പളളിക്കൂദാശക്കാലം: മണവാളനായ മിശിഹായും മണവാട്ടിയായ സഭയും

സീറോ മലബാർ സഭയുടെ ആരാധനക്രമവത്സരത്തിന് ഒമ്പതു കാലങ്ങളാണല്ലൊ ഉളളത്. ഈശോയുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പിൽ തുടങ്ങി (മംഗലവാർത്തക്കാലം) സഭാമക്കളുടെ സ്വർഗ്ഗീയ സൗഭാഗ്യവും
നിത്യജീവനും ധ്യാനവിഷയമാക്കുന്ന ഒമ്പതാമത്തെ കാലമായ പളളിക്കൂദാശക്കാലത്തിൽ ഇത് അവസാനിക്കുന്നു. മംഗലവാർത്തക്കാലം ആരംഭിക്കുന്നതിനു മുമ്പുളള നാല് ആഴ്ചകളാണ് ഈ കാലത്തിലുളളത്. യുഗാന്ത്യത്തിൽ മിശിഹായുടെ മൗതികശരീരമായ സഭ കൈവരിക്കാൻ പോകുന്ന മഹത്ത്വീകരണമാണ് പളളിക്കൂദാശക്കാലത്ത് അനുസ്മരിക്കപ്പെടുന്നത്. അതിനാൽ മണവാട്ടിയായ സഭയോടൊപ്പം മണവാളനായ മിശിഹായെ സ്വീകരിക്കാൻ സഭാതനയരായ നാം ഈ കാലത്തിൽ തയ്യാറെടുക്കണം. അതിന് ആദ്യം നാം കാലത്തിന്റെ ചൈതന്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആരാധനക്രമവത്സരത്തിലെ ഓരോ കാലത്തിന്റെയും ചൈതന്യം മനസ്സിലാക്കുന്നതിന് പരി. കുർബാനയിലും യാമപ്രാർത്ഥനകളിലും കാലമനുസരിച്ചു മാറി വരുന്ന പ്രാർത്ഥനകൾ മനനം ചെയ്താൽ മതിയാകും.
മണവാളനും മണവാട്ടിയും
പളളിക്കൂദാശക്കാലത്തെ പ്രാർത്ഥനകളിലും ഗീതങ്ങളിലും ഏറ്റവും മനോഹരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് മണവാളനായ മിശിഹായുടെയും മണവാട്ടിയായ സഭയുടെയും ചിത്രങ്ങളാണ്. മിശിഹായും സഭയും തമ്മിലുളള അഭേദ്യമായ ബന്ധമാണ് പ്രതീകാത്മകമായി ഈ അവതരണത്തിൽ പ്രതിഫലിക്കുന്നത്. എത്ര മനോഹരമാണ് പളളിക്കൂദാശക്കാലം വ്യാഴാഴ്ചത്തെ ഓനീസാ ദ്‌സപ്രായിലെ ഗീതമെന്നു നമുക്കു കാണാം.
”ദാമ്പത്യത്തിൻ പൂവനിയിൽ
ജായാപതികളുയർത്തീടും
സ്‌നേഹസമന്വയമന്യൂനം
നാഥൻ സഭയിൽ പാലിപ്പൂ”.
വിവാഹനിശ്ചയം
ജോർദ്ദാനിലെ മാമ്മോദീസാവേളയിലാണ് മിശിഹാ സഭയെ തന്റെ മണവാട്ടിയായി
നിശ്ചയിക്കുന്നത്.
”യോർദ്ദാനിൽ തൻ സ്‌നാനത്താൽ
പുത്രൻ സഭയെ വധുവാക്കി”
(റംശാ, ഓനീസാ ദ് വാസർ, ചൊവ്വ)
പാപമില്ലാതിരുന്നിട്ടും ദൈവജനത്തിന്റെ പാപപ്പരിഹാരത്തിനുളള മാമ്മോദീസാ സ്വീകരിക്കുകവഴി ഈശോ സഭയെ തന്റെ വധുവായി സ്വീകരിക്കാനുളള സമ്മതം
നൽകുകയായിരുന്നു.
വിവാഹം
ജോർദ്ദാനിലെ മാമ്മോദീസാവേളയിലാണ് മിശിഹാ-സഭ വധൂവരന്മാരുടെ വിവാഹനിശ്ചയം നടക്കുന്നതെങ്കിൽ അവരുടെ വിവാഹം നടക്കുന്നത് കാൽവരിയിലെ കുരിശിലാണ്. കുരിശിൽ തന്റെ ശരീരവും രക്തവും വിലയായി നൽകിക്കൊണ്ടാണ് മിശിഹാ സഭയെ തന്റെ വധുവായി സ്വീകരിക്കുന്നത്.
”ദിവ്യനിണത്താൽ ദൈവസുതൻ
സഭയെ രക്ഷിച്ചലിവോടെ
അവളെ തൻപ്രിയ വധുവാക്കി ശാശ്വതജീവനവൾക്കേകി”
(റംശാ, ഓനീസാ ദക്ക്ദം, വ്യാഴം)
ഈശോയുടെ വിലാവിൽ നിന്നു പുറപ്പെട്ട രക്തവും ജലവും ശുദ്ധീകരിക്കപ്പെട്ട സഭയുടെ-വധുവിന്റെ പ്രതീകമായിട്ടാണ് മാർ അപ്രേം പിതാവ് കാണുന്നത്.
വിവാഹവിരുന്നും മണിയറപ്രവേശനവും
വിവാഹത്തിനു ശേഷം വിവാഹവിരുന്ന് അനിവാര്യമാണല്ലാ. പരി. കുർബാനയാണ് സ്വർഗ്ഗീയവിവാഹവിരുന്ന്. യുഗാന്ത്യത്തിൽ സംഭവിക്കാനിരിക്കുന്ന സ്വർഗ്ഗീയ മണിയറ പ്രവേശനത്തിന് സഭയ്ക്ക് ദൈവികപരിപോഷണം നൽകുന്നത് പരി. കുർബാനയാണ്.
”മിശിഹാ നാഥൻ തിരുരക്തത്താൽ
നിന്നെക്കഴുകി വെടിപ്പാക്കി.
അവനിയിലഖില സഹായങ്ങൾ-
ക്കുറവിടമാക്കിയുയർത്തുന്നു.
തന്റെ ശരീരം ഭക്ഷണമായ്
നിത്യം നൽകിപ്പോറ്റുന്നു.
നിത്യവിരുന്നിനു നിന്നെയവൻ
സദയം മാടി വിളിക്കുന്നു.”
(ലെലിയാ, ഓനീസാ ദ്മൗത്വാ, ഞായർ)
മിശിഹായുടെ രണ്ടാം വരവിൽ സ്വർഗ്ഗീയ മണവറയിലേയ്ക്ക് മണവാട്ടിയായ സഭ മണവാളനായ മിശിഹായോടൊപ്പം പ്രവേശിക്കുകയും അവിടെ അവന്റെ വലതുഭാഗത്ത് ഇരിക്കുകയും ചെയ്യുമ്പോൾ സഭയ്ക്കുണ്ടാകുന്ന മഹത്ത്വീകരണമാണ് പളളിക്കൂദാശക്കാലത്ത് നാം അനുസ്മരിക്കുന്നത്:
”കല്യാണത്തിന്നാഘോഷം
നിൻ പ്രത്യാഗമനദിനമല്ലോ
കാനായിലെ വധു സഭയല്ലോ
സഭയുടെ മക്കൾ ക്ഷണിതാക്കൾ”
(റംശാ, ഓനീസാ ദ്‌റംശാ, ചൊവ്വ)
ഈശോയുടെ രണ്ടാം വരവിലാണ് യഥാർത്ഥ വിവാഹാഘോഷം നടക്കുന്നത്. അന്ന് ദൂതഗണങ്ങൾ സഭയെ വാഴ്ത്തിപ്പാടും.
എങ്ങനെ ഒരുങ്ങാം
മൂന്നു കാര്യങ്ങളാണ് സഭാമാതാവ് നമ്മോട് അനുശാസിക്കുന്നത്:
1. ദൈവികപരിപോഷണം നൽകുന്ന പരി. കുർബാനയിൽ പൂർണ്ണമായി പങ്കുചേരുക.
”ദാഹം തീർത്തു ബലം നേടാൻ
ആത്മാവിന്നൊരു പാനീയം
സഭയിലൊരുക്കിയ നാഥനെ നാം
വാഴ്ത്തിപ്പാടി നമിക്കേണം”
(റംശാ, ഓനീസാ ദ്‌റംശാ, ചൊവ്വ)
2. സഭാത്മകജീവിതം നയിക്കുക
”അലകടലിൻ നടുവിൽ
നീങ്ങും നൗക സമം
തിരുസ്സഭ ശോഭിപ്പൂ.
അഴിവിയലാത്തൊരു ജീവനിലേ-
ക്കവളിഹ നമ്മെ നയിക്കുന്നു.”
(റംശാ, ഓനീസാ ദക്ക്ദം, തിങ്കൾ)
നിത്യജീവനിലേക്കു ദൈവജനത്തെ നയിക്കുന്നത് സഭാമാതാവാണ്. അതിനാൽ സഭയോടും അവളുടെ കൂദാശകളോടും വിശ്വസ്തരായിരിക്കണം എന്നാണിവിടെ അർത്ഥമാക്കുന്നത്.
3. വചനാധിഷ്ഠിത ജീവിതം നയിക്കുക
”സഭയിലുമതുപോൽ തിരൂവചനം
നാഥൻ നിയതം സൂക്ഷിപ്പൂ
അതു പാലിപ്പവനായുസ്സും
ലംഘിപ്പവനോ നാശവുമാം.”
(റംശാ, ഓനീസാ ദ്‌റംശാ, ചൊവ്വ)
അതിനാൽ സഭയാകുന്ന അമ്മയോടു ചേർന്ന് പരി. കുർബാനയിൽ നിന്ന് ദൈവികശക്തി സ്വീകരിച്ച് ദൈവവചനത്തിനുതകും വിധം ജീവിച്ചാൽ യുഗാന്ത്യത്തിൽ മണവാളനായ മിശിഹായെ എതിരേൽക്കാൻ നമുക്കു കഴിയും.
ഗ്രന്ഥസൂചിക:
J.Moolan, Liturgical Year: Syro Malabar Church, OIRSI Kottayam, 2013