മനുഷ്യത്വത്തിനു വെല്ലുവിളി

‘കണ്ണിനു കണ്ണ്, പല്ലിനു പല്ല്’ എന്നുള്ളതിലെനീതി നമുക്കു കുറെയെല്ലാം മനസ്സിലാക്കാം. അതൊരു പഴങ്കഥയല്ല. ഇന്നും വർഗ്ഗസമരവാദികളുടെ നയം മറ്റൊന്നല്ലല്ലോ. പക്ഷേ, അതിലും വലിയ കാടത്തമാണല്ലോ പാരീസിനടുത്തു നടന്നത്. ഇക്കഴിഞ്ഞ 26-ാം തീയതി പാരീസിനടുത്തുള്ള റുവൻ നഗരത്തിൽ ദൈവാരാധന നടത്തി സ്വയം സമർപ്പിച്ചിരുന്ന ഒരു വയോധികനായ വൈദികനെ മുട്ടുകുത്തിച്ചു കഴുത്തറുത്ത സംഭവം ലോകത്തെ ഞെട്ടിക്കേണ്ടതാണ്. കഴുത്തറുത്തുകൊന്നതും പോരാ, അതിന്റെ ദൃശ്യം പകർത്തി ലോകത്തിനു നൽകി സംതൃപ്തരാകുന്നവർ സാക്ഷാൽ നരഭോജികളാണെന്നു പറയേണ്ടിവരുന്നു.
മാധ്യമങ്ങളുടെ തമസ്‌കരണശൈലി
നമ്മുടെ മാധ്യമവിദഗ്ധർ ആ ദുഃഖകരമായ വാർത്തയെ തമസ്‌കരിക്കുകയായിയിരുന്നോ എന്നു സംശയമുണ്ട്. ചില പത്രങ്ങളിൽ ഈ വാർത്തയ്ക്ക് ഇടമേ ഇല്ലായിരുന്നു. ചിലർ ഇതിനെ കണ്ണിൽപ്പെടാത്ത വാർത്തയാക്കി മാറ്റി. ദൃശ്യമാധ്യമങ്ങൾ പലതും ഈ വാർത്തയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നുവേണം കരുതാൻ. യാതൊരു പ്രകോപനവും നൽകാതെ പ്രാർത്ഥനയിലായിരുന്നവരെ ഹിംസിച്ച ഈ ഭീകരതയെ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണാവോ? അവർ ക്ക് ഗുസ്തിക്കാരനായ നർസിംഗ് യാദവ് ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന പേരിൽ ഒളിമ്പിക്‌സിൽ നിന്നു പുറത്തായെന്നുള്ളതായിരുന്നു സുപ്രധാന വാർത്ത. ഏറെ ജനസമ്മിതി നേടിയ ഒരു വൈദികനായിരുന്നു ഫാ. ഷാക്ഹാമൽ. യുവജനങ്ങൾക്ക് അദ്ദേഹം ആരാധ്യപുരുഷനായിരുന്നു എന്നാണ് മനസ്സിലാക്കുക. ഇങ്ങനെയൊരു വൈദികന്റെ ഹിംസ അനേകരെ അസ്വസ്ഥരാക്കിയെന്നതാണു വസ്തുത. ഒരു പത്രപ്രവർത്തകൻ മാനസാന്തരപ്പെട്ടു ക്രൈസ്തവവിശ്വാസം സ്വീകരിച്ചതായും കേട്ടു.
മുസ്ലീങ്ങളെ അലോസരപ്പെടുത്തുമെന്നു കരുതിയാണോ വാർത്തയ്ക്കു പ്രാധാന്യം
നൽകാത്തത് എന്നറിയില്ല. പക്ഷേ, അനേകം മുസ്ലീംപണ്ഡിതന്മാർ ഭീകരതയെ തള്ളിപ്പറയുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാം സമാധാനത്തിന്റെ സന്ദേശമാണല്ലോ നൽകുന്നത്. ഇറാക്കിലും സിറിയായിലുമെല്ലാം അനേകം മുസ്ലീങ്ങളെയും ഐ.എസുകാർ കൊന്നൊടുക്കിയിട്ടുണ്ട്. ഐ.എസു വിഭാഗത്തോടു ചേരാത്ത എല്ലാവരെയും ഇല്ലായ്മ ചെയ്യുക എന്നതാണ് അവരുടെ നയമെന്നു പറയാം.
മതങ്ങളുടെ വൈരുദ്ധ്യമല്ല കാരണം
പരി. പിതാവ് ഫ്രാൻസീസ് മാർപ്പാപ്പാ പറഞ്ഞതുപോലെ ഇതൊരു യുദ്ധമാണ്. യുദ്ധത്തിലെ ഭീകരതയാണു നാമിവിടെ കാണുന്നത്. പക്ഷേ, ഇതു മതങ്ങൾ തമ്മിലുള്ള യുദ്ധമല്ല. അങ്ങനെ വ്യാഖ്യാനിക്കുന്നതു ശരിയാകില്ല. ദുർവ്യാഖ്യാനം ചെയ്തു വിഭാഗീയത വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവരുണ്ടാകാം. അവരുടെ കെണിയിൽപ്പെട്ടു മറ്റു മതങ്ങൾക്കെതിരേ തിരിയാൻ പാടില്ല.
പക്ഷേ, ഭീകരരൊഴിച്ചുള്ള മതവിശ്വാസികൾ ഇത്തരം സംഭവങ്ങളെ തള്ളിപ്പറയുകയും അപലപിക്കുകയും ചെയ്താൽ അതു മതസൗഹാർദ്ദം വർദ്ധിപ്പിക്കാനിടയാക്കും. ഫാ. ഷാക്ഹാമലിനെ കഴുത്തറുത്തു വധിച്ച 19 കാരനായ ആദുൽ എളുപ്പം സ്വാധീനിക്കപ്പെടുന്ന ആളായിരുന്നത്രേ. ‘മുസ്ലീങ്ങൾക്ക് ഫ്രാൻസിൽ ജീവിക്കാൻ സാധിക്കില്ല’ എന്നു പറഞ്ഞായിരുന്നത്രേ അയാളുടെ രോഷം.
പക്ഷേ, എത്രയോ ലക്ഷം മുസ്ലീങ്ങളാണ് ഇത്രയുംനാൾ ഫ്രാൻസിൽ ജീവിച്ചത്. ആദുൽ തന്നെ അൽജീരിയായിൽനിന്നു കുടിയേറിയ ആളാണ്. ഇന്നും മദ്ധ്യപൂർവ്വദേശത്തുനിന്നും ആഫ്രിക്കയിൽനിന്നും എത്രയോ പേരാണ് ഫ്രാൻസിൽ അഭയം തേടുന്നത്! മദ്ധ്യപൂർവ്വദേശത്തും ആഫ്രിക്കയിലും ക്രൈസ്തവരാണ് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത്. അതോടൊപ്പം പല രാജ്യങ്ങളിലും ഇസ്ലാമിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ കടുത്ത ശത്രുതയുണ്ട്. പോരാട്ടവും ശക്തമായി നടക്കുന്നു. ഇക്കഴിഞ്ഞ 27-ാം തീയതി സിറിയയിൽ ഭീകരാക്രമണത്തിൽ അമ്പതോളം പേർ കൊല്ലപ്പെടുകയുണ്ടായി. ഇവിടെനിന്നെല്ലാം ഭയന്നോടുന്ന അനേകലക്ഷം മുസ്ലീങ്ങൾക്ക് അഭയം നൽകുന്നതും ക്രൈസ്തവസ്വാധീനമുള്ള രാജ്യങ്ങളാണ്. ഇതെല്ലാം മറന്നുകൊണ്ടാണു ചില ക്രൈസ്തവവിരുദ്ധർ വമ്പിച്ച പ്രചാരണം നടത്തുന്നത്. അഭയാർത്ഥികളെ കരുണയോടെ സ്വാഗതം ചെയ്യണമെന്നാണല്ലോ മാർപ്പാപ്പാ പലപ്പോഴും ആഹ്വാനം ചെയ്യുന്നതും. ക്രൈസ്തവർ അക്രമത്തിന്റെ മാർഗ്ഗത്തിലൂടെ പോകാതെ അവർ കൂടുതലായി ദൈവത്തിലാശ്രയിക്കുകയും
പ്രാർത്ഥിക്കുകയും സഹനത്തിനു സന്നദ്ധരാവുകയുമാണു വേണ്ടത്. പ്രത്യേകിച്ച് മറ്റുള്ളപ്രദേശങ്ങളിലുള്ളവർക്ക് അത്രയേ ചെയ്യാനാവൂ. അതതു സ്ഥലങ്ങളിലുള്ളവർക്കു കുറെയെല്ലാം ഒത്തുചേർന്നു പ്രതിരോധിക്കാൻ കഴിയുമായിരിക്കും. ഏതായാലും വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്യുന്ന ദൃശ്യങ്ങൾ അനേകരുടെ വിശ്വാസജീവിതത്തിന്റെ പുനരുജ്ജീവനത്തിന് ഇടയാക്കുമെന്നു കരുതാം. ഫാ. ഷാകിനെ രക്ഷസാക്ഷിയായും വാഴ്ത്തപ്പെട്ടവനായും ഉടനെ പ്രഖ്യാപിക്കണമെന്ന ആവശ്യം ഇപ്പോഴേ ഉയർന്നിട്ടുണ്ടല്ലോ. വിശ്വാസികളുടെ രക്തം ചൊരിഞ്ഞുള്ള സാക്ഷ്യത്തിലൂടെയാണല്ലോ സഭയുടെ വളർച്ച തന്നെ സാധിച്ചിട്ടുള്ളത്.
അന്താരാഷ്ട്രസമൂഹം ഉണരണം
പക്ഷേ, അന്താരാഷ്ട്രസമൂഹവും ഈ രംഗത്തു കൂടുതൽ ഉണർന്നുപ്രവർത്തിക്കേണ്ടതുണ്ട്. ലോകം തന്നെ ഒരു ചെറുഗ്രാമമായിരിക്കുന്ന ഈ സാഹചര്യത്തിൽ ലോകസമാധാനത്തിനു തന്നെ ഭീഷണിയാകുന്ന ഭീകരതയെ ചെറുക്കാൻ അന്താരാഷ്ട്രസമൂഹം ഒത്തുകൂടേണ്ടതാണ്. ഭീകരതയെ തുടച്ചു
നീക്കാനുള്ള ശ്രമങ്ങളിൽ എല്ലാവരും ഒത്തുചേരണം. ഐ.എസിന് ആയുധവും പണവും ലഭ്യമാക്കുന്ന സ്രോതസുകൾ അടയ്ക്കണം. ആയുധ നിർമ്മാണം സ്വകാര്യ കമ്പനികൾക്കു വിട്ടുകൊടുക്കാൻ പാടില്ല. ഭീകരതയുമായി ഒത്തുതീർപ്പിനില്ലെന്ന് എല്ലാ രാജ്യങ്ങളും വ്യക്തമാക്കണം. ഭീകരതയ്ക്ക് ഇരയായവരെ സഹായിക്കാനും രാഷ്ട്രങ്ങൾ തയ്യാറാവുക തന്നെ വേണം. ആവശ്യമെങ്കിൽ സൈനിക
ഇടപെടലുകളും വേണ്ടിവരും.
ഭീകരതയ്‌ക്കെതിരായ ബോധവത്കരണം എല്ലാ രാജ്യങ്ങളിലും ഉണ്ടാകണം. ദൈവത്തെ മറക്കുന്ന ആധുനികലോകത്തിന് ധാർമ്മികബോധവും നഷ്ടപ്പെടുകയാണല്ലോ. കടുത്ത പാശ്ചാത്യസെക്കുലറിസം വെടിഞ്ഞ് ഈശ്വര ചിന്തയും ധാർമ്മികബോധവും വളർത്തിയെടുക്കാൻ ഇന്നു തീവ്രശ്രമം ആവശ്യമാണ്. അസഹിഷ്ണുതയും അസൂയയും വളരാതെ അന്യരിലേക്കു തുറവുള്ള വ്യക്തികളാണു വിദ്യാഭ്യാസത്തിലൂടെ രൂപപ്പെടേണ്ടത്. സഹിഷ്ണുതയും സാഹോദര്യവും വളർത്തിയെടുക്കാനാകണം രാഷ്ട്രങ്ങളുടെ ശ്രമം.
ക്രൈസ്തവരും ആത്മപരിശോധന നടത്തണം
ക്രൈസ്തവയുവാക്കൾ പലരും തങ്ങളുടെ വിശ്വാസത്തെ ലാഘവത്തോടെ തള്ളിപ്പറയുന്നതു കണക്കിലെടുക്കാതെ വയ്യ. വിവാഹകാര്യങ്ങളിലും മറ്റും ഇത്തരം അനുഭവങ്ങൾ വ്യാപകമാവുകയാണ്. വിശ്വാസം ഉപേക്ഷിച്ചും മിശ്രവിവാഹത്തിലേർപ്പെടുന്ന അനുഭവങ്ങൾ കുറവല്ലല്ലോ. വിശ്വാസത്തിന്റെ മൗലിക പ്രാധാന്യം മനസ്സിലാക്കാത്തതുകൊണ്ടാണിത്. അതുപോലെ തന്നെ മതം മാറി ഭീകരപ്രവർത്തനത്തിനു പോകാൻ ചിലരെങ്കിലും തയ്യാറാകുന്നത് ധാർമ്മികബോധത്തിന്റെ അഭാവത്തിലേക്കാണു വിരൽചൂണ്ടുന്നത്.
വിശ്വാസപരിശീലനം നടക്കേണ്ട കുടുംബങ്ങളിലും വിദ്യാലയങ്ങളിലും എന്തു നടക്കുന്നുവെന്നു നാം അന്വേഷിക്കേണ്ടതാണ്. കുടുംബങ്ങൾ ഗാർഹികസഭയാണെന്നു സഭാപിതാക്കന്മാർ പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെയൊരു സ്വഭാവം കൈവരിക്കാൻ നമ്മുടെ കുടുംബങ്ങൾക്കു കഴിയുന്നുണ്ടോ? മക്കൾക്കുവേണ്ടി സമയം ചെലവഴിക്കാൻപോലും പല മാതാപിതാക്കളും തയ്യാറാകുന്നില്ല. കുടുംബത്തിൽ ക്രൈസ്തവാന്തരീക്ഷം പുലർത്താനും എത്രപേർക്കു കഴിയുന്നുണ്ട്? അതുപോലെതന്നെ ക്രൈസ്തവവിദ്യാലയങ്ങൾ ക്രൈസ്തവർക്കു വിശ്വാസപരിശീലനത്തിനു സഹായകമാകുന്നുണ്ടോ എന്നും ചോദിക്കേണ്ടിയിരിക്കുന്നു. ഭൗതികവിജ്ഞാനം കുട്ടികളിൽ കുത്തിനിറയ്ക്കുന്നതിലെ മത്സരമാണു വിദ്യാലയരംഗത്തു നാം കാണുക. മതന്യൂനപക്ഷങ്ങളുടെ വിദ്യാലയങ്ങൾ കൂടുതൽ മെച്ചമായി ഭൂമിശാസ്ത്രവും കണക്കും പഠിപ്പിക്കുമെന്നു കരുതിയല്ല; മറിച്ച്, അവയിൽ ഒരു മതപരമായ അന്തരീക്ഷം പുലർത്താനും നല്ല സ്വഭാവരൂപവത്കരണം
നടത്താനും അങ്ങനെ മതന്യൂനപക്ഷവിഭാഗത്തിന്റെ സംസ് കാരം നിലനിറുത്താനും സാധിക്കുമെന്നു കരുതിയാണ് മതന്യൂനപക്ഷ വിഭാഗങ്ങൾക്കു ഭരണഘടന പരിരക്ഷ
നൽകിയിരിക്കുന്നത് എന്ന് നമ്മുടെ സുപ്രീംകോടതി തന്നെ 1970 കളിൽ പ്രഖ്യാപിച്ചത് (St. Xavier’s college case) പലരും പക്ഷേ മറന്നുപോയിരിക്കുന്നു. മറ്റുള്ളവരെ പഴിച്ചതുകൊണ്ടു മാത്രമായില്ല; സ്വയം തിരുത്താനും നാം തയ്യാറാകണം.