ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ
ബൈബിൾ പഠനവും വ്യാഖ്യാനവും സംബന്ധിച്ച് സഭയുടെ നിലപാടു
വ്യക്തമാക്കുന്നതാണ് 1993 സെപ്റ്റംബർ 21-ന് പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ പുറപ്പെടുവിച്ച ”തിരുസഭയിലെ വേദപുസ്തകവ്യാഖ്യാനം” എന്ന രേഖ. വി. ഗ്രന്ഥ വ്യാഖ്യാനത്തിന്റെ വിവിധ വശങ്ങളെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന ഈ രേഖ മുമ്പോട്ടു വയ്ക്കുന്ന ആശയങ്ങളാണ് ഈ ലേഖനത്തിൽ നാം വിചിന്തനവിഷയമാക്കുന്നത്. ദൈവാവിഷ്‌കരണം എന്ന പ്രബോധനരേഖക്കുശേഷം വിശുദ്ധഗ്രന്ഥ പഠനരംഗത്തുണ്ടായിട്ടുളള സമീപനങ്ങളെയെല്ലാം വിലയിരുത്തുന്ന ഈ രേഖക്ക് കർദ്ദിനാൾ റാറ്റ്‌സിംഗർ (ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പാ) ആണ് ആമുഖം എഴുതിയിരിക്കുന്നത്.
ഒന്നാം ഭാഗത്ത് ബൈബിൾ വ്യാഖ്യാനരംഗത്തു നിലവിലിരിക്കുന്ന സമീപനരീതികളെ വിലയിരുത്തുന്നു. പാഠഭാഗത്തിന്റെ അർത്ഥം ഗ്രഹിക്കാൻ ചരിത്രപരവും വിമർശനാത്മകവുമായ അപഗ്രഥനരീതി സഹായകമാണെന്നു രേഖ സമ്മതിക്കുന്നു. പക്ഷെ, മറ്റേതൊരു പുരാതനകൃതിയെയുംപോലെ മാത്രം ബൈബിളിനെ കരുതരുതെന്നു മുന്നറിയിപ്പു നൽകുക കൂടി ചെയ്യുന്നുണ്ട്. ഒരു പുരാതന സാഹിത്യകൃതി എന്ന നിലയിൽ വിശുദ്ധ ഗ്രന്ഥത്തെ സമീപിക്കുമ്പോൾ, അതു മനുഷ്യഭാഷയിൽ എഴുതപ്പെട്ട ദൈവവചനമാണെന്നു വിസ്മരിക്കരുതെന്നു രേഖ പ്രത്യേകം അനുസ്മരിപ്പിക്കുന്നു.
രണ്ടാം ഭാഗത്ത് ഒരു ബൈബിൾ പാഠഭാഗത്തിനുണ്ടാകാവുന്ന വിവിധ അർത്ഥസാദ്ധ്യതകളെപ്പറ്റി വിശദീകരിക്കുന്നു. വിശുദ്ധ ഗ്രന്ഥകാരൻ ആദ്യവായനക്കാർക്കു കൈമാറാൻ ആഗ്രഹിച്ച സന്ദേശം കണ്ടെത്തുന്നതുകൊണ്ടു മാത്രം തൃപ്തിപ്പെടാതെ ഇന്നത്തെ വായനക്കാർക്കു നൽകുന്ന സന്ദേശം കൂടി മനസ്സിലാക്കാൻ ചരിത്രനിരൂപണവും സാഹിത്യനിരൂപണവും സഹായിക്കണം. അതായത് ഒരു പാഠഭാഗത്തിന് ഒന്നിലധികം അർത്ഥങ്ങളുണ്ടാകാം എന്നു സാരം. ഈ രേഖയിലൂടെ ബിബ്ലിക്കൽ കമ്മീഷൻ വിശുദ്ധഗ്രന്ഥഭാഗത്തിന്റെ നാല് അർത്ഥങ്ങളാണ് ചർച്ചചെയ്യുന്നത്: വാചിക അർത്ഥം, ആത്മീയ അർത്ഥം, പ്രതീകാത്മക അർത്ഥം, പൂർണ്ണ അർത്ഥം.
വാചിക അർത്ഥം
ഗ്രന്ഥകാരൻ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്ന അർത്ഥമാണ് വാചിക അർത്ഥം. തിരുലിഖിതം ദൈവനിവേശിതമാണെന്നുളളതുകൊണ്ട് ഈ അർത്ഥം മുഖ്യ ഗ്രന്ഥകർത്താവായ ദൈവം ഉദ്ദേശിക്കുന്ന അർത്ഥം കൂടിയായിരിക്കും. സാഹിത്യശൈലി പരിഗണിച്ചു വേണം വാചിക അർത്ഥം മനസ്സിലാക്കാൻ. ഉദാഹരണത്തിന്, ”നിങ്ങളുടെ അരകൾ കെട്ടപ്പെട്ടിരിക്കട്ടെ” (ലൂക്കാ 12, 35) എന്ന ആലങ്കാരികപ്രയോഗം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ടതല്ല; മറിച്ച്, ”ഒരുങ്ങിയിരിക്കുക” എന്ന അർത്ഥമാണ് സന്ദർഭത്തിൽ ഇതിനുളളത്. ഒരു പാഠഭാഗം അതിന്റെ ചരിത്രപരവും സാഹിത്യപരവുമായ സന്ദർഭത്തിൽ വിശകലനം ചെയ്തു മാത്രമേ വാചിക അർത്ഥം കണ്ടുപിടിക്കാൻ സാധിക്കൂ. സാഹിത്യരൂപവും മനസ്സിലാക്കേണ്ടതുണ്ട്. സാഹിത്യരൂപമനുസരിച്ച് അർത്ഥത്തിനു വ്യത്യാസം വരാം. ചില വിവരണങ്ങൾക്കു പ്രതീകാത്മകമായ അർത്ഥമായിരിക്കാമുളളത്. മാനുഷിക ഗ്രന്ഥകർത്താവുതന്നെ ഒരു പാഠഭാഗത്തിന് ഒന്നിലേറെ അർത്ഥങ്ങൾ വിവക്ഷിക്കാം. ഉദാഹരണത്തിന്, യോഹ. 11, 50 ഒരേസമയം രാഷ്ട്രീയ തന്ത്രത്തെയും ദൈവികവെളിപ്പെടുത്തലിനെയും സൂചിപ്പിക്കുന്നുണ്ട്. ഇവ രണ്ടും സന്ദർഭത്തിൽനിന്നു വ്യക്തമാകുന്ന വാചിക അർത്ഥങ്ങളാണ്.
രക്ഷാകരസംഭവങ്ങളും ഈശോമിശിഹാ എന്ന വ്യക്തിയിലുളള അവയുടെ പൂർത്തീകരണവുമാണ് ആകമാന മനുഷ്യചരിത്രത്തിന് അർത്ഥം നൽകുന്നത്. സഭാസമൂഹത്തിൽ ജീവിക്കുന്ന വിശ്വാസത്തിന്റെയും പ്രവർത്തിക്കുന്ന പരിശുദ്ധറൂഹായുടെയും വെളിച്ചത്തിൽ മാത്രമേ വിശുദ്ധഗ്രന്ഥത്തിന്റെ ശരിയായ വ്യാഖ്യാനം നൽകാനാകൂ. ചരിത്രസന്ദർഭത്തിലുളള അർത്ഥത്തോടൊപ്പം ഭാവിയിൽ ലഭിക്കാനിരിക്കുന്ന അർത്ഥംകൂടി ഒരു പാഠഭാഗത്തിനുണ്ടാകാം. മിശിഹായെക്കൂറിച്ചുളള സങ്കീർത്തനങ്ങൾ അത്തരത്തിലുളളവയാണ്. രണ്ടാം സങ്കീർത്തനം മിശിഹായെ ഉദ്ദേശിച്ചുളളതാണ് (നടപടി 13,33). പുനർവായന
പാഠഭാഗത്തിനു പുതിയ അർത്ഥം നൽകും.
പുറപ്പാടുസംഭവത്തിലെ ചില രംഗങ്ങൾ ബാബിലോണിയൻ വിപ്രവാസത്തിൽ കഴിഞ്ഞിരുന്ന ജനത്തെ ആശ്വസിപ്പിക്കാൻ ഉപയോഗിക്കുന്നത് നമ്മൾ കാണുന്നുണ്ട് (പുറ 15,1-18; ഏശ 42,10-13; 43,16-17).
ആത്മീയ അർത്ഥം
മിശിഹാരഹസ്യമാണ് വിശുദ്ധഗ്രന്ഥം മുഴുവനും വ്യാഖ്യാനിക്കാനുളള താക്കോൽ. ഒരിജന്റെ അഭിപ്രായത്തിൽ, മിശിഹായുടെ
പെസഹാരഹസ്യം പഴയനിയമത്തിനു നൽകുന്ന പുതിയ അർത്ഥമാണ് ആത്മീയാർത്ഥം. പഴയനിയമഗ്രന്ഥങ്ങളിൽ വിവരിക്കപ്പെടുന്ന സംഭവങ്ങൾക്ക് ഈശോയുടെ സഹനമരണോത്ഥാനങ്ങളുടെ വെളിച്ചത്തിലും പരിശുദ്ധറൂഹായിലുളള ജീവിതത്തിന്റെ പശ്ചാത്തലത്തിലും കൈവരുന്ന വ്യക്തതയാണ് ആത്മീയാർത്ഥത്തിന് അടിസ്ഥാനം. പഴയനിയമത്തിന്റെ മിശിഹാകേന്ദ്രീകൃതമായ അർത്ഥമാണത്. ഈയർത്ഥത്തിൽ പുതിയനിയമം പഴയനിയമത്തിന്റെ പൂർത്തീകരണമാണ്. തിരുലിഖിതത്തിന്റെ വാചിക അർത്ഥം തന്നെയും ആത്മീയ അർത്ഥമായി വരാം. കാരണം, ദൈവജനത്തിന്റെ വിശ്വാസജീവിതത്തെ പോഷിപ്പിക്കുന്നതിനായി ദൈവം ഉദ്ദേശിക്കുകയും ദൈവനിവേശിതരായ ഗ്രന്ഥകർത്താക്കൾ രേഖപ്പെടുത്തുകയും ചെയ്ത അർത്ഥമാണല്ലൊ വാച്യാർത്ഥം. ഇപ്രകാരം, യഹൂദജനതയുടെ ആത്മീയജീവിതത്തെ
പരിപോഷിപ്പിക്കുന്നതിനായി രൂപംകൊണ്ട പഴയനിയമത്തിന്റെയും, മിശിഹായുടെ
പെസഹാരഹസ്യത്തെയും അതിൽനിന്നുത്ഭവിക്കുന്ന പുതുജീവിതത്തെയും സംബന്ധിച്ച കാര്യങ്ങൾ വിവരിക്കുന്ന പുതിയനിയമത്തിന്റെയും വാച്യാർത്ഥം ആത്മീയ അർത്ഥം തന്നെയാണ്. ഈശോ അരുളിച്ചെയ്ത ഉപമയിലെ അബ്രാഹത്തിന്റെ വാക്കുകൾ ഈ വാദത്തിനു ബലമേകുന്നു. അബ്രാഹം പറഞ്ഞു: ”അവർക്കു മോശയും പ്രവാചകന്മാരും ഉണ്ടല്ലോ. അവരുടെ വാക്ക് അവർ കേൾക്കട്ടെ… അവർ മോശയെയും പ്രവാചകന്മാരെയും ശ്രവിക്കുന്നില്ലെങ്കിൽ, മരിച്ചവരിൽ ഒരാൾ ഉയിർത്തു ചെന്നാലും അവർ അയാളെ വിശ്വസിക്കുകയില്ല” (ലൂക്കാ 16,29-31). പഴയനിയമപ്രവാചകരെ സ്വീകരിക്കാത്തവർക്കു മരിച്ചവരിൽനിന്നുയിർത്ത ഈശോമിശിഹായെയും വിശ്വസിക്കാൻ വിഷമമായിരിക്കും എന്നാണ് അബ്രാഹത്തിന്റെ വാക്കുകളുടെ ധ്വനി.
പ്രതീകാത്മക അർത്ഥം
വിശുദ്ധഗ്രന്ഥത്തിലെ വ്യക്തികൾ, സ്ഥലങ്ങൾ, സംഭവങ്ങൾ തുടങ്ങിയ യാഥാർത്ഥ്യങ്ങൾക്കാണു പ്രതീകാത്മക അർത്ഥം കല്പിക്കാറ്. ഉദാഹരണത്തിന് മത്സ്യത്തിന്റെ ഉദരത്തിലെ യോനാപ്രവാചകൻ (യോനാ 2,1), മരിച്ചടക്കപ്പെട്ട മിശിഹായുടെ പ്രതീകമാണ് (മത്താ 12,40). മരുഭൂമിയിൽ മോശ ഉയർത്തിയ സർപ്പം (സംഖ്യ 21,9) സ്ലീവായിൽ ഉയർത്തപ്പെട്ട മിശിഹായുടെ പ്രതീകമാണ് (യോഹ 3.14). ആദം മിശിഹായുടെയും (റോമാ 5,14) ജലപ്രളയം മാമ്മോദീസായുടെയും (1 പത്രോ 3,20-21) പ്രതീകങ്ങളാണ്.
പൂർണ്ണ അർത്ഥം
ദൈവം ഉദ്ദേശിച്ചതെങ്കിലും മാനുഷിക ഗ്രന്ഥകാരൻ വ്യക്തമായി പ്രകാശിപ്പിക്കാത്ത അർത്ഥത്തെയാണു പൂർണ്ണ അർത്ഥം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഏശ 7,14 സുവിശേഷകനായ മത്തായിശ്ലീഹാ വ്യാഖ്യാനിക്കുമ്പോൾ പ്രവാചകവചനത്തിന്റെ പൂർണ്ണാർത്ഥമാണു കാണിച്ചുതരുന്നത് (മത്താ 1,23). ഹീബ്രുഭാഷയിൽ പ്രവാചകൻ ഉപയോഗിച്ച പദത്തെ (അൽമാ) യുവതി എന്നോ ‘കന്യക’ എന്നോ പരിഭാഷപ്പെടുത്താം. എന്നാൽ, പ്രവാചകൻ ഉദ്ദേശിച്ചതു കന്യക എന്ന അർത്ഥമാണെന്നു ഗ്രീക്കു പരിഭാഷയായ സപ്തതിയിലൂടെ ദൈവം വെളിവാക്കി. ഗ്രീക്കിലെ ‘പർതേനൂസ്’ എന്ന പദത്തിന് ‘കന്യക’ എന്ന അർത്ഥം മാത്രമേയുളളു. കന്യകയായ മറിയത്തിൽനിന്നുളള ഈശോയുടെ ജനനം ദൈവം പ്രവാചകനിലൂടെ മുൻകൂട്ടി അറിയിച്ചിരുന്നു എന്നു സാരം.
തിരുസ്സഭയുടെ പ്രബോധനാധികാരത്തിനും ഈ പൂർണ്ണ അർത്ഥം വെളിച്ചത്തുകൊണ്ടുവരാൻ സാധിക്കും. ഉദാഹരണത്തിന്,
പരിശുദ്ധ ത്രിത്വമെന്ന രഹസ്യം വിശുദ്ധഗ്രന്ഥത്തിലുണ്ടെങ്കിലും ആദിമസഭാപിതാക്കന്മാരും സൂനഹദോസുകളുമാണ് പിതാവ്, പുത്രൻ, പരിശുദ്ധറൂഹാ എന്നീ മൂന്നു വ്യക്തികളുളള ഏകദൈവമാണ് നമ്മുടേതെന്നു വ്യക്തമാക്കിയത്. റോമാ 5,12-21-ൽ ആദത്തിന്റെ പാപം മൂലം മനുഷ്യവർഗ്ഗത്തിനുണ്ടായ അനന്തരഫലങ്ങളെക്കുറിച്ചു പൗലോസ്ശ്ലീഹാ പറയുന്ന കാര്യങ്ങൾ വ്യഖ്യാനിച്ചുതന്നതു ത്രെന്തോസ് സൂനഹദോസാണ്.
മൂന്നാംഭാഗത്ത്, കത്തോലിക്കാ ബൈബിൾ പണ്ഡിതൻ എല്ലാ ആധുനിക അപഗ്രഥനരീതികളും വിമർശനാത്മകമായി ഉപയോഗപ്പെടുത്തണം എന്നു നിർദ്ദേശിക്കുന്നു. സഭയുടെ വിശ്വാസപാരമ്പര്യത്തിൽ അടിയുറച്ചു നിന്നുകൊണ്ടുളളതാവണം ഈ ഗവേഷണ പഠനം. സഭാപിതാക്കന്മാർ ചെയ്തിരുന്നതു പോലെ, പഴയനിയമവും പുതിയനിയമവവും തമ്മിൽ ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനും സാധിക്കണം. തിരുലിഖിതത്തിലെ ഗ്രന്ഥങ്ങൾ തമ്മിലുളള ബന്ധം വ്യക്തമാക്കാൻ ഇത് ഉപകരിക്കും. തിരുലിഖിതത്തിനുളളിൽത്തന്നെ ആശയങ്ങളുടെ വികാസം കണ്ടെത്താനാവും. ഉദാഹരണത്തിന്, അബ്രാഹത്തിന്റെ പുത്രനു നൽകുമെന്നു ദൈവം വാഗ്ദാനം ചെയ്ത ഭൂമി (ഉൽപ15,7-18) പുറപ്പാടിന്റെ കാലത്ത്, വിശുദ്ധസ്ഥലത്തേക്കുളള പ്രവേശനമായി വ്യാഖ്യാനിക്കപ്പെട്ടു (പുറ 15,17); വിശ്വാസമുളളവർക്കായി ഒരുക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ വിശ്രമത്തിലുളള പങ്കുചേരലാണത് (സങ്കീ 95,8-11; 132,7-8; ഹെബ്രാ 3, 7-4,11). അതുതന്നെയും ആത്യന്തികമായി, നിത്യാവകാശമായ സ്വർഗ്ഗീയ വിശുദ്ധസ്ഥലത്തേക്കുളള പ്രവേശനമാണ് (ഹെബ്രാ 6,12-20; 9,15).
വിശുദ്ധഗ്രന്ഥത്തിന്റെ പുനർവായന
വെളിപ്പെടുത്തപ്പെട്ട വിശ്വാസത്തിന്റെ പ്രകാശനമെന്ന നിലയിൽ വിശുദ്ധഗ്രന്ഥം
പുതിയ സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കുമ്പോൾ നിരന്തരം നവമായി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്. ഓരോ കാലഘട്ടത്തിന്റെയും തനതായ പ്രശ്‌നങ്ങൾക്ക് ഉത്തരം നൽകാനായുളള വിശുദ്ധഗ്രന്ഥത്തിന്റെ പുനർവായനയിൽ ക്രിയാത്മകതക്കു വലിയ സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ ഒരേ പാഠഭാഗത്തിനു വ്യത്യസ്തങ്ങളായ അർത്ഥങ്ങളുണ്ടാകാം. ഏതു സമൂഹത്തിലാണോ വിശുദ്ധഗ്രന്ഥം രൂപംകൊണ്ടത്, ആ സമൂഹത്തിന്റെ വിശ്വാസ പാരമ്പര്യം (faith tradition) ഗ്രന്ഥരൂപീകരണത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതായത്, സഭാസമൂഹത്തിന്റെ ആരാധനാജീവിതം, സാമൂഹ്യവ്യവസ്ഥിതി, ബൗദ്ധികാന്തരീക്ഷം, സാംസ്‌കാരികപശ്ചാത്തലം, ചരിത്രത്തിലെ ഗതിവിഗതികൾ തുടങ്ങിയവയെല്ലാം വിശുദ്ധഗ്രന്ഥത്തിൽ പ്രതിഫലിക്കുന്നുണ്ട്. അതുപോലെതന്നെ, ഇന്നു ദൈവവചനം വ്യഖ്യാനിക്കുന്നവർ വിശ്വാസസമൂഹത്തിന്റെ അനുദിനജീവിതത്തിലും വിശ്വാസപരിശീലനത്തിലും പങ്കുചേർന്നുകൊണ്ടു വേണം തങ്ങളുടെ ദൗത്യം നിർവ്വഹിക്കുവാൻ. എങ്കിൽ മാത്രമേ, ഇന്നത്തെ മനുഷ്യന്റെ ഭാഷയിലും അവന്റെ ജീവിതസാഹചര്യത്തിനനുസരിച്ചും ലിഖിതവചനത്തിന്റെ അർത്ഥം വിശദീകരിച്ചുനൽകാൻ സാധിക്കുകയുളളു. ദൈവവചനത്തെ സമകാലിക സന്ദർഭത്തിൽ വ്യാഖ്യാനിക്കുന്നത് (actualization), മിശിഹായിൽ വെളിവാക്കപ്പെട്ട രക്ഷാകരമായ ദൈവഹിതത്തോടു ബന്ധപ്പെടുത്തിവേണം. അതോടൊപ്പം ബൈബിൾ പഠനവും വ്യാഖ്യാനവും സഭാജീവിതത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കുകയും വേണം. ആരാധനക്രമത്തിലും, യാമപ്രാർത്ഥനകളിലും വചനപ്രഘോഷണത്തിലും സഭൈക്യ സംരംഭങ്ങളിലും ദൈവവചനം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുമ്പോൾ മാത്രമേ വചനപഠനം ഫലപ്രദമാവുകയുളളു.