വിശുദ്ധ അന്ത്രയോസ് ശ്ലീഹാ തിരുനാൾ-നവംബർ 30

ഈശോയുടെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരാളായിരുന്ന വിശുദ്ധ അന്ത്രയോസ് ഗലീലിയിലെ ബത്ത്‌സെയിദായിൽ ജനിച്ചു. വിശുദ്ധ പത്രോസിന്റെ സഹോദരനും (ഒരുപക്ഷേ ജ്യേഷ്ഠസഹോദരനും) അദ്ദേഹത്തെപ്പോലെ തന്നെ മീൻപിടുത്തക്കാരനുമായിരുന്നു അന്ത്രയോസ്. ഈശോയുടെ മുന്നോടിയായി വന്ന സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാരായിട്ടാണ് രണ്ടു പേരും ജീവിതം ആരംഭിക്കുന്നത്. പിന്നീട് രണ്ടു പേരും മിശിഹായുടെ ശിഷ്യന്മാരായിത്തീർന്നു. സുവിശേഷങ്ങളിൽ കാണുന്ന ശ്ലീഹന്മാരുടെ പട്ടികയിൽ പത്രോസ് (Peter) ഒന്നാമതും അന്ത്രയോസ് (Andrew) രണ്ടാമതും വരുന്നു. ശ്ലൈഹികപ്രമുഖനായ പത്രോസിന്റെ പിന്നിൽ അറിയപ്പെടാത്തവനായി സൗമ്യശീലനായ അന്ത്രയോസ് കഴിഞ്ഞുകൂടി.
ബൈബിളിൽ അന്ത്രയോസിന്റെ ചരിത്രം വളരെ ചുരുക്കമായി മാത്രമാണു കാണുന്നത്. സ്വയം പിന്നിലേക്കു മാറി മറ്റുളളവരെ മുന്നിലേക്കു കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിരുന്നുവെന്ന് തോന്നുന്നു. ജോർദ്ദാൻ നദീ തീരത്തു വച്ചാണ് ഈശോ അന്ത്രയോസിനെ വിളിക്കുന്നത്. ഉടൻ തന്നെ അദ്ദേഹം തന്റെ സഹോദരനെ തേടിപ്പോവുകയും, കണ്ടെത്തിയപ്പോൾ ”ഞാൻ മിശിഹായെ കണ്ടു” എന്ന്
പത്രോസിനോട് പറയുകയും ചെയ്തു. ഇതിനു മുമ്പ് ഒരു ദിവസം ഈശോയോടുകൂടി താമസിച്ചതിനു ശേഷമാണ് അദ്ദേഹം കർത്താവിന്റെ ശിഷ്യത്വം സ്വീകരിച്ചത്. ആശ്ചര്യഭരിതനായ ശെമയോനെ അന്ത്രയോസ് ഈശോയുടെ അടുക്കൽ കൊണ്ടുവന്നു പരിചയപ്പെടുത്തി. പിന്നീട് തന്റെ വിശുദ്ധ സഭയുടെ അടിസ്ഥാനശിലയാകാനിരുന്ന ശെമയോന്റെ പേര് ഈശോ ”പത്രോസ് അഥവാ കേപ്പാ” എന്നു മാറ്റി. ”പാറ” എന്നാണ് ഇതിന്റെ അർത്ഥം; പത്രോസിന്റെ അചഞ്ചലമായ വിശ്വാസത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഈ സഹോദരന്മാർ യോനായുടെ പുത്രന്മാർ എന്നാണ് സുവിശേഷത്തിൽ അറിയപ്പെടുന്നത്.
വിജനസ്ഥലത്തു വച്ച് വിശന്നു വലഞ്ഞ അയ്യായിരം പേർക്ക് ഭക്ഷണം കൊടുക്കാൻ ഈശോ ശിഷ്യന്മാരോട് ആവശ്യപ്പെട്ടപ്പോൾ ഫിലിപ്പ് അത് അസാധ്യമാണെന്ന് അഭിപ്രായപ്പെട്ടു. അന്ത്രയോസ് പറഞ്ഞു: ”ഇവിടെ ഒരു ബാലന്റെ പക്കൽ അഞ്ച് യവംകൊണ്ടുളള അപ്പവും രണ്ടു മീനുമുണ്ട്. എങ്കിലും അതുകൊണ്ട് എന്താകാനാണ്?” അന്ത്രയോസ് ദൈവപുത്രനായ ഈശോയിൽ നിന്ന് ഒരത്ഭുതം പ്രതീക്ഷിച്ചിരിക്കാം. വി. യോഹന്നാന്റെ സുവിശേഷം 6-ാം അദ്ധ്യായത്തിലാണ് ഈ സംഭവവിവരണം.
‘ഏീഹറലി ഘലഴലിറ’ എന്ന പുസ്തകത്തിൽ ഒരു സംഭവവിവരണമുണ്ട്. ഈശോയുടെ സ്വർഗ്ഗാരോഹണത്തിനു ശേഷം ശിഷ്യന്മാർ സുവിശേഷം പ്രസംഗിക്കാൻ പല ദിക്കുകളിലേക്കു പോയി. പെന്തക്കുസ്താ കഴിഞ്ഞിട്ടാണ് ഇതു നടന്നത്. അന്ത്രയോസ് സിത്തിയായിലും (Scythia) മത്തായി എത്യോപ്യായിലും (Ethiopia) വചനം പ്രഘോഷിച്ചു. മത്തായിയുടെ പ്രസംഗം കേട്ട വിജാതീയർ ക്ഷുഭിതരായി അദ്ദേഹത്തെ ബന്ധിച്ച്, കണ്ണു കുത്തിപ്പൊട്ടിച്ച്, ജയിലിലാക്കി. അദ്ദേഹത്തെ വധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഈയവസരത്തിൽ കർത്താവിന്റെ ഒരു ദൂതൻ അന്ത്രയോസിനു പ്രത്യക്ഷപ്പെട്ട് മത്തായിയുടെ അടുക്കലേക്കു പോകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മാലാഖായുടെ സഹായത്തെടെ അന്ത്രയോസ്, ഒരു കപ്പലിൽ കയറി, മത്തായി ബന്ധിതനായിരുന്ന നഗരത്തിലെത്തി. ജയിൽ തുറന്നു കിടക്കുന്നതായിട്ടാണ് അന്ത്രയോസ് കണ്ടത്. മത്തായിയുടെ ദയനീയാവസ്ഥ കണ്ട അദ്ദേഹം കയ്‌പോടെ
കരഞ്ഞു. അന്ത്രയോസിന്റെ പ്രാർത്ഥന കേട്ട കർത്താവ് മത്തായിക്ക് നഷ്ടപ്പെട്ട കാഴ്ചശക്തി തിരികെ നൽകി. അതിനു ശേഷം മത്തായി അന്ത്യോക്യായിലേക്കു പോയി. അന്ത്രയോസ് എത്യോപ്യായിൽ തങ്ങി. മത്തായി രക്ഷപെട്ട
തിൽ കുപിതരായ സ്ഥലവാസികൾ അന്ത്രയോസിന്റെ കൈകൾ ബന്ധിച്ച് അദ്ദേഹത്തെ തെരുവുകളിലൂടെ വലിച്ചിഴച്ചു. ശരീരത്തിൽ  നിന്ന് രക്തം പ്രവഹിച്ചുകൊണ്ടിരിക്കുമ്പോൾ അന്ത്രയോസ് തന്റെ പീഡകർക്കുവേണ്ടി പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയുടെ ഫലമായി അവരെല്ലാം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം അക്കായായിലേക്കു (Achaea) പോയി. ഈ സംഭവവിവരണം വിശ്വാസപാരമ്പര്യത്തിന്റെ ഭാഗമാണ്.
അന്ത്രയോസ് കപ്പദോച്ചിയ, ഗലാത്യാ, ബിഥിനിയാ, സിത്തിയാ, റഷ്യ, ബിസാൻസിയം,
ത്രെയിസ്, മാസിഡോണിയാ, തെസലി, അക്കയാ എന്നീ സ്ഥലങ്ങളിലെല്ലാം സുവിശേഷം പ്രസംഗിച്ചു. വചനപ്രഘോഷണത്തോടൊപ്പം നിരവധി അത്ഭുതങ്ങളും അദ്ദേഹം പ്രവർത്തിച്ചു. മരിച്ച ഒരു യുവാവിനെ വിശുദ്ധൻ ഉയിർപ്പിക്കുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായി ഈ പ്രദേശങ്ങളിലെല്ലാം ധാരാളം ആളുകൾ മാനസാന്തരപ്പെട്ട് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. അവസാനം അക്കയായിൽ വിജയകരമായി സുവിശേഷം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ, അദ്ദേഹം അവിടെ പളളികൾ സ്ഥാപിക്കുകയും ധാരാളം പേരെ മാനസാന്തരപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ മിശിഹായിൽ വിശ്വസിച്ച് മാമ്മോദീസ സ്വീകരിച്ചവരിൽ ഒരാളായിരുന്നു പ്രോകോൺസൽ ഏജിയൂസിന്റെ ഭാര്യ. ഇതെപ്പറ്റി കേട്ടറിഞ്ഞ അയാൾ പാത്രായിലെത്തി വിശ്വാസം ഉപേക്ഷിക്കാനും വിഗ്രഹങ്ങളെ ആരാധിക്കാനും ക്രിസ്ത്യാനികളെ നിർബന്ധിച്ചു. ഇതിനൊക്കെ കാരണക്കാരനായ അന്ത്രയോസിനെ അയാൾ പിടികൂടി; ആദ്യം ചമ്മട്ടി കൊണ്ട് അദ്ദേഹത്തെ പ്രഹരിച്ചു. അതിനുശേഷം ഒരു കുരിശിൽ കിടത്തിയപ്പോൾ അദ്ദേഹം സന്തോഷപൂർവ്വം പറഞ്ഞു: ”മിശിഹായുടെ അവയവങ്ങളാൽ പവിത്രീകരിക്കപ്പെട്ട നല്ല കുരിശേ, എത്ര
നാളായി ഇതിനെ ഞാൻ കൊതിച്ചിരിക്കാൻ തുടങ്ങിയിട്ട്? ഇതാ ഞാൻ അതു കണ്ടെത്തിയിരിക്കുന്നു. നിന്റെ കരങ്ങളിൽ എന്നെ സ്വീകരിച്ച് ദിവ്യഗുരുവിനു സമർപ്പിക്കുക. നീ വഴി എന്നെ രക്ഷിച്ചവൻ നിന്നിൽ നിന്ന് എന്നെ സ്വീകരിക്കട്ടെ.”
രണ്ടു ദിവസം ശ്ലീഹാ ജീവനോടെ കുരിശിൽ കിടന്നു. ആ കുരിശിനെ പ്രസംഗപീഠമാക്കിക്കൊണ്ട് മരിക്കും വരെ അദ്ദേഹം വചനം പ്രസംഗിച്ചു. അടുത്തു വന്നിരുന്നവരോട് തന്റെ സഹനങ്ങൾ കുറക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കുരിശിൽ കിടന്നുകൊണ്ടുളള ശ്ലീഹായുടെ പ്രാർത്ഥന അവസാനിച്ചപ്പോൾ, സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ഉജ്ജ്വലമായ പ്രകാശം അദ്ദേഹത്തിന്റെ ശിരസ്സിനെ വലയം ചെയ്തു. അരമണിക്കൂറോളം ഈ പ്രഭാവലയം കാണപ്പട്ടു.
ആ സമയം ആർക്കും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഈ പ്രകാശം മങ്ങിയപ്പോൾ വിശുദ്ധൻ സമാധാനപൂർവ്വം തന്റെ ആത്മാവിനെ ദൈവ തൃക്കരങ്ങളൽ സമർപ്പിച്ചു. ഏജിയൂസിന്റെ ഭാര്യയായ മാക്‌സിമില്ല (Maximilla) ശ്ലീഹായുടെ പൂജ്യശരീരം എടുത്ത് ആദരപൂർവ്വം സംസ്‌കരിച്ചു. ഏജിയൂസിന് തന്റെ ഭവനത്തിൽ തിരിച്ചെത്താൻ പോലും കഴിഞ്ഞില്ല. അയാളെ വഴിയിൽവച്ച് ഒരു പിശാച് പടികൂടി; ആളുകൾ നോക്കി നിൽക്കെ അയാൾ തെരുവിൽ മരിച്ചുവീണു.
കുറെക്കാലത്തേക്ക് ശ്ലീഹായുടെ ശവകുടീരത്തിൽ നിന്ന് ഒരുതരം മന്നായും സുഗന്ധമുളള തൈലവും പുറപ്പെട്ടിരുന്നുവെന്ന് സ്ഥലവാസികൾ പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഏറ്റക്കുറവനുസരിച്ച് അടുത്ത വർഷത്തെ വിളവിന്റെ സമൃദ്ധിയോ കുറവോ അറിയാൻ കഴിയുമായിരുന്നത്രെ. ഏതായാലും വിശുദ്ധന്റെ പൂജ്യാവശിഷ്ടങ്ങൾ അവിടെനിന്നും കോൺസ്റ്റാന്റിനോപ്പിളിലേക്ക് മാറ്റപ്പെട്ടു
വെന്നാണ് പൊതുവേയുളള വിശ്വാസം.