അക്രൈസ്തവരുടെ വിവാഹത്തിന്റെ സാധുത എന്ത്?

മുതിർന്നവരുടെ മാമ്മോദീസായെ സ്വതന്ത്രമായി അവർ നടത്തുന്ന ഒന്നായി കരുതുന്നതിന്റെ അടിസ്ഥാനം കൂദാശ സ്വീകരിക്കാനുളള അവരുടെ അദമ്യമായ ആഗ്രഹമാണ്. മാമ്മോദീസായുടെ സാധുതക്ക് കൂദാശ സ്വീകരിക്കുവാനുളള അവരുടെ സദുദ്ദേശത്തിന് പരമമായ സ്ഥാനമുണ്ട്. എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നുളള ദൈവഹിത പ്രകാരം ജലത്താലും പരിശുദ്ധാത്മാവാലും ജനിച്ച് ദൈവരാജ്യപ്രവേശനം നടത്തുക (cfr. യോഹ, 3: 5) എന്ന രക്ഷാകരപദ്ധതിയിലാണ് മാമ്മോദീസാ സ്വീകരിക്കുന്നവർ ഉൾച്ചേരുന്നത്. പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിന്റെ മായാത്ത മുദ്രയാണ് പരിശുദ്ധ മാമ്മോദീസാ സ്വീകരിക്കുന്നവരിൽ പതിയുന്നത്. സഭയിൽ മാമ്മോദീസാ സ്വീകരിച്ച രണ്ടു ദമ്പതികളുടെ വിവാഹം അതിനാൽ തന്നെ കൂദാശയാണ്. അവർ ഏർപ്പെടുന്ന ഉടമ്പടിയും അവർ നടത്തിയ വിവാഹകൂദാശയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അക്രൈസ്തവരായ ദമ്പതികൾ ആയിരിക്കുന്ന അവസ്ഥയെ സഭ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് അത്തരം അക്രൈസ്തവർ തമ്മിൽ നടക്കുന്ന വിവാഹം സ്വാഭാവികവും, സാധുവും ആണെന്ന് സഭ പറയുന്നത്. എന്നാൽ, അതിന് കൂദാശയുടെ അനുഭവം വരുന്നത് അവർ സഭയിൽ സ്വീകരിക്കുന്ന പരിശുദ്ധ മാമ്മോദീസാ വഴിയാണ്. അവർ അവരുടെ വിശ്വാസ ആചാരം വഴി വിവാഹിതരാകുമ്പോൾ അവർ തമ്മിലുളള ഒരു ധാരണയിലേക്കാണ് വരുന്നത്. എന്നാൽ, കത്തോലിക്കാ സഭയിൽ വിവാഹത്തിന് ഒരു ഹേതു (cause) ഉണ്ട്. അത് വിവാഹ ഉടമ്പടിയാണ്. വിവാഹത്തിന്റെ സത്തയായി (essence) സഭ കാണുന്നത് വിവാഹ ഉടമ്പടിയിലെ ബന്ധത്തെയാണ്. വിവാഹത്തിന്റെ ലക്ഷ്യങ്ങൾ; ദമ്പതികളുടെ നന്മ, സന്താനങ്ങളുടെ ഉല്പാദനം, സന്താനങ്ങളുടെ വിദ്യാഭ്യാസം എന്നിവയുമാണ്. വിവാഹമെന്ന കൂദാശയെ കുറിച്ച് അടിസ്ഥാന ബോധ്യത്തിലേക്കു വന്ന രണ്ട് അക്രൈസ്തവ ദമ്പതികൾ കത്തോലിക്കാസഭയിൽ മാമ്മോദീസാ സ്വീകരിക്കുന്നതുവഴി അവരുടെ ഐക്യം സ്വാഭാവികമായി കൗദാശികമായിത്തീരുന്നു. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പാ 2016 മാർച്ച് 19ന്
പുറപ്പെടുവിച്ച സ്‌നേഹത്തിന്റെ സന്തോഷം (Amoris Laetitia) എന്ന ശ്ലൈഹികപ്രബോധനത്തിൽ പ്രസ്താവിച്ചു: ”അക്രൈസ്തവരായ രണ്ടു ദമ്പതികൾ മാമ്മോദീസാ സ്വീകരിക്കുമ്പോൾ അവരുടെ വിവാഹവ്രത വാഗ്ദാനങ്ങൾ പുതുക്കേണ്ടതില്ല. അവർ അവയെ പരിത്യജിക്കരുതെന്നു മാത്രം. കാരണം, മാമ്മോദീസാ സ്വീകരിക്കുകവഴി അവരുടെ ഐക്യം സ്വയമേവ കൗദാശികമായിത്തീ
രുന്നു. പുരോഹിതന്റെ സാന്നിദ്ധ്യം കൂടാതെ നടത്തുന്ന ചില ഒന്നിക്കലുകളുടെ സാധുത കാനൻ നിയമവും അംഗീകരിക്കുന്നുണ്ട്” (നമ്പർ, 75). മാമ്മോദീസാസ്വീകരണം വഴി അവർ സഭയുമായി സംയോജിക്കപ്പെടുകയും സഭയിൽ വിശ്വാസികൾക്കു യോജിച്ച അവകാശങ്ങൾക്കും കടമകൾക്കും വിധേയരാകുകയും ചെയ്യുന്നു. വിവാഹിതരായ ദമ്പതികൾ തങ്ങൾ സ്വീകരിച്ച മാമ്മോദീസായ്ക്കു ശേഷം ക്രൈസ്തവ വിവാഹത്തിന്റെ സാരവത്തായ ഗുണവിശേഷങ്ങളായ ഐക്യവും, അവിഭാജ്യതയും തങ്ങളുടെ ജീവിതാവസാനം വരെ തുടരുവാനുളള കടമ കൂടുതൽ ജാഗ്രതയോടെയും, വിശ്വസ്തതയോടെയും നിർവ്വഹിക്കുവാൻ കടപ്പെട്ടിരിക്കുന്നു.