വിശുദ്ധ ഫ്രാൻസിസ് അസ്സീസി (1181/1182-1226)തിരുനാൾ-ഒക്‌ടോബർ 4

വിശുദ്ധ ഫ്രാൻസിസ് അസ്സീസി (Saint Francis of Assisi) ലോകചരിത്രത്തിൽ ഏറ്റവും
കൂടുതൽ ആദരിക്കപ്പെടുന്ന പുണ്യാത്മാക്കളിൽ ഒരാളാണ്. മിശിഹായെ, ഏറ്റവും കൂടുതൽ അടുത്തനുകരിച്ച ഫ്രാൻസിസ് ‘രണ്ടാമത്തെ ക്രിസ്തു’ എന്നാണ് വിളിക്കപ്പെടുന്നത്. ഏറ്റവും കൂടുതൽ മനുഷ്യത്വമുളള വിശുദ്ധൻ (The most human of all Saints) എന്ന പേരിന് അർഹനായ ഈ പുണ്യവാൻ സമസ്ത സൃഷ്ടികളെയും സ്‌നേഹിച്ച വലിയൊരു സ്‌നേഹഗായകനും മിസ്റ്റിക്കുമായിരുന്നു. ദൈവസ്‌നേഹത്തിന്റെ ആധിക്യത്താൽ രക്തസാക്ഷിയാകാൻ ഈ വിശുദ്ധൻ ആഗ്രഹിച്ചെങ്കിലും അതു സാധിച്ചില്ല. കർത്താവ് തന്റെ തിരുമുറിവുകൾ അദ്ദേഹത്തിൽ പതിപ്പിച്ചു: അങ്ങനെ അദ്ദേഹം ആദ്യത്തെ പഞ്ചക്ഷതധാരി (Stigmatist) യായി. ലോകഭാഷകളിൽ അദ്ദേഹത്തെപ്പറ്റി വിരചിതമായ പുസ്തകങ്ങൾ എത്ര വേണമെങ്കിലുമുണ്ട്; ഇന്നും ആദൃശ രചനകൾ തുടർന്നുകൊണ്ടിരിക്കുന്നു. ദാരിദ്ര്യത്തെ തന്റെ പ്രേയസിയാ യി സ്വീകരിച്ച പാവങ്ങളുടെ ഈ തോഴൻ ‘കൊച്ചുദരിദ്രൻ’ എന്നും വിളിക്കപ്പെടുന്നുണ്ട്.
ജീവിതത്തിന്റെ ആദ്യനാളുകൾ (Early Life)
ഫ്രാൻസിസ് ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ ഒരു പ്രമുഖ പട്ടുവസ്ത്രവ്യാപാരിയായിരുന്ന പീറ്റർ ബർണാർഡിന്റെ ഏഴു മക്കളിൽ മൂത്തവനായി ജനിച്ചു, 1181-ന്റെ അവസാനത്തിലോ 1182-ന്റെ ആരംഭത്തിലോ
ആയിരുന്നു ജനനം. അമ്മയായ പിക്കാ (Pica) വീട്ടിലെ കാലിത്തൊഴുത്തിലാണ് ഈ മകനെ പ്രസവിച്ചതെന്ന് ഒരു ഐതിഹ്യമുണ്ട്. ഈശോ ജനിച്ചത് ഒരു കാലിത്തൊഴുത്തിലായിരുന്നുവെന്ന് ഇവിടെ നമുക്ക് ഓർക്കാം. അമ്മ കുട്ടിയെ മാമ്മോദീസാ മുക്കിയപ്പോൾ ജിയോവാന്നി (Giovanni) എന്ന പേരാണു നൽകിയത്. ബിസിനസിനുവേണ്ടി ഫ്രാൻസിലായിരുന്ന പീറ്റർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകനെ ഫ്രാൻസിസ്‌കോ (Francisco) എന്നു വിളിച്ചു. ”ഫ്രഞ്ചുകാരൻ” (The Frenchman) എന്നാണ് ഇതിന്റെയർത്ഥം. ബർണാർഡിന് ഫ്രാൻസുമായുണ്ടായിരുന്ന
ബന്ധമാണു സൂചിതം. ഫ്രാൻസിസ് ഫ്രഞ്ചും ലത്തീനും പഠിച്ചു. സമ്പന്നപുത്രനായ ആ യുവാവ് യഥേഷ്ടം യുവമേളകളിൽ പങ്കെടുത്തിരുന്നു. അസ്സീസിക്കുവേണ്ടി ഒരു പടയാളിയായി സേവനം ചെയ്യാനും അവൻ മടിച്ചില്ല. 1201-ൽ പെറൂജിയായുമായുണ്ടായ ഒരു യുദ്ധത്തിൽ ഫ്രാൻസിസ് തടവുകാരനായി പിടിക്കപ്പെട്ടു; ഒരു കൊല്ലം ജയിലിൽ കിടന്നു. ഈ അനുഭവം ഫ്രാൻസിസിന്റെ മാനസാന്തരത്തിനു തുടക്കം കുറിച്ചു. എങ്കിലും 1203-ൽ അസ്സീസിയിലേക്കു മടങ്ങിയ ആ യുവാവ് പിന്നെയും പഴയ മട്ടിൽ ആഡംബരജീവിതം നയിക്കുകയാണുണ്ടായത്. 1204-ൽ ഗുരുതരമായ ഒരു രോഗം പിടിപെട്ടതോടെ അവൻ ആത്മീയമായ ഒരു പ്രതിസന്ധിയിലായി. സുഖമായതോടെ വീണ്ടും യുദ്ധത്തിന് ഇറങ്ങിത്തിരിച്ചു; എങ്കിലും ഒരു ദർശനത്തെ തുടർന്ന് അസ്സീസിയിലേക്കു മടങ്ങി. ഇതോടെ അവന് ആദ്ധ്യാത്മികവും സഭാത്മകവുമായ ഒരു ഉണർവുണ്ടായി; ലോകായതിക ജീവിതത്തോടുളള ആസക്തി നഷ്ടമായി. റോമിലേക്കുളള ഒരു തീർത്ഥാടനത്തിൽ ഫ്രാൻസിസ് ദരിദ്രരോടുചേർന്ന് സെയിന്റ് പീറ്റേഴ്‌സ് ബസ്‌ലീക്കായിലും മറ്റു പളളികളിലും ഭിക്ഷ യാചിച്ചു. ഈ അനുഭവം ദാരിദ്ര്യത്തിൽ ജീവിക്കാനുളള തീരുമാനത്തിൽ അവനെ എത്തിച്ചു. റോമിൽ നിന്നു തിരിച്ചെത്തിയ ഫ്രാൻസിസിന് സാൻ ഡാമിയാനോ (San Damiano) പളളിയിൽ വച്ച് മിശിഹായുടെ ഒരു മിസ്റ്റിക്കൽ ദർശനമുണ്ടായി. അസ്സീസിക്ക് തൊട്ടടുത്തായിരുന്നു ഈ ചാപ്പൽ. ഇതു ജീർണ്ണാവസ്ഥയിലായിരുന്നു. മിശിഹായുടെ ക്രൂശിതരൂപം (Icon of Crucified Christ) തന്നോടു ഇപ്രകാരം പറയുന്നതായി അവന് അനുഭവപ്പെട്ടു: ”ഫ്രാൻസിസ്, ഫ്രാൻസിസ്, നീ പോയി നശിച്ചുകൊണ്ടിരിക്കുന്ന എന്റെ ഭവനം പുനരുദ്ധരിക്കുക.” താൻ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ആ പളളിയുടെ പുനരുദ്ധാരണമാണ് കർത്താവ് ആവശ്യപ്പെട്ടതെന്നു കരുതിയ ഫ്രാൻസിസ് വീട്ടിലേക്കു പോയി; തന്റെ പിതാവിന്റെ കടയിൽ നിന്ന് കുറെ തുണികൾ എടുത്തു വിറ്റു; കിട്ടിയ പണം
പളളിയിലെ വൈദികനെ ഏല്പിച്ചു. വാസ്തവത്തിൽ സഭയുടെ തന്നെ നവീകരണമാണ് ഫ്രാൻസിസ് സാധിച്ചത്. ക്രൂദ്ധനായ പിതാവ് പിന്നീട് ഭീഷണികളും പ്രഹരങ്ങളുംകൊണ്ട് മകന്റെ മനസ്സു മാറ്റാൻ ശ്രമിച്ചു. ഫലമൊന്നും ഉണ്ടായില്ല. അസ്സീസിയിലെ മെത്രാന്റെ മുമ്പാകെ നടന്ന നിയമപരമായ നടപടികളുടെ മധ്യേ ഫ്രാൻസിസ് തന്റെ പിതാവിനെയും പിതൃസ്വത്തും ഉപേക്ഷിച്ചു; താൻ ധരിച്ചിരുന്ന വസ്ത്രം പോലും തിരിയെ കൊടുത്തിട്ട് ദരിദ്രനായി, അർദ്ധനഗ്നനായി തെരുവിലേക്ക് ഇറങ്ങി. ഇനി തനിക്ക് ശരിയായും ”സ്വർഗ്ഗസ്ഥനായ പിതാവേ” എന്നു വിളിക്കാം എന്ന് ഫ്രാൻസിസ് പറഞ്ഞു. അടുത്ത ഏതാനും മാസക്കാലം ഫ്രാൻസിസ്, അസ്സീസി പട്ടണത്തിന്റെ പ്രാന്തങ്ങളിൽ ഒരു ഭിക്ഷുവായി ജീവിച്ചു. ദരിദ്രരും അവശരും പരിത്യക്തരും അദ്ദേഹത്തിന്റെ തോഴരായി. ഒരു കുഷ്ടരോഗിയെ ഫ്രാൻസിസ് ആലിംഗനം ചെയ്തപ്പോൾ പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോഴുളള അനുഭൂതി അദ്ദേഹത്തിനുണ്ടായി. പിന്നീട് പലപ്പോഴും കുഷ്ടരോഗികളുടെ കരങ്ങൾ അദ്ദേഹം ചുംബിച്ചിട്ടുണ്ട്. ദാരിദ്ര്യമെന്ന മഹതിയെ (Lady poverty)
പരിണയിച്ച ഫ്രാൻസിസ് നിസ്വരിൽ നിസ്വനായി അനുതാപത്തിന്റെ ജീവിതം നയിച്ചു. നാട്ടിൻ പുറത്തെ ജീർണ്ണാവസ്ഥയിലായിരുന്ന പല ചാപ്പലുകളും അദ്ദേഹം പുനരുദ്ധരിച്ചു. അവയിലൊന്നായിരുന്നു പോർസ്യൂങ്കുളായിലെ (Porziuncola) ദൈവമാതാവിന്റെ ചാപ്പൽ. ഈ ചാപ്പൽ അദ്ദേഹത്തിന്റെ വാസസ്ഥാനമായി. പിന്നീട് അൽവേർണാമലയും അദ്ദേഹത്തിന്റെ പ്രാർത്ഥനാകേന്ദ്രമായി. എളിമയുടെ ആധിക്യം നിമിത്തം വൈദികപട്ടം പൂർണ്ണമായി സ്വീകരിക്കാഞ്ഞ അദ്ദേഹത്തിന് പരിശുദ്ധ കുർബാനയോടും അതു കൈകാര്യം ചെയ്യുന്ന വൈദികരോടുമുണ്ടായിരുന്ന ഭക്തിയും ബഹുമാനവും അന്യാദൃശമായിരുന്നു.
ഫ്രാൻസിസ്‌കൻ സഭകളുടെ സ്ഥാപനം
(Founding of the Franciscan Orders)
ഒന്നുമില്ലാത്തവനും ഒന്നുമല്ലാത്തവനുമായി തെരുവിലേക്കിറങ്ങിയ ദൈവദാസനായ ഫ്രാൻസിസ് ജനങ്ങളോടു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു. അദ്ദേഹത്തിന്റെ പ്രസംഗവും ജീവിതമാതൃകയും അനേകം പേരെ ആകർഷിച്ചു. അദ്ദേഹത്തിന് നിരവധി അനുയായികളുണ്ടായി. 1209-ൽ അവർക്കായി അദ്ദേഹം ഒരു നിയമം (Rule) ഉണ്ടാക്കി. ഇതായിരുന്നു നിയമം: ”നമ്മുടെ കർത്താവായ ഈശോമിശിഹായുടെ പ്രബോധനങ്ങളെ അനുസരിക്കുകയും അവിടുത്തെ കാലടികളിൽ നടക്കുകയും ചെയ്യുക” 1209-ൽ തന്നെ ഫ്രാൻസിസ് തന്റെ ആദ്യത്തെ 11 അനുയായികളുമായി റോമിലെത്തി. ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പായെക്കണ്ട് ഒരു പുതിയ സന്ന്യാസ സഭ തുടങ്ങാൻ അനുവാദം വാങ്ങുകയായിരുന്നു ലക്ഷ്യം. മാർപ്പാപ്പ ആദ്യം അല്പം മടിച്ചെങ്കിലും തനിക്കുണ്ടായ ഒരു സ്വപ്നത്തെ തുടർന്ന് പുതിയ സഭ ആരംഭിക്കാൻ ഫ്രാൻസിസിന് അനുവാദം നൽകി. അങ്ങനെ 1210 ഏപ്രിൽ 16-ാം തീയതി ഫ്രാൻസിസ്‌കൻ സഭ ഔദ്യോഗികമായി രൂപം കൊണ്ടു. അന്ന് ഈ ഗ്രൂപ്പ് ”ചെറിയ സഹോദരന്മാർ” (Lesser Brothers) ”കൊച്ചു സന്ന്യാസികളുടെ സഭ” (Order of Friars Minor) ഫ്രാൻസിസ്‌കൻ സഭ (Franciscan Order) എന്നീ പേരുകളിൽ അറിയപ്പെട്ടു.
അസ്സീസിയിലെ ദൈവഭക്തയായ ക്ലാര എന്ന ഒരു കുലീന കന്യക ഫ്രാൻസിസിന്റെ മാർഗ്ഗം സ്വീകരിക്കാൻ ആഗ്രഹിച്ചു. അവളുടെ നേതൃത്വത്തിൽ ഫ്രാൻസിസ് സ്ത്രീകൾക്കായി ”ദരിദ്രരായ ക്ലാരസന്ന്യാസിനികളുടെ സഭ” (Order of Poor Clares) സ്ഥാപിച്ചു. ഇത് 1212-ൽ ആയിരുന്നു. ക്ലാരസഭയും വേഗം തന്നെ വളർന്നു.
ഇവക്കു പുറമേ, തങ്ങളുടെ സ്ഥാനം വെടിയാൻ സാധിക്കാത്ത വൈദികർക്കും അല്മായർക്കുമായി, ഫ്രാൻസിസ്‌കൻ തത്ത്വങ്ങളനുസരിച്ചു ജീവിക്കാൻ, വിശുദ്ധൻ ഒരു മൂന്നാംസഭയും (Third Order) സ്ഥാപിച്ചു. ഈ സഭകളെല്ലാം ഇന്നും സജീവങ്ങളാണ്. ഫ്രാൻസിസ്‌കൻ സഭയിൽ ആയിരക്കണക്കിന് വിശുദ്ധർ ഉണ്ടായിട്ടുണ്ട്. വിശുദ്ധ ആന്റണി അവരിൽ പ്രമുഖനാണ്.
പര്യടനങ്ങൾ
സമസ്ത സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കാൻ കൊതിച്ച ഫ്രാൻസിസ് ഇറ്റലിക്കു പുറത്തേക്കു പോകാനും ശ്രമിച്ചിട്ടുണ്ട്. ജറുസലേം, മൊറോക്കോ എന്നീ സ്ഥലങ്ങളിലേക്കുളള യാത്രകൾ പൂർത്തിയാക്കാൻ കഴിയാതെ അദ്ദേഹം ഇറ്റലിയിലേക്കു മടങ്ങി. എന്നാൽ ഒരു സന്ന്യാസിയോടൊപ്പം അദ്ദേഹം ഈജിപ്തിലെ അൽ-കമിൽ (Al-Kamil) സുൽത്താന്റെ കൊട്ടാരത്തിലെത്തി. സാരസന്മാർക്കെതിരായി കുരിശുയുദ്ധം നടക്കുന്ന കാലം. സുൽത്താനെ മാനസാന്തരപ്പെടുത്തുക, അല്ലെങ്കിൽ രക്തസാക്ഷിത്വം വരിക്കുക-ഇതായിരുന്നു യാത്രോദ്ദേശ്യം. സുൽത്താൻ വളരെ ആദരവോടെ ഫ്രാൻസിസിനെ സ്വീകരിച്ചു. വിശുദ്ധനാടു സന്ദർശിക്കാനും അവിടെ സുവിശേഷം പ്രസംഗിക്കാനും അദ്ദേഹം വിശുദ്ധന് അനുവാദം നൽകി. 1217 മുതൽ ഇന്നുവരെ വിശുദ്ധനാട്ടിൽ ഫ്രാൻസിസ്‌കൻ സഭ നിർബാധം നിലനിന്നിട്ടുണ്ട്. അവിടെയുളള പുണ്യസ്ഥലങ്ങളെല്ലാം തന്നെ ഫ്രാൻസിസ്‌കൻ സന്ന്യാസികളുടെ സംരക്ഷണത്തിലാണ്. മുകളിൽ പറഞ്ഞ സുൽത്താൻ ഉടനെ മാനസാന്തരപ്പെട്ടില്ലെങ്കിലും, മരണക്കിടക്കയിൽ വച്ച് മാമ്മോദീസ സ്വീകിരിച്ചുവെന്നും പറയപ്പെടുന്നു; ഫ്രാൻസിസിന്റെ സന്ദർശനത്തിന്റെ ഫലം.
വ്യക്തിത്വവും പൈതൃകവും
(Character and Legacy)
വിശുദ്ധ ഫ്രാൻസിസിനെപ്പോലെ മിശിഹായെ അടുത്തനുകരിച്ചിട്ടുളള മറ്റൊരു വിശുദ്ധനില്ല. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുളള ആദ്യത്തെ പഞ്ചക്ഷതധാരിയാണ് ഫ്രാൻസിസ്. ഭാരതത്തിലെ ഋഷികളെപ്പോലെ അസ്സീസിയിലെ മഹർഷി സകല ചരാചരങ്ങളെയും സ്‌നേഹിച്ചു. പക്ഷികളോടു സുവിശേഷം പ്രസംഗിക്കുമ്പോൾ അവ അദ്ദേഹത്തിന്റെ കൈകളിലും തോളത്തുമൊക്കെ വന്നിരിക്കുമായിരുന്നു. ഗുബിയോയിലെ നരഭോജിയായ ചെന്നായെ അദ്ദേഹം മെരുക്കിയെടുത്ത കഥ പ്രസിദ്ധമാണ്. 1979-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ അദ്ദേഹത്തെ പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായി (Patron Saint of Ecology) പ്രഖ്യാപിച്ചു. താൻ പാപികളിൽ ഒന്നാമനെന്നു വിശ്വസിച്ച വിശുദ്ധന്റെ എളിമയും സ്‌നേഹവും ദാരിദ്ര്യചൈതന്യവും നമുക്കു ലഭിച്ച പൈതൃകമാണ്. അദ്ദേഹത്തിന്റെ സൂര്യഗീതം (Canticle of the Sun) വിശ്വപ്രസിദ്ധമാണ്. എല്ലാം – മരണം പോലും അദ്ദേഹത്തിന് സഹോദരനോ സഹോദരിയോ ആണ്. ” എന്റെ ദൈവം എന്റെ സമസ്തവും” എന്ന് ഫ്രാൻസിസ് എപ്പോഴും ഉരുവിടുമായിരുന്നു. അദ്ദേഹം നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുമുണ്ട്. ശക്തമായ പ്രലോഭനങ്ങളെയും പിശാചുക്കളുടെ ഉപദ്രവങ്ങളെയും അദ്ദേഹം അതിജീവിച്ചത് ദൈവകൃപയാലാണ്.
മരണവും നാമകരണവും
വിശുദ്ധന്റെ ജീവിതകാലത്തു തന്നെ ഫ്രാൻസിസ്‌കൻ സഭ യൂറോപ്പിലും പൗരസ്ത്യദേശത്തും വ്യാപിച്ചു. അതോടെ സഭ പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്തു. പഞ്ചക്ഷതങ്ങൾ ലഭിച്ച് രണ്ടു വർഷമായപ്പോൾ -1226 ഒക്‌ടോബർ 3-ന് വിശുദ്ധൻ
142-ാം സങ്കീർത്തനം പാടിക്കൊണ്ട് മരിച്ചു. 1228-ൽ ഒമ്പതാം ഗ്രിഗോറിയോസ് മാർപ്പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. കത്തോലിക്കാ സഭയിൽ മാത്രമല്ല, ആംഗ്ലിക്കൻ-പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളിലും വിശുദ്ധ ഫ്രാൻസിസ് ആദരിക്കപ്പെടുന്നു.