നിഷ്‌കളങ്ക മനസ്സുകളിൽ വിഷം നിറയ്ക്കുന്നവർ

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.

വർഗ്ഗീയത മനസ്സുകളിൽ വെറുപ്പും ക്രൂരതയും വിതച്ച് ഭീകരതയായി വളർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്.
മതസമുദായ സംഘടനാ നേതാക്കൾ വിമർശനത്തിന് അതീതരായി വളർന്നു കഴിഞ്ഞു. അത്തരക്കാരുടെ തെറ്റുകൾക്കെതിരെ പ്രതികരിച്ചാൽ മതവികാരം വ്രണപ്പെട്ടു എന്ന പേരിൽ വിമർശകർക്കു ജീവൻ പോലും
നഷ്ടപ്പെട്ടേക്കാം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ചോദ്യം ചെയ്യാൻ പാടില്ലാത്ത വിശ്വാസ സത്യങ്ങളായി മാറിയിരിക്കുന്നു. സാമൂഹ്യ പരിഷ്‌കർത്താക്കളുടെ ദീർഘനാളത്തെ പ്രവർത്തനങ്ങളുടെ ഫലമായി ഉന്മൂലനം ചെയ്യപ്പെട്ട അനാചാരങ്ങൾക്ക് ശാസ്ത്രീയതയും പവിത്രതയും കല്പിക്കപ്പെടുന്നു. അനാചാരങ്ങൾക്കെതിരേ ശബ്ദമുയർത്തുന്ന എഴുത്തുകാരും ബുദ്ധിജീവികളും മതഭീകരരാൽ വധിക്കപ്പെടുന്നു. വർഗ്ഗീയത പ്രചരിക്കപ്പെടുന്നത് സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായാണ്. പല തീവ്ര വർഗ്ഗീയ സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുകയും തങ്ങളുടെ ആശയങ്ങൾ പിഞ്ചു മനസ്സുകളിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവ സഭകൾ വിദ്യാഭ്യാസത്തിലൂടെ ഭാരത സമൂഹത്തിനു നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ജാതിമതഭേദമെന്യേ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ തലമൂറകൾ അറിവിന്റെ വെളിച്ചമറിഞ്ഞ് അകക്കണ്ണ് തെളിച്ചു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതപരിവർത്തന കേന്ദ്രങ്ങളാണെന്ന് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരാരോപണം ഉന്നയിച്ചവർ പോലും സ്വന്തം മക്കളെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലയച്ച് ആധുനിക വിദ്യാഭ്യാസം
നൽകി. എന്നാൽ മാറിമാറിവന്ന സർക്കാരുകളുടെ വികലമായ വിദ്യാഭ്യാസ നയങ്ങളും, അദ്ധ്യാപകരുടെ യൂണിയൻ പ്രവർത്തനവും മൂലം പൊതു വിദ്യാഭ്യാസം കാലഘട്ടത്തിനൊത്ത് വളരാതാകുകയും പൊതുസമൂഹം പൊതു
വിദ്യാഭ്യാസ സ്ഥാപനങ്ങളുപേക്ഷിച്ച് മികച്ച പഠന നിലവാരവും ഭൗതിക സൗകര്യങ്ങളുമുളള സ്വകാര്യ സ്‌കൂളുകളിലേയ്ക്ക് ചേക്കേറുകയും ചെയ്തു. മക്കളുടെ മികച്ച വിദ്യാഭ്യാസത്തിനായി എത്ര പണം മുടക്കാനും
മാതാപിതാക്കൾ തയ്യാറാണെന്ന തിരിച്ചറിവിൽ വിദ്യാഭ്യാസരംഗത്തേയ്ക്ക് കച്ചവടക്കണ്ണോടെ പലരും കടന്നു വന്നു. മതവും ജാതിയും വോട്ടുബാങ്കും കാട്ടി സർക്കാരിനെ സമ്മർദ്ദത്തിലാക്കി സ്‌കൂളുകൾക്ക് അനുമതി വാങ്ങിയെടുത്തവർക്ക് അവിടേയ്ക്കു കൂട്ടികളെ ലഭിക്കുവാൻ പ്രത്യക്ഷമായും പരോക്ഷമായും വർഗ്ഗീയത പ്രചരിപ്പിക്കേണ്ടി വന്നു. അത്തരക്കാരുടെ കുടിലബുദ്ധിക്ക് പലപ്പോഴും പല സ്ഥലങ്ങളിലും ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളുകൾ ഇരയായി. തലയിൽ തട്ടം ഇടാൻ അനുവദിക്കുന്നില്ലെന്നും, ചന്ദനക്കുറി മായിച്ചു കളഞ്ഞുവെന്നും, കൈയിലെയും കഴുത്തിലെയും മന്ത്രച്ചരട് അഴിപ്പിച്ചുവെന്നും മറ്റുമുളള പലവിധ ആരോപണങ്ങളിലൂടെ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളുകളിൽ നിന്ന് അക്രൈസ്തവരായ വിദ്യാർത്ഥികളെ അകറ്റാൻ ശ്രമമുണ്ടായി.
തീവ്രമതസംഘടനകളുടെ വക്താക്കൾ വിദ്യാഭ്യാസ വിചക്ഷണരായി സ്വയം അവരോധിച്ചപ്പോൾ മതബോധനത്തിന്റെ മറവിൽ വർഗ്ഗീയതയും പരമത വിദ്വേഷവും ഊതിക്കത്തിക്കുന്ന പാഠങ്ങൾ പകർന്നു നൽകി പിഞ്ചു മനസ്സുകളിൽ വിഷം നിറയ്ക്കുന്നു. വെറുപ്പിന്റെ സിദ്ധാന്തങ്ങൾ ചെറുപ്പം മുതൽ അടിച്ചേൽപ്പിക്കപ്പെടുന്നവർക്ക് സ്വതന്ത്ര ചിന്തക്കുളള കഴിവ് നഷ്ടമാകുമെന്നും തങ്ങളുടെ അധീശത്വം ഉറപ്പിക്കാനുളള പോരാട്ടത്തിൽ അവരെ ചാവേറുകളാക്കാമെന്നും ഇക്കൂട്ടർക്കു ബോദ്ധ്യമുണ്ട്. അടുത്തിടെ ഒരു ഇസ്ലാമിക സംഘടന നടത്തുന്ന ‘പീസ് സ്‌കൂൾ ഇന്റർനാഷണൽ’ എന്ന വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ച് പുറത്തു വന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ക്രിസ്തുമത വിശ്വാസിയായ സഹപാഠി ഇസ്ലാം മതം സ്വീകരിക്കുമ്പോൾ നൽകേണ്ട ഉപദേശങ്ങൾ ക്രമപ്പെടുത്താൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളോടാണ് ആവശ്യപ്പെടുന്നത്. റൈറ്റ് സഹോദരന്മാർ വിമാനം പറത്തുന്നതിനു മുമ്പ് തുർക്കിയിലെ ഹെസർഫൻ അഹമ്മദ് സെലിബി എന്ന മുസ്ലീം വിമാനം പറത്തിയെന്നും ഈ സ്‌കൂളി
ലെ കുട്ടികൾ പഠിക്കണം. തീവ്ര ഹിന്ദുത്വ നിലപാടുകൾ പുലർത്തുന്ന ചില സംഘടനകൾ ആർഷഭാരതത്തിൽ ‘വൈമാനികശാസ്ത്രം’ എന്ന ഗ്രന്ഥം ഉണ്ടായിരുന്നുവെന്നും ബഹിരാകാശവാഹനങ്ങൾ വരെ പുരാതന ഭാരതീയർ വിക്ഷേപിച്ചിരുന്നുവെന്നും പ്രചരിപ്പിക്കുന്നുണ്ട്. കുട്ടികളിലെ ജിജ്ഞാസയും ശാസ്ത്രബോധവും ഇല്ലാതാക്കി സങ്കുചിത ചിന്തകൾ വളർത്തി സമൂഹത്തെ ഭിന്നിപ്പിക്കാനുളള ശ്രമങ്ങൾ പലവിധത്തിൽ പുരോഗമിക്കുന്നുണ്ട്. കാമ്പസുകളിൽ രാഷ്ട്രീയം ഇല്ലാതായപ്പോൾ അവിടെ മത വർഗ്ഗീയ സംഘടനകൾ പിടി മുറുക്കി. രാഷ്ട്രീയ സംഘടനകളെ നിയന്ത്രിച്ചിരുന്നതുപോലെ മതസംഘടനകളെ നിയന്ത്രിക്കാൻ മാനേജ്‌മെന്റുകൾക്കു സാധിക്കുന്നില്ല.
വർഗ്ഗീയ ചിന്തകളാൽ, ഒറ്റപ്പെട്ട തുരുത്തുകളായി മാറുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടാതിരിക്കാൻ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മുൻകൈയെടുക്കേണ്ടത്. ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നഷ്ടപ്പെട്ടിട്ടില്ലാത്ത വിശ്വാസ്യത കൈമുതലാക്കിക്കൊണ്ട് ജാതിമത ചിന്തകൾക്ക് അതീതമായ ദൈവസ്‌നേഹവും പരസ്‌നേഹവും വരും തലമുറയെ പഠിപ്പിക്കാൻ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ‘മറ്റുളളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അപ്രകാരം അവരോട് ചെയ്യുവിൻ’ എന്ന് മിശിഹാ നമ്മെ പഠിപ്പിച്ച സുവർണ്ണ നിയമം ആകട്ടെ നമ്മുടെ കുട്ടികൾക്കു വഴികാട്ടിയാകുന്നത്.