സന്ന്യാസവും സമ്പത്തും

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.

പുഴയോടു ചേർന്ന് വനാന്തരത്തിലായിരുന്നു ആ സന്ന്യാസാശ്രമം സ്ഥിതി ചെയ്തിരുന്നത്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ചിരുന്നവരായിരുന്നു അവിടുത്തെ സന്ന്യാസികൾ. വനത്തിൽനിന്നു ലഭിക്കുന്ന ഫലമൂലാദികളും അടുത്ത പ്രദേശങ്ങളിലെ വീടുകളിൽ പോയി യാചിച്ചു കിട്ടുന്നവയുംകൊണ്ട് അവർ വിശപ്പടക്കിയിരുന്നു. ഇഹലോക ചിന്തകൾ വെടിഞ്ഞ് പ്രാർത്ഥനയും, ധ്യാനവും ജ്ഞാനസമ്പാദനവുമായി അവർ സംതൃപ്തരായി കഴിയുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അടുത്ത ഗ്രാമത്തിൽ ഭിക്ഷ തേടിപ്പോയ അവരിൽ ഒരാൾ മടങ്ങിയെത്തിയത് ഗ്രാമമുഖ്യൻ ദാനമായി നൽകിയ ഒരു പശുവിനെയുംകൊണ്ടായിരുന്നു. അതിനെ എന്തു ചെയ്യണമെന്ന് ആശ്രമവാസികൾ കൂടിയാലോചിച്ചു. ആശ്രമത്തോടു ചേർന്ന് വനപ്രാന്തത്തിൽ ഗ്രാമവാസികളുടെ പശുക്കൾ മേയുന്നുണ്ട്. ആ കൂടെ ഇതും തീറ്റ കണ്ടെത്തിക്കൊളളും. ആശ്രമാവശ്യങ്ങൾക്കായി ശുദ്ധമായ പാലും വെണ്ണയും സ്ഥിരമായി ലഭിക്കുകയും ചെയ്യും. പശുവിനെ വളർത്തുവാൻ അവർ തീരുമാനിച്ചു. നാളുകൾ കഴിഞ്ഞു, പശു പ്രസവിച്ചു, കിടാവുണ്ടായി. ആശ്രമത്തിനു സമീപം തൊഴുത്തുണ്ടാക്കി
പശുവിനെയും കിടാവിനെയും സംരക്ഷിക്കാൻ ആശ്രമവാസികൾ തീരുമാനിച്ചു. ക്രമേണ തൊഴുത്തിലെ പശുക്കളുടെ എണ്ണം വർദ്ധിച്ചു. ആശ്രമാവശ്യങ്ങൾ കഴിഞ്ഞ് പാലും തൈരും വെണ്ണയുമെല്ലാം മിച്ചമാകാൻ തുടങ്ങി. ഭക്ഷ്യവസ്തുക്കൾ പാഴാക്കിക്കളയുന്നത് യുക്തമല്ലല്ലോ. സന്ന്യാസികൾ കൂടിയാലോചിച്ചു, മിച്ചമുളള വസ്തുക്കൾ ആവശ്യക്കാർക്ക് വിൽക്കാൻ തീരുമാനിച്ചു. കാലം കടന്നു പോയി, നൂറുകണക്കിനു പശുക്കളും കിടാരികളുമുളള ഗോശാലയായി ആ തൊഴുത്തു വളർന്നു. ദൂരെദേശങ്ങളിൽ പോലും പാലും പാലുൽപ്പന്നങ്ങളുമെത്തിക്കുന്ന രീതിയിലേക്ക് സന്ന്യാസികളുടെ ‘ആശ്രമം ബ്രാൻഡ്’ കച്ചവടവും വളർന്നു. അധികാരികളിൽനിന്നു പതിച്ചുവാങ്ങിയും കൈയേറിയും വനഭൂമിയുടെ നല്ലൊരു ഭാഗം ‘ആശ്രമം ഫാം’ സ്വന്തമാക്കി. വലിയ കെട്ടിടങ്ങൾ, തൊഴിൽശാലകൾ, വാഹനങ്ങൾ എന്നിങ്ങനെ ഒട്ടേറെ ഭൗതികസ്വത്തുക്കൾ ആശ്രമത്തിനു സ്വന്തമായി. ഇവയുടെയെല്ലാം മേൽ നോട്ടത്തിനായി സന്ന്യാസികൾ നിയോഗിക്കപ്പെട്ടു.
പണം പെരുകിയതോടെ സന്ന്യാസികളുടെ ഇടയിൽ അന്തഃഛിദ്രവും തലപൊക്കി. സാമ്പത്തിക ക്രമക്കേടുകൾ, ആരോപണങ്ങൾ. സന്ന്യാസികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കലഹങ്ങൾ, സ്വത്തിനായുളള അവകാശവാദങ്ങൾ, കേസുകൾ. ആശ്രമത്തിൽനിന്നും സമാധാനവും ശാന്തിയും പടിയിറങ്ങി.
പണം എങ്ങനെ സന്ന്യാസിയെ ദുഷിപ്പിക്കുന്നു എന്നു വ്യക്തമാക്കുന്ന ഒരു കൽപ്പിത കഥയാണിത്. ക്രൈസ്തവ സന്ന്യസ്ത ജീവതത്തിന്റെ പവിത്രതയെ വീണ്ടും തെരുവിലിട്ട് മാനഭംഗപ്പെടുത്തുന്ന ചില സംഭവങ്ങൾ സഭാവിരുദ്ധർക്ക് ആഘോഷിക്കാനുളള വാർത്തകളാകുന്ന പശ്ചാത്തലത്തിലാണ് ഈ കഥ ഓർമ്മ വന്നത്. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ സന്ന്യാസിനി മാദ്ധ്യമങ്ങൾക്കു മുന്നിൽ പതം
പറഞ്ഞുകൊണ്ട് വ്രതം ഉപേക്ഷിക്കാൻ കാരണം വെളിപ്പെടുത്തുന്നു. തന്റെ അഞ്ചക്ക ശമ്പളം താൻ അംഗമായ സന്ന്യാസസമൂഹം ‘തട്ടിയെടുക്കുന്നു’. വ്യക്തിപരമായ ആവശ്യങ്ങൾക്ക് മറ്റുളള അംഗങ്ങൾക്കു കൊടുക്കുന്നതല്ലാതെ തനിക്ക് കൂടുതലായി ഒന്നും ലഭിക്കുന്നില്ല. ‘ഉളളവനിൽനിന്ന് എടുത്ത് ഇല്ലാത്തവനു കൊടുക്കണം’ എന്ന സോഷ്യലിസ്റ്റ് ചിന്തയുടെ വക്താക്കൾ പോലും ഈ ‘അനീതിക്കെതിരെ’ പ്രതികരിക്കുന്നു. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്ന്യാസിനിയുടെ ‘ഇല്ലായ്മ’ ഓർത്ത് ‘വല്ലായ്മപ്പെടുന്നു. കോളജ് പ്രിൻസിപ്പൽ സ്ഥാനം ലഭിക്കാത്ത തിനാ ൽ സഭാവസ്ത്രം ഉപേക്ഷിച്ച മറ്റൊരാൾ ഇക്കിളിക്കഥകൾ എഴുതി ആത്മകഥക്കും ലേഖനങ്ങൾക്കും ‘മാർക്കറ്റ് വാല്യൂ’ കൂട്ടിയെടുന്നു. സമ്പത്ത് സന്ന്യാസിയെ ദുഷിപ്പിക്കുന്നതിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ് അടുത്തിടെ വാർത്തകളിൽ നിറഞ്ഞ മേൽ സംഭവങ്ങളെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ആർക്കും ബോദ്ധ്യമാകും.
‘ഞാൻ എന്തായിരിക്കുന്നുവോ അത് നിന്റെ കൃപയാലാണെന്ന്’ എളിമപ്പെടാൻ കഴിയാത്തവർക്ക് ‘ആത്മാവിൽ ദാരിദ്ര്യം’ എന്ന അവസ്ഥയല്ല ‘ആത്മീയ ദാരിദ്ര്യം’ എന്ന അവസ്ഥയാണുണ്ടാവുക. തങ്ങൾക്കു ലഭിക്കുന്ന പിതൃസ്വത്തു പോലും താൻ അംഗമായിരിക്കുന്ന സമൂഹത്തിനു ദാനം നൽകുന്ന സന്ന്യാസശ്രേഷ്ഠർ ഒരു വശത്ത്, സന്ന്യാസ സമൂഹം തനിക്കു നൽകിയ പദവികളിൽനിന്നുണ്ടാകുന്ന നേട്ടങ്ങൾ പോലും സ്വന്തമാക്കാൻ ശ്രമിക്കുന്ന സ്വാർത്ഥതയുടെ ആൾരൂപങ്ങൾ മറുവശത്ത്. നിർഭാഗ്യവശാൽ ന്യൂനപക്ഷം വരുന്ന രണ്ടാമത്തെ കൂട്ടർക്കാണ് കൂടുതൽ വാർത്താപ്രാധാന്യം ലഭിക്കുന്നത്. ‘മനുഷ്യാവകാശങ്ങൾക്കുവേണ്ടി’ വാദിക്കുന്നു എന്ന
പേരിൽ ഇത്തരക്കാരെ മുന്നിൽ നിർത്തി സഭയുടെ ശത്രുക്കൾ സഭയെ അവഹേളിക്കാനും, സന്ന്യാസത്തിന്റെ പവിത്രതയെ സമൂഹമദ്ധ്യത്തിൽ വിലയിടിച്ചു കാട്ടാനും ശ്രമിക്കുന്നു. സഭയുടെ ശത്രുക്കളുടെ എക്കാലത്തെയും ലക്ഷ്യങ്ങളിൽ ഒന്നാണ് സമർപ്പിതസമൂഹത്തെ ഇല്ലായ്മ ചെയ്യുക എന്നത്. കാരണം സന്ന്യസ്തരുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് സഭയുടെ ആത്മീയവും ഭൗതികവുമായ വളർച്ചകളെല്ലാം എന്ന് ആവർ വ്യക്തമായി മനസ്സിലാക്കുന്നു. നമ്മുടെ അഭിമാനമായ സ്‌കൂളുകളുടെയും ആതുരാലയങ്ങളുടെയും ചരിത്രത്തിലും വർത്തമാനത്തിലും സന്ന്യസ്തരുടെ, പ്രത്യേകിച്ച് സന്ന്യാസിനികളുടെ സ്‌നേഹസമർപ്പണവും ത്യാഗോജ്ജ്വല ജീവിതവുമുണ്ട്. സന്ന്യാസികളുടെ നിസ്വാർത്ഥ സേവനം ലഭിക്കാതെ പോയ മാദ്ധ്യമമേഖലയിൽ മാത്രമാണ് സഭക്ക് പരാജയം ഉണ്ടായിട്ടുളളതെന്ന് നമ്മുടെ പത്രവും ടി. വി. ചാനലുകളും സാക്ഷ്യപ്പെടുത്തുന്നു.
ഒട്ടേറെ മേഖലകളിൽ നിസ്വാർത്ഥ സേവനം നടത്തുമ്പോൾ തന്നെ തങ്ങളുടെ
പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിച്ചു പോകുന്നുണ്ടോ എന്ന് സന്ന്യാസ സമൂഹം ആത്മപരിശോധന നടത്തുന്നത് ഉചിതമായിരിക്കും. തുടർച്ചയായ സ്വയംവിലയിരുത്തലുകൾ വ്യക്തികൾക്കു മാത്രമല്ല സമൂഹത്തിനും പാളിച്ചകൾ തിരുത്തുന്നതിനും സ്വയം നവീകരിക്കുന്നതിനും സഹായകമാകും. ചില സന്ന്യാസസമൂഹങ്ങളെങ്കിലൂം, പ്രത്യേകിച്ച് സന്ന്യാസികളുടെ സമൂഹങ്ങൾ സമാന്തരസഭകൾ പോലെയാണ് പ്രവർത്തിക്കുന്നത് എന്നു പറയാതെ വയ്യ. അതിനു പ്രധാനകാരണം അവരുടെ പക്കലുളള അമിതമായ സമ്പത്താണ്. മുകളിൽപ്പറഞ്ഞ സന്ന്യാസാശ്രമത്തിന്റെ കഥപോലെ പ്രഥമവും പ്രധാനവുമായ ലക്ഷ്യങ്ങളിൽനിന്നകന്ന് ധനസമ്പാദനവും ഇൻസ്റ്റിറ്റിയൂഷൻ മാനേജുമെന്റും ഒരു ലഹരിയായി മാറുമ്പോൾ സന്ന്യാസസമൂഹങ്ങൾ ‘കോർപ്പറേറ്റ് സാമ്രാജ്യങ്ങളായി’ മാറുന്നു. സഭയുടെ പൊതു നിർദ്ദേശങ്ങൾ പോലും അവഗണിക്കാൻ തക്ക ധാർഷ്ട്യത്തിലേക്ക് അത് വളരുകയും ചെയ്യുന്നു. അതാതു സ്ഥലത്തെ മെത്രാന്റെ നിർദ്ദേശങ്ങളോട് വിശ്വസ്തയും അനുസരണവും പുലർത്തിക്കൊണ്ടാവണം സന്ന്യാസാശ്രമങ്ങളുടെ പ്രവർത്തനം എന്ന് ഉറപ്പു വരുത്താൻ സഭാധികാരികളും ശ്രദ്ധിക്കേണ്ടതുണ്ട്. മരത്തേക്കാൾ വലിയ ഫലങ്ങൾ ഉണ്ടാകുന്നത് പുഷ്ടിയുടെയും വളർച്ചയുടെയും ലക്ഷണമായി തോന്നാമെങ്കിലും അത് ആത്യന്തികമായി മരത്തിന്റെ തന്നെ നാശത്തിലായിരിക്കും കലാശിക്കുക. സഭയെക്കാൾ വളരാൻ ശ്രമിക്കുന്ന സന്ന്യാസ സമൂഹങ്ങളെ നിയന്ത്രിക്കാൻ ദീർഘവീക്ഷണമുളള നമ്മുടെ സഭാധികാരികൾക്കു കഴിയണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സന്ന്യാസ സമൂഹങ്ങളെ അധിക്ഷേപിക്കുന്നതിനും, വഴിതെറ്റിപ്പോയ സന്ന്യസ്തരെ മുന്നിൽ നിർത്തി സന്ന്യാസ സമൂഹങ്ങളെ നശിപ്പിക്കുന്നതിനും കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരെ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും സഭാസ്‌നേഹികൾക്കു സാധിക്കണം. സ്വയം പ്രതിരോധിക്കാൻ ശേഷിയില്ലാത്ത സന്ന്യസ്തരെ സംരക്ഷിക്കുക നമ്മുടെ കടമയാണെന്നോർക്കുക. കാരണം അവരുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നതൊക്കെയും. നമുക്കു പ്രകാശം പരത്താൻ സ്വയം ഉരുകുന്ന മെഴുകുതിരികളായിത്തീർന്ന സന്ന്യാസീസന്ന്യാസിനികളോട് നമുക്കു നന്ദിയുളളവരാകാം. പ്രതിസന്ധികളിൽ തുണയായി നമുക്ക് അവരോട് ചേർന്നു നിൽക്കാം, അവർക്കു കരുത്തു പകരാം.