നീതിയും കരുണയും
നിയമത്തിന്റെ നീതിയും ദൈവിക നീതിയും നീതിയെക്കുറിച്ചുള്ള പൊതുവായ ധാരണയിലും വിലയിരുത്തലിലും നീതി ഒരു മൗലിക ധാർമ്മിക നിയമമാണ്. ഓരോ വ്യക്തിക്കും അർഹമായത് കൊടുക്കുന്നതാണ് നീതി. പൊതുധാരണയിൽ നീതി നിയമത്താൽ നയിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് നീതി നിഷേധിക്കപ്പെടുന്നിടത്ത് നിയമത്തിന്റെ ബലത്താൽ നീതി പുനഃസ്ഥാപിക്കപ്പെടും. അതിന് നീതിന്യായ വ്യവസ്ഥകളുണ്ട് – ഗവൺമെന്റ് സംവിധാനങ്ങളുണ്ട്. എന്നാൽ ദൈവത്തിന്റെ നീതി നിയമം അനുശാസിക്കുന്ന നീതിയേയും യുക്തിയുടെ നീതിയേയും അതിലംഘിക്കുന്നതാണ്. ഈശോയുടെ പ്രബോധനത്തിൽതന്നെ ഇതു വ്യക്തമാണ്. ”നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു” (മത്താ 5,20). നിയമജ്ഞരുടെയും ഫരിസേയരുടെയും നീതി നിയമത്തിന്റെ നീതിയായിരുന്നു. അതുകൊണ്ടാണ് ഫരിസേയനായ സാവൂളിന് മതപീഡനവും കൊലപാതകവുംവരെ നീതിനിർവ്വഹണത്തിന്റെ തലത്തിൽ വന്നത്. നിയമത്തിന്റെ നീതിയിൽ കരുണയ്ക്കു പ്രസക്തിയില്ല. അതുകൊണ്ട് പ്രീശർക്കും ഫരിസേയർക്കും സാബത്തിന്റെ ലംഘനം പാപമായി, ദൈവനിഷേധിയുടേതായി. അതിനാൽ ഈശോ തന്റെ ശ്രോതാക്കളോടും ശിഷ്യന്മാരോടുമായി
പറഞ്ഞു: ”നിങ്ങൾ ആദ്യം ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിൻ. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും” (മത്താ 6,38). നിയമത്തിന്റെ അതിർവരമ്പുകൾക്ക് ഉള്ളിൽനിന്നുകൊണ്ടാണ് ഫരിസേയരും നിയമജ്ഞരും ദൈവത്തെ ആരാധിച്ചത്, മനുഷ്യനെ സ്‌നേഹിച്ചത്. അതുകൊണ്ട് അവർ ദൈവനീതിക്കു പുറത്തായി, ഇതിന്റെ വെളിച്ചത്തിൽ ഈശോ അവരോട് പറഞ്ഞു: ”ഞാൻ ബലിയല്ല, കരുണയാണ് ആഗ്രഹിക്കുന്നത്” (മത്താ 9,13). ദൈവത്തിന്റെ നീതിശാസ്ത്രം വ്യക്തമാക്കുന്ന ഒരു ഉപമയാണ് മുന്തിരിതോട്ടത്തിലേക്ക് വേലയ്ക്കായി അയച്ച ജോലിക്കാരുടേത്. ഒരു ദനാറയ്ക്കു ജോലി ചെയ്യുവാനായിരുന്നു കരാർ. എല്ലാവരും ആദ്യം വന്നവർമുതൽ അവസാനം വന്നവർവരെ അത് സമ്മതിക്കുകയും ചെയ്തു. എന്നാൽ കൂലികൊടുത്ത് അവരെ പറഞ്ഞുവിട്ട അവസരത്തിൽ തോട്ടക്കാരൻ എല്ലാവർക്കും ഒരു ‘ദനാറ’ കൊടുത്തപ്പോൾ ആദ്യം വന്നവർക്ക് അതു സഹിച്ചില്ല. അവരോട് തോട്ടം ഉടമ അനീതി പ്രവർത്തിക്കുന്നതായി അവർക്കു തോന്നി. അതുകൊണ്ട് അവർ അവനോടു പരാതിപ്പെട്ടു. തോട്ടം ഉടമ മറുപടി പറഞ്ഞു: സ്‌നേഹിതാ, ഞാൻ നിന്നോട് ഒരനീതിയും ചെയ്യുന്നില്ല. ഞാൻ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു” (മത്താ 20, 1-16) എന്താണ് ഇതിനെക്കുറിച്ചു പറയുക? തോട്ടക്കാരൻ ആരോടെങ്കിലും
അനീതി കാണിച്ചോ? ഇല്ല. എല്ലാവർക്കും അർഹതപ്പെട്ടത്/നീതിയായത് കരാറിൻപ്രകാരം ഒരു ദനാറ ആയിരുന്നു. എന്നാൽ നാം ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം അവസാന മണിക്കൂറിൽ വന്നവനും ഒരു ‘ദനാറ’ കൊടുത്തത് തോട്ടക്കാരന്റെ ഔദാര്യം ആയിരുന്നു. അവന് ഉപജീവനത്തിന് ആവശ്യമുള്ളത് കൊടുക്കുവാനുള്ള സന്മനസ്സ്. ഈശോ ഈ ഉപമയിലൂടെ നിയമത്തിന്റെ നീതി അതിലംഘിക്കുന്ന ദൈവനീതിയുടെ പാഠം വ്യക്തമാക്കി. ധുർത്തപുത്രന്റെ ഉപമയും കർത്താവിനോടൊപ്പം സ്വർഗത്തിലേക്കു ”നടന്നു”കയറിയ നല്ല കള്ളന്റെ പാഠവും ഈ ദൈവികനീതിയുടെ നിദർശനങ്ങൾ തന്നെ. ഈശോ തന്റെ ജീവിതസാക്ഷ്യത്തിലൂടെ നീതിയെന്നത് കേവലം നിയമാനുസരണം മാത്രമാണെന്ന സങ്കല്പത്തെ വെട്ടിത്തിരുത്തി (MV 20). സിനഗോഗിലെ പ്രഖ്യാപനം മുതൽ (ലൂക്കാ 4, 18-19) കുരിശിലെ പ്രഖ്യാപനംവരെ ഈശോയുടെ ജീവിതം (ലൂക്കാ 23,43) നിയമ
ത്തിന്റെ നീതിയെ അതിശയിക്കുന്ന കരുണയുടെ നേർസാക്ഷ്യമാണ്.
കരുണ നീതിക്ക് എതിരല്ല
കരുണയുടെ ജൂബിലി വർഷത്തിൽ പലപ്പോഴും ഉയർന്നുവന്ന ഒരു ചോദ്യം കരുണ നീതിക്ക് എതിരാണോ എന്നതായിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പാ ഇതിനുത്തരം അസന്ദിഗ്ദ്ധമായി നല്കിയിട്ടുണ്ട്: ”കാരുണ്യം നീതിക്കു വിരുദ്ധമല്ല. പിന്നെയോ, തന്നെത്തന്നെ നോക്കുന്നതിനും മാനസാന്തരപ്പെടുന്നതിനും വിശ്വസിക്കുന്നതിനും പുതിയൊരു അവസരം നല്കുന്നതിന് പാപിയെ സമീപിക്കുന്ന ദൈവത്തിന്റെ മാർഗമാണത്” (MV 21). ഹോസിയാ പ്രവാചകന്റെ ജീവിതത്തിൽ
നിന്നും അനുഭവസാക്ഷ്യം നല്കി മാർപ്പാപ്പാ തന്റെ വാദഗതിയെ സാധൂകരിക്കുന്നു (MV 21; ഹോസിയ 11). ദൈവം മനുഷ്യരുടെ ഇന്നലെകളെ മറക്കുകയും അപരാധങ്ങൾ ക്ഷമിക്കുകയും തന്റെ കോപം ശമിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ഈ പ്രകൃതിക്ക് വി. ആഗസ്തീനോസ് നല്കുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്. ”ദൈവത്തിന് കരുണയെ തടഞ്ഞുനിർത്തുന്നതിനെക്കാൾ എളുപ്പം കോപം തടഞ്ഞുനിർത്താനാണ്” (Homilies on Psalms 76,11; MV 21). ‘കരുണ നീതിക്ക് എതിരല്ല; എന്നാൽ പാപിയെ നീതിപൂർവ്വകമായ ശിക്ഷാവിധിയിൽനിന്ന് സംരക്ഷിക്കുന്നതാണ്’. ഇതാണ് സുവിശേഷത്തിലെ ഈശോയുടെ നീതിയും നിയമത്തിന്റെ നീതിയും നല്കുന്ന പാഠം.
പാപിനിയായ സ്ത്രീയും ഈശോയും തമ്മിലുള്ള കണ്ടുമുട്ടലും സംഭാഷണവും ഇതു സാധൂകരിക്കുന്നു. ‘വ്യഭിചാരം ഒരു പാപമല്ല, നിയമംകൊണ്ട് അവളെ കുറ്റം വിധിക്കരുത്’ എന്ന് അവിടുന്നു പറയുന്നില്ല; മറിച്ച് നിയമത്തിനപ്പുറത്തേക്കു അവിടുന്നു പോകുന്നു. ഇതാണ് ഈശോയുടെ കാരുണ്യത്തിന്റെ രഹസ്യം. പാപങ്ങളെ മായിച്ചുകളയുന്നത് ദൈവം നല്കുന്ന പാപമോചനമാണ്. എന്നാൽ കരുണ ദൈവം ക്ഷമിക്കുന്ന രീതിയാണ് (‘Mercy is the way in which God forgives’ NGM XVI). എന്താണ് കരുണയെന്നു വ്യക്തമാക്കാൻ മാർപ്പാപ്പാ നല്കുന്ന ഒരു വിശദീകരണം ശ്രദ്ധേയമാണ്. കരുണ ”ആകാശംപോലെയാണ്. രാത്രിയിൽ നാം ആകാശത്തേക്കു നോക്കുമ്പോൾ എണ്ണമറ്റ നക്ഷത്രങ്ങൾ കാണാം. പക്ഷേ, പ്രഭാതത്തിൽ സൂര്യൻ വരുമ്പോൾ അതിന്റെ പ്രകാശധോരണിയിൽ നക്ഷത്രങ്ങളെ കാണുന്നില്ല. ദൈവത്തിന്റെ കരുണയും ഇങ്ങനെയാണ്: സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു മഹാപ്രകാശം. കാരണം, ദൈവം ക്ഷമിക്കുന്നത് ഒരു ഉത്തരവിലൂടെ അല്ല (decree) മറിച്ച്, ഒരു ആശ്ലേഷത്തിലൂടെ ആണ് (caress). കർത്താവു ക്ഷമിക്കുന്നത് നമ്മുടെ മുറിവുകളെ തലോടിക്കൊണ്ടാണ്. കാരണം, അവിടുന്ന് പാപമോചനത്തിൽ ഏർപ്പെട്ടിരിക്കുന്നു. നമ്മുടെ രക്ഷയിൽ അവിടുന്ന് ഏർപ്പെട്ടിരിക്കുന്നു” (NGM XVI). വി. ജോൺ പോൾ പാപ്പാ കരുണാസമ്പന്നൻ എന്ന തന്റെ ചാക്രികലേഖനത്തിൽ ഉയർത്തുന്ന ഒരു ചോദ്യം നീതി മാത്രം മതി
യോ എന്നാണ്? (DM 12). പാപ്പാ ഇത് പറയുന്നതിന് പശ്ചാത്തലവും ഉണ്ട്. ”ഇക്കാലഘട്ടത്തിൽ മനുഷ്യന്റെ നീതിബോധം വ്യാപകമായ തോതിൽ വീണ്ടും ഉയർന്നിരിക്കുന്നു” (DM 12). എന്നാൽ പാപ്പാ ഇവിടെ നല്കുന്ന മുന്നറിയിപ്പ് ഇന്നു പലപ്പോഴും ”നീതിയുടെ നിറവേറലിനെ സഹായിക്കേണ്ട കർമ്മ പദ്ധതികൾ പ്രയോഗത്തിൽ തലകീഴ് മറിക്കപ്പെടുന്നു” എന്നതാണ്. കാരണം, ”നിഷേധാത്മകശക്തികൾ നീതിയെക്കാൾ ഉയർന്നു നില്ക്കുന്നു. അസൂയ, മാത്സര്യം, വിദ്വേഷം എന്നിവയും ക്രൂരതപോലും ഉയർന്നുനില്ക്കുന്നു” (DM 12). പാപ്പായുടെ ഈ നിരീക്ഷണം എക്കാലത്തും ശരിയായ ഒന്നാണ്. അക്രമം നടത്തുന്നവരും തീവ്രവാദപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും ഉയർത്തുന്ന ഒരു വസ്തുത ‘തങ്ങളുടെ നീതിയുടെ പുനർസ്ഥാപനത്തിനുവേണ്ടിയാണ്’ ഇതെല്ലാം ചെയ്യുന്നതെന്നാണ്. കണ്ണിനുപകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന നീതി ശാസ്ത്രത്തിനുപരി ഉയരുവാൻ ഈശോ തന്റെ ശ്രോതാക്കളെ ആഹ്വാനം ചെയ്തതും നാം ഈ പശ്ചാത്തലത്തിൽ കാണുമ്പോൾ മനസ്സിലാക്കാൻ എളുപ്പമുണ്ട്. അതുകൊണ്ടാണ് പാപ്പാ എഴുതുന്നത് ”നീതിയുടെ വികൃതമാക്കപ്പെട്ട രൂപമായിരുന്നു” ഫരിസേയരുടെതും നിയമജ്ഞരുടേതും എന്ന് (DM 12). ഇന്നും ഇത് ആവർത്തിക്കപ്പെടുന്നതുകൊണ്ടാണ് ”നീതിയെന്ന പേരിൽ… അയൽക്കാരൻ ചിലപ്പോൾ നശിപ്പിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു, സ്വാതന്ത്ര്യമില്ലാത്തവനാക്കപ്പെടുന്നു. മൗലിക മാനുഷികാവകാശങ്ങൾ പിടിച്ചു പറിക്കപ്പെട്ടവനാകുന്നു. നീതി
മാത്രം പോരാ എന്നു ഭൂതകാലത്തെയും ഇക്കാലത്തെയും അനുഭവം തെളിയിക്കുന്നു” (DM 12) എന്നും ജോൺ പോൾ പാപ്പാ നിരീക്ഷിക്കുന്നത്.
ഇന്നലകളുടെയും ഇന്നിന്റെയും അനുഭവങ്ങളുടെ വെളിച്ചത്തിൽ നാം നിയമത്തിന്റെ നീതിയുടെ അതിർവരമ്പുകൾ കടക്കണമെന്നാണ് പാപ്പാ പറയുന്നത്. ”ഏറ്റവും ഉന്നതമായ നിയമം ഏറ്റവും ഉന്നതമായ ദ്രോഹം” (Summus jus, Summus injuria) എന്ന ചൊല്ല് രൂപപ്പെട്ടതിനും ചരിത്രപരമായ കാരണങ്ങളുണ്ടെന്ന് ജോൺ പോൾ മാർപ്പാപ്പാ കണ്ടെത്തുന്നു (DM 12). നീതിമാത്രം പോരാ എന്നു വ്യക്തമാക്കുന്ന ഒരു പാഠംകൂടി ധൂർത്തപുത്രന്റെ ഉപമ നമുക്കു മുമ്പിൽ അവതരിപ്പിക്കുന്നുണ്ട്. അപ്പനോട് എന്നും വിശ്വസ്തനായിരുന്ന മൂത്തപുത്രൻ നീതിബോധമുള്ളവനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ നീതി നിയമത്തിന്റെ നീതി ആയിരുന്നതുകൊണ്ട് ‘കരുണയുടെ വാതിൽ’ അദ്ദേഹത്തിന്റെ ജീവിതത്തിൽ അടഞ്ഞുകിടന്നു. അപ്പനും മൂത്ത മകനും തമ്മിലുള്ള വ്യത്യാസം അതാണ്. അപ്പൻ നീതിയെ അവികലമായി ജീവിതത്തിൽ കാത്തുസൂക്ഷിച്ചപ്പോഴും കരുണയുടെ വാതിൽ വിശാലമായി തുറന്നിട്ടു. അതുകൊണ്ട് തന്റെ ”സ്‌നേഹവും കരുണയും” ധൂർത്തടിച്ച പുത്രൻ തിരികെ വന്നപ്പോൾ അകത്തുപ്രവേശിക്കാനായി. എന്നാൽ ഈ ഔദാര്യം മൂത്തപുത്രനെ കോപാകുലനാക്കി (DM 6). അതാണ് ഇന്നും സംഭവിക്കുന്നത്. നീതിമാത്രം അന്വേഷിക്കുമ്പോൾ നീതിയെ അതിലംഘിക്കുന്ന കരുണയ്ക്കു മുമ്പിൽ നാം ”കലി” തുള്ളുന്നവരാകും. ഇന്നു വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും നീതിയുടെയും കരുണയുടെയും സാക്ഷ്യങ്ങളാണാവശ്യം. നീതി ഉപേക്ഷിക്കാതെയും അതിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കാതെയും നമുക്ക് കാരുണ്യം പ്രകടിപ്പിക്കുവാൻ സാധിക്കും. അതുകൊണ്ടാണ് നീതി കാരുണ്യജീവിതത്തിന്റെ ആദ്യപടിമാത്രമാകുന്നത്.