ആകാശപ്പറവകളും ഐ. എസ്. ഐ. എസും

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.

കേരളം മുഴുവൻ ഉറ്റുനോക്കിയിരുന്ന സൗമ്യ വധക്കേസിൽ സുപ്രീം കോടതിയുടെ വിധി വന്നപ്പോൾ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയത് ഒട്ടേറെ വിമർശനങ്ങൾക്കു കാരണമായി. ആറുമാസം കൂടി ശിക്ഷ അനുഭവിച്ചശേഷം
പ്രതിക്കു പുറത്തിറങ്ങാം എന്ന തരത്തിലാണ് മാധ്യമങ്ങൾ ആദ്യം റിപ്പോർട്ടു
നൽകിയത്. കോടതി വിധി മതിയായി പഠിച്ചു മനസ്സിലാക്കാതെ റിപ്പോർട്ടു ചെയ്തതിനാലാണ് മാധ്യമങ്ങൾക്ക് ഈ ഭീമാബദ്ധം പറ്റിയത്. എന്തായാലും എല്ലാ മാധ്യമങ്ങൾക്കും തെറ്റു പറ്റി എന്നു പറഞ്ഞ് അവർ തടിയൂരി. എങ്കിലും ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരി വയ്ക്കുന്ന വിധി സുപ്രീം കോടതിയിൽനിന്ന് ഉണ്ടാകാതിരുന്നതിനാൽ കോടതിയും സംസ്ഥാന സർക്കാരും ഒന്നുപോലെ മാധ്യമങ്ങളുടെയും, സോഷ്യൽ മീഡിയ പ്രതികരണക്കാരുടെയും ആക്ഷേപശരങ്ങളേറ്റു. അപൂർവങ്ങളിൽ അപൂർവമായ കുറ്റങ്ങൾക്കു മാത്രം വധശിക്ഷ വിധിക്കുകയും, വിധിച്ച വധശിക്ഷപോലും നടപ്പാക്കാൻ കാലതാമസം നേരിടുകയും ചെയ്യുന്ന നിയമസംവിധാനം നിലവിലുളള നമ്മുടെ നാട്ടിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വധിച്ച കേസിൽ പോലും പ്രതികൾക്ക് വധശിക്ഷയിൽനിന്ന് ഇളവു കൊടുത്തിട്ടുണ്ട് എന്നതു വിസ്മരിച്ചായിരുന്നു ഇന്ത്യൻ നിയമവ്യവസ്ഥക്കെതിരെയുളള പുലഭ്യം പറച്ചിലുകൾ പുരോഗമിച്ചത്. രാജ്യത്തിന്റെ അഖണ്ഡതക്കെതിരേ പ്രവർത്തിക്കുകയും നാട്ടിൽ ഭീകരവാദം വളർത്തുകയും ചെയ്ത അഫ്‌സൽ ഗുരുവിന്റെ ദയാഹർജി രാഷ്ട്രപതി തളളിയതിനെത്തുടർന്ന് വധശിക്ഷ നടപ്പാക്കിയതിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയവർ സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് ശിക്ഷയിളവു നൽകിയതിനെ ശക്തമായി വിമർശിക്കുകയും ഇസ്ലാമിക രാജ്യങ്ങളിൽ നിലവിലുളള ശരിയത്ത് നിയമം നമ്മുടെ നാട്ടിലും നടപ്പാക്കണമെന്ന് വീറോടെ വാദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തങ്ങൾ മാത്രമാണ് രാജ്യസ്‌നേഹികളെന്നു വിചാരിക്കുന്ന ചില സംഘപരിവാർ അനുകൂലി
കളും കാര്യമറിയാതെ ശരിയത്ത് നിയമത്തിന്റെ മാഹാത്മ്യം വിവരിച്ചുകൊണ്ട് ഫേസ്ബുക്കിലും, വാട്ട്‌സാപ്പിലും പോസ്റ്റുകൾ ഷെയർ ചെയ്ത് ഇന്ത്യൻ ജുഡിഷ്യറിയുടെ ബലഹീനതയെ പുച്ഛിച്ചു. അതിനിടെയാണ് സാധാരണ ജനങ്ങളെ ഞെട്ടിക്കുന്ന കണ്ടുപിടുത്തം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടത്. സൗമ്യ വധക്കേസിലെ പ്രതിയുടെ യഥാർത്ഥ പേര് ഗോവിന്ദച്ചാമി എന്നല്ലെന്നും ചാർളി തോമസ് എന്നാണെന്നും, കുറ്റവാളികളെ മതം മാറ്റുന്ന മിഷനറിമാരുടെ സംഘടന അയാളെ മതം മാറ്റിയെന്നും, ചാർളി എന്ന പേര് പുറത്തു വരാതിരിക്കാനും അയാളെ തൂക്കുകയറിൽ നിന്നു രക്ഷിക്കാനും ലക്ഷങ്ങൾ എറിഞ്ഞ് മിഷനറിമാരാണ് ക്രിസ്ത്യാനികൂടിയായ വക്കീലിനെ ഏർപ്പെടുത്തിയതെന്നുമുളള ചൂടുവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ കാട്ടുതീപോലെ പ്രചരിച്ചു. ഈ പ്രചാരണത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാരായ പോപ്പുലർ ഫ്രണ്ടിന്റെ ‘തേജസ്’ പത്രത്തിൽ കുറെ ദിവസങ്ങളായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന വാർത്തകളാണ് പ്രചരിപ്പിക്കപ്പെടുന്നത് എന്നു മനസ്സിലായത്. കെ.പി.ഒ റഹ്മത്തുളള എന്ന തേജസ് ദിനപ്പത്രത്തിന്റെ തൃശൂർ ബ്യൂറോ ചീഫ് ആയിരുന്നു വാർത്തകളുടെ പിന്നിൽ. ‘ഗോവിന്ദച്ചാമിയെ തൂക്കുകയറിൽനിന്നു രക്ഷിച്ചത് ആകാശപ്പറവകൾ’ എന്ന തലക്കെട്ടിൽ യാചകരുടെയും, തെരുവിൽ ജീവിക്കുന്നവരുടെയും ഇടയിൽ പ്രവർത്തിക്കുന്ന ആകാശപ്പറവകൾ എന്ന ക്രിസ്ത്യൻ മിഷനറി സംഘടനയെ പ്രതിക്കൂട്ടിൽ നിർത്തിയായിരുന്നു തേജസിന്റെ ആരോപണം.
സെപ്റ്റംബർ 17-ന് ന്യൂസ് അവറിൽ ഈ വിഷയം ചർച്ചക്കെടുത്ത് ഏഷ്യാനെറ്റ് ന്യൂസ് സമൂഹത്തോട് മാധ്യമങ്ങൾക്കുളള ഉത്തരവാദിത്തം നിറവേറ്റി. സൗമ്യയുടെ അമ്മയും ആകാശപ്പറവകളുടെ പ്രതിനിധിയും ഉൾപ്പെടെ പങ്കെടുത്ത ചർച്ചയിൽ അവതാര
കനായ വിനുവിന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ റഹ്മത്തുളള കുഴങ്ങുകയായിരുന്നു. റഹ്മത്തുളള ആരോപിക്കുന്നതുപോലെ ആകാശപ്പറവകളുമായി ബന്ധപ്പെട്ട് ആരും തങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ താൻ റഹ്മത്തുളളയോടു പറഞ്ഞിട്ടില്ലെന്നും, ഇങ്ങനെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയാൻ നാണമില്ലേ എന്നും സൗമ്യയുടെ അമ്മ
പറഞ്ഞപ്പോൾ റഹ്മത്തുളള മെനഞ്ഞുകെട്ടിയ കഥ പൊളിയുകയായിരുന്നു. ആകാശപ്പറവകളുടെ ശാഖകളിൽ സുപ്രീം കോടതി വിധി അനുകൂലമാകാൻ പ്രാർത്ഥനകൾ നടന്നു എന്നും, വധശിക്ഷ റദ്ദായതിൽ ആഹ്ലാദം പ്രക
ടിപ്പിച്ച് മധുരം വിതരണം ചെയ്തു എന്നുമൊക്കെ കെട്ടുകഥകൾ സൃഷ്ടിച്ച് ആധികാരികതയോടെ തേജസിൽ പ്രസിദ്ധീകരിച്ചതിനു പിന്നിൽ വിഭാഗീയ ലക്ഷ്യങ്ങൾ ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ദേശവിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് അടച്ചുപൂട്ടൽ ഭീഷണി നേരിടു
കയും പത്ര സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് ബുദ്ധിജീവികളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിച്ച് അടച്ചുപൂട്ടലിൽനിന്നു രക്ഷപെടുകയും ചെയ്ത ചരിത്രമാണ് തേജസിനുളളത്. കാശ്മീരിൽ കലാപം സൃഷ്ടിക്കുന്ന തീവ്രവാദികൾ തേജസിന് പോരാളികൾ ആണ്. ഇതെഴുതുമ്പോൾ കാശ്മീരിലെ ഉറിയിൽ സൈനിക ആസ്ഥാനത്തു തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട വാർത്ത മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ തേജസിന്റെ വെബ് സൈറ്റിൽ ‘കാശ്മീരിൽ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം; 19 സൈനികർ കൊല്ലപ്പെട്ടു’ എന്ന തലക്കെട്ടിൽ കൊടുത്തിരിക്കുന്ന വാർത്തയിൽ ഒരിടത്തും തീവ്രവാദി എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. കാശ്മീരിൽ കലാപം വിതക്കുന്നവരെ തീവ്രവാദികൾ എന്നു വിശേഷിപ്പിക്കാനുളള തേജസിന്റെ വൈമുഖ്യം പ്രസ്തുത വാർത്തയിൽ നിഴലിച്ചു കാണാം.
ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ ആളൂർ വക്കീലിനെ നിയോഗിച്ചിരിക്കുന്നത് ആകാശപ്പറവകൾ ആണെന്നു കണ്ടുപിടിച്ച തേജസ് ലേഖകൻ ആളൂർ ആദ്യം കേരളത്തിൽ വക്കാലത്ത് എടുക്കാൻ വന്നത് തീവ്രവാദക്കേസിൽ പ്രതിയായ തടിയന്റെവീട നസീറിന് ജാമ്യം എടുക്കാനാണ് എന്നത് അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. തടിയന്റെവീട നസീർ, ബണ്ടി ചോർ, ഗോവിന്ദച്ചാമി, ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാം എന്നിവരുടെ വക്കാലത്ത് ഏറ്റെടുക്കാൻ ഇയാൾ മുന്നോട്ടു വന്നത് പ്രമാദമായ കേസുകൾ ഏറ്റെടുത്ത് പ്രശസ്തി നേടുക എന്ന ലക്ഷ്യത്തോടെയാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുളളു. മതപരിവർത്തനം നടത്തുന്നു, കുറ്റവാളികളെ മതം മാറ്റുന്നു, കുറ്റവാളികളെ സംരക്ഷിക്കുന്നു എന്നിങ്ങനെയുളള ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് ക്രൈസ്തവ സമൂഹത്തെ
അവഹേളിക്കാനും ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളെ തടയാനുമുളള ബോധപൂർവകമായ ശ്രമമാണോ തേജസ് നടത്തിയത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് സമൂഹത്തിൽ വർഗ്ഗീയ ലഹള സൃഷ്ടിക്കുക എന്നത് തീവ്രവാദികളുടെ സ്ഥിരം തന്ത്രമാണ്. ചോദ്യ
പേപ്പറിൽ പ്രവാചക നിന്ദ ആരോപിച്ച് കോളജ് അദ്ധ്യാപകന്റെ കൈ വെട്ടിയതും, റംസാൻ നോമ്പനുഷ്ഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് പന്നിയിറച്ചി വിളമ്പി എന്നാരോപിച്ച് സ്‌കൂൾ തല്ലി തകർത്തതും എല്ലാം ഇങ്ങനെ നുണകൾ പ്രചരിപ്പിച്ചായിരുന്നു. യാഥാർത്ഥ്യം വെളിപ്പെടുമ്പോഴേക്കും തീവ്രവാദികൾ തങ്ങളുടെ ലക്ഷ്യം നേടിയിരിക്കുകയും ചെയ്യും. ഇസ്ലാമിക തീവ്രവാദവും മസ്ലീം പ്രീണനവും കേരളത്തിൽ വർദ്ധിച്ചു വരികയാണ് എന്നാരോപിച്ച് ഒരു വിഭാഗം ക്രിസ്ത്യാനികൾ ബി. ജെ. പിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ താൽപര്യം കാട്ടുന്നതിൽ വിറളി
പൂണ്ട് സംഘപരിവാർ സംഘടനകളെ ക്രസ്ത്യാനികൾക്കെതിരെ തിരിച്ചു വിടാനും അങ്ങനെ ക്രിസ്ത്യാനികൾ ബി. ജെ. പിയുമായി സഹകരിക്കുന്നത് ഒഴിവാക്കാനും ചില തീവ്ര മുസ്ലീം ബുദ്ധി കേന്ദ്രങ്ങൾ നടത്തിയ നീക്കമായും ഈ പ്രശ്‌നത്തെ വിലയിരുത്തുന്നവരുണ്ട്. ‘ഏകീകൃത സിവിൽ കോഡ്’ വിഷയത്തിൽ അനുകൂലമായി അഭിപ്രായം പറഞ്ഞ അഭിവന്ദ്യ ആലഞ്ചേരിപ്പിതാവിനെ ‘ഇടതുപക്ഷ സഹയാത്രികൻ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മുസ്ലീം സ്വാശ്രയ മൂതലാളി ചാനലുകളിലൂടെ ചീത്തവിളിച്ചതൂം എല്ലാം ചേർത്തു വായിക്കുമ്പോൾ ആ വിലയിരുത്തൽ കണ്ണടച്ചു തളളിക്കളയാൻ സാധിക്കില്ല. എന്തായാലും ക്രൈസ്തവ സമൂഹം കേരളത്തിലും തീവ്രവാദികളുടെ ‘സോഫ്റ്റ് ടാർഗറ്റ്’ (soft target) ആയിരിക്കുകയാണെന്ന് നിസംശയം പറയാൻ സാധിക്കും. അതിനാൽ ജാഗരൂകരാകുക, സംഘടിച്ച് ശക്തിയാർജ്ജിക്കുക.