പഞ്ചഗ്രന്ഥങ്ങൾ

റവ. ഡോ. സിറിയക്ക് വലിയകുന്നുംപുറത്ത്‌

പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളെ പരമ്പരാഗതമായി വിശേഷിപ്പിക്കുന്ന പേരാണ് ‘പഞ്ചഗ്രന്ഥങ്ങൾ’ (Pentateuch). Pentateuch
എന്ന പദം രണ്ടു ഗ്രീക്കു പദങ്ങളുടെ സമുച്ചയമാണ: ‘അഞ്ച്’ എന്നർത്ഥമുളള ‘Penta’, ‘ചുരുൾ’ എന്നർത്ഥമുളള ‘Teuch’. വി. ഗ്രന്ഥത്തിന്റെ ആദ്യകാല രചനകളുടെ ആരംഭത്തിൽ ഓരോ പുസ്തകവും ചുരുളുകളായാണ് അറിയപ്പെട്ടിരുന്നത്. ഇപ്രകാരം അഞ്ചു ചുരുളുകൾ ഉളള ഈ പുസ്തകങ്ങൾ കാലക്രമത്തിൽ ജലിമേലtuരവ എന്ന് അറിയപ്പെടാൻ തുടങ്ങി. ഇവയെ ”ഇസ്രായേലിന്റെ നിയമസംഹിത” (Torah) എന്ന് യഹൂദർ നാമകരണം ചെയ്തു. കാരണം യഹൂദമതത്തിലെ മൂന്നു പ്രധാന നിയമ സംഹിതകൾ ഉൾക്കൊളളുന്ന ഗ്രന്ഥമാണ് പഞ്ചഗ്രന്ഥങ്ങൾ അഥവാ Pentateuch. ഉടമ്പടിയുടെ നിയമം(Covenant Code പുറപ്പാട് 20-24), ലേവ്യരുടെ പുസ്തകം പ്രതിപാദിക്കുന്ന ”വിശുദ്ധിയുടെ നിയമസംഹിത” (Holiness Code ലേവ്യർ
17-27), നിയമാവർത്തന പുസ്തകത്തിലെ നിയമസംഹിത (Deuternomic Code നിയമ. 12-26) എന്നിവയാണ് അവ. ഈ മൂന്നു നിയമസംഹിതകളും പ്രത്യേക സാഹചര്യങ്ങളിൽ ഇസ്രായേൽ ചരിത്രത്തിൽ ആവിർഭവിച്ചവയാണ് (ഇവ പിന്നീട് വിശദീകരിക്കുന്നതാണ്). മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ നിയമസംഹിതകളെയാണ് യഹൂദമതം നിയമങ്ങൾ (Torah) എന്ന് വിശേഷിപ്പിക്കുന്നത്.
അഞ്ചു പുസ്തകങ്ങൾ തമ്മിലുളള ബന്ധം
ഉല്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തനം എന്നീ പുസ്തകങ്ങൾ
പരസ്പരം രണ്ടു തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു: ഒന്ന്, വ്യാകരണത്തിൽ ദൃശ്യമാകുന്ന ബന്ധം; രണ്ട്, ദൈവശാസ്ത്രത്തിൽ ഉരുത്തിരിയുന്ന ബന്ധം. ഹെബ്രായഭാഷയിൽ എഴുതപ്പെട്ട ഈ പുസ്തകങ്ങൾ ഭാഷാപരമായി പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. ഈ ബന്ധം ഇസ്രായേൽ ചരിത്രത്തിലേക്കുളള ഒരു തിരിഞ്ഞുനോട്ടംകൂടിയാണ്. കാരണം, ഇസ്രായേൽ ചരിത്രം ആരംഭിക്കുന്നത് മൂശെയുടെ കാലഘട്ടം മുതലാണ്. ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് ഇസ്രായേൽ ജനതയെ മോചിച്ച് വാഗ്ദത്ത നാട്ടിലേക്കു യാത്രയാക്കിയ നാൾ മുതലാണ് (1250 ബി. സി) ചരിത്രപുസ്തകം ആരംഭിക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ, ഉല്പത്തി പുസ്തകത്തെ, വി. ഗ്രന്ഥത്തിന്റെ ആമുഖമായി അവതരിപ്പിച്ചുകൊണ്ട് വാഗ്ദത്ത നാട്ടിൽ ആയിരുന്ന ഇസ്രായേൽ സമൂഹം ഈജിപ്തിലേക്കു പോകാൻ ഇടയാക്കിയ ചരിത്രത്തെയാണ് അവതരിപ്പിക്കുന്നത്. വി. ഗ്രന്ഥത്തിനു പൊതുവെയുളള ആമുഖത്തിനു ശേഷം, പുറപ്പാട് പുസ്തകം പുതിയ ഒരു തുടക്കം നൽകുകയാണ്. ഹെബ്രായ ഭാഷയിലുളള ‘ചീാശിമഹ Proposition’ എന്ന ഭാഷാ വ്യാഖ്യാനത്തോടെയാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്: ”ഈജിപ്തിലേക്കു യാത്ര ചെയ്ത ഇസ്രായേൽ മക്കളുടെ പേരുകൾ ഇവയാണ്”. തുടർന്നു വരുന്ന എല്ലാ പുസ്തകങ്ങളും ഈ പുസ്തകത്തിന്റെ തുടർച്ചയാണ് അവതരിപ്പിക്കപ്പെടുന്നത്. മാത്രവുമല്ല, ഓരോ പുസ്തകവും വ്യാകരണപരമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഹീബ്രു വ്യാകരണത്തിലെ വാക്യങ്ങൾ തമ്മിൽ സംയോജിപ്പിക്കുന്ന (cunjunction) ‘waw’ അക്ഷരം ഈ പുസ്തകങ്ങളുടെ ആരംഭത്തിൽ ഉപയോഗിച്ചിരിക്കുന്ന ക്രിയാപദങ്ങളോട് (verb) ചേർത്തു വച്ചിരിക്കുന്നതും ഈ പുസ്തകങ്ങളുടെ പരസ്പരമുളള ബന്ധത്തെ പ്രകാശിപ്പിക്കുന്നു. ദൈവശാസ്ത്രപരമായുളള ബന്ധവും ഈ അഞ്ചു ഗ്രന്ഥങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നുണ്ട്. ദൈവം അബ്രാഹത്തിലൂടെ വാഗ്ദാനം ചെയ്ത ദേശം (ഉല്പ. 12, 3-4) കൈവശമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈജിപ്തിന്റെ അടിമത്തത്തിൽ കഴിഞ്ഞ ഇസ്രായേൽ ജനം വാഗ്ദാന നാട് ലക്ഷ്യം വച്ച് മൂശെയുടെ നേതൃത്വത്തിൽ യാത്ര ചെയ്തത്. ഈ യാത്രയിൽ അവർക്കുണ്ടായ ദൈവാനുഭവങ്ങളെയാണ് പഞ്ചഗ്രന്ഥങ്ങൾ അപഗ്രഥിക്കന്നത്. അബ്രാഹവും, ഇസഹാക്കും, യാക്കോബും ദൈവം കാണിച്ചുകൊടുക്കുന്ന നാട്ടിൽ വസിക്കുകയും ആ നാട്ടിൽ ക്ഷാമമുണ്ടായപ്പോൾ അബ്രാഹം (ഉല്പ. 12,10), ഈജിപ്തിനെ ലക്ഷ്യമാക്കി യാത്ര ചെയ്യുകയും പിന്നീട് തിരിച്ചു വാഗ്ദാനനാട്ടിലേക്കു വന്ന് (ഉല്പ. 13) അവിടെ വസിക്കുകയും, അടക്കം ചെയ്യപ്പെടുകയും ചെയ്തു (ഉല്പ. 25). യാക്കോബിന്റെ ജീവിതവും ഇതിനു സമാന്തരമായി വ്യാഖ്യാനിക്കപ്പെടാവുന്നതാണ്. തന്റെ സഹോദര
നായ ഏസാവ് അന്യസ്ത്രീകളെ (Hittite) വിവാഹം കഴിക്കുന്നതിലൂടെ അദ്ദേഹത്തിനു വാഗ്ദാനദേശം അന്യമായി. ഏസാവ് പിന്നീട് ഏദോം എന്നു വിളിക്കപ്പെട്ടു. ഏദോമ്യർ പിന്നീട് ഇസ്രായേലിന്റെ യാത്രയിൽ ശത്രുക്കളായി മാറി. ഇപ്രകാരമുളള ജീവിതത്തിന് യാക്കോബും പ്രേരിതനാകും എന്ന ചിന്തയാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഇസഹാക്കും റബേക്കായും (ഉല്പ. 28,1-4) ഇസഹാക്കിന് ഹാരാനിലേക്ക് പോകാൻ അനുമതി നൽകി. ദീർഘനാളത്തെ വാസത്തിനു ശേഷം 12 ഗോത്രങ്ങളുടെ പിതാവായി (ഉല്പ. 31) യാക്കോബും ഭാര്യമാരും മക്കളും വാഗ്ദാനനാട്ടിലേക്കു തിരികെ വന്നു. എന്നാൽ ഇസഹാക്കു മാത്രം, ക്ഷാമം ഉണ്ടായിട്ടു പോലും വാഗ്ദത്ത ഭൂമിയിൽ താമസിച്ചു (ഉല്പ. 26). ഇത് ദൈവശാസ്ത്രപരമായും ചരിത്രപരമായും വ്യാഖ്യാനിക്കപ്പെടേണ്ട വിഷയമാണ്. അബ്രാഹത്തിലൂടെ വാഗ്ദാനം ചെയ്യപ്പെട്ട പുത്രനാണ് ഇസഹാക്ക്. ഇവനാണ് വാഗ്ദാനനാടിന്റെ അവകാശി. ഇത് ദൈവശാസ്ത്രപരമായ സമീപനമാണെങ്കിൽ, അന്ന് ഈജിപ്തിൽ
ഭരണകർത്താക്കളായിരുന്ന ഹിക്‌സോസ് വംശജർ ഇസഹാക്കിന്റെ ഈജിപ്തിലേക്കുളള യാത്രക്ക് പ്രതിബന്ധം സൃഷ്ടിക്കുകയും
അപ്രകാരം ഇസഹാക്ക് ഇസ്രായേലിൽ തുടരുകയും ചെയ്തു എന്നാണ് ചരിത്രപരമായ വിശദീകരണം. വീണ്ടും യാക്കോബിന്റെ വത്സലപുത്രനായ ജോസഫ് ഈജിപ്തിലേക്ക് വിൽക്കപ്പെടുകയും അവിടെ അധിപതിയായി വാഴുകയും ചെയ്തു. ഈ ബന്ധം ഇസ്രായേൽ ഗോത്രങ്ങൾക്ക് ഈജിപ്തിലേക്കു വരുവാനുളള സാഹചര്യമൊരുക്കി.
ഇവിടെനിന്നുമാണ് ഇസ്രായേലിന്റെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത്. ഇപ്രകാരം ഉല്പത്തി പുസ്തകം പഞ്ചഗ്രന്ഥത്തിന്റെ, ആമുഖമായി നിലകൊളളുന്നു.
ഇസ്രായേലിന്റെ വാഗ്ദാനനാട്ടിലേക്കുളള യാത്രയുടെ, ദൈവശാസ്ത്രപരമായ ചിന്തകൾ ഉൾക്കൊളളുന്ന ഭാഗമാണ് വി. ഗ്രന്ഥത്തിലെ പുരാതനമായ കീർത്തനം. ഇസ്രായേൽ ചെങ്കടൽ കടന്ന് ഈജിപ്ഷ്യൻ സൈന്യത്തെ തോല്പിച്ച് മുന്നേറുന്ന രംഗങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന പുറപ്പാട് 15-ാം അദ്ധ്യായം ദൈവത്തെ സ്രഷ്ടാവും സർവ്വസൈന്യാധിപനും രാജാവുമായി ചിത്രീകരിച്ചിരിക്കുന്നു. ദൈവത്തിനു നൽകുന്ന ഈ മൂന്നു തരം വിശേഷണങ്ങളാണ് വി. ഗ്രന്ഥത്തിന്റെ കേന്ദ്ര ഭാഗം. സ്രഷ്ടാവായ ദൈവമാണ് പ്രപഞ്ചസൃഷ്ടിയുടെ വിവരണത്തിലൂടെ നമുക്ക് വെളിപ്പെടുത്തി തരുന്നത്. സൃഷ്ടി നടത്തുക മാത്രമല്ല, സൃഷ്ടിയെ സംരക്ഷിക്കുന്നതും അതിലൂടെ വാഗ്ദാനത്തിന്റെ ഉടമ്പടിബന്ധത്തിലേക്ക് ദൈവജനത്തെ കൊണ്ടുവരുന്നതും ദൈവം തന്നെയാണ്. ഇപ്രകാരം സ്രഷ്ടാവായ ദൈവം ഉടമ്പടിയുടെ ദൈവമായി രൂപാന്തരപ്പെടുന്നു. അബ്രാഹത്തിനും (ഉല്പ. 12, 3-4; 15) യാക്കോബിനും (ഉല്പ. 28, 12 fg) അവിടുന്ന് ഉടമ്പടി നവീകരിക്കുകയും അതിൽ വളരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഉടമ്പടി നൽകുന്ന ദൈവം തന്നെ തന്റെ ജനത്തിനു സംരക്ഷണം നൽകുന്നു. ഈജിപ്തിലെ രാജാക്കന്മാരുടെ പീഡനങ്ങളിൽ നിന്നും ജനത്തെ രക്ഷിക്കുന്ന ദൈവം തന്റെ മഹനീയമായ സാന്നിദ്ധ്യത്തെ ഇസ്രായേലിനും ഈജിപ്തുകാർക്കും മനസ്സിലാക്കി കൊടുക്കുന്നു (പുറ. 7,7-10; 26). ഇപ്രകാരം രക്ഷ നൽകുന്ന ദൈവം സ്രഷ്ടാവും, പരിപാലകനും, ആകുന്നതിനോടൊപ്പം ദൈവജനത്തിന്റെ സാന്നിദ്ധ്യമായി അവതരിക്കുകയും ചെയ്യുന്നു.
പുറപ്പാട് 15-ാം അദ്ധ്യായം യുദ്ധവീരനായ ദൈവത്തെ അവതരിപ്പിക്കുന്നു (15,3). സൈന്യത്തിനു മുൻപേ യാത്രചെയ്യുന്നവനാണ് സൈന്യാധിപൻ. ഇസ്രായേൽ ജനത്തിനു പാത ഒരുക്കുവാനായി പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നി തൂണിലും ജനത്തെ നയിച്ചവനാണ് അവിടുന്ന്. ജനത്തിനെതിരെ വരുന്ന ശത്രുക്കളെ നിർവീര്യമാക്കിക്കൊണ്ട് ഫറവോയുടെ രഥങ്ങളെയും കുതിരകളെയും കടലിൽ താഴ്ത്തിയ ദൈവത്തെ ജനം പാടി സ്തുതിച്ചു (15,2). ഇതേ ദൈവം തന്നെ അവർക്കു വിശന്നപ്പോൾ മന്നായും കാടപ്പക്ഷിയും നൽകി (പുറ. 16), ലേവ്യർ 11, 31). ഏകദൈവത്തിലുളള വിശ്വാസത്തിൽ നിലനിർത്താൻ നിയമങ്ങൾ നൽകി (20,25). ജനത്തിന്റെ യാത്രയിൽ അവരുടെ ശത്രുക്കളായ മൊവാബ്യരെയും (സംഖ്യ 21-22), മിദിയാൻകാരെയും (സംഖ്യ 31) അമ്മോന്യരെയും തോല്പിക്കുകയും ഇസ്രായേലിനെ സംരക്ഷിക്കുകയും ചെയ്തു. വിശുദ്ധ യുദ്ധത്തിന്റെ നിയമത്തിൽ (നിയമ. 20) ദൈവമായ കർത്താവാണ് ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്യുന്നത് എന്ന് പ്രത്യേകമായി രേഖപ്പെടുത്തുന്നു. വീണ്ടും, യുദ്ധവീരനായ ദൈവം തന്നെയാണ് ജറീക്കോ പട്ടണത്തെ ഇസ്രായേലിന്റെ കൈകളിൽ ഏല്പിച്ചത് (ജോഷ്വ 4). ആയ് പട്ടണത്തെ അവിടുത്തെ എല്ലാ വസ്തുക്കളോടും കൂടെ ഇസ്രായേലിനു നൽകിയതും അവിടുന്നു തന്നെയാണ് (ജോഷ്വ 6). ഇസ്രായേലിന്റെ രാജ്യം ‘ദാൻ മുതൽ ബേർഷബാ’ വരെ വിപുലമാക്കിയതും ദാവീദു രാജാവിനു സ്വസ്ഥത നൽകി അവനെ അനുഗ്രഹിച്ചതും (2 സാമു.7,1) യുദ്ധവീരനായ ദൈവം തന്നെയെന്ന് ഇസ്രായേൽ ജനം ഈ കീർത്തനത്തിലൂടെ ആലപിക്കുന്നു.
പുറപ്പാട് 15, 18 ഇസ്രായെലിന്റെ പുരാതന കീർത്തനത്തിന്റെ സമാപനമാണ്. ഇവിടെ ജനം ഏറ്റു പറയുന്നത് ദൈവത്തിന്റെ രാജത്വത്തെയാണ്. ”ദൈവം രാജാവാണ്, അവിടുന്ന് നിത്യം വസിക്കുന്നവനാണ്. ഇസ്രായേൽ അനുഭവിച്ച ദൈവത്തിന്റെ രാജത്വം ആരാധനയുമായി അഭേദ്യം ബന്ധപ്പെട്ടാണിരിക്കുന്നത്. ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നുളള ഇസ്രായേലിന്റെ മോചനം വാഗ്ദാനനാട്ടിൽ ദൈവത്തെ ആരാധിക്കാൻ വേണ്ടിയാണ് (പുറ. 3,12). ഇതു സാദ്ധ്യമാകുന്നത് വാഗ്ദാനപേടകത്തിന്റെ നിർമ്മാണത്തിലൂടെയും (35-40) തുടർന്നുളള ദൈവാലയനിർമ്മാണത്തിലൂടെയുമാണ് (1 രാജാ. 8). ബാബിലോണിലെ
പ്രവാസത്തിൽ നഷ്ടപ്പെട്ടു പോയ രാജത്വവും പൗരോഹിത്യവും ഇസ്രായേൽ വീണ്ടെടുക്കുന്നത് ദൈവാലയത്തിന്റെ പുനർനിർമ്മാണത്തിലൂടെയാണ് (സഖറിയ 14, 9-10). ദൈവാലയത്തിലെ ബലിയർപ്പണവേദിയാണ് ദൈവത്തിന്റെ രാജത്വത്തെ പ്രഘോഷിക്കുന്ന പ്രധാന ഇടം (സഖറിയ 14, 17-18). ബലിയർപ്പണത്തെ അതിന്റെ പൂർണ്ണതയിൽ, വിവിധ മാനങ്ങളിൽ അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ലേവ്യരുടെ പുസ്തകം. ഇപ്രകാരം ദൈവശാസ്ത്രപരമായും ഭാഷാപരമായും പഞ്ചഗ്രന്ഥത്തിലെ പുസ്തകങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധം അഞ്ചു പുസ്തകങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. മറിച്ച്, അവ മറ്റു ഗ്രന്ഥങ്ങളിലേക്ക് പ്രത്യേകിച്ച് ചരിത്ര പുസ്തകങ്ങളിലേക്കും, പ്രവാചകഗ്രന്ഥങ്ങളിലേക്കും കടന്നു ചെല്ലുന്നതാണ്. ആകയാൽ പഞ്ചഗ്രന്ഥം അഥവാ നിയമഗ്രന്ഥം വി. ഗ്രന്ഥത്തിന്റെ തന്നെ കേന്ദ്രബിന്ദുവാണെന്നു വിശേഷിപ്പിക്കാം.