പഞ്ചേന്ദ്രിയ സ്പർശിയായ പരിശുദ്ധ കുർബാന

ആന്റണി തോമസ് മലയിൽ MA (Rsc)

ഒരു വ്യക്തിയുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ വിജയാപജയങ്ങൾ വിലയിരുത്തപ്പെടുന്നത് അവനെ അവനാക്കിത്തീർക്കുന്ന സർവ്വനന്മസ്വരൂപിയായ ദൈവവുമായുളള അവന്റെ ബന്ധത്തിന്റെ തോതനുസരിച്ചാണ്. ഈ ബന്ധത്തിന്റെ ബാഹ്യ അടയാളമാണ് ദൈവാരാധനയിലുളള ആ വ്യക്തിയുടെ ഭാഗഭാഗിത്വം. കാരണം, ഈശോമിശിഹായിൽ വെളിപ്പെടുത്തപ്പെട്ട സ്വർഗ്ഗീയപിതാവിന്റെ സ്‌നേഹം ഇന്ന് ആരാധകന് അനുഭവിക്കാൻ സാധിക്കുന്നത് ദൈവാരാധനയിലാണ്; വിശിഷ്യാ പരിശുദ്ധ കുർബാനയിൽ. മാനവരാശിക്കു മുഴുവൻ രക്ഷയുടെ സദ്വാർത്തയായി ചരിത്രത്തിൽ കടന്നുവന്ന ഈശോമിശിഹാ ഇന്ന് സഭയുടെ ആരാധനയിൽ സന്നിഹിതനാവുകയും തന്റെ രക്ഷാകരദൗത്യം തുടരുകയും ചെയ്യുന്നു. ദൈവത്തിന് ഏറ്റവും സ്വീകാര്യമായ തന്റെ
പുത്രന്റെ ബലിയുടെ കൗദാശികമായ പുനരവതരണത്തിലുളള സജീവഭാഗഭാഗിത്വം ഓരോ വിശ്വാസിയുടെയും രക്ഷയുടെ അച്ചാരമാണ്.
ഈ ലോകത്തിൽ ജീവിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരു യാഥാർത്ഥ്യം അനുഭവവേദ്യമായിത്തീരണമെങ്കിൽ അത് അവന്റെ പഞ്ചേന്ദ്രിയങ്ങളെ സ്പർശിക്കുന്നതുമാകണം. ഈശോയുടെ ശിഷ്യന്മാർ തങ്ങൾ ”കേട്ടതും, സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ടു
സ്പർശിച്ചതുമായ ജീവന്റെ വചനത്തെക്കുറിച്ച്്
(1 യോഹ. 1: 1) ആണല്ലൊ പ്രസംഗിച്ചത്. മാർ തോമ്മാശ്ലീഹായും ഉത്ഥിതനായ ഈശോമിശിഹായെ കണ്ടും സ്പർശിച്ചും അറിയണമെന്നാണല്ലൊ ശഠിച്ചത്. അതുകൊണ്ട് പരി. കുർബാനയും കണ്ടും, കേട്ടും, സ്പർശിച്ചും, ഘ്രാണിച്ചും രുചിച്ചും അനുഭവിക്കാൻ നമുക്ക് കഴിയണം.
1. കാണുക
സമാപനശുശ്രൂഷയിലെ ദൈവജനത്തിന്റെ നന്ദിപ്രകാശനത്തിൽ ദൈവമായ കർത്താവിന്റെ അളവറ്റ കാരുണ്യംകണ്ട കണ്ണുകൾക്ക് അവിടുത്തെ അനുഗ്രഹദായകമായ പ്രത്യാഗമനം കാണുവാൻ ഇടവരട്ടെ എന്നു പ്രാർത്ഥിക്കുന്നു. അപ്പോൾ പരിശുദ്ധ കുർബാനയിൽ നാം അവിടുത്തെ അളവറ്റ കാരുണ്യം കാണുകയായിരുന്നു. ദൈവാരാധനക്കായി ഉപയോഗിക്കുന്ന തിരുവസ്തുക്കളായ കാസ, പീലാസ, ശോശപ്പ തുടങ്ങിയവയുടെയും, ആരാധന സമർപ്പിക്കുന്ന കാർമ്മികൻ, ശുശ്രൂഷികൾ, വിശ്വാസികൾ മുതലായവരുടെയും, ദൈവാരാധനക്കായി അവർ ഉപയോഗിക്കുന്ന തിരു വസ്ത്രങ്ങളായ പൈന, സന്ദേ, കൊത്തീന, സൂനാറ തുടങ്ങിയവയുടെയും, ദൈവാലയ ഘടനയുടെ തന്നെയും പ്രതീകാത്മകമായ അർത്ഥം മനസ്സിലാക്കി എല്ലാം കാണേണ്ടിയിരിക്കുന്നു. ഓരോ ആചാരനുഷ്ഠാനത്തിന്റെയും അർത്ഥം മനസ്സിലാക്കി കാണണം. ഉദാഹരണത്തിന്, ശിരസ്സു നമിച്ച് ആശീർവാദം സ്വീകരിച്ച് സ്ലീവായുടെ അടയാളത്താൽ സ്വയം വിശുദ്ധീകരിച്ച് സഹകരിക്കുമ്പോൾ നാം അവിടുത്തെ അളവറ്റ കാരുണ്യം കാണുക തന്നെയാണ്. അർത്ഥം ഗ്രഹിച്ചു കാണുമ്പോൾ മാത്രമേ അത് കണ്ണിന് ഇമ്പകരമാകൂ എന്നോർക്കുക. അപ്പോൾ മാത്രമേ അത് ആസ്വാദ്യകരമാകൂ.
2. കേൾക്കുക
പുതിയ നിയമ വായനകൾക്കൊരുക്കമായിട്ടുളള പ്രാർത്ഥന ഇപ്രകാരമാണ്: ”ഞങ്ങളുടെ ദൈവമേ, അങ്ങയുടെ ജീവദായകവും, ദൈവികവുമായ കല്പനകളുടെ മധുരസ്വരം ശ്രവിക്കുന്ന
തിനും, ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ…”. ”നിങ്ങൾ ശ്രദ്ധയോടെ കേൾക്കുവിൻ” എന്ന ആഹ്വാനത്തോടെയാണ് പഴയനിയമവായനകൾ അവതരിപ്പിക്കപ്പെടുന്നതും. ”ജീവൻ നല്കാൻ പോരും ജീവൽ വചനം കേൾക്കിലൊളിക്കും സാത്താൻ” എന്നും ”സുവിശേഷകൻ അനുഭവ മധുനാ വിവരിക്കുന്നു, കേൾക്കാൻ ചെവിയുളളവനോ കേട്ടു ഫലങ്ങൾ നൽകീടട്ടെ” എന്നും വ്യാഖ്യാനഗീതത്തിൽ പാടുന്നു.
”നിന്റെ സ്തുതികൾ കേട്ട കാതുകൾ ശിക്ഷാവിധിയുടെ സ്വരം കേൾക്കാതിരിക്കട്ടെ എന്ന് ദൈവജനം നന്ദിപ്രകാശനത്തിൽ പ്രാർത്ഥിക്കുന്നു. കേൾക്കുന്ന കാര്യങ്ങൾ ഗ്രഹിച്ചു എന്നതിന്റെ സൂചനയാണ് പ്രത്യുത്തരം. ഭക്തിയോടും സന്തോഷത്തോടുംകൂടി പാർത്ഥനകൾ ഉരുവിടുമ്പോൾ അത് ആസ്വദിക്കപ്പെടുന്നു എന്നു പറയാം. ”മനമങ്ങും തനുവിങ്ങും” ആയാൽ പരിശുദ്ധ കുർബാന ആസ്വാദ്യകരമാവില്ല എന്നർത്ഥം.
3. സ്പർശിക്കുക
സ്പർശനം സ്‌നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. തന്റെ പിഞ്ചോമനക്കുഞ്ഞിനെ വാരിയെടുത്ത് മാറോടണക്കുന്ന അമ്മയെയും, അമ്മക്കു തെരുതെരെനറുമുത്തം നൽകുന്ന പൈതലിനെയും ഒന്നു സങ്കൽപ്പിക്കുക. പരസ്പരം കൈകളിൽപിടിച്ചുകൊണ്ടുളള സ്‌നേഹിതരുടെ കുശലാന്വേഷണങ്ങൾ അകന്നുനിന്നുളള സംഭാഷണങ്ങളെക്കാൾ എത്രയോ ഹൃദ്യമാണ്.
സ്പർശനം ബാഹ്യമോ ആന്തരികമോ ആകാം. വേദനയുടെ നിമിഷങ്ങളിൽ സാന്ത്വനത്തിന്റെ ഒരു വാക്ക്, ഏകാന്തതയുടെ വേളയിൽ സ്‌നേഹിതന്റെ കടന്നുവരവ് തുടങ്ങി ജീവിതത്തിൽ എത്രയോ ഹൃദയസ്പർശിയായ അനുഭവങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ഇവയെ ആന്തരികമായ അനുഭവങ്ങളായി കണക്കാക്കാം. പരിശുദ്ധ കുർബാന ആസ്വദിക്കണമെങ്കിൽ ആന്തരികവും ബാഹ്യവുമായ വിശുദ്ധ സ്പർശനങ്ങളാൽ അനുഗ്രഹീതമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അത് അർപ്പിക്കപ്പെടണം. തങ്ങൾ അപ്രകാരമുളള മനോഭാവങ്ങളോടെ ബലിയർപ്പിക്കാൻ കടന്നു വന്നിരിക്കുന്നു എന്നതിന്റെ ഏറ്റുപറച്ചിലാണ് യഥാർത്ഥത്തിൽ ”അനുരഞ്ജിതരായിത്തീർന്നീടാം, നവമൊരു പീഠമൊരുക്കീടാം” എന്ന ആമുഖഗാനത്തിലൂടെ സമൂഹം പ്രഖ്യാപിക്കുന്നത്. ”കർത്താവേ, നിന്റെ കൂടാരത്തിൽ ആരു വിശ്രമിക്കും” എന്ന 15-ാം സങ്കീർത്തനത്തിലെ ചോദ്യശകലത്തിന് വിശ്വാസികളുടെ മറുപടി, ”പരിശുദ്ധമായ ചിന്തകളോടെ അവിടുത്തെ ബലിപീഠത്തിനു മുൻപാകെ നിൽക്കുവാൻ കർത്താവേ, ഞങ്ങളെ സഹായിക്കണമെ” എന്നുളള യാചനമാത്രമാണ്. ആന്തരിക സ്പർശിയായ ജീവിതശൈലിയുളള ആരാധകർക്കേ ഇപ്രകാരം ആത്മാർത്ഥമായി പ്രാർത്ഥിക്കാനാകൂ. ബാഹ്യസ്പർശനത്തിന്റെ പ്രതീകമായ പരസ്പരമുളള സമാധാനാശംസയും അർത്ഥവത്താണ്. ഇതു സംബന്ധിച്ച ബോധ്യം ആരാധകർക്കുണ്ടാകണമെന്നു മാത്രം.
4. ഘ്രാണിക്കുക
പരിശുദ്ധ കുർബാനയിൽ അഞ്ചു പ്രാവ ശ്യം ധൂപാർപ്പണമുണ്ട്. ധൂപാർപ്പണത്തിലൂടെ ദൈവാരാധകർ ആരാധനയുടെ ഉന്നത തലത്തിലേക്ക് പ്രവേശിക്കുന്നു. ധൂപം സുഗന്ധവാഹിയാണ്. അത് ദൈവസാന്നിദ്ധ്യത്തിന്റെ അടയാളമാണ്. അതുകൊണ്ട് ഉത്ഥാനഗീതത്തിന് ആമുഖമായ പ്രാർത്ഥനയിൽ കാർമ്മികന്റെ
പ്രാർത്ഥന, ”ഞങ്ങളുടെ ദൈവമേ, അങ്ങയുടെ സ്‌നേഹത്തിന്റെ പരിമളം ഞങ്ങളിൽ വീശുകയും അങ്ങയുടെ സത്യത്തിന്റെ ജ്ഞാനം ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുമ്പോൾ സ്വർഗ്ഗത്തിൽനിന്ന്
പ്രത്യക്ഷനാകുന്ന അങ്ങയുടെ തിരുക്കുമാരനെ സ്വീകരിക്കുവാൻ ഞങ്ങൾക്ക് ഇടയാകട്ടെ…” എന്നാണ്.
”വഴിതെറ്റിപ്പോയ നമ്മെ അന്വേഷിച്ചു കണ്ടെത്തുന്ന” ദൈവത്തിന്റെ സ്‌നേഹസുഗന്ധമാണ് ധൂപാർപ്പണത്തിലൂടെയുണ്ടാകുന്നത്. അന്ത്യോക്യൻ പാരമ്പര്യത്തിൽ ആരാധകർ ധൂപം വാരിയെടുത്ത് ആശ്ലേഷിക്കുന്നതും, വിശുദ്ധ സ്ലീവായാൽ സ്വയം മുദ്രിതമാക്കുന്നതും അത് ദൈവസാന്നിദ്ധ്യത്തിന്റെ
പ്രതീകമാണെന്ന് അവർക്ക് ബോധ്യമുളളതുകൊണ്ടാണ്.
ഈശോയെക്കുറിച്ചുളള ജ്ഞാനത്തിന്റെ സൗരഭ്യം ലോകമെങ്ങും പരത്തുന്നത് ശ്ലീഹന്മാരാണെന്നും, അങ്ങനെ അവർ മിശിഹായുടെ പരിമളമാണെന്നുമുളള വിശുദ്ധ
പൗലോസിന്റെ വിശ്വാസവും (2 കോറി. 2:14-15) വിശുദ്ധരുടെ പ്രാർത്ഥനകളാകുന്ന പരിമളദ്രവ്യം നിറഞ്ഞ സ്വർണ്ണകലശത്തെ (വെളി. 5: 8; 8: 3-4) ക്കുറിച്ചുളള വി. യോഹന്നാന്റെ പരാമർശവും ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.
5. രുചിക്കുക
പരിശുദ്ധ കുർബാന ഒരേ സമയം ബലിയും വിരുന്നുമാണല്ലോ. മനുഷ്യവിമോചനത്തിനായി തന്റെ ശരീരരക്തങ്ങൾ ഭക്ഷണ പാനീയങ്ങളായി നൽകിയ ദിവ്യനാഥൻ അവിടുത്തെ അവർണ്ണനീയമായ സ്‌നേഹം ഇന്നും പരി. കുർബാനയിലൂടെ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. പരി. കുർബാന സ്വീകരണവേളയിൽ കാർമ്മികന്റെ പ്രാർത്ഥന ഇതു വ്യക്തമാക്കുന്നതാണ്. ”സ്വർഗ്ഗീയ മണവാളാ, നിന്റെ വിരുന്നിന് ക്ഷണിക്കപ്പെട്ടവർക്ക് നിന്റെ അമൂല്യ രക്തത്തിന്റെ കാസ നീ സജ്ജമാക്കി. അതിൽനിന്നും പാനം ചെയ്യുവാൻ പാപിയായ എന്നെയും അനുവദിച്ചു. നിന്റെ അവർണ്ണനീയമായ സ്‌നേഹത്തിന് എന്നേയ്ക്കും സ്തുതി.” പരി. കുർബാനയിലെ വചനശുശ്രൂഷയും ഒരു വിരുന്നാണ്. സജീവവും സനാതനവുമായ ദൈവവചനത്തിന്റെ വിരുന്ന്-രക്ഷയിലേക്കു വളർത്തുന്ന പരിശുദ്ധവും, ആത്മീയവുമായ പാൽ നൽകുന്ന വിരുന്ന് (1 പത്രോ. 2: 2) ഇരു മേശകളിൽ നിന്നു നൽകപ്പെടുന്ന ഈ വിരുന്ന് ആരാധകർ രുചിക്കുകതന്നെ വേണം. എങ്കിലേ പരി. കുർബാന ആസ്വാദ്യകരമാവൂ. കർത്താവ് എത്ര നല്ലവനെന്ന് രുചിച്ചറിയുവിൻ എന്ന തിരുവചനം അപ്പോൾ അന്വർത്ഥമാകും.