സീറോ മലബാർ സഭയും സ്വത്വബോധവും

മാർത്തേമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തെക്കുറിച്ച് വളരെ ഭിന്നമായ കാഴ്ചപാടുകൾ ഇന്നും നിലനില്ക്കുന്നത് നമ്മുടെ ശരിയായ ചരിത്രബോധത്തിന് തടസ്സമാകുന്നുണ്ട്. പാശ്ചത്യർ ഒരു കാല ത്ത് എഴുതിയിരുന്നത് ഭാരതത്തിലെ ക്രൈ സ്തവചരിത്രം പോർട്ടുഗീസുകരുടെ വരവോ ടെയാണ് ആരംഭിച്ചത് എന്നായിരുന്നു.
പഴയ ചില വിജ്ഞാനകോശങ്ങളിൽ ഈ വാദഗതി സ്ഥലം പിടിച്ചിരുന്നു. ഇന്ന് ഒരു പക്ഷേ അങ്ങനെയൊരു വാദഗതി ആരും ഉന്നയിക്കില്ലായിരിക്കും.
എം.ജി.എസിനെ പോലുള്ള ചില ഹൈന്ദവ ചരിത്രകാരന്മാർ തോമ്മാശ്ലീഹായുടെ ആഗമ നത്തിന് തെളിവില്ലെന്നു പറയുമെങ്കിലും പോർട്ടുഗീസുകരുടെ ആഗമനത്തിനു വളരെ മുമ്പു തന്നെ വളരെ പ്രബലമായ ഒരു ക്രൈ സ്തവസമൂഹം ഇവിടെ ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിൽ
നിന്നു മാത്രമല്ല ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നും ശ്രീലങ്കയിലെ അനുരാധപുരത്തു നിന്നുപോലും പേർഷ്യൻ കുരുശുകൾ കണ്ടെത്തിയിട്ടുണ്ടല്ലോ. ഈ ക്രൈസ്തസമൂഹങ്ങൾക്കെല്ലാം എന്തു സംഭവിച്ചു എന്നുള്ളത് ഗൗരവമായി പഠിക്കേണ്ടതാണ്, ഗവേഷണ വിഷയമാകേണ്ടതാണ്. സംഘകാലകൃതികളും അതുപോലെയുള്ള പുരാതന രേഖകളും നാം ഇതുവരെ വേണ്ടവിധം പരിശോധിച്ചിട്ടില്ല. ഭാരതചരിത്രത്തോടു ബന്ധപ്പെട്ടിട്ടുള്ള ആദികാലക്രൈസ്തവ ചരിത്രത്തിനും നാം ഒരു സഭയെന്ന നിലയിൽ കൂടുതൽ താത്പര്യമെടുക്കേണ്ടതായിട്ടുണ്ട്. ക്രൈസ്തവർ ചെറുന്യൂനപക്ഷമായതുകൊണ്ടും ഉത്തരേന്ത്യൻ പഠനശാലകളിൽ നമ്മുടെ സാന്നിധ്യ കുറവായതുകൊണ്ടും അക്ക്രൈസ്തവ ചരിത്രകാരന്മാർ ഇക്കാര്യത്തിൽ ശ്രദ്ധിക്കാതെ പോയത് സ്വാഭവികം
വ്യത്യസ്തമായ നിലപാടുകൾ പുനരവലോകനം ചെയ്യണം
ഇന്ന് ഭാരതത്തിലെമ്പാടും പൗരസ്തസഭകളുടെ സന്നിധ്യമുള്ളതുകൊണ്ട് അവിടങ്ങളിലെ പ്രാദേശിക ചരിത്രം പഠിച്ച് ആദിമനൂറ്റാണ്ടുകളിലെ ക്രൈസ്തവ
സാന്നിദ്ധ്യത്തെക്കുറിച്ച് എന്തെങ്കിലും തെളിവുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. അവിടെയുള്ള ചരിത്രപുസ്തകങ്ങളിൽ ആദ്യകാല ക്രൈസ്തവ സാന്നിദ്ധ്യത്തെക്കുറിച്ച് ഒന്നും കണ്ടെന്നു വരില്ല. അതിനാൽ ഗവേഷണങ്ങളിലൂടെ തെളിവുകൾ കണ്ടുപിടിക്കാനാണ് ശ്രമിക്കേണ്ടത്. ഭാരതത്തിൽ യഹൂദരുടെയും അർമ്മേനിയാക്കാരുടെയുമെല്ലാം സാന്നിദ്ധ്യം പലയിടങ്ങളിലും ഉണ്ടായിരുന്നു. അവിടെങ്ങളിലെല്ലാം ക്രൈസ്തവസാന്നിദ്ധ്യവും ആദ്യ നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്നിരിക്കാം. പക്ഷേ ഇതെല്ലാം ഗവേഷണ പരിശ്രമങ്ങളിലൂടെ മാത്രമേ കണ്ടെത്താൻ സാധിക്കൂ. കേരളത്തിലെ ക്രൈസ്തവസഭകൾ ചരിത്രരംഗത്തെ പലകാര്യങ്ങളിലും വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരച്ചിട്ടുള്ളത്. ഉദാഹരണമായി ഉദയംപേരൂർ സുനഹദോസ്, കൂനൻകുരിശ് സത്യം എന്നിവയെ സംബന്ധിച്ചു ലത്തിൻ, സീറോ മലബാർ, ഓർത്തോഡോക്‌സ് ചരിത്രകാരന്മാർ തികച്ചും ഭിന്നമായ രീതിയിലാണ് ചിത്രീകരിക്കുക. ഈ വ്യത്യസ്ത വീക്ഷണക്കാർ ഒരുമിച്ചിരുന്ന് ഗൗരവമായ ചർച്ചകൾ നടത്തിയാൽ പല തെറ്റിദ്ധാരണകളും മാറ്റി ഏകദേശ ധാരണയുണ്ടാക്കാവുന്നതാണ്. ഈ അടുത്ത കാലത്ത് ആഗോളതലത്തിലെ കാത്തലിക് -ഓർത്തോഡോക്‌സ് ഡയലോഗിലൂടെ: ആദ്യ സഹസ്രബ്ദത്തിലെ പൊതുഭരണക്രമം എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് ധാരണയിലെത്തിയതായി വാർത്ത കണ്ടു. പലപ്പോഴും എല്ലാവർക്കും എല്ലാ
ചരിത്രരേഖകളും ലഭ്യമാകത്തതുകൊണ്ടായിരിക്കും ഭിന്നമായ നിലപാടുകളെടുക്കാൻ ഇടയാകുന്നത്. കേരളത്തിൽ നടത്തിവരുന്ന കാത്തലിക് ഓർത്തോഡോക്‌സ്-യാക്കോബായ സഭാ സംഭാഷണങ്ങളിലൂടെ നമ്മുടെ പതിനാറാം നൂറ്റാണ്ടുവരെയുള്ള ചരിത്രത്തെ സംബന്ധിച്ചു ഏകദേശ ധാരണയുണ്ടായി. പക്ഷേ, ഏങ്കിലും ആദ്യനൂറ്റാണ്ടുകളിലെ ചരിത്രത്തിൽ ഏറെ അവ്യക്തത അവശേഷിക്കുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിനു മുൻപ് പേർഷ്യൻ സഭയുമായി മാത്രമല്ല, നമുക്ക് മറ്റു സഭകളുമായി (ഉദാ. കോപ്റ്റിക് സഭയുമായും) ബന്ധം ഉണ്ടായിരുന്നുവെന്നും ആ സഭയിൽനിന്ന് മെത്രാന്മാർ ഇവിടെ വന്നിരുന്നുവെന്നുമാണ് പല ഓർത്തോഡോക്‌സ് ചരിത്രകാരന്മാരുടെയും പക്ഷം. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചും ഒരുമിച്ച് കൂടി പുരാതനരേഖകൾ പഠിക്കുകയാണെങ്കിൽ ചരിത്രരംഗത്ത് അതു നേട്ടമായിരിക്കും, എക്യുമെനിസത്തിനും സഹായകമാകും.
ആരാധനക്രമത്തിന്റെയും
ആദ്ധ്യത്മികതയുടെയും ചരിത്രം
ഒരു വ്യക്തിസഭയുടെ പൂർണ്ണമായ ആത്മാവിഷ്‌കാരം നടക്കുന്നത് അതിന്റെ ആരാധനക്രമത്തിലാണ്. അതുകൊണ്ട് തന്നെ സ്വത്വബോധത്തിന്റെ വളർച്ചക്ക് ഓരോ സഭയിലെയും ആരാധനക്രമ രൂപീകരണവും വളർച്ചയും അടങ്ങിയ ചരിത്രം മനസ്സിലാക്കുന്നത് ആരാധനയിൽ ബോധപൂർവ്വം പങ്കെടുക്കുന്നതിനും അഭിമാനിക്കുന്നതിനും സഹായിക്കും. പ്രത്യേകിച്ച് നമ്മുടെ ആരാധനക്രമം റോമൻ സാമ്രാജ്യത്തിന് പുറത്ത് ‘ശ്ലൈഹിക കാലഘട്ടത്തിൽ’ രൂപം കൊണ്ട നമ്മുടെ ആരാധനരീതികളെക്കുറിച്ച് മനസ്സിലാക്കുന്നത് ആരാധനക്രമത്തെക്കുറിച്ചുള്ള അഭിമാനത്തിൽ വളരുവാൻ നമ്മെ സഹായിക്കും, അതിനോടുള്ള വിശ്വസ്തതയിൽ വളരാനും പ്രേരണയാകും. വത്തിക്കാൻ കൗൺസിൽ തന്നെ പൗരസ്ത്യ
ആരാധനക്രമങ്ങളുടെ പൗരാണികതയും സമ്പന്നതയുമാണല്ലോ ഉയർത്തിക്കാട്ടുക. ‘സർവ്വത്രികസഭ പൗരസ്ത്യസഭകൾ വഴി എത്രയധികം സമ്പന്നമായിട്ടുണ്ടെന്ന് ചരിത്ര
വും പാരമ്പര്യങ്ങളും നിരവധി സഭാസംവിധാനങ്ങളും തെളിയിക്കുന്നുണ്ട്’ (OE 5).
എക്യുമെനിസത്തെക്കുറിച്ചുള്ള ഡിക്രിയിൽ, പൗരസ്തസഭകളെക്കുറിച്ച് പറയുമ്പോൾ പാത്രിയാക്കൽ സഭകളുടെ പ്രഥമസ്ഥാനത്തെപ്പറ്റി പരാമർശിച്ച് ശേഷം ‘അവയിൽ
പലതും ശ്ലീഹന്മാരാൽ തന്നെ സ്ഥാപിതമാക്കപ്പെട്ടതെന്ന് അഭിമാനിക്കുകയും ചെയ്യുന്നു’ (UR.14) എന്നു കൂട്ടിച്ചേർക്കുന്നുമുണ്ട്.
പൗരസ്ത്യസഭകളെക്കുറിച്ചുള്ള ഡിക്രിയിൽ, ‘പൗരസ്തസഭകളുടെ സംവിധാനങ്ങൾ, ദൈവാരാധനാരീതികൾ, സഭാപാരമ്പര്യങ്ങൾ, ക്രൈസ്തവ വിവാഹസമ്പ്രദായം
എന്നിവ കത്തോലിക്കാ സഭ ആദരവോടെ പരിഗണിക്കുന്നു. കാരണം, ആദരണീയമായ  പുരാതനത്വംകൊണ്ട് ബഹുമാനമർഹിക്കുന്നവ എന്ന നിലയ്ക്ക് പിതാക്കന്മാർവഴിനല്കപ്പെട്ട ശ്ലൈഹികപാരമ്പര്യം അവയിൽ വെളിപ്പെടുന്നു’ (OE. 1).
ആദ്ധ്യത്മികതയുടെ ചരിത്രവും സ്വത്വബോധം വളർത്താൻ സഹായിക്കും. വത്തിക്കൻ കൗൺസിൽ പൗരസ്ത്യ സഭകളുടെ ആദ്ധ്യാത്മികതയെക്കുറിച്ച് ഏറെ ബഹുമാന്യപൂർവ്വമാണ് പ്രതിപാദിക്കുക. പൗരസ്തദേശങ്ങളിലാണ് സന്ന്യാസജീവിതം ആരംഭിച്ചതെന്നും അവിടെ നിന്നാണ് പാശ്ചാത്യദേശങ്ങളിലേക്ക് അത് വ്യാപിച്ചതെന്നും പിതാക്കന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട് (UR. 15). അതിനാൽ ഈ
ആദ്ധ്യത്മികതയുടെ ചരിത്രം മനസ്സിലാക്കുന്നത് ആത്മാഭിമാനത്തെയും സ്വത്വബോധത്തെയും വളർത്തുമെന്നതിൽ സംശയമില്ല.
കൗൺസിൽ ചൂണ്ടിക്കാട്ടുന്ന ഈ സന്ന്യാസത്തിന്റെ സമ്പത്ത് നമുക്ക് എന്തുമാത്രം ഉണ്ടായിരുന്നുവെന്ന് നാമിന്ന് ഗവേഷണം നടത്തി മനസ്സിലാക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ 19-ാം നൂറ്റണ്ടാലരംഭിച്ച വ്യസ്ഥാപിത സന്ന്യാസസമൂഹങ്ങളെക്കുറിച്ചാണ് നമുക്കിന്നറിയാവുന്നത്. പേർഷ്യൻ സഭയോട് ബന്ധപ്പെട്ടു നിന്നിരുന്ന നമ്മുടെ സഭയിൽ സന്ന്യാസ പാരമ്പര്യം നിലവിൽ ഉണ്ടായിരുന്നില്ലെന്ന് പറയാനാവില്ല പക്ഷേ ആ ചരിത്രവും നാം കണ്ടെത്തേണ്ടിയിരിക്കുന്നു.
അതേസമയം നമ്മുടെ സഭയിൽ നോമ്പാചരണത്തിനും ഉപവാസത്തിനും മറ്റും
ഇന്നും ഏറെ പ്രാധാന്യമുണ്ടല്ലോ. ആണ്ടുവട്ടത്തിലെ ബുധനാഴ്ചകളും വെള്ളിയാഴ്ചകളും
നമുക്ക് നോമ്പ്/ഉപവാസദിനങ്ങളായിരുന്നു. പിന്നെ അമ്പത് നോമ്പ്, എട്ടുനോമ്പ്, ഇരുപതഞ്ചുനോമ്പ്, പതിനഞ്ചു നോമ്പ് തുടങ്ങിയ മറ്റു നോമ്പുകളും നമുക്കുണ്ടല്ലോ.
പാശ്ചാത്യസഭയിൽ നോമ്പിനും ഉപവാസത്തിനും ഇത്ര പ്രാധാന്യം നാം കാണുന്നില്ല. നമ്മുടെ സഭയിൽ ഇങ്ങനെയൊരു ആചരണത്തിനു പിന്നിൽ സന്ന്യാസജീവിതം ഉണ്ടായിരിക്കാനാണ് സാധ്യത. പക്ഷേ അതു കണ്ടെത്തുവാൻ നാം കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു. ഭാരതത്തിലെ പൊതു സന്ന്യാസജീവിതത്തോട് ബന്ധപ്പെട്ടാവണം ഈ പഠനം.
ഏതായാലും നമ്മുടെ സ്വത്വബോധം ആഴമുള്ളതാകണമെങ്കിൽ നാം ചരിത്ര
പഠനത്തിന് കൂടുതൽ പ്രധാന്യം നല്ക്ണം. ഒരു കാലത്ത് സഭാകാര്യങ്ങളിൽ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരുന്നപ്പോൾ ചരിത്രരംഗവും സജീവമായിരുന്നു. ഇന്നിപ്പോൾ ഈ രംഗം ഏതാണ്ടു നിർജ്ജീവമായിരിക്കുന്നു. ലിയോ പതിമൂന്നാം മാർപ്പാപ്പായുടെ Orientalium Dignitas പോലുള്ള സുപ്രധാന രേഖകൾപോലും നാം ഇന്ന് കണക്കിലെടുക്കുന്നില്ല. ഈ സ്ഥിതിമാറി കൂടുതൽ ഗവേഷണശ്രമങ്ങളും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉള്ളവർ തമ്മിലുള്ള സൗഹാർദ്ദപരമായ ചർച്ചകളും സജീവമാകണം. സ്വത്വബോധവും ഐക്യചിന്തകളും ഒരുപോലെ നാം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. അതിനു ശരിയായ ചരിത്രപഠനം അനുപേക്ഷണീയമാണ്. പൗരസ്ത്യസഭകൾ ഈ രംഗത്ത് കൂടുതൽ ശ്രദ്ധചെലുത്തിയേപറ്റൂ.