കരുണയുടെ വർഷം അവസാനിക്കുന്നു. എന്നാൽ കാരുണ്യം ഒരു മഴയായി നമ്മിലൂടെ പെയ്തിറങ്ങണം. കാരണം ദൈവം സർവ്വ സൃഷ്ടികളോടും കരുണയുളളവനാണ്. ബർഷബ മരുഭൂമിയിൽ ചുട്ടുപൊളളുന്ന വെയിലത്ത് വെളളത്തിനായി ഉച്ചത്തിൽ കരയുന്ന ഹാഗാറിന്റെ കുഞ്ഞിന്റെ കരച്ചിൽ കേട്ട ദൈവം (ഉല്പ 21,17-18) ജോബിനോടു ചോദിച്ചു: ”കുഞ്ഞുങ്ങൾ തീറ്റികിട്ടാതെ ദൈവത്തോട് നിലവിളിക്കുമ്പോൾ തീറ്റക്കുവേണ്ടി പറന്നലയുന്ന കാക്കയ്ക്ക് തീറ്റി എത്തിച്ചുകൊടുക്കുന്നതാര്?” (ജോബ് 38,41). മഹാനഗരമായ നിനിവേയിലെ ഒരുലക്ഷത്തിയിരുപതിനായിരത്തിൽപരം ആളുകളും അസംഖ്യം മൃഗങ്ങളും ചാക്കുടുത്ത് ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചപ്പോൾ ദൈവം മനസ്സുമാറ്റി തന്റെ ക്രോധം പിൻവലിച്ചു. അവരെ ശിക്ഷയിൽനിന്നു ഒഴിവാക്കി. ദൈവത്തിന്റെ മനസ്സുമാറ്റം അവിടുത്തെ അതിരറ്റ കാരുണ്യമാണ്. (യോന 3,1-9)
ദൈവത്തിന്റെ കരുണയുടെ മുഖമാണ് ഈശോ. അതുകൊണ്ടാണ് ഏകപുത്രൻ
നഷ്ടപ്പെട്ട നായീമിലെ വിധവയോട് അവിടുത്തേയ്ക്ക് അലിവുതോന്നിയത്. ജറീക്കോയിലെ അന്ധൻ കനിവിനായി യാചിച്ചപ്പോൾ അവന് സൗഖ്യം നൽകിയത്. വിധവയുടെ നിറം മങ്ങിയ തുവാലയിൽ പൊതിഞ്ഞ തുരുമ്പു പിടിച്ച ചെമ്പുതുട്ടിന് വില കൽപിച്ചത്. പാപിനിയായ സ്ത്രീയെ വിധിക്കാതിരുന്നത്. ഇടയനില്ലാത്ത ആടുകളെ കണ്ടപ്പോൾ അനുകമ്പ തോന്നിയത്. തന്റെ വലതുവശത്തു കിടന്ന കളളന് പറുദീസ വാഗ്ദാനം ചെയ്തത്. കുരിശിൽ കിടന്നുകൊണ്ട് പിതാവിനർപ്പിച്ച പ്രാർത്ഥനയിലും കരുണയുടെ ആഴം ദർശിക്കാനാവും. ”പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമെ” (ലൂക്ക 23, 24).
ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ കരുണയുടെ ആഴമറിഞ്ഞ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ തനിക്കുനേരെ വെടിയുണ്ടകൾ ഉതിർത്ത മുഹമ്മദ് അലി അഗ്കയോട് ക്ഷമിച്ചു. സി. റാണി മരിയയെ കുത്തി കൊലപ്പെടുത്തിയ സാമന്തർസിംഗിനോട് സിസ്റ്ററിന്റെ കുടുംബം അതിരറ്റ കരുണ കാട്ടിയില്ലേ? തന്നെ അതിക്രൂരമായി പീഡിപ്പിച്ച കമ്മ്യൂണിസ്റ്റ് ഭരണകർത്താക്കളോട് ക്ഷമിച്ച ഫാ. ഏണസ്റ്റ് സിമോണി (കർദ്ദിനാൾ ഏണസ്റ്റ് സിമോണി) ഫ്രാൻസിസ് മാർപ്പാപ്പായെ കരയിച്ചു. വൈദികപദവിയിൽ നിന്നും കർദ്ദിനാൾ സ്ഥാനത്തേക്ക് ഫ്രാൻസിസ് മാർപ്പാപ്പാ അദ്ദേഹത്തെ ഉയർത്തി. കരുണയുടെ വർഷം അവസാനിക്കുമ്പോൾ ഈശോയുടെ വചനം നമുക്കോർക്കാം: ”നിങ്ങളുടെ സ്വർഗ്ഗീയപിതാവ് കരുണയുളളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുളളവരായിരിക്കുവിൻ”(ലൂക്ക6, 36). ദൈവം മനസ്സുമാറ്റി നിനിവെ നഗരവാസികളോട് കരുണ കാണിച്ചു. നമുക്കും മനസ്സു മാറ്റാം. സഹജീവികളോട് കരുണ കാണിക്കാം!!!