനു വേണ്ടവ സജ്ജീകരിക്കേണ്ടിയിരിക്കുന്നു. തന്നിമിത്തം, വിശ്വാസികളുടെ ആത്മീയനന്മയ്ക്ക് അവശ്യമായ ഇടങ്ങളിൽ ഇടവകകളും സ്വന്തം ഹയരാർക്കിയും സ്ഥാപിക്കണം.’ (OE. 4)
ചരിത്രത്തിൽ സംഭവിച്ച മാറ്റം
ആദ്യ നൂറ്റാണ്ടുകളിലാണല്ലോ ആരാധനക്രമങ്ങൾ വ്യത്യസ്തമായ രീതിയിൽ രൂപം
കൊള്ളുന്നത്. അക്കാലങ്ങളിൽ ആരാധനക്രമത്തെ അടിസ്ഥാനമാക്കിയുള്ള ബോധ
നമായിരുന്നു വിശ്വാസികൾക്ക് ലഭിച്ചിരുന്നത്. ദൈവികരഹസ്യങ്ങൾ പരികർമ്മം
ചെയ്യുമ്പോൾ അവയുടെ വിശദീകരണത്തിലൂടെ വിശ്വാസം കൈമാറുകയായിരുന്നു അന്നത്തെ പതിവ്. ‘Mystagogical catechesim’ എന്നാണല്ലോ നാമിതിനെ വിളിക്കുക. എന്നാൽ ഒരേ വിശ്വാസം വ്യത്യസ്തമായ രീതിയിൽ അന്ന് അവതരിപ്പിക്കപ്പെട്ടിരുന്നു. അന്നത്തെ സാഹചര്യങ്ങളിൽ സഭകളുടെ ഉൾഭരണമെല്ലാം റോമിന്റെ നിയന്ത്രണത്തിലായിരുന്നില്ല താനും. രണ്ടാം സഹസ്രാബ്ദമായപ്പോഴേയ്ക്കും സാഹചര്യങ്ങളിലെല്ലാം ഏറെ മാറ്റങ്ങളുണ്ടായി. സുവിശേഷപ്രഘോഷണം ആരാധനക്രമത്തിൽ നിന്നും ഏതാണ്ടു വേർപെട്ട് താത്ത്വികാടിസ്ഥാനത്തിലായി. റോമിന്റെ അധികാര വ്യാപ്തി വർദ്ധിച്ചു, പൗരസ്ത്യ സഭകളിൽ പിളർപ്പുകളുണ്ടായി, പൗരസ്ത്യ കത്തോലിക്കാസഭകൾ ചെറുഗണങ്ങളായി മാറി. പൗരസ്ത്യസഭകളിൽ വലിയ ദൈവശാസ്ത്ര കേന്ദ്രങ്ങളുടെ അഭാവവുമുണ്ടായി. സഭാവിജ്ഞാനീയവും ഏതാണ്ട് മുരടിച്ചുപോയി എന്നുപറയാം. ഇങ്ങനെയൊരു സാഹചര്യത്തിൽ സഭയിലെ വൈവിധ്യം വളരെയെറെ അവഗണിക്കപ്പെട്ടു. ലോകവ്യാപകമായ റോമൻ സഭ എല്ലാ സഭകളുടെയും മാതാവാണെന്ന ഭാവവും മറ്റുസഭകളെല്ലാം ചില അനുഷ്ഠാനങ്ങളിൽ മാത്രം വ്യത്യസ്തരാണന്നുമുള്ള ധാരണയും വളർന്നു വന്നു. അങ്ങനെയാണ് ‘റീത്ത്’് എന്ന പദപ്രയോഗം പ്രചാരത്തിലായതും.
ഭാരതത്തിലെ പോർച്ചുഗീസു ഭരണാധികാരികളുടെ സഭാദർശനവും ആ കാലഘട്ടത്തിന്റേതായിരുന്നു. ലത്തീൻ സഭയാണു മാതൃസഭയെന്നുള്ള ധാരണയാ
ണ് അവർക്കുണ്ടായിരുന്നതെന്നു വേണം പറയാൻ. ഇവിടുത്തെ സുറിയാനി സഭയുടെ
ആചാരാനുഷ്ഠാനങ്ങളെയെല്ലാം വികലതകളായിട്ടാണ് അവർ കണ്ടത്. അതിനാൽ ആരാധനക്രമത്തെ ലത്തീൻ രീതിയോടു അനുരൂപപ്പെടുത്താൻ അവർ ശ്രമിച്ചതു സ്വാഭാവികം. വൈദീകപരിശീലനവും അവരുടെ കൈകളിലായപ്പോൾ ഈ പാശ്ചാ
ത്യവത്കരണം സുഗമമായി. 1886 -ൽ സുറിയാനിക്കാരെ ലത്തീൻ ഹയറാർക്കിയിൽ നിന്ന് വേർപെടുത്തിയെങ്കിലും ലത്തീൻ മെത്രാന്മാരെയാണല്ലോ വികാരിയാത്തുകളുടെ അധ്യക്ഷന്മാരായി നിയോഗിച്ചത്.
‘റീത്ത്’ എന്ന പദം ‘rite’എന്ന പദത്തിൽ നിന്ന് ഉദ്ഭവിക്കുന്നതാണ്. അത് അർത്ഥമാക്കുന്നത് ഒരു അനുഷ്ഠാനത്തെയാണ്. അങ്ങനെ അനുഷ്ഠാനങ്ങളിൽ മാത്രം വ്യത്യാസമുള്ള സമൂഹങ്ങൾ എന്ന രീതിയിലാണ് മിക്കവരും വ്യക്തിസഭകളെ മനസ്സിലാക്കിയിരുന്നത്. ‘അംബ്രോസിയൻ റീത്ത്’ എന്നത് ലത്തീൻ സഭയിലെ ഒരു വിഭാഗം മാത്രമാണ്. അതായിരുന്നു അന്ന് അവർക്ക് മാതൃക. ദൈവദാസനായ മാർ ഇവാനിയോസ് തിരുമേനിയും മറ്റും ഓർത്തോഡോക്‌സ് സഭയിൽ നിന്നും പിന്മാറി റോമൻ സഭയുമായി ഐക്യപ്പെട്ടപ്പോൾ അവരെ ‘റീത്തുകാർ’ എന്ന് ഓർത്തോഡോക്‌സുകാരും കത്തോലിക്കരും വിളിക്കുവാൻ ഇടയായി.
കഴിഞ്ഞ നൂറ്റണ്ടിൽ സഭാവിജ്ഞാനീയത്തിന് ഒരു പുതിയ ഉണർവുണ്ടായി. പ്രസിദ്ധരായ ദൈവശാസ്തജ്ഞമാർ സഭാവിജ്ഞാനിയം കൂടുതൽ വ്യക്തമാക്കാനിടയായി. അതുപോലെ ചില പൗരസ്ത്യസഭകളിലും പൗരസ്ത്യസഭാവിജ്ഞാനിയം സഭാപിതാക്കന്മാരുടെ പഠനങ്ങളിലൂടെ പുനരാവിഷ്‌കരിക്കാൻ തുടങ്ങി. പാശ്ചാത്യദേശങ്ങളിലെ ‘ലിറ്റർജിക്കൽ മൂവ്‌മെന്റ്’ ലിറ്റാർജിയുടെ പ്രധാന്യത്തെക്കുറിച്ചും അതിനു സഭാജീവിതവുമായുള്ള ബന്ധത്തെക്കുറിച്ചും പിതാക്കന്മാരുടെ ബോധനങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ വ്യക്തമാക്കാൻ തുടങ്ങി. ഇതിനെല്ലാം പുറമേ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം മുതൽ വളർന്നുവന്ന സഭൈക്യ പ്രസ്ഥാനം സഭകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കൂടുതൽ വിശദീകരിക്കാൻ തുടങ്ങി. സഭകളുടെ ഐക്യത്തിന് പുരാതന സഭകളുടെ പാരമ്പര്യങ്ങൾ അംഗീകരിക്കാതെ പറ്റില്ല. അവയുടെ സ്വയംഭരണാധികാരത്തിനും ന്യായമായ ക്രമീകരണങ്ങൾ ഉണ്ടായേ മതിയാവു എന്നു കത്തോലിക്കാ
സഭയ്ക്കും ബോധ്യമാകാൻ തുടങ്ങിയിട്ടുണ്ട്.
രണ്ടാം വത്തിക്കാൻ കൗൺസിലും അതിനുശേഷവും
രണ്ടാം വത്തിക്കാൻ കൗൺസിൽ ആധുനിക കാലത്ത് സഭ നേരിടുന്ന വെല്ലുവിളികളെ നേരിടാൻ സഭയെ സജ്ജമാക്കാനാണ് ശ്രമിച്ചത്. എക്യുമെനിസരംഗത്ത് പുരോഗതിയുണ്ടാകാൻ കൗൺസിൽ നിമിത്തമാകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. Hans Kùng -ന്റെ ‘Council and Reunion’ എന്ന പുസ്തകം ഈ ചിന്താഗതിയ്ക്ക് ഒരു സാക്ഷ്യമായിരുന്നു. അത്തനാഗോറസ് പാത്രീയാർക്കീസുമായി വാഴ്ത്തപ്പെട്ട പോൾ മാർപ്പാപ്പാ നടത്തിയ കൂടിക്കാഴ്ചയും ബോംബെയിലെ ദിവ്യകാരുണ്യ കോൺഗ്രസിൽ സംബന്ധിക്കാൻ പോൾ മാർപ്പാപ്പാ വന്നപ്പോൾ അദ്ദേഹം അകത്തോലിക്കാ സഭാദ്ധ്യക്ഷന്മാരെ കണ്ടതും കൗൺസിലിലെ അകത്തോലിക്കാ നിരീക്ഷകരുടെ സാന്നിദ്ധ്യവുമെല്ലാം സഭൈക്യത്തിൽ കൂടുതൽ പ്രതീക്ഷ നൽകുന്ന സംഭവങ്ങളായിരുന്നു. മെൽകൈറ്റ് പാത്രീയാർക്കീസായിരുന്ന മാക്‌സിമൂസ് നാലാമനും പൗരസ്ത്യരുടെ അവകാശങ്ങളെക്കുറിച്ച് ശക്തമായ അഭിപ്രായങ്ങൾ കൗൺസിലിൽ അവതരിപ്പിച്ചു.
ആരാധനക്രമത്തെക്കുറിച്ചുള്ള കോൺസ്റ്റിറ്റിയൂഷനാണ് ആദ്യമായി പ്രഖ്യാപിച്ച രേഖ. അത് ആരാധനക്രമത്തിന്റെ പ്രാധാന്യവും സ്വഭാവവും മനസ്സിലാക്കുന്ന ഒരു
സുപ്രധാന രേഖയായിരുന്നു. ആരാധനക്രമത്തെക്കുറിച്ചുള്ള പഠനവും പരിശീലനവും സുപ്രധാനവും വളരെ ആവശ്യവുമാണന്നുമെല്ലാം കൗൺസിൽ പറഞ്ഞുവച്ചു. ഓറിയന്റൽ സഭകളെക്കുറിച്ചും എക്യുമെനിസത്തെക്കുറിച്ചുമുള്ള പ്രബോധനങ്ങൾ പൗരസ്ത്യസഭകളുടെ സ്വത്വബോധം വളർത്താൻ വളരെ സഹായകമായി എന്നു പറയാതെ വയ്യാ.
തുടരും..