കരുണയുടെ അസാധാരണ ജൂബിലി വർഷത്തിനു സമാപനം കുറിക്കുന്ന ഈ വേളയിൽ കരുണയെ മുഖ്യധാരയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പൗരസ്ത്യ സുറിയാനി പാരമ്പര്യത്തെക്കുറിച്ചുളള ഒരു വിചിന്തനത്തിന് ഏറെ പ്രസക്തിയുണ്ട്. ”സുവിശേഷത്തിന്റെ ആനന്ദം” എന്ന ശ്ലൈഹിക പ്രബോധനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പാ കത്തോലിക്കാസഭയുടെ വിശ്വാസസംഹിതയിൽ നിലനില്ക്കുന്ന ഒരു മുൻഗണനാക്രമത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിനു ഉദാഹരണമായി അദ്ദേഹം വേദപാരംഗതനായ തോമസ് അക്വീനാസിനെ ഉദ്ധരിക്കുന്നു: ”കരുണയാണ് ഏറ്റവും പ്രധാനപ്പെട്ട സുകൃതം; മറ്റെല്ലാം അതിനു ചുറ്റും കറങ്ങുന്നു, മറ്റു സുകൃതങ്ങളുടെ കുറവുകളെപ്പോലും പരിഹരിക്കുകയും ചെയ്യുന്നു” (No.37) ഇതു വായിച്ചപ്പോൾ എന്റെ മനസ്സിലേക്കോടിയെത്തിയത് സെന്റ് തോമസ് അക്വീനാസിനെക്കാൾ ഏതാണ്ട് ആറു നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന സുറിയാനിസഭയിലെ മഹാതാപസനായ നിനിവേയിലെ വി. ഐസക്കിന്റെ വാക്കുകളാണ്. അദ്ദേഹം പറഞ്ഞുവച്ചു; ഏറ്റവും വലിയ ക്രിസ്തീയ സുകൃതം കരുണയാണ്. കരുണയുടെ പ്രഥമഗണനീയതയെ (Primacy of mercy) അദ്ദേഹം എടുത്തുകാട്ടി. അദ്ദേഹം ചോദിക്കുന്നു: ”കരുണനിറഞ്ഞ ഒരു ഹൃദയം എങ്ങനെയുളളതാണ്? അത് സർവ്വസൃഷ്ടികളോടും, മനുഷ്യരോടും, പക്ഷികളോടും, മൃഗങ്ങളോടും എന്നു വേണ്ട തിന്മകളുടെ ശക്തികളുടെ മേൽപോലും സ്‌നേഹംകൊണ്ടു ജ്വലിക്കുന്ന ഹൃദയമാണത്.” അദ്ദേഹത്തിന്റതന്നെ വാക്കുകളിൽ പറഞ്ഞാൽ പുറത്തുനിന്നുളള പ്രവാഹങ്ങളെല്ലാം നിലച്ചു
കഴിയുമ്പോൾ മനുഷ്യന്റെ ഹൃദയത്തിൽ നിന്നും അഗാധമായ ധ്യാനത്തിൽ നിന്നുളള ആത്മീയ ഉറവകൾ പൊട്ടിപ്പുറപ്പെടും. ഇതുപോലെ സ്വസഭാപാരമ്പര്യത്തിലുളള ദൈവകാരുണ്യത്തിന്റെ ഉറവകൾ കണ്ടെത്താനും ഈ കരുണയുടെ വത്സരം ഉപകരിക്കണം.
കാരുണ്യപദാവലി സുറിയാനി ബൈബിളിൽ
സുറിയാനി ബൈബിളായ പ്ശീത്തായിലുളള അടിസ്ഥാനപദങ്ങൾ ദൈവകാരുണ്യത്തെ സൂചിപ്പിക്കുന്ന കരുണയുടെ അർത്ഥതലത്തെക്കുറിച്ചുളള ഉൾക്കാഴ്ചകൾ നല്കുന്നുണ്ട്. അതിൽ ഒന്നാമത്തെ വാക്ക് ”റഹ്മാ”എന്നുളളതാണ്. കരുണയുളളവർ ഭാഗ്യവാന്മാർ; എന്തെന്നാൽ അവർക്കു കരുണ ലഭിക്കും (മത്താ 5:7) എന്ന വചനത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഈ വാക്കാണ്. ഈ വാക്കാകട്ടെ മാതൃ ഉദരം എന്നർത്ഥമുളള ”റഹേം” എന്ന പദത്തിൽ
നിന്നു വന്നതാണ്. ഒരു മാതാവിന് തന്റെ ഗർഭസ്ഥശിശുവിനോടുളള സ്‌നേഹാർദ്രതയും കരുണയുമെല്ലാം പ്രകാശിപ്പിക്കുന്ന പദമാണ് ”റഹേം”. അപ്പോൾ ”റഹ്മാ” എന്ന വാക്ക് സഭയുടെ ആരാധനക്രമങ്ങളിലും ആത്മീയ സാഹിത്യത്തിലുമൊക്കെ ഉപയോഗിക്കുമ്പോൾ വെറും ‘കരുണ’ എന്നതിനെക്കാൾ ഹൃദയാർദ്രത വഴിഞ്ഞൊഴുകുന്ന അനുകമ്പപൂർണ്ണമായ ഒരു സ്‌നേഹത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ സ്‌നേഹത്തെ, അഥവാ ദൈവസ്‌നേഹത്താൽ നിറഞ്ഞ മനുഷ്യന്റെ സ്‌നേഹത്തെ ഒക്കെ ഇതു സൂചിപ്പിക്കുന്നു. രണ്ടാമത്തെതാകട്ടെ ”ഹാൻ”, ”ഹന്നാന” എന്ന പദമാണ്. ദയ, അനുകമ്പ എന്നൊക്കെയാണിതിന്റെ അർത്ഥം. ”ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീയും നിന്റെ സഹോദരനോടു ദയ കാട്ടേണ്ടിയിരുന്നില്ലേ” എന്നു മത്താ 18:33 ൽ പറയുമ്പോൾ ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ചുങ്കക്കാരന്റെ പ്രാർത്ഥന: ദൈവമേ, പാപിയായ എന്നിൽ കനിയണമേ (ലൂക്കാ 18:13) എന്നതിലും ഈ വാക്കാണുപയോഗിച്ചിരിക്കുന്നത്. മനുഷ്യർ തമ്മിലുളളതും, ദൈവത്തിൽ നിന്നും മനുഷ്യൻ തേടുന്നതുമായ ദയയും കനിവുമാണ് ഇത് അർത്ഥമാക്കുന്നത്. മൂന്നാമത്തെ വാക്കാണ് ‘ഥൈബൂസാ’ അഥവാ കൃപ. നമ്മുടെ കർത്താവീശോമിശിഹായുടെ ‘കൃപ’ (1 കോറി 16:23, 2 കോറി 13:14) എന്നതിൽ ഉപയോഗിച്ചിരിക്കുന്നത് ഈ പദമാണ്. ദൈവസന്നിധിയിലുളള സ്വീകാര്യത, ദൈവം നല്കുന്ന സവിശേഷമായ ദാനം എന്നതിനെയെല്ലാം സൂചിപ്പിക്കാൻ ഈ വാക്കുപയോഗിച്ചിരിക്കുന്നു. നാലാമത്തെ പദമാണ് ഹൂസായ അഥവാ പാപപ്പരിഹാരം, ക്ഷമ, അനുരഞ്ജനം (റോമാ 3:25; 1 യോഹ 2:2) = മിശിഹാ നമ്മുടെ പാപപ്പരിഹാര ബലിയായി). കൂടാതെ ദൈവത്തോട് പാപമോചനം യാചിക്കുന്നതിന് ഈ പദമാണ് ഉപയോഗിക്കുന്നത്. ദൈവത്തിന്റെ കരുണാർദ്ര സ്‌നേഹവും, ദൈവം നല്കുന്ന ക്ഷമയും മനുഷ്യർ തമ്മിൽത്തമ്മിൽ കാണിക്കേണ്ട ദയാവായ്പുമെല്ലാം സൂചിപ്പിക്കുന്ന ഈ പദങ്ങളുടെ ബാഹുല്യം തന്നെ പ്ശീത്തായിലും സുറിയാനി ആരാധനക്രമങ്ങളിലും ആദ്ധ്യാത്മിക, കാനോനിക ഗ്രന്ഥങ്ങളിലും കാണാൻ കഴിയുന്നതിൽനിന്ന് ദൈവകരുണ ഈ പാരമ്പര്യത്തിന്റെ ഒരു മുഖ്യധാരയാണെന്നു വ്യക്തമാക്കുന്നു.
ദൈവം കരുണാർദ്രസ്‌നേഹം
ദൈവം മാതൃ-പിതൃസ്‌നേഹത്തിന്റെ ഉറവിടമാണെന്നാണ് പൗരസ്ത്യസുറിയാനി
പാരമ്പര്യം വ്യക്തമാക്കുന്നത്. പരി. കുർബാനയിൽ ലേഖനവായനക്കു മുമ്പുളള പ്രാർ
ത്ഥനകളിൽ ദൈവത്തിന്റെ സ്വഭാവം തന്നെ കരുണ കാണിക്കലാണെന്നു വ്യക്തമാക്കുന്നു:
”നിന്റെ സ്വഭാവത്തിനൊത്തവിധം ഞങ്ങളോടു കരുണ കാണിക്കുകയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ”. ഇതി
ന്റെ സുറിയാനി ഉറവിടം കൃത്യമായി പരിഭാഷപ്പെടുത്തിയാൽ ഇങ്ങനെ വായിക്കാം: ”കർത്താവേ, ഞങ്ങളിലേക്കു തിരിഞ്ഞ് നീ സദാസമയവും ചെയ്യുന്നതുപോലെ മനസ്സലിഞ്ഞ് ഞങ്ങളോടു കരുണകാണിക്കണമേ”. ദൈവം സദാ കരുണ പൊഴിച്ചുകൊണ്ടേയിരിക്കുന്നവനാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. പിതാക്കന്മാരുടെ കുറ്റങ്ങൾക്ക് മക്കളെ മൂന്നു തലമുറ ശിക്ഷിക്കുമെങ്കിലും തന്നെ സ്‌നേഹിക്കുകയും തന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറ കരുണ കാണിക്കുകയും ചെയ്യും എന്ന പഴയനിയമ വചനത്തിൽ (പുറ 20:6) കരുണയുടെ വശത്തേക്കു തിരിഞ്ഞിരിക്കുന്ന ദൈവത്തിന്റെ നീതിയുടെ തുലാസിന്റെ ആക്കം ദർശിക്കാനാവും. സ്വഭാവത്താലെ ദൈവകരുണയുടെ മേല്‌കൈ നേടുന്ന വിജയത്തെയാണ് ഈ പ്രാർത്ഥന സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ പ്രവൃത്തികളിലൂടെ മാത്രമാണ് ദൈവകാരുണ്യം മനുഷ്യന് അനുഭവവേദ്യമാകുന്നത്. സുറിയാനി പിതാവായ നിനിവേയിലെ വി. ഐസക്ക് പറയുന്നത് ദൈവകാരുണ്യം ഒന്നാമതായി മനസ്സിലാകുന്നത് ദൈവത്തിന്റെ സൃഷ്ടികർമ്മത്തിലാണെന്നാണ്. സൃഷ്ടപ്രപഞ്ചവും അതിലെ ഓരോ വസ്തുവും ദൈവകാരുണ്യം വിളംബരം ചെയ്യുന്ന ദൈവത്തിലേയ്ക്കുളള കൈചൂണ്ടികളാണെന്ന മാർ അപ്രേമിന്റെ ചിന്തകളും ഇതോടു ചേർത്തു വായിക്കാം. കരുണയുടെ പദാവലികൾ മുഴുവനും ഉപയോഗപ്പെടുത്തിക്കൊണ്ടുളള മാർ അദ്ദായി-മാറി അനാഫൊറായിലെ രണ്ടാം ഗഹാന്തായുടെ സുറിയാനി
പ്രാർത്ഥന ഇങ്ങനെ പരിഭാഷപ്പെടുത്താം: തന്റെ കൃപയാൽ (ഥൈബൂസാ) ലോകത്തെയും തന്റെ കരുണയാൽ (റഹ്മാ) അതിലെ നിവാസികളെയും സൃഷ്ടിക്കുകയും തന്റെ കനിവിനാൽ (ഹന്നാന) മനുഷ്യരാശിയെ രക്ഷിക്കുകയും മനുഷ്യവർഗ്ഗത്തോട് വലിയ കൃപകാണിക്കുകയും (ഥൈബൂസാ റമ്പാ) ചെയ്ത പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വത്തിന് എല്ലാ നാവുകളിൽ നിന്നു സ്തുതിയും…”. സൃഷ്ടിയും പരിപാലനവും (ദബ്‌റാനൂസാ) ദൈവകാരുണ്യത്തിന്റെ ബഹിർസ്ഫുരണങ്ങളാണ്. സാധാരണ ദിവസത്തെ സപ്രാ
ഇങ്ങനെയാണല്ലോ ആരംഭിക്കുന്നത്. ”കർത്താവേ, സൃഷ്ടികളെല്ലാം ആനന്ദപൂർവം അങ്ങയെ സ്തുതിച്ചാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ അനന്തവും അഗ്രാഹ്യവുമായ കാരുണ്യത്താൽ അങ്ങ് അവയെ സൃഷ്ടിച്ചു; അത്ഭുതകരമായി പരിപാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു…” ഞായർ സപ്രായിലെ ഒരു സ്ലോസാ ഇങ്ങനെയാണ്: സ്വർഗ്ഗീയമായ തേജസ്സിനാൽ സകല സൃഷ്ടികളെയും ആനന്ദിപ്പിക്കുന്ന കർത്താവേ, പ്രകാശത്തിന്റെ സ്രഷ്ടാവും തന്റെ കരുണയാൽ ഇരുളിനെ ക്രമപ്പെടുത്തിയിരിക്കുന്നവനും അങ്ങാകുന്നു. മൃതസംസ്‌കാരശുശ്രൂഷയിലെ പരിചിതമായ ഒരു പ്രാർത്ഥനയും ഇതോടു ചേർത്തു വായിക്കാം. ”കരുണയാൽ ഞങ്ങളെ സൃഷ്ടിക്കുകയും, നീതിയാൽ മരണവിധേയരാക്കുകയും ദയാധിക്യത്താൽ ഉയിർപ്പിക്കുകയും ചെയ്യുന്ന കർത്താവേ,…”. ചുരുക്കത്തിൽ, സൃഷ്ടിയിലും രക്ഷാപരി
പാലനത്തിലുമാണ് നമുക്ക് ദൈവകാരുണ്യം അനുഭവിക്കാനാവുന്നത്.
മനുഷ്യാവതാരം കാരുണ്യത്തിന്റെ ഇറങ്ങിവരവ്
ആദിമനുഷ്യന്റെ വീഴ്ചയിൽ സൃഷ്ടികളിലുണ്ടായ തകർച്ചയെ പുനക്രമീകരിച്ചു വീണ്ടെടുക്കാനാണ് ദൈവപുത്രൻ അവതീർണ്ണനാകന്നത്. മർത്ത്യാകാരം പൂണ്ട ദൈവകാരുണ്യമാണ് വൃദ്ധനായ ശെമയോൻ ശിശുവായ ഈശോയിൽ ദർശിച്ചത്: ഇതാ എന്റെ കണ്ണുകൾ നിന്റെ കാരുണ്യം-ദയാവായ്പ് (ഹന്നാന) ദർശിച്ചിരിക്കുന്നു (ലൂക്കാ 2:30: പ്ശീത്താ). ജനക്കൂട്ടത്തെ കണ്ട് അനുകമ്പ തോന്നി അവർക്ക് അപ്പവും അനുഗ്രഹവും സൗഖ്യവും നല്കിയ ഈശോ (മത്താ 7:36; 14:14; 15:32; 18:27; 20:34; മർക്കോ 1:41; മറ്റുളളവരോടു കരുണ കാണിക്കാൻ ആവശ്യപ്പെടുന്ന ഈശോ (മത്താ 18:33; ലൂക്കാ 6:36; 10:17), നന്ദിഹീനരോടും, ദുഷ്ടരോടും, അനുതപിക്കുന്നവരോടുമെല്ലാം കരുണ കാട്ടുന്ന പിതാവിനെ ചൂണ്ടിക്കാട്ടിയ ഈശോ (ലൂക്കാ 6:35; 15:20) സർവോപരീ ബലിയേക്കാൾ കരുണയാണ് ഞാനാഗ്രഹിക്കുന്നത് എന്നു വെളിപ്പെടുത്തിയ ഈശോ (ഹോശ 6:6; മത്താ 9:13; 12:7) ഇങ്ങനെ ഈശോയുടെ കരുണനിറഞ്ഞ തിരുമുഖം തെളിഞ്ഞുതെളിഞ്ഞു വരുന്ന വിചിന്തനങ്ങളും പ്രാർത്ഥനകളുമെല്ലാം സുറിയാനി പിതാക്കന്മാരുടെ കൃതികളിലും ആരാധനക്രമങ്ങളിലും ഏറെയുണ്ട്.
കൂദാശകൾ കാരുണ്യത്തിന്റെ നീർച്ചാലുകൾ
ഈശോ തന്റെ കൃപയുടെയും കാരുണ്യത്തിന്റെയും നീർച്ചാലുകൾ ഇന്നും സഭയുടെ കൂദാശകളിലൂടെ ഒഴുക്കിക്കൊണ്ടേയിരിക്കുന്നു. പരി. കുർബാനയിലെയും മറ്റു കൂദാശകളിലെയും നിരവധി പ്രാർത്ഥനകളും കർമ്മങ്ങളും ഇവിടെ ഉദാഹരിക്കാനാവും. പരി. കുർബാനയിലെ ഒന്നാമത്തെ പ്രാർത്ഥന തന്നെ ദൈവകാരുണ്യത്തെ പ്രകീർത്തിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ”മനുഷ്യവർഗ്ഗത്തിന്റെ നവീകരണത്തിനും രക്ഷക്കുംവേണ്ടി അങ്ങയുടെ പ്രിയപുത്രൻ കാരുണ്യപൂർവ്വം (റഹ്മാ) നല്കിയ രഹസ്യങ്ങളുടെ പരികർമ്മത്തിനു ബലഹീനരായ ഞങ്ങളെ കനിവോടെ (ഹന്നാന) ശക്തരാക്കണമേ (സുറി. പരിഭാഷ). കുർബാന എന്ന പദം തന്നെ ദൈവത്തിലേയ്ക്ക് അടുപ്പിക്കുക എന്നർത്ഥമുളള ‘ഖറബ്’ എന്ന മൂലപദത്തിൽനിന്നാണ് വരുന്നത്. അയോഗ്യരായ മനുഷ്യരെ ദൈവത്തിലേക്കടുപ്പിക്കുന്നതാകട്ടെ ദൈവകാരുണ്യവും: ”…കർത്താവേ, ഞങ്ങൾ തീർത്തും അയോഗ്യരാകുന്നു. എങ്കിലും നിന്റെ കൃപയുടെ കാരുണ്യം…പരിശുദ്ധവും ജീവദായകവുമായ ഈ രഹസ്യങ്ങളിലേക്ക് ഞങ്ങളെ അടുപ്പിക്കുന്നു” (മൂലക്രമം). മാർ തെയഡോറിന്റെ കൂദാശക്രമത്തിലും ഇതു വ്യക്തമാണ്:
”പാപം മൂലം അയോഗ്യരായിരുന്നിട്ടും അങ്ങയുടെ കാരുണ്യാതിരേകത്താൽ ഞങ്ങളെ അങ്ങയിലേക്കടുപ്പിക്കുകയും പരിശുദ്ധാത്മാവിന്റെ കൃപയാൽ നവീകരിച്ചു വിശുദ്ധീകരിക്കുകയും ചെയ്തു”. കരുണാസമ്പന്നനായ ദൈവത്തോട് കരുണയും കൃപയും പാപമോചനവും അർത്ഥിക്കുന്ന ഒട്ടേറെ പരാമർശങ്ങൾ ത്രൈശുദ്ധകീർത്തനം, കാറോസൂസാകൾ പ്രാർത്ഥനകൾ എന്നിവയിൽ കാണാവുന്നതാണ്. ദൈവാലയം തന്നെ ദൈവത്തിന്റെ കാരുണ്യം നിവസിക്കുന്ന സങ്കേതമാണ് (ഓനീസാദ് കങ്കെ). പഴയനിയമത്തിലെ കൃപാസനത്തിന്റെ (mercy-seat) പൂർത്തീകരണമാണ് കർതൃനാമം ഇറങ്ങിവന്ന് ആവസിക്കുന്ന (പുറ 20:24) സഭയുടെ ബലിപീഠം. വിധി പുറപ്പെടുവിക്കുന്ന സിംഹാസനം (Judgement-seat) എന്നർത്ഥമുളള ബേമ്മായും ദൈവകാരുണ്യത്തിന്റെ പീഠമാണെന്നു മനസ്സിലാക്കാനാവും. അവിടെ മുഴങ്ങുന്ന സുവിശേഷവചനങ്ങളാകട്ടെ, ”ജീവനും ആനന്ദവും ദയയും കാരുണ്യവും… കൃപയും നന്മയുമാകുന്നു” (സുവിശേഷത്തിന്റെ തുർഗാമ). പരി. കുർബാനസ്വീകരണത്തിനു ശേഷമുളള കീർത്തനങ്ങൾ അങ്ങയുടെ വലിയ കാരുണ്യം -ദയാവായ്പ് (ഹന്നാന) കണ്ട കണ്ണുകൾ
നിന്റെ അനുഗൃഹീതമായ പ്രത്യാശ കാണാനിടയാകട്ടെ (മൂലക്രമം) എന്നുദ്‌ഘോഷിക്കുന്നു. പരി. കുർബാന അപ്പത്തെ ‘ദിവ്യകാരുണ്യം’ എന്നാണു വിളിക്കുന്നത്. മറ്റു ക്രസ്തീയ പാരമ്പര്യങ്ങളിലൊന്നുമില്ലാത്ത വളരെ അർത്ഥവത്തായ ഒരു സംഭാവനയാണിത്. മാമ്മോദീസായെ ദൈവകരുണയാൽ
നിർവ്വഹിക്കപ്പെടുന്ന ഒരു നവസൃഷ്ടിയും പുതുജന്മവുമായി മനസ്സിലാക്കുന്ന സുറിയാനി പാരമ്പര്യം അനുരഞ്ജനകൂദാശക്രമത്തെ തക്‌സാ-ദ്-ഹൂസായാ – പാപപ്പൊറുതിയുടെയും ക്ഷമയുടെയും ക്രമമായാണ് മനസ്സിലാക്കുന്നത്. പാപങ്ങൾ എണ്ണത്തിലും തരത്തിലും ഏറ്റുപറഞ്ഞുളള വിചാരണയിലും പരിഹാരത്തിന്റെ വിധിപ്രസ്താവത്തിലുമടങ്ങുന്ന ഒരു നീതിപീഠത്തിന്റെ നൈയ്യാമിക പ്രക്രിയയെക്കാൾ ദൈവത്തിന്റെ കരുണയും ക്ഷമയും അനുഭവിക്കുന്ന വേദിയായാണ് അനുരഞ്ജനകൂദാശയെ ഇവിടെ കണക്കാക്കുന്നത്. പാപത്തിന്റെ ചികിത്സാത്മക മാനത്തിന് (therapeutic understanding of sin) പൗരസ്ത്യപാരമ്പര്യം ഊന്നൽ
നൽകുന്നു. പാപം ആത്മാവിന്റെ മുറിവുകളാണ്; രോഗമാണ്. ദിവ്യഭിഷഗ്വരനായ മിശിഹായുടെ സ്ഥാനത്തിരിക്കുന്ന ആത്മാവിന്റെ വൈദ്യന്മാരായ വൈദികർക്ക് പാപി തന്റെ പാപം വെളിപ്പെടുത്തിക്കൊടുത്ത് പാപമോചനവും സൗഖ്യവും പ്രാപിക്കുന്നുവെന്ന് മോപ്തുവേസ്തിയയിലെ വി. തെയഡോർ പറയുന്നു. പരി. കുർബാനയെ ജീവന്റെ / രക്ഷയുടെ ഔഷധം (സ്യാം ഹൈയ്യേ) എന്നാണ് മാർ അപ്രേം വിശേഷിപ്പിക്കുന്നത്. തിരുസ്സഭ കാർക്കശ്യത്തിന്റെ വടിയെടുക്കതെ കരുണയുടെ തൈലം പുരട്ടണമെന്ന ജോൺ 23-ാം മാർപ്പാപ്പായുടെയും ഫ്രാൻസിസ് മാർപ്പാപ്പായുടെയും ആഹ്വാനങ്ങൾ ഇതിനോടു ചേർന്നു പോകുന്നു. അനുരഞ്ജനകൂദാശയും പരി. കുർബാനയും മാത്രമാല്ല ദൈവവചനത്തെയും ഒരു ഔഷധമായി നമ്മുടെ പ്രാർത്ഥനകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ”ശരീരത്തെ സൗഖ്യമാക്കുകയും ആത്മാവിനെ ജീവിപ്പിക്കുകയും ചെയ്യുന്ന വചനങ്ങൾ നിങ്ങൾ ശ്രവിക്കുവിൻ” (സുവിശേഷത്തിന്റെ തുർഗാമ).
കാരുണ്യം വിവാഹമെന്ന കൂദാശയിൽ
മനസ്സമ്മതത്തിന്റെ സുറിയാനികർമ്മങ്ങളിൽ ഹന്നാന-അഥവാ മാർത്തോമ്മാശ്ലീഹായുടെ കബറിടത്തിലെ മണ്ണു കലർത്തിയ വെളളം ആശീർവദിച്ചിരുന്നു. ഹന്നാൻ വെളളം മറ്റവസരങ്ങളിലും ഉപയോഗിക്കുന്നുണ്ടല്ലോ. ഹന്നാന ദൈവകാരുണ്യത്തിന്റെയും ദയാവായ്പിന്റെയും തീർത്ഥജലമാണ്. ഭാര്യയെ ഉപേക്ഷിക്കാമെന്ന് മൂശെ കല്പിച്ചത് നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണെന്നും ആദിമുതലേ അങ്ങനെയായിരുന്നില്ലെന്നും ഈശോ തിരുത്തൽ നല്കുന്നുണ്ടല്ലോ (മത്താ 19:8). ഹൃദയകാഠിന്യത്തിന്റെ ന്യായവാദത്തിൽനിന്നും ഹൃദയകാരുണ്യത്തിന്റെയും ദയാവായ്പിന്റയും മനോഭാവം ഉൾക്കൊളളുന്നതിനെ അനുസ്മരിക്കുന്നതാണ് വിവാഹകർമ്മത്തിലെ ഹന്നാനയുടെ ആശീർവാദം.
വിവാഹബന്ധത്തിൽ മുറിവും ക്ഷതവും തകർച്ചയും നേരിടുന്ന സഭാമക്കളെ ദയാവായ്‌പോടെ അനുഗമിക്കുന്നതിനും ആവശ്യമെങ്കിൽ പുതിയ അവസരങ്ങൾ നല്കുന്നതിനുമുളള വ്യവസ്ഥകൾ ഓയിക്കണോമിയാ (oikonomia) അഥവാ ”സഭാഭവനത്തിലെ നിയമത്തിന്റെ” ആനുകല്യത്തിൽ അകത്തോലിക്കാ പൗരസ്ത്യസഭകൾ നല്കുന്നതും കാരുണ്യത്തിന്റെ മനോഭാവത്തിൽ നിന്നാണ്.
കത്തോലിക്കാ സഭാനിയമങ്ങളുടെ പരിധിയിൽ നിന്നുകൊണ്ടുതന്നെ തകർച്ച
നേരിടുന്ന കുടുംബങ്ങളെ കാരുണ്യത്തോടെ അനുയാത്ര ചെയ്യുന്നതിനു ഫ്രാൻസിസ് മാർപ്പാപ്പാ ആഹ്വാനം ചെയ്തിരിക്കുന്നതും ഇവിടെ ഓർമ്മിക്കാം.
കരുണയുടെ അസാധാരണ ജൂബിലി വർഷം അവസാനിക്കുമ്പോഴും ആരാധനാവത്സരത്തിലൂടെയുളള ദൈവത്തിന്റെ സമയത്തിൽ പങ്കുചേരുന്ന കൃപാവത്സരവും ആരാധനയിലും ആദ്ധ്യാത്മികതയിലും ജീവിതത്തിലും
നിറയുന്ന കരുണയുടെ ചൈതന്യവും ഒരു പ്രവാഹമായി നമ്മുടെ സഭാപാരമ്പര്യത്തിലൂടെ തുടർന്നുകൊണ്ടേയിരിക്കുന്നു.