സ്‌നേഹം, കരുണ, നീതി ഇവയുടെ പാരസ്പര്യം

കരുണയുടെ അസാധാരണ ജൂബിലിവർഷം ചിന്താലോകത്ത് ഉയർത്തിയ ചില ചോദ്യങ്ങളാണ് സ്‌നേഹം, കരുണ, നീതി എന്നിവ തമ്മിലുള്ള ബന്ധം അഥവാ
പാരസ്പര്യം. എല്ലാം സ്‌നേഹം മാത്രമല്ലേ എന്നു ചോദിക്കുന്നവരുണ്ട്. സ്‌നേഹത്തിൽ
നിന്നും വ്യത്യസ്തമായി കരുണയ്ക്ക് അസ്തിത്വമുണ്ടോ? എല്ലാം കരുണ ആണെങ്കിൽ
നീതി നടപ്പാക്കുന്നതെങ്ങനെ? ശിക്ഷണ നടപടികളുടെ പ്രസക്തി എന്ത്? നീതിയാണോ കരുണയാണോ പ്രധാനപ്പെട്ടത്? കരുണയും നീതിയും എങ്ങനെ ഒരുമിച്ചുപോകും? ഇങ്ങനെയുള്ള ധാരാളം ചോദ്യങ്ങൾ പലരുടെയും മനസ്സിൽ കരുണയുടെ ജൂബിലി വത്സരം ഉയർത്തിയിട്ടുണ്ട്.
സ്‌നേഹവും കരുണയും ഒന്നുതന്നെയോ?
ക്രൈസ്തവമതം സ്‌നേഹത്തിന്റെ മതമാണ്. സഭയുടെ പ്രവർത്തനങ്ങളെയും ജീവിതത്തെ മുഴുവനും ചൂഴ്ന്നുനില്ക്കുന്ന അടിസ്ഥാന യാഥാർത്ഥ്യം സ്‌നേഹമാണ്. ഈശോമിശിഹാ ലോകത്തിനു നല്കിയ പുതിയ കല്പനയും സ്‌നേഹത്തിന്റെ കല്പന ആയിരുന്നു. അവിടുന്നു കൂട്ടിച്ചേർത്തു: ”നിങ്ങൾക്കു പരസ്പരം സ്‌നേഹമുണ്ടെങ്കിൽ
നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും” (യോഹ. 13,34-35). അതുകൊണ്ടുതന്നെയാണ് ശത്രുക്കളെപ്പോലും സ്‌നേഹിക്കുവാൻ ഈശോ തന്റെ ശിഷ്യഗണത്തോടും ശ്രോതാക്കളോടും ആവശ്യപ്പെട്ടത് (മത്താ 5,44).
ക്രിസ്തീയ സ്‌നേഹത്തിന്റെ തനതാത്മകത അതിന്റെ പൂർണ്ണതയിൽ വ്യക്തമാക്കിയത് പൗലോസ് ശ്ലീഹായാണ് (1 കോറി 13). സ്‌നേഹമാണ് എല്ലാത്തിന്റെയും അടിസ്ഥാനമെന്ന് ശ്ലീഹായും സ്ഥാപിക്കുന്നു. ഫ്രാൻസിസ് പാപ്പാ തന്റെ സിനഡനന്തര ശ്ലൈഹിക പ്രബോധനമായ സ്‌നേഹത്തിന്റെ സന്തോഷത്തിൽ ഒരധ്യായംതന്നെ പൗലോസ്ശ്ലീഹായുടെ ഈ സ്‌നേഹഗീതത്തിനു വ്യാഖ്യാനം നല്കാൻ നീക്കിവച്ചിരിക്കുന്നു (Amoris Laetitia, chaper 4).
ക്രൈസ്തവ വിശ്വാസത്തിന് അടിത്തറ ദൈവത്തിന്റെ വെളിപാടാണ്. ദൈവസ്‌നേഹത്തിന്റെ വെളിപ്പെടുത്തലാണ് ഈശോ യുടെ ജീവിതവും പ്രഘോഷണവും അടയാളങ്ങളും അത്ഭുതങ്ങളും. ഇത് ഈശോ സ്വീകരിച്ച ദൗത്യവും ആയിരുന്നു. ”പിതാവിൽ നിന്നും ഈശോ സ്വീകരിച്ച ദൗത്യം ദൈവിക സ്‌നേഹത്തിന്റെ രഹസ്യത്തെ പൂർണ്ണമായി വെളിപ്പെടുത്തുകയായിരുന്നു” (MV 8). അതുകൊണ്ട് ഈശോയിലും അവിടുത്തെ കരുണാപൂർണമായ ദൃഷ്ടിയിലും കണ്ണുകൾ ഉറപ്പിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തിന്റെ സ്‌നേഹം നാം അനുഭവിച്ചറിയുന്നു (MV 8).
ഈ പിതാവിന്റെ സ്‌നേഹത്തെ പുത്രൻ അതിന്റെ പൂർണ്ണതയിൽ വെളിപ്പെടുത്തിയതുകൊണ്ടാണ് ഉത്തരം നല്കുന്നതിൽ പലരും പരാജയപ്പെടുന്ന ഒരു ചോദ്യത്തിന് വളരെ ലളിതമായി ഉത്തരം നല്കാൻ സാധിച്ചത് –
”ദൈവം സ്‌നേഹമാകുന്നു” (1 യോഹ 4:8,16). ദൈവം ആരാണെന്നുള്ള പല താത്ത്വിക- ദൈവ ശാസ്ത്ര ചിന്തകളേയും അതിലംഘിക്കുന്നതാണ് ഈ ഉത്തരം. നിർവചനങ്ങൾക്കും വിശദീകരണത്തിനും അതീതനായ
ദൈവത്തിനു നല്കാവുന്ന ഏറ്റവും ലളിതമായതും അവിടുത്തെ പ്രകൃതിയെ വെളിപ്പെടുത്തുന്നതുമായ ഉത്തരമാണിത്. അതുകൊണ്ട് സഭയുടെ ജീവിതത്തിലെ, അല്ലെങ്കിൽ ക്രിസ്തുശിഷ്യരുടെ ജീവിതത്തിലെ ഒന്നാമത്തെ പ്രമാണവും സ്‌നേഹമാകുന്നു. ”സഭയുടെ ഒന്നാമത്തെ സത്യം മിശിഹായുടെ സ്‌നേഹമാണ്. സഭ തന്നെത്തന്നെ ഈ സ്‌നേഹത്തിന്റെ ദാസിയാക്കുന്നു. അത് എല്ലാ
ജനതകളിലേക്കും കൈമാറുകയും ചെയ്യുന്നു” (MV 12).
സ്‌നേഹവും കരുണയും ഒന്നുതന്നെയോ എന്ന ചോദ്യത്തിന് നാം ഇതുവരെ ഉത്തരം കണ്ടില്ല.
താത്ത്വികമായി പറഞ്ഞാൽ സ്‌നേഹവും
കരുണയും വ്യത്യസ്തങ്ങളായ രണ്ടു അമൂ
ർത്ത ആശയങ്ങളാണ് (abstract ideas).
കാരണം ഇവ രണ്ടും ഇന്ദ്രിയ ഗോചരങ്ങളല്ല. സ്ഥലകാല പരിമിതികൾക്കു വിധേയവുമല്ല. ഈ പ്രത്യേകതകൾ സ്‌നേഹത്തെയും കരുണയേയും വെറും അമൂർത്തമായ ആശയങ്ങളായി അവശേഷിപ്പിക്കുന്നില്ല. അങ്ങനെ ആയാൽ ചിന്താലോകത്തു മാത്രമേ അതിന് പ്രസക്തി ഉണ്ടാകൂ, അസ്തിത്വം ഉണ്ടാകൂ.
മനുഷ്യ ജീവിതത്തിലോ മനുഷ്യ ബന്ധത്തിലോ
അതിന് പ്രസക്തിയുണ്ടാവില്ല. അതുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ പറയുന്നത്: ”ദൈവത്തിന്റെ കരുണ അമൂർത്തമായ ഒരാശയമല്ല. തീർത്തും സമൂർത്തമായ ഒരു യാഥാർത്ഥ്യമാണ്” (MV 6). കാരണം പ്രവൃത്തികളിലൂടെ സ്‌നേഹവും കരുണയും വെളിപ്പെടുത്തപ്പെടുന്നു. അവ ഇന്ദ്രിയബദ്ധമാകുന്നു.
ഇത് ദൈവത്തിന്റെ കാര്യത്തിലും മനുഷ്യന്റെ കാര്യത്തിലും വസ്തുതയ്ക്കു നിരക്കു
ന്നതാണ്. വി. ഗ്രന്ഥം സാക്ഷിക്കുന്നതും ഈ യാഥാർത്ഥ്യമാണ്. അതുകൊണ്ടാണ് സങ്കീർത്തകൻ പറയുന്നത്: ”ദൈവം ഹൃദയം തകർന്നവരെ സുഖപ്പെടുത്തുന്നു; അവരുടെ മുറിവുകൾ വച്ചുകെട്ടുന്നു, താഴെ വീണു കിടക്കുന്നവരെ കർത്താവ് കൈപിടിച്ചുയർത്തുന്നു” (147:3-6). അങ്ങനെയെങ്കിൽ സ്‌നേഹത്തെയും കരുണയെയും അവയുടെ ബന്ധത്തിന്റെയും വ്യത്യാസത്തിന്റെയും അടിസ്ഥാനത്തിൽ എങ്ങനെ മനസ്സിലാക്കാം?
സ്‌നേഹവും കരുണയും പൂരകങ്ങൾ
സ്‌നേഹവും കരുണയും പൂരകങ്ങളാണ്; ഒന്ന് മറ്റൊന്നിനെ ഇല്ലാതാക്കുന്നില്ല, മറിച്ച് പൂർത്തീകരിക്കുന്നു, പൂർണ്ണതയിൽ വെളിപ്പെടുത്തുന്നു. അതുകൊണ്ടാണ് സ്‌നേഹം തന്നെയായ ദൈവം അതേസമയം കരുണയുമായിരിക്കുന്നത്. ‘ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയത് കരുണയായിട്ടാണ്’ (പുറ
34,6). ദൈവം സ്‌നേഹമാണെന്നുള്ളത് യോഹന്നാൻ ശ്ലീഹായുടെ സാക്ഷ്യമാണ്. ദൈവത്തിന്റെ സ്‌നേഹം മനുഷ്യന് അനുഭവവേദ്യമായത് കരുണയിലാണ്. അതുകൊണ്ട് സുവിശേഷം നമ്മോടു പറയുന്നു: ”അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ
3,16). സ്‌നേഹം കാരുണ്യമായി ദൈവ-മനുഷ്യബന്ധത്തിലും മനുഷ്യന്റെ സഹോദരബന്ധങ്ങളിലും അവതാരം ചെയ്യുന്നു. അതുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ പറയുന്നത്: ”ശിശുവിനോടുള്ള സ്‌നേഹത്തിന്റെ ആഴത്താൽ ചലിപ്പിക്കപ്പെട്ട അമ്മയെയോ അപ്പനെയോ പോലെ അവിടുന്ന് കരുണയിലൂടെ തന്റെ സ്‌നേഹം വെളിപ്പെടുത്തുന്നു. അത് ‘ഉദരസിദ്ധമായ’ ഒരു സ്‌നേഹമാണെന്നു പറയുന്നതിൽ അതിശയോക്തിയില്ല” (MV 6). ദൈവം അതീന്ദ്രിയനാണെന്നതിന് യോഹന്നാൻ കൊടുക്കുന്ന ഭാഷ്യമാണ് ”ദൈവം ആത്മാവാണെന്ന്” (യോഹ 4,24). ആത്മാവായ അഥവാ അതീന്ദ്രിയനായ ദൈവം ഇന്ദ്രിയ വിഷയമായ സ്‌നേഹത്തിലൂടെ, കരുണയിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തുന്നു. ഇക്കാരണത്താൽ ഫ്രാൻസിസ് പാപ്പാ പറയും ”കാരുണ്യം എന്ന പദം പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തെ വെളിപ്പെടുത്തുന്നു. ദൈവം നമ്മെ സന്ദർശിക്കുകയെന്ന ആത്യന്തികവും പരമവുമായ പ്രവൃത്തിയാണ് കാരുണ്യം” (MV 1). ഇതിനോട് നാം കൂട്ടിവായിക്കണം ”നസ്രത്തിലെ ഈശോ തന്റെ വാക്കുകൾ കൊണ്ടും പ്രവൃത്തികൾകൊണ്ടും തന്റെ മുഴുവൻ വ്യക്തിത്വം കൊണ്ടും ദൈവത്തിന്റെ കാരുണ്യത്തെ വെളിപ്പെടുത്തുന്നു” (MV1) എന്നുള്ള പ്രബോധനം.
കാരുണ്യം: സ്‌നേഹത്തിന്റെ കർമ്മ സാക്ഷ്യം
കാരുണ്യം സ്‌നേഹത്തിന്റെ കർമ്മസാക്ഷ്യമാണ്. സഭാപ്രബോധനങ്ങൾ നല്കുന്ന പാഠവും ഇതുതന്നെയാണ്. ”ദൈവത്തിന്റെ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന അടിസ്ഥാനപദമാണ് കരുണ. അവിടുന്ന് തന്റെ സ്‌നേഹത്തെക്കുറിച്ച് ഉറപ്പിച്ചുപറയുക മാത്രമല്ല ചെയ്യുന്നത് അത് ദൃശ്യവും സ്പർശനീയവുമാക്കുകകൂടി ചെയ്യു ന്നുണ്ട്. സ്‌നേഹത്തിന് ഒരിക്കലും അമൂർത്തമായ ഒരു കാര്യമായിരിക്കുവാൻ സാധിക്കുകയില്ല” (MV 9). മനുഷ്യജീവിതത്തിൽ ദൈവത്തിന്റെ കരുണ യാഥാർത്ഥ്യമാകുന്നത് അവിടുത്തേക്കു നമ്മോട് ഓരോരുത്തരോടുമുള്ള സ്‌നേഹപൂർവമായ കരുതലിലാണ് (MV 9). പ്രവാചകന്മാരുടെ പ്രഭാഷണങ്ങളിലും പ്രവർത്തനങ്ങളിലും ദൈവസ്‌നേഹത്തിന്റെ തീവ്രത വ്യക്തമാക്കുന്ന പ്രതിബിംബമാണ് കാരുണ്യം. അതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ പാപത്തെയും അവിശ്വസ്തതയേയും കരുണ കീഴടക്കുന്നു. ഇവിടെ കാരുണ്യം സ്‌നേഹത്തിന്റെ സവിശേഷമായ ഒരു ശക്തിയാകുന്നു (DM 4). ഇക്കാരണത്താലാണ് വി. തോമസ് അക്വിനാസ് പറയുന്നത് ദൈവത്തിന്റെ കാരുണ്യം ദൗർബല്യത്തിന്റെ അടയാളമല്ല ദൈവത്തിന്റെ സർവ്വശക്തിയുടെ അടയാളമാണെന്ന് (MV 6). ഇതിന്റെ വെളിച്ചത്തിലാണ് ഫ്രാൻസിസ് പാപ്പാ പറയുന്നത് ”നമ്മെ പുതിയ ജീവിതത്തിലേക്കു ഉണർത്തുകയും പ്രത്യാശയോടെ ഭാവിയിലേക്കു നോക്കാനുള്ള ധീരത നമ്മിൽ സ്ഥാപിക്കുകയും ചെയ്യുന്ന ശക്തിയാണ് കാരുണ്യം” എന്ന് (MV 10). കാരുണ്യവും സ്‌നേഹവും സഹയാത്രികർ കരുണയും സ്‌നേഹവും സഹയാത്രികരാണ്. ഇതിനെ ഇങ്ങനെ വിശദമാക്കാം. ദൈവസ്‌നേഹത്തിന്റെ സ്പർശനീയമായ സാക്ഷ്യമാണ് കരുണയെന്നു പറയുന്നതുപോലെ ദൈവത്തിന്റെ യഥാർത്ഥ മക്കൾ ആരാണെന്നു നിശ്ചയിക്കാനുള്ള മാനദണ്ഡം കൂടിയാണ് (MV 9). ഈശോയുടെ പ്രഘോഷണത്തിലും പ്രവൃത്തിയിലും ദൈവത്തിന്റെ സ്‌നേഹവും ദൈവത്തിന്റെ കരുണയും പരസ്പരം ഇഴചേർന്നു നില്ക്കുന്നു. അതുകൊണ്ടാണ് വി. ജോൺപോൾ പാപ്പാ ഈശോയുടെ പീഡാനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെ എഴുതുന്നത്: ”ആരുടെ സ്‌നേഹത്തെക്കുറിച്ചു ജനങ്ങളോടു താൻ പ്രസംഗിച്ചുവോ ആ പിതാവിനെ, തന്റെ പ്രവർത്തനംകൊണ്ട് ആരുടെ കാരുണ്യത്തിന് താൻ സാക്ഷ്യം വഹിച്ചുവോ ആ പിതാവിനെ വിളിച്ച് ധഈശോപ പ്രാർത്ഥിച്ചു” (DM 7).
സ്‌നേഹവും കരുണയും സഹയാത്രികരാണെന്ന ആശയം ജോൺ പോൾ പാപ്പായുടെ വാക്കുകളെ കടമെടുത്ത് സാധൂകരിക്കാവുന്നതാണ്. ദൈവത്തിന്റെ ”സ്‌നേഹത്തിൽ വിശ്വസിക്കുക എന്നത് കാരുണ്യത്തിൽ വിശ്വസിക്കുക എന്നതാണ്. എന്തെന്നാൽ കാരുണ്യം സ്‌നേഹത്തിന്റെ അനുപേക്ഷണീയമായ ഒരു മാനമാണ്. അതു സ്‌നേഹത്തിന്റെ രണ്ടാം പേരുപോലെയാണ്” (DM 7).
സ്‌നേഹത്തിന്റെയും കരുണയുടെയും ”സഹയാത്ര” എത്തിനില്ക്കുന്നത് കാൽവരിയിലെ കുരിശിലാണ്. സ്‌നേഹം സർവ്വോപരി കാരുണ്യമായി വെളിവാക്കപ്പെടുന്നതും സാക്ഷാത്കരിക്കപ്പെടുന്നതും പൂർണ്ണതയിലെത്തുന്നതും കാൽവരിയിലെ കുരിശിലാണ്. അതുകൊണ്ടാണ് കുരിശ് ദൈവം മനുഷ്യനു നല്കുന്ന ഏറ്റവും വലിയ ആനുകൂല്യമാകുന്നത് (DM 8). വി. ജോൺ പോൾ മാർപ്പാപ്പാ പറ
ഞ്ഞിട്ടുള്ളതുപോലെ സ്‌നേഹംതന്നെയായ ദൈവത്തിന് കാരുണ്യമായിട്ടല്ലാതെ മറ്റുവിധത്തിൽ വെളിപ്പെടുത്താൻ സാധിക്കില്ല.