കൃത്രിമ ഗർഭനിരോധനമാർഗ്ഗങ്ങൾ അധാികമോ?

കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് അധാർമ്മികമാണെന്നു പഠിപ്പിക്കുന്നതിന്റെ പേരിൽ എല്ലാക്കാലത്തും സഭ വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മനുഷ്യന്റെ മഹത്ത്വവും വിവാഹത്തിന്റെ പവിത്രതയും കുടുംബത്തിന്റെയും ദമ്പതികളുടെയും നന്മയും ഭാവിയും ഏറെ കരുതലോടെ കാണുന്ന സഭക്ക് അങ്ങനെയല്ലാതെ പഠിപ്പിക്കാനാവുകയില്ല.
1950 കളുടെ അവസാനത്തിൽ ഗർഭനിരോധന ഗുളികകളുടെ കണ്ടുപിടുത്തത്തിനും
വിപുലമായ പ്രചാരണത്തിനും ശേഷം ലൈംഗികതയുടെ അർത്ഥം, ലക്ഷ്യം അതിന്റെ ശരിയായ ധാർമ്മികത എന്നിവയെക്കുറിച്ചുളള ആളുകളുടെ ധാരണയിൽ അടിസ്ഥാനപരമായ മാറ്റം സംഭവിച്ചു. വിവാഹത്തിന്റെയോ കുട്ടികളുണ്ടാകുന്നതിന്റെയോ ഉത്തരവാദിത്വമോ, ഒരുക്കമോ, സമർപ്പണമോ ഇല്ലാതെ ലൈംഗികബന്ധത്തിലേർപ്പെടാം എന്ന ചിന്തയും ജീവിതശൈലിയും സമൂഹത്തിൽ പ്രബലമായി. ലൈംഗികബന്ധം എന്നാൽ സുഖവും ആനന്ദവും തരുന്ന ഒരു പ്രവൃത്തി മാത്രമായി കരുതി, പരസ്യമായി ദാമ്പത്യ ഉടമ്പടി ചെയ്യലും, ദമ്പതികളുടെ പരസ്പര ആത്മസമർപ്പണവും, കൗദാശികവശങ്ങളും പാടേ ഉപേക്ഷിക്കപ്പെട്ടു. സുരക്ഷിതമായ ലൈംഗികബന്ധത്തിനുവേണ്ടി എന്ന വ്യാജേന ആരംഭിച്ച കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങൾ എല്ലാം തന്നെ യഥാർത്ഥത്തിൽ സമൂഹത്തിൽ ലൈംഗിക അരാജകത്വത്തിലേക്കാണ് വഴി തുറന്നത്. ഭ്രൂണഹത്യ, വ്യഭിചാരം, വന്ധ്യംകരണം എന്നിങ്ങനെയുളള തിന്മകളുടെ പിന്നിലുളള ജീവനെതിരായും യഥാർത്ഥ സ്‌നേഹത്തിനെതിരായുമുളള അതേ മനോഭാവം തന്നെയാണ് പലപ്പോഴും കൃത്രിമ ഗർഭ നിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിനു പിന്നിലുമുളളത്. വിവാഹം സ്വഭാവത്താൽത്തന്നെ, ദമ്പതികളുടെ സംസർഗ്ഗത്തിലേക്കും കുട്ടികളുടെ ജനനത്തിലേക്കും അവരുടെ വിദ്യാഭ്യാസത്തിലേക്കും ക്രമവത്കരിക്കപ്പെട്ടിട്ടുളളതാണ്. വിവാഹത്തിന്റെ സ്വഭാവത്തെത്തന്നെയും അതിന്റെ എല്ലാ നന്മകളെയും കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങൾ നശിപ്പിച്ചു കളയുന്നു എന്നാണ് സഭ പഠിപ്പിക്കുന്നത് (CCC 1659-1660). ദമ്പതികളുടെ സ്‌നേഹവും ആജീവാനന്ത പരസ്പര സമർപ്പണവും പ്രകാശിപ്പിക്കുന്ന ശരീരത്തിന്റെ ഭാഷയാണ് ലൈംഗികബന്ധം. ദമ്പതികളുടെ ഉല്പാദനക്ഷമത (fertility) ഉൾപ്പെടെ പരസ്പരം നൽകി പൂർണ്ണമായും സ്വയം സമർപ്പിക്കുന്നതാണ് ആ ഭാഷ.
സ്വാഭാവികമായ ലൈംഗികബന്ധത്തിലേർപ്പെടുന്ന ദമ്പതികളുടെ ശരീരത്തിലൂടെ നടത്തുന്ന ആശയവിനിമയം ”നിന്നോടൊപ്പം ഒരു പിതാവാകാൻ/മാതാവാകാൻ ഞാൻ തയ്യാറാണ്. എന്നെ പൂർണ്ണമായും ദാനമായി സമർപ്പിക്കുന്നു” എന്നതാണ്. അതേസമയം കൃത്രിമ ഗർഭ നിരോധന മാർഗ്ഗമുപയോഗിച്ച് ലൈംഗികബന്ധത്തിലേർപ്പെടുന്ന ദമ്പതികൾ തങ്ങളുടെ ശരീരത്തിലൂടെ കൈമാറുന്ന ആശയം ”എനിക്ക് നിന്നിൽ നിന്നും താല്കാലിക സുഖവും ആനന്ദവും മാത്രമാണാവശ്യം. എന്നെ പൂർണ്ണമായി നിനക്കു സ്വയം ദാനമായി നൽകാനാവില്ല, നിന്നെ സ്‌നേഹിക്കുന്നതിന്റെ ഫലമായി ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കാൻ താൽപര്യമില്ല” എന്നാണ്. വി. ജോൺ പോൾ പാപ്പായുടെ ”ശരീരത്തിന്റെ ദൈവശാസ്ത്രം” (Theology of Body) എന്ന പഠനമനുസരിച്ച്, കൃത്രിമ ഗർഭ നിരോധന മാർഗ്ഗങ്ങൾ തെറ്റാകുന്നത് അത് ജീവശാസ്ത്രപരമായ രീതികളെ ഭംഗപ്പെടുത്തുന്നു എന്നതുകൊണ്ടല്ല മറിച്ച് രണ്ടു വ്യക്തികളുടെ വ്യക്തിപരമായ സ്‌നേഹത്തിന്റെ സ്വയം നിഷേധം ആകുന്നു എന്നതുകൊണ്ടാണ്. ദൈവത്തിന്റെ സൃഷ്ടിപരവും ഔദാര്യവുമായ സ്‌നേഹത്തെയാണ് രണ്ടു വ്യക്തികളുടെ സ്വതന്ത്രവും പരസ്പരപൂരകവുമായ സ്വയം ദാനത്തിലൂടെ നടത്തുന്ന ലൈംഗികബന്ധം സൂചിപ്പിക്കുന്നത്. കൃത്രിമ ഗർഭ നിരോധന മാർഗ്ഗങ്ങളിലൂടെ ജീവനെ തിരസ്‌കരിക്കുമ്പോൾ ദാമ്പത്യബന്ധത്തിന്റെ ഈ അർത്ഥമാണ് നഷ്ടപ്പെടുന്നത്. കൃത്രിമ ഗർഭ നിരോധന മാർഗ്ഗങ്ങളോടും, വിവാഹമോചനത്തോടും, കൃത്രിമ പ്രത്യുല്പാദന വിദ്യകളോടും ഒക്കെ സഭ ‘ചീ” പറയുമ്പോൾ അതിന്റെ പിന്നിൽ വലിയ ഒരു ‘Yes” മനുഷ്യമഹത്ത്വത്തോടും, വിവാഹത്തിന്റെ പവിത്രതയോടും, കുടുംബങ്ങളുടെ നന്മയോടും കുട്ടികളുടെ ഭാവിയോടും വിശ്വാസ ധാർമ്മിക മൂല്യങ്ങളോടും ഒക്കെയായി സഭ പറയുകയാണ് ചെയ്യുന്നത്.