മിശ്രവിവാഹിതർക്കു നൽകുന്ന അജപാലന ശ്രദ്ധ

വിശാലമായ അർത്ഥത്തിൽ കത്തോലിക്കരും അക്രൈസ്തവരും തമ്മിൽ നടത്തുന്ന വിവാഹത്തെ മിശ്രവിവാഹമെന്നു പറയാം. എന്നാൽ സഭാനിയമപ്രകാരം, കത്തോലിക്കരും, കത്തോലിക്കാ സഭയുമായി പൂർണ്ണ ഐക്യത്തിൽ വരാത്ത മാമ്മോദീസാ സ്വീകരിച്ച അകത്തോലിക്കരും തമ്മിൽ നടത്തുന്ന വിവാഹത്തെയാണ് മിശ്രവിവാഹം എന്നു പറയുന്നത്. സീറോ മലബാർ സഭയുടെ
പ്രത്യേക നിയമപ്രകാരം, കത്തോലിക്കാ വിശ്വാസത്തിൽ നിന്ന് വഴുതിപ്പോകാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കിക്കൊളളാമെന്നും തങ്ങളുടെ ബന്ധത്തിൽനിന്നു ജനിക്കുന്ന ശിശുക്കൾക്ക് കത്തോലിക്കാ സഭയിൽ മാമ്മോദീസായും ശിക്ഷണവും നൽകിക്കൊള്ളാമെന്നുമുളള വഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് രൂപതാമെത്രാൻ മിശ്രവിവാഹത്തിന് അനുമതി നൽകുന്നത്. മേൽപ്പറഞ്ഞ ഉറപ്പ് അകത്തോലിക്കാ/അക്രൈസ്തവ ജീവിതപങ്കാളി വിവാഹത്തിനു മുമ്പ് അറിഞ്ഞിട്ടുണ്ടെന്ന ഉറപ്പ് അനുവാദം നൽകുന്ന അവസരത്തിൽ കിട്ടിയിരിക്കണം. ചോദ്യത്തിൽ പരാമർശിച്ചിട്ടുളളതുപോലെ ഇത്തരം വിവാഹങ്ങളിൽ ജനിക്കുന്ന കുട്ടികൾക്കു വി. മാമ്മോദീസാ നൽകുവാനുളള ബാദ്ധ്യത മാതാപിതാക്കൾക്ക്, പ്രത്യേകിച്ച് കത്തോലിക്കാ ജീവിത പങ്കാളിക്കുണ്ട്. ചോദ്യത്തിലെ രണ്ടാമത്തെ പരാമർശന വിഷയം അവർക്കു നൽകുന്ന അജപാലനശുശ്രൂഷയെ സംബന്ധിച്ചുള്ളതാണ്. 1996-ൽ കുടുംബങ്ങൾക്കായുളള പൊന്തിഫിക്കൽ കൗൺസിൽ വിവാഹ ഒരുക്കത്തെ സംബന്ധിച്ചു നൽകിയ നിർദ്ദേശങ്ങളിൽ വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തിനകം ദമ്പതികൾക്കു നൽകേണ്ട ശ്രദ്ധയെ സംബന്ധിച്ചും പ്രസ്താവിക്കുന്നുണ്ട്. മിശ്ര വിവാഹിതർ, ഉത്തരവാദിത്വത്തോടു കൂടി തങ്ങളുടെ വൈവാഹിക സ്‌നേഹം പാലിക്കുവാനുളള പ്രോത്സാഹനം കൊടുക്കത്തക്ക വിധം ഇടവക വികാരിമാർ പ്രത്യേക ശ്രദ്ധ അങ്ങനെയുളള കുടുംബങ്ങൾക്കു നൽകണം. പുതുതായി രൂപം കൊളളുന്ന കുടുംബത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഉറച്ച പിന്തുണ നൽകുന്ന ഒരു ഇടവക സമൂഹമുണ്ടായാൽ മിശ്രവിവാഹിതർ നേരിടുന്ന സാമൂഹ്യവും, മനുഷ്യത്വ രഹിതമായ ഒറ്റപ്പെടുത്തലുകൾക്കു പരിഹാരമാകും. അജപാലന ശുശ്രൂഷ ആവശ്യമായ ഘട്ടങ്ങൾ താഴെ പറയുന്നവയാണ്: വിവാഹ ദിനം, കുട്ടികളുടെ ജനനം, കുട്ടികളുടെ പരിപാലനം, അവരുടെ വിദ്യാഭ്യാസം, കൗമാരക്കാർക്കു നൽകേണ്ട പ്രബോധനം, കുട്ടികളുടെ വിവാഹം, ദമ്പതികളുടെ മരണം. മറ്റു കുടുംബങ്ങളെ അപേക്ഷിച്ച്, മിശ്രവിവാഹിതരായവരുടെ കുടുംബങ്ങളോടുളള സമീപനത്തിൽ വളരെ ഔദാര്യപൂർവ്വവും, നല്ല ഇടയന്റെ മനോഭാവത്തോടെയുമുളള ശ്രദ്ധ അജപാലനശൈലിയായി സ്വീകരിച്ചാൽ അത്തരം കുടുംബങ്ങൾക്ക് അതൊരു ധാർമ്മിക പിന്തുണയാകും.