പഞ്ചഗ്രന്ഥങ്ങൾ

റവ. ഡോ. സിറിയക്ക് വലിയകുന്നുംപുറത്ത്‌

ദൈവശാസ്ത്രപരമായും ചരിത്രപരമായും ഉല്പത്തി പുസ്തകത്തെ രണ്ടു
പ്രധാന ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഭാഷാന്തരത്തിലുള്ള വ്യത്യാസങ്ങളും കാഴ്ചപ്പാടുകളുമാണ് ഈ തിരിവിന് പ്രധാനപ്പെട്ട കാരണം. ഉല്പത്തി പുസ്തകം 1 മുതൽ 11 വരെയും 12 മുതൽ 50 വരെയുമുള്ളതാണ് രണ്ട് ഭാഗങ്ങൾ. ആദ്യത്തേതിന് ചരിത്രാതീത കാലഘട്ടമെന്നും രണ്ടാമത്തേതിന് ചരിത്രകാലഘട്ടമെന്നും പരമ്പരാഗതമായി അറിയപ്പെടുന്നു. ആദ്യത്തെ ഭാഗം വിവിധ കഥകളും, ബാബിലോണിയൻ പൗരാണികതയിൽ നിന്ന് കടമെടുത്ത സംഭവങ്ങളും, ചില ദൈവശാസ്ത്ര ചിന്തകളും ഒന്നിച്ചുവയ്ക്കുന്ന ഭാഗമാണ്. എന്നാൽ വി. ഗ്രന്ഥത്തിന്റെ പുതിയ അവലോകനരീതി അനുസരിച്ച് ആദ്യഭാഗം ചരിത്രത്തെ നിർവചിക്കുന്ന വേദപുസ്തകഭാഗമായാണ് കരുതപ്പെടുന്നത്. എന്നാൽ ഇതിന്റെ ആഖ്യാനരീതിയും ഇതിന്റെ ഘടനയും മറ്റ് പുസ്തകഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.
ഉല്പത്തി 1 മുതൽ 11 വരെയുള്ള അദ്ധ്യായങ്ങളുടെ ഘടന
ഭൂമിയുടെ സൃഷ്ടിയെക്കുറിച്ചും അതിലുൾക്കൊള്ളുന്ന ജീവനെക്കുറിച്ചുമുള്ള
വ്യക്തമായ കാഴ്ചപ്പാടുകളിലൂടെ ആരംഭിക്കുന്നതാണ് 1 മുതൽ 11 വരെയുള്ള അദ്ധ്യായങ്ങൾ. അതിനാൽത്തന്നെ ഇതിന്റെ ശീർഷകം
ഹെബ്രായഭാഷയിൽ ‘ബെറഷീത്’ അല്ലെങ്കിൽ ഉല്പത്തി എന്ന് വിശേഷിപ്പിക്കുന്നു. ഈ അദ്ധ്യായങ്ങൾ വിവിധ യൂണിറ്റുകളായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ യൂണിറ്റുകളെ പരസ്പരം കോർത്തിണക്കിക്കൊണ്ടാണ് ഇതിന്റെ ദൈവശാസ്ത്രം ക്രമീകരിച്ചിരിക്കുന്നത്. ഈ ചെറിയ യൂണിറ്റുകൾ അതിനാൽത്തന്നെ നിലനൽക്കുന്നവയല്ല. മറിച്ച് ഇസ്രായേലിന്റെ ചരിത്രവുമായി അഭേദ്യം ബന്ധപ്പെട്ടാണിരിക്കുന്നത്. ഈ യൂണിറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ആഖ്യാനശൈലിയാണ് ‘തൊലദോത്ത് ഫോർമുല’. ഉല്പത്തി 2:4, 5:1, 6:9, 10:1, 11:10, 11:27 എന്നീ ഭാഗങ്ങളിലാണ് ഈ ശൈലി പ്രത്യക്ഷപ്പെടുന്നത്. ഇവ പരസ്പരം പൂരകങ്ങളും ദൈവശാസ്ത്രപരമായി ബന്ധമുള്ളതുമാണ്. ഇവയിൽ ഭൂമിയും അതിലെ ചരാചരങ്ങളുടെ ആവിർഭാവവും (1:1-2:4), ഏദേൻതോട്ടത്തിന്റെ വർണ്ണനയും (2:4-4:26), ജലപ്രളയകഥകളും (6:9-9:29), ബാബേൽ ഗോപുരത്തിന്റെ പതനവും (11:1-9) ഉൾച്ചേർത്തിരിക്കുന്നു. 1 മുതൽ 11 വരെയുള്ള അദ്ധ്യായങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ‘തൊലദോത്ത് ശൈലി’ ഈ ഭാഗത്തിന്റെ മാത്രം പ്രത്യേകതയല്ല. മറിച്ച് ഉല്പത്തി പുസ്തകത്തിന്റെ മുഴുവൻ ആഖ്യാനശൈലിയാണ് (പിന്നീട് ഇത് ചർച്ച ചെയ്യുന്നതായിരിക്കും). ഉല്പത്തി 1:1-2:4
സൃഷ്ടിയെക്കുറിച്ചുള്ള ആദ്യവിവരണമടങ്ങുന്ന വി. ഗ്രന്ഥഭാഗമാണിത്. ഇത് ഏകവിവരണമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഉല്പത്തി 1:1 ഇപ്രകാരം പറയുന്നു: ‘ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു’. 2:4 പറയുന്നു: ‘ഇതാണ് ആകാശത്തിന്റെയും ഭൂമിയുടേയും ഉല്പത്തിയുടെ ചരിത്രം’. ഈ രണ്ടു വചനഭാഗങ്ങളും ഒന്നുചേർന്ന് വായിക്കുമ്പോൾ ‘ആകാശവും ഭൂമിയും തമ്മിലുള്ള ബന്ധം’ ഈ വചനഭാഗങ്ങളിൽ കാണാവുന്നതാണ്. അതിനാൽ
ത്തന്നെ ഈ ഭാഗം ആകാശത്തിന്റെയും ഭൂമിയുടെയും ഉല്പത്തിയുടെ ചരിത്രമായി വ്യാഖ്യാനിക്കാൻ കഴിയും. ഉല്പത്തി 1,2 വാക്യങ്ങൾ ഈ സൃഷ്ടിവിവരണത്തിന്റെ ആമുഖം എന്നതിലുപരി വിശുദ്ധ ഗ്രന്ഥത്തിന്റെ തന്നെ ആമുഖമാണ്. സൃഷ്ടിക്കു മുമ്പ് പ്രപഞ്ചം എങ്ങനെയായിരുന്നുവെന്ന് ഈ വചനഭാഗങ്ങൾ വിശദമാക്കുന്നു. അന്ധകാരവും രൂപരഹിതവും ശൂന്യവുമായ ഒരു പ്രപഞ്ചത്തിന്റെ സവിശേഷതയെക്കുറിച്ചാണ് ഈ ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ഇസ്രായേലിന്റെ ചരിത്രമവതരിപ്പിക്കുന്ന പഴയനിയമം അവളുടെ ചരിത്രത്തിന്റെ വിവിധ ഭാഗങ്ങളെ പല ശൈലികളിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. രൂപരഹിതവും ശൂന്യവുമായ ആഴത്തിനുമീതെ അന്ധകാരം വ്യാപിച്ചിരുന്ന ഇസ്രായേൽ ജനതയുടെ ജീവിതം പ്രവാസകാലത്താണ് കൂടുതൽ വെളിപ്പെടുക. ഈ പ്രവാസകാലം ബാബിലോണിയൻ അടിമത്തത്തിലേക്ക് ഇസ്രായേൽക്കാർ വലിച്ചിഴക്കപ്പെടുന്ന കാലഘട്ടമാണ് (587 B.C.). ഈ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഉല്പത്തി പുസ്തകത്തിലെ സൃഷ്ടിയുടെ വിവരണം വിരചിതമാകുന്നത്. ബാബിലോണിയൻ അടിമത്തം ഇസ്രായേൽക്കാർക്ക് നഷ്ടങ്ങളുടെ കഥ പറയുന്ന കാലമാണ്. തങ്ങൾക്കുണ്ടായിരുന്ന ദൈവാലയവും പൗരോഹിത്യവും രാജത്വവും ന്ഷ്ടപ്പെടുകയും ബാബിലോൺ തീരത്തിരുന്നുകൊണ്ട് സെഹിയോനെ ഓർത്തുകൊണ്ട് കരയുകയും ചെയ്യുന്ന ഒരു സാഹചര്യം സൃഷ്ടമാകുകയും ചെയ്യുന്നു (സങ്കീ 137). ഇസ്രായേലിന്റെ
വീഴ്ചയുടെ പ്രധാനകാരണം അവളുടെ തന്നെ പാപങ്ങളാണ്. എസെക്കിയേലിന്റെ
പുസ്തകം 8-ാം അദ്ധ്യായം 16 മുതൽ 18 വരെയുള്ള വചനഭാഗങ്ങൾ ദൈവാലയത്തിലുളള ഇസ്രായേലിന്റെ മ്ലേച്ഛതകളെയാണ്
സൂചിപ്പിക്കുന്നത്. ഏകദൈവത്തിലുള്ള വിശ്വാസത്തെ മറന്ന് സൂര്യനെ നമസ്‌കരിക്കുന്ന ജനം, പാപത്തിന്റെ വശ്യതകളിലേക്ക് കടന്നു
ചെല്ലുന്ന അതുവഴിയായി പ്രകാശത്തിന്റെ വിപരീതമായ അന്ധകാരത്തിലേക്ക് അവർ എടുക്കപ്പെടുന്നു. ഈ അന്ധകാരത്തെയാണ് വി. ഗ്രന്ഥത്തിന്റെ ആദ്യതാളുകളിലൂടെ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്. പാപത്തിൽ മുഴുകിയ ജനത്തെ അന്ധകാരത്തിന്റെയും വിരൂപതയുടേയും പ്രതീകമായി അവതരിപ്പിക്കുകയും അവയിൽ നിന്നുള്ള വിമോചനം
പ്രകാശത്തിന്റെയും രൂപത്തിന്റെയും രൂപാന്തരപ്പെടലായി മാറുകയും ചെയ്യുന്നു. വീണ്ടും ന്യായാധിപന്മാരുടെ പുസ്തകത്തിൽ ഇസ്രായേൽ ജനതയുടെ അടിമത്തത്തിന്റെ കാരണം അവരുടെ പാപമാണെന്നും ആ പാപത്തിൽ നിന്ന് അവരെ മോചിപ്പിക്കുന്നത് ദൈവം അയച്ച രക്ഷകനാണെന്നും തിരുവചനങ്ങൾ സാക്ഷിക്കുന്നു. ”അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനം മഹത്തായ പ്രകാശം കണ്ടു”. കൂരിരുട്ടിൽ വസിക്കുന്നവർക്ക് ആ പ്രകാശം ഉദയം ചെയ്തു. പ്രവാചകന്മാരെ ഉദ്ധരിച്ചുകൊണ്ട് വിശുദ്ധ മത്തായി സുവിശേഷകൻ ഈശോയുടെ ജനനത്തെ അറിയിക്കുന്നതാണ്. ഇപ്രകാരം ഇസ്രായേലിന്റെ ചരിത്രവും പുതിയനിയമജനതയുടെ ചരിത്രവും സംയോജിപ്പിക്കുന്ന വിശുദ്ധ ഗ്രന്ഥഭാഗമാണ് ഉല്പത്തി പുസ്തകം 1,2 വാക്യങ്ങൾ. പ്രകാശത്തെയും അന്ധകാരത്തെയും സമയത്തേയും ആകാശത്തേയും ഭൂമിയേയും കടലിനേയും സസ്യങ്ങളേയും മൃഗങ്ങളേയും മനുഷ്യനേയും സൃഷ്ടിക്കുന്ന ദൈവത്തെയാണ് തുടർന്നുള്ള സൃഷ്ടിവിവരണം രേഖപ്പെടുത്തുന്നത്. ഈ സൃഷ്ടിവിവരണത്തിന് രണ്ട് പ്രത്യേകതകൾ ഉണ്ട്. ഒന്നാമതായി, ആറു ദിവസംകൊണ്ട് 8 സൃഷ്ടികർമ്മം നിർവ്വഹിക്കുന്നു. രണ്ടാമതായി ആദ്യത്തെ മൂന്ന് ദിവസങ്ങളിലെ സൃഷ്ടിവിവരണം അവസാനത്തെ മൂന്നുദിവസത്തെ സൃഷ്ടിവിവരണവുമായി സമാന്തരമായി യോജിച്ചിരിക്കുന്നു. ഉദാഹരണമായി ഒന്നാം ദിവസം ദൈവം പ്രകാശത്തെയും സമയത്തെയും സൃഷ്ടിച്ചു. അതുപോലെ നാലാം ദിവസവും ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പ്രകാശവും സമയവും കടന്നുവരുന്നു. രണ്ടാം ദിവസം ആകാശവിതാനത്തെയും സ്വർഗ്ഗത്തെയും സൃഷ്ടിക്കുന്നു. സമാന്തരമായി അഞ്ചാംദിവസം കടലിലെ ജീവികളെയും ആകാശത്തിലെ പറവകളെയും സൃഷ്ടികർമ്മത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മൂന്നാം ദിവസത്തെ സൃഷ്ടിവിവരണത്തിൽ ഭൂമിയെയും സമുദ്രത്തെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിൽ അതിന് തത്തുല്യമായി ഏഴാം ദിവസത്തിൽ ഭൂമിയിലെ മൃഗങ്ങളെയും മനുഷ്യരെയും സസ്യലതാദികളെയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇപ്രകാരം സൃഷ്ടിവിവരണങ്ങൾ തമ്മിലുള്ള പരസ്പരബന്ധം പ്രകടമാണ്. സൃഷ്ടിവിവരണങ്ങളുടെ സമാപനത്തിൽ ദൈവം വിശ്രമിക്കുന്നതും അതിനോടനുബന്ധിച്ചുള്ള സാബത്താചരണവും വി. ഗ്രന്ഥകാരന്റെ ദൈവശാസ്ത്രതനിമയെ സൂചിപ്പിക്കുന്നതാണ്. ഇപ്രകാരം ഒരു പ്രത്യേക
ശൈലിയിലൂടെ (literary form) ഒന്നാമത്തെ സൃഷ്ടിവിവരണത്തെ വിശുദ്ധ ഗ്രന്ഥം പരിചയപ്പെടുത്തുന്നു. സമാന്തരമായിട്ടുള്ള വിവരണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ സമൂഹത്തിന്റെ രൂപീകരണത്തിൽ വായ്‌മൊഴിയായി ഉണ്ടായ പദ്യത്തിന്റെ ശൈലിയാണ് ഈ ഗ്രന്ഥത്തിലും ഉൾച്ചേർത്തിരിക്കുന്നത്. അതുമാത്രവുമല്ല ബാബിലോൺ അടിമത്തത്തിലായിരുന്ന ഇസ്രായേൽ ജനം അവിടെ ഉണ്ടായിരുന്ന പുരാണങ്ങളും ഇതിഹാസങ്ങളും സൃഷ്ടിവിവരണത്തിൽ ഉൾച്ചേർത്തിരിക്കുന്നത് വളരെയധനികം ദൃശ്യമാണ്. ഉദാഹരണമായി ബാബിലോൺ പുരാണ ഇതിഹാസങ്ങളിലെ തിയാമത്ത് എന്ന ദേവനിലൂടെ ലോകമെങ്ങനെ രൂപപ്പെട്ടു എന്ന് വ്യക്തമാക്കുന്നുണ്ട്. ദൈവങ്ങൾ തമ്മിലുള്ള യുദ്ധമാണ് ലോകോല്പത്തിയുടെ കാരണമെന്ന് ബാബിലോൺ ഇതിഹാസം പറയുമ്പോൾ വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത് ഏക ദൈവത്തിന്റെ വചനാധിഷ്ഠിത സാന്നിദ്ധ്യമാണെന്നാണ്. ഇവിടെ രണ്ട് പ്രധാനപ്പെട്ട ദൈവശാസ്ത്ര ചിന്തകളാണ് ഉരുത്തിരിയുന്നത്. ഒന്ന് ഏകദൈവത്തിലുള്ള വിശ്വാസം,
രണ്ട് വചനാധിഷ്ഠിത വിശ്വാസജീവിതം. ഏകദൈവത്തിലുള്ള വിശ്വാസം ബാബിലോൺ അിടമത്തത്തിന്റെ കാലഘട്ടം മുതൽ ഇസ്രായേൽക്കാർ അനുഭവിച്ചിരുന്ന ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഇസ്രായേൽ ചരിത്രത്തിന്റെ ആരംഭം മുതൽ ദൈവജനം പൂർണ്ണമായും ഏകദൈവവിശ്വാസികളാ
ണെന്ന് പറയാൻ പറ്റില്ല. വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. ഈജിപ്തിൽ നിന്ന് സ്വതന്ത്രമായ ജനം വാഗ്ദാനനാട്ടിൽ പ്രവേശിച്ചു. നിയമാവർത്തനം 6:4 പറയുന്നതുപോലെ ഇസ്രായേേല കേട്ടാലും ദൈവമായ കർത്താവ് ഏകകർത്താവാണ്. ദൈവമായ കർത്താവിനെ പൂർണ്ണമനസ്സോടും പൂർണ്ണ
ഹൃദയത്തോടും കൂടി സ്‌നേഹിക്കുക. ഈ വചനം ഇസ്രായേലിന്റെ മതജീവിതത്തിലും സാമൂഹികജീവിതത്തിലും ഏകദൈവ വിശ്വാസത്തെ ദ്യോതിപ്പിക്കുന്ന വചനമാണ്. വാഗ്ദാനനാട്ടിൽ പ്രവേശിച്ച ഇസ്രായേൽക്കാർ ഏകദൈവവിശ്വാസികളായിരുന്നുവെങ്കിലും അവർ ഏകദൈവത്തെ മറന്ന കഥകളും സംഭവങ്ങളും ന്യായാധിപന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്.
ന്യായാധിപന്മാർ 2:10 പറയുന്നു: ദൈവത്തെ അറിയാത്ത ഒരു ജനം അവിടെ ആവിർഭവിച്ചു. ഇപ്രകാരം കടന്നുവരുന്ന ദൈവജനം വാഗ്ദാനനാട്ടിൽ നിന്നുകൊണ്ടു തന്നെ ബഹുദൈവവിശ്വാസത്തിലേക്ക് മാറുകയാണ്. ഇസ്രായേലിന്റെ നേതാക്കന്മാർ
(രാജാക്കന്മാർ) പ്രത്യേകിച്ച് സമരിയ ഭരിച്ചിരുന്ന ജറോബോവാം ജറുസലേം പോലെ
ഒരു ദൈവാലയം തങ്ങളുടെ നാട്ടിൽ വേണമെന്ന് വാദിക്കുകയും അതനുസരിച്ച് ദൈവജനത്തെ ഏകദൈവവിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു (1 രാജാ 12:1). തുടർന്ന് വരുന്ന ഇസ്രായേലിലെ രാജാക്കന്മാരെ എല്ലാം ജറോബോവാമിന്റെ പാപം കൊണ്ടാണ് അളന്നിരുന്നത്. ഇതിന് സമാന്തരമായി യൂദയാ ഗോത്രത്തിലെ രാജാക്കന്മാർ ജറുസലേം കേന്ദ്രീകരിച്ച് ആരാധന നടത്തി. ഇതായിരുന്നല്ലോ ദൈവം നിശ്ചയിച്ച ആരാധനാസ്ഥലം (നിയമ 12:3). എന്നാൽ ഇതിന് പ്രകടമായ ഉദാഹരണമാണ് ഹെസക്കിയ രാജാവിന്റെ കാലഘട്ടത്തിലും (2 രാജ 18, 2 ദിനവൃ 30) ജോസിയ രാജാവിന്റെ കാലഘട്ടത്തിലും (2 രാജാ 22:23) ജറുസലേം കേന്ദ്രമാക്കി ആരാധന നടത്തിയിരുന്നു. ഇത് ഏക ദൈവവിശ്വാസത്തെ ഇസ്രായേലിൽ ഉറപ്പിക്കാനും മറ്റ് ദേവന്മാരുടെ പ്രതിമകളെ ഇസ്രായേലിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യാനുമായിരുന്നു. എന്നാൽ മനാസ്സ എന്ന രാജാവിന്റെ (2 രാജാ 21) ക്രൂരമായ വിനോദം തങ്ങളുടെ പിതാക്കന്മാർ സ്ഥാപിച്ചിരുന്ന ഏക ദൈവവിശ്വാസത്തെ കളങ്കപ്പെടുത്തുക എന്നുള്ളതായിരുന്നു. ഇപ്രകാരമുള്ള പ്രവൃത്തി
ഇസ്രായേലിന്റെ പതനത്തെ ഏറെ സ്വാധീനിച്ചു. ഇങ്ങനെ പ്രവാസത്തിലേക്ക് പോകുന്ന ഇസ്രായേൽ സമൂഹത്തിന് ദൈവത്തിന്റെ സാന്നിദ്ധ്യം മനസ്സിലാക്കിക്കൊടുക്കുന്നതും ദൈവമാണ് സൃഷ്ടാവ് എന്നുള്ള ആഴമായ അറിവിന്റെ ബോദ്ധ്യങ്ങളിലേക്ക് അവരെ കൊണ്ടുപോകുന്നതുമാണ് പ്രവാസകാലം. ഇപ്രകാരം പ്രവാസത്തിൽ വളർച്ച പ്രാപിക്കുന്നത്, പൂർണ്ണതയിൽ എത്തിനിൽക്കുന്നത് വിപ്രവാസാനന്തരം ഇസ്രായേൽ ജനം ജറുസലേമിൽ ദൈവാലയം പുനർനിർമ്മാണം നടത്തി അതിൽ ദൈവാരാധന നടത്തുമ്പോഴാണ്.
(തുടരും…)