വിശുദ്ധ ഗ്രന്ഥപഠനം ഒരാമുഖം (തുടർച്ച)

റവ. ഡോ. സിറിയക്ക് വലിയകുന്നുംപുറത്ത്‌

വി. ഗ്രന്ഥത്തിന്റെ വിവിധ നാമങ്ങൾ
വി. ഗ്രന്ഥത്തെ ‘പഴയനിയമം’ എന്നും ‘പുതിയനിയമം’ എന്നും ക്രൈസ്തവർ രണ്ടായി തിരിച്ചു. ഇത് മിശിഹായുമായി ബന്ധപ്പെട്ടാണ് രൂപീകരിക്കപ്പെട്ടത്. യഹൂദരുടെ മതഗ്രന്ഥമായ ‘പഴയനിയമംTANAK എന്ന പേരിലാണ് അറിയപ്പെടുക. ”തോറ” (നിയമം), ”നെബിം” (പ്രവാചകന്മാർ), ”കെത്തുബീം” (എഴുത്തുകൾ) എന്നിങ്ങനെ മൂന്നു പ്രധാന ഭാഗങ്ങളായാണ് പഴയനിയമം ക്രമീകരിച്ചിരിക്കുന്നത്. ആദ്യത്തെ അഞ്ചു ഗ്രന്ഥങ്ങളെ ‘തോറ’ അല്ലെങ്കിൽ ഇസ്രായേലിന്റെ നിയമഗ്രന്ഥം എന്ന പേരിൽ അറിയപ്പെടുന്നു. മൂന്നു പ്രധാന നിയമ ഗ്രന്ഥങ്ങളുടെ സമാഹാരമാണ് പഞ്ചഗ്രന്ഥം. പുസ്തകം (Book of the Covenant) (പുറപ്പാട് 20: 22- 24: 18), പരിശുദ്ധിയുടെ സംഹിത (Holiness Code) (ലേവ്യർ 17-27), നിയമാവർത്തന സംഹിത (Deuteronomic Code) (നിയമാ. 12-26). ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നു സ്വതന്ത്രമായി വാഗ്ദാനനാട്ടിലേക്കുളള യാത്രയിൽ സീനായ് മലയുടെ അടിവാരത്തിൽ വച്ച് ആദ്യത്തെ രണ്ടു നിയമസംഹിതകളും, വാഗ്ദാന നാടിന്റെ തെക്കേ കവാടമായ മൊവാബു ദേശത്തുവച്ച് മൂന്നാമത്തെ നിയമസംഹിതയും മൂശെ വഴി ജനത്തിനു നൽകപ്പെട്ടു എന്നതാണ് പരമ്പരാഗതമായ വിശ്വാസം.
ഈ നിയമ സംഹിതകളുടെ വ്യാഖ്യാനമാണ് പ്രവാചകന്മാരുടെ പുസ്തകത്തിലൂടെ നല്കപ്പെട്ടത്. യഹൂദബൈബിളിൽ പ്രവാചകന്മാരുടെ പുസ്തകത്തെ രണ്ടു ഗണമായാണ് തിരിച്ചിരിക്കുന്നത്. ആദ്യകാല പ്രവാചകന്മാർ (Former Prophets) എന്നും പില്കാല പ്രവാചകന്മാർ (Latter Prophets) എന്നും. ജോഷ്വാ മുതൽ രാജാക്കന്മാരുടെ രണ്ടാം പുസ്തകം വരെ ആദ്യ വിഭാഗത്തിൽ പെടുമെങ്കിൽ 12 പ്രധാന പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ രണ്ടാം ഗണത്തിലാണ് ഉൾപ്പെടുന്നത്. ഈ പു സ്തകങ്ങൾ എല്ലാം തന്നെ ദൈവിക നി യമങ്ങളുടെ വ്യാഖ്യാനങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്ത്യാനികളുടെ വി. ഗ്രന്ഥത്തിൽ ആദ്യകാല പ്രവാചകന്മാരുടെ (Former Prophets) പുസ്തകങ്ങളെ ചരിത്ര പുസ്തകമായിട്ടാണ് (Historical Books) അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കെത്തുബീം’ എന്ന ഹെബ്രായ
പദം ‘എഴുത്തുകൾ’ (Writings) എന്നാണ് തർജ്ജിമ ചെയ്യപ്പെടുക. ജ്ഞാനത്തിന്റെ പുസ്തകം, സങ്കീർത്തനങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഇസ്രായേലിന്റെ ആദ്യകാല കീർത്തനങ്ങളാണ് സങ്കീർത്തനങ്ങൾ. ഇസ്രായേലിന്റെ നി യമസംഹിതയുടെ പ്രാർത്ഥനാപരമായ ആഘോഷമായി ദൈവാലയത്തിലും ഭവനങ്ങളിലും യഹൂദർ ആലപിച്ചിരുന്ന ഗീതങ്ങളായിരുന്നു ഇവ. ദൈവവും മനുഷ്യനും തമ്മിലുളള സ്‌നേഹഗീതത്തിന്റെ കാവ്യാവിഷ്‌കാരമാണ് ഉത്തമഗീതം. ജ്ഞാനത്തിന്റെ പുസ്തകങ്ങൾ (Wisdom Literature) പ്രധാനമായും ഊന്നൽ നല്കയിരുന്നത് വിശുദ്ധമായ ഒരു ജീവിതത്തിനാണ്. നിയമസംഹിതയോടു വിശ്വസ്തത പുലർത്തുന്ന വ്യക്തി എപ്രകാരം തന്റെ ജീവിതത്തെ ദൈവോന്മുഖമാക്കണമെന്നും ദൈവം നല്കിയ വാഗ്ദത്ത ദേശം എപ്രകാരം സ്വന്തമാക്കണമെന്നും ഈ ഗ്രന്ഥങ്ങൾ പ്രതിപാദിക്കുന്നു. പുതിയനിയമ സംഹിത ‘പുതിയ ഉടമ്പടി’ (New Covenant) എന്ന പേരിലാണ് അറിയപ്പെടുന്നത്. സുവിശേഷങ്ങൾ, ലേഖനങ്ങൾ, വെളിപാട് എന്നിങ്ങനെ മൂന്നു പ്രധാന ആഖ്യാനരീതികളിലൂടെയാണ് പുതിയനിയമം രൂപകല്പന ചെയ്തിരിക്കുന്നത്. സുവിശേഷങ്ങൾ, ഈശോയുടെ രക്ഷാകര രഹസ്യങ്ങളെ അതിന്റെ ചരിത്രപരതയിലൂടെയും ദൈവശാസ്ത്രത്തിലൂടെയും അവതരിപ്പിക്കുമ്പോൾ ലേഖനങ്ങൾ ദൈവശാസ്ത്രത്തിന്റെ ആഘോഷത്തെയാണ് അനുവാചകർക്കു നല്കുന്നത്. അപ്പം മുറിക്കൽ ശുശ്രൂഷയുടെ ഭാഗമായി ഒന്നിക്കപ്പെട്ട പുതിയ ഇസ്രായേൽ സമൂഹത്തിനു നല്കുന്ന പ്രബോധനവും ധാർമ്മിക നിർദ്ദേശങ്ങളുമാണ് ലേഖനങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ആദിമ സഭയുടെ ദൈവോന്മുഖമായ ജീവിതവും അവരുടെ വിശ്വാസത്തിന്റെ ശക്തിയും
പുതിയ സമൂഹത്തിൽ ദൈവജനം അനുവർത്തിക്കേണ്ട ദൈവികതയെയും ഇതിവൃത്തമായി സ്വീകരിച്ചുകൊണ്ട് അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് വെളിപാട്. ഇപ്രകാരം പുതിയ നിയമം പഴയ നിയമത്തിന്റെ തുടർച്ചയും അതിന്റെ പൂർണ്ണതയുമായി നിലകൊളളുന്നു. വിശുദ്ധഗ്രന്ഥവ്യാഖ്യാനം സഭയിൽ
വിശുദ്ധ ഗ്രന്ഥത്തിലെ ‘രണ്ടു നിയമ സംഹിതകളും’ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇവയുടെ വ്യാഖ്യാനവും ഈ ബന്ധത്തിന്റെ പൂർ ണ്ണതയിൽ നിന്നാണ് ഉരുത്തിരിയുന്നത്. ഈശോയുടെ ആഗമനം ”നിയമത്തെയോ പ്രവാചകന്മാരെയോ… അസാധുവാക്കാനല്ല, പൂർത്തിയാക്കാനാണ്” (മത്തായി 5: 17-18). പുതിയ നിയമം പഴയ നിയമത്തെ വ്യാഖ്യാനിക്കുന്നു. പഴയ നിയമത്തിന്റെ ശ്രേഷ്ഠത മിശിഹാ കേന്ദ്രീകൃതമായ വ്യാഖ്യാനത്തിലൂടെയാണ് വെളിവാകുന്നത്. ഇത് വി. സുവിശേഷങ്ങളിൽ നിന്ന് വ്യക്തമാണ്. ശിഷ്യന്മാരുടെ എമ്മാവൂസ് അനുഭവത്തിൽ അവരുടെ കൂടെ യാത്ര ചെയ്യുന്ന മിശിഹാ അവർക്കു വചനം വ്യാഖ്യാനിച്ചു നൽകുന്നതിനെക്കുറിച്ച് വി. ലൂക്കാ പറയുന്നു: ”ഭോഷന്മാരേ, പ്രവാചകന്മാർ പറഞ്ഞിട്ടുളളത് വിശ്വസിക്കാൻ കഴിയാത്ത വിധം ഹൃദയം മന്ദീഭവിച്ചവരേ, മിശിഹാ ഇതെല്ലാം സഹിച്ച് മഹത്ത്വത്തിലേക്കു പ്രവേശിക്കണമായിരുന്നില്ലേ? മൂശെ തുടങ്ങി എല്ലാ പ്രവാചകന്മാരും തന്നെപ്പറ്റി എഴുതിയിരിക്കുന്നവയെല്ലാം അവൻ അവർക്കു വ്യാഖ്യാനിച്ചു കൊടുത്തു” (ലൂക്കാ 24: 26-29). ദൈവവചനത്തിന്റെ ലിഖിതരൂപം വി.
പാരമ്പര്യത്തിൽനിന്ന് വന്നിട്ടുളളതാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ വി. ഗ്രന്ഥത്തെയും വി. പാരമ്പര്യത്തെയും ഒരു ഉറവയിൽ നിന്നു പുറപ്പെടുന്ന ദൈവിക വെളിപാടായി ചിത്രീകരിച്ചിരിക്കുന്നു (ദൈവാവിഷ്‌കരണം-9). സഭ ഇവയെ വിശുദ്ധമായി കാണുകയും ചെയ്യുന്നു. വായ്‌മൊഴിയായി രൂപപ്പെടുന്ന പാരമ്പര്യങ്ങൾ വി. ഗ്രന്ഥത്തിന്റെ ചരിത്രപരതയെ വ്യക്തമാക്കുന്നു. സഭാ പിതാവായ വി. ബേസിൽ അഭിപ്രായപ്പെടുന്നു: ”ദൈവികവെളിപാടിന്റെ രണ്ടു സ്രോതസ്സുകളും വചനത്തിലൂടെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പരിശുദ്ധാത്മാവാണ് ഇതിന്റെ കൈമാറ്റ പ്രക്രിയ നിർവ്വഹിക്കുന്നത്” (Cfr. V. Lossky, ‘Tradition and Traditions’, in the meaning of the Icons L. Ouspensky (ed.) (restwood, 1944-9-22). നസിയാനിലെ വി. ഗ്രിഗറിയുടെ അഭിപ്രായത്തിൽ വി. ഗ്രന്ഥത്തിന്റെ രൂപീകരണം വി. പാരമ്പര്യമാകുന്ന ചരിത്ര വസ്തുതകളെ ആശ്രയിച്ചിരിക്കുന്നു. വി. പാരമ്പര്യം വചനത്തിന്റെ ചരിത്ര രേഖകളായി നിലകൊളളുന്നു. ഇവയുടെ വ്യാഖ്യാനമാണ് വി. ഗ്രന്ഥത്തിന്റെ അർത്ഥതലങ്ങളിലേക്ക് ഒരു വ്യക്തിയെ നയിക്കുന്നത്. ഇസ്രായേൽ ജനതയുടെ ചരിത്രം, ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നും വാഗ്ദാന നാട്ടിലേക്കുളള യാത്ര, ദൈവം നൽകിയ നാട്ടിൽ അവരുടെ ജീവിതം, ബാബിലോണിയൻ പ്രവാസം എന്നിവയൊക്കെ ദൈവശാസ്ത്ര ദർശനത്തിലൂടെ വി. ഗ്രന്ഥം അവതരിപ്പിക്കുന്നു. ഈ ചരിത്രത്തെ വി. പാരമ്പര്യങ്ങളായിട്ടാണ് അവതരിപ്പിക്കുന്നത്. മിശിഹായിൽ ആരംഭിച്ച്, ആദിമ സഭയുടെ രൂപീകരണത്തിൽ – മതപീഡനത്തിലുളള അവരുടെ സാക്ഷ്യത്തിൽ രൂപപ്പെട്ട പാരമ്പര്യമാണ് പുതിയ നിയമത്തിലുളളത്. ഈ പാരമ്പര്യങ്ങളുടെ വ്യാഖ്യാനമാണ് പുതിയ നി യമ ഗ്രന്ഥം.
വി. ഗ്രന്ഥകാരൻ തന്റെ മുമ്പിലുളള വി. പാരമ്പര്യങ്ങളെ പല രീതിയിലാണ് അവതരിപ്പിക്കുന്നത്. കഥകൾ, സംഭവങ്ങൾ, നോവലുകൾ, പദ്യം, ഉപമകൾ എന്നിവയിലൂടെ ഇസ്രായേൽ ചരിത്രത്തെ സമ്യക്കായി അവതരിപ്പിക്കുകയും അവയിൽ നിഗൂഡമായിരിക്കുന്ന ദൈവശാസ്ത്രത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇപ്രകാരമുളള ശൈലികൾ മനസ്സിലാക്കി അവയെ വ്യാഖ്യാനിക്കുക എന്നതാണ് വി. ഗ്രന്ഥ പഠനത്തിലൂടെ അർത്ഥമാക്കുന്നത്. വി. ഗ്രന്ഥത്തിന്റെ പദാനുപദ വ്യാഖ്യാനം അതിന്റെ പരിപൂർണ്ണമായ അർത്ഥത്തിലേക്ക് നമ്മെ നയിക്കുന്നില്ല. മറിച്ച് ഭാഗികമായ അറിവു മാത്രമെ പ്രദാനം ചെയ്യുന്നുളളു. വി. ഗ്രന്ഥം എഴുതപ്പെട്ട സാഹചര്യവും, അവിടുത്തെ സംസ്‌കാരവും, ഭാഷാപ്രയോഗ രീതികളും, ഗ്രന്ഥകർത്താവിന്റെ മനോഭാവങ്ങളുമെല്ലാം വി. ഗ്രന്ഥ വ്യാഖ്യാനത്തിന് അത്യന്താപേക്ഷിതമാണ്. വി. ഗ്രന്ഥത്തിന്റെ വിവിധങ്ങളായ വ്യാഖ്യാനശൈലികൾ എപ്രകാരം വചനത്തിന്റെ ശ്രേഷ്ഠതയെ വെളിവാക്കുന്നു എന്ന് നമുക്കു കാണുവാൻ കഴിയും.
1. വി. ഗ്രന്ഥത്തിന്റെ യഹൂദ വ്യാഖ്യാനം
പഴയ നിയമ പുസ്തകങ്ങളുടെ യഹൂദ വ്യാഖ്യാനം ആരംഭിക്കുന്നത് ബാബിലോൺ പ്രവാസത്തിനു വളരെ നാളുകൾക്കു ശേഷമാണ്. പ്രവാസാനന്തരം ജറുസലേമിലേക്കു വന്ന യഹൂദർ തങ്ങളുടെ സംസാരഭാഷയായി സ്വീകരിച്ചത് അറമായയായിരുന്നു. ബി. സി. നാലാം നൂറ്റാണ്ടു മുതൽ അറമായ ഭാഷയുടെ സ്വാധീനം യഹൂദ സമുഹത്തിനുണ്ടായിരുന്നു. വി. ഗ്രന്ഥത്തിലെ ചില പ്രത്യേക ഭാഗങ്ങൾ (ഉദാ. എസ്രാ. 4:8; 6-18; 7-12-26; ദാനിയേൽ 2:4; 7:28; ഉല്പ. 31:48; ജറമി. 10:11) അറമായ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഈ ഭാഷയുടെ സ്വാധീനം ഈശോയുടെ കാലഘട്ടത്തിലും പ്രകടമാണ്. യഹൂദമതത്തിന്റെ ഔദ്യോഗിക ഭാഷയായ ഹെബ്രായയുടെ സ്വാധീനം ഈ നൂ റ്റാണ്ടിൽ വളരെ കുറയുകയും അറമായ കൂടുതൽ പ്രബലമാവുകയും ചെയ്തപ്പോൾ ബി. സി. ഒന്നാം നൂറ്റാണ്ടോടികൂടി പഴയ നിയമം അറമായഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇത് വെറും പദാനുപദ വിവർത്തനമായിരുന്നില്ല. മറിച്ച് ഹെബ്രായ ഭാഷയിൽ എഴുതപ്പെട്ട ഗ്രന്ഥത്തിന്റെ വ്യാഖ്യാനവും കൂടിയായിരുന്നു. ഇപ്രകാരം ഓൻഗലോസ് (Onqelos) താർഗ്ഗും, ജറുസലേം താർഗ്ഗും, ചലീളശശേ താർഗ്ഗും തുടങ്ങിയവ പഞ്ചഗ്രന്ഥത്തിന്റെ വ്യാഖ്യാനം നൽകുകയും പ്രവാചകന്മാരുടെ താർഗ്ഗും പ്രവാചകഗ്രന്ഥങ്ങളെ വിശദീകരിക്കുകയും ചെയ്തു. ബി.സി രണ്ടാം നൂറ്റാണ്ടിൽ ഈജിപ്തിൽ യഹൂദരുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചു. ഈജിപ്തിലെ അലക്‌സാണ്ട്രിയായിൽ വളരെയധികം യഹൂദർ തിങ്ങിപ്പാർത്തിരുന്നു. യഹൂദർ തങ്ങളുടെ ഹെബ്രായ പാരമ്പര്യം വിസ്മരിക്കാതിരിക്കാനും ദൈവികനിയമങ്ങളുടെ വ്യാഖ്യാനം നഷ്ടപ്പെടാതിരിക്കാനുമായി ബി.സി രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ അലക്‌സാണ്ട്രിയായിൽ 72 യഹൂദർ ഹീബ്രു ബൈബിൾ ഗ്രീക്കു ഭാഷയിലേക്കു വിവർത്തനം ചെയ്തു. ഇതാണ് ഹീബ്രു ബൈബിളിന്റെ സെപ്ത്വജിന്ത് എന്ന പേരിൽ അറിയപ്പെടുന്ന ഗ്രീക്ക് വിവർത്തനം. (Cfr. W. Whiston (trans.), The New Complete works of Josephus, Michigun, 1999, 388-394). താർഗ്ഗുമിന്റെ കാര്യത്തിൽ എന്നതുപോലെ, സെപ്ത്വജിന്തും വെറും പദാനുപദ വിവർത്തനം എന്നതിലുപരി ഹീബ്രു ബൈബിളിന്റെ വ്യാഖ്യാനവും കൂടിയാണ്. ഒരു സാധാരണ വായനക്കാരന് അഗ്രാഹ്യമായ മൂലഭാഷയിലെ (ഹീബ്രു) വായനകൾ, ഈ വിവർത്തനങ്ങൾ വ്യാഖ്യാനിക്കുകയും ആവശ്യമായ ദൈവശാസ്ത്ര വീക്ഷണങ്ങൾ നൽകുകയും ചെയ്യുന്നു. കൂടാതെ, മിശിഹാ കേന്ദ്രീകൃത വ്യാഖ്യാനങ്ങൾ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയുമാണ്. വി. ഗ്രന്ഥത്തെ വി. ഗ്രന്ഥം കൊണ്ടു തന്നെ വ്യാഖ്യാനിക്കുന്ന ശൈലിയാണ് ആദ്യം മുതൽ ഉണ്ടായിരുന്നത്. ഉദാഹരണത്തിന് ഉൽപത്തി പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ആദവും ഹവ്വായും, പൗലോസ് ശ്ലീഹായുടെ പ്രബോധനത്തിൽ മിശിഹായുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു: ”ഒരു മനുഷ്യൻ മൂലം പാപവും, പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു… ദൈവകൃപയും ഈശോമിശിഹാ എന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകർക്ക് സമൃദ്ധമായി ലഭിച്ചിരിക്കുന്നു” (റോമ. 5: 12-15). ഇപ്രകാരം പുതിയ നിയമം പഴയ നിയമത്തിന്റെ പൂർത്തീകരണമായി ഭവിക്കുന്നു.
2. സഭാപിതാക്കന്മാരുടെ വ്യാഖ്യാനം
ആദ്യകാല വ്യാഖ്യാനങ്ങളുടെ ചുവടുപിടിച്ചുകൊണ്ടാണ് സഭാപിതാക്കന്മാരുടെ വ്യാഖ്യാനം കടന്നു വന്നത്. വി. ഗ്രന്ഥത്തിന്റെ ചരിത്രപരതക്കു പ്രാധാ
ന്യം നൽകുന്നതിലുപരി, മിശിഹാ രഹസ്യങ്ങളെ എപ്രകാരം വി. ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു എന്നുളളതിനായിരുന്നു ഇവരുടെ വ്യാഖ്യാനങ്ങളിലെ മുഖ്യ ഊന്നൽ. ദൈവാവിഷ്‌കരണം 15-ൽ പറയുന്നു: ”മിശിഹായുടെ രക്ഷാകരമായ ആഗമനത്തെയും അവിടുത്തെ രാജ്യത്തെയും ഒരുക്കുകയും പ്രഘോഷിക്കുകയുമാണ് പഴയ നിയമം നിർവ്വഹിക്കുന്നത്”. മിശിഹാ രഹസ്യത്തെ അവതരിപ്പിക്കുവാൻ വേണ്ടി സഭാപിതാക്കന്മാർ പല രീതികളും അവലംബിക്കുന്നുണ്ട്: ദൃഷ്ടാന്തങ്ങൾ, സാദൃശങ്ങൾ, രൂപക ഉപദേശങ്ങൾ (typology) -എന്നിവയെല്ലാം പ്രധാനപ്പെട്ട വ്യാഖ്യാന രീതികളാണ്.
3. മദ്ധ്യയുഗത്തിലെ വ്യാഖ്യാനം
സഭാപിതാക്കന്മാരുടെ വ്യാഖ്യാന ശൈലിയോടു ചേർന്ന് വി. ഗ്രന്ഥത്തിന്റെ ആദ്ധ്യാത്മിക വശങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ടുളള വ്യാഖ്യാന രീതിയാണ് 15-ാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നത്. ഈ കാലയളവിൽ, അതായത് നവോത്ഥാന കാലഘട്ടത്തിൽ വി. ഗ്രന്ഥത്തിനു മാത്രം അമിത പ്രാധാന്യം നൽകുന്ന, അതിന്റെ പദാനുപദ വ്യാഖ്യാന ശൈലി ആരംഭിച്ചു. എന്നാൽ തെന്ത്രോസ് സൂനഹദോസ് (1543-1563) വി. ഗ്രന്ഥത്തോടൊപ്പം വി. പാരമ്പര്യങ്ങൾക്കും തുല്യ പരിഗണന നൽകിക്കൊണ്ട് പുതിയ വ്യാഖ്യാന ശൈലിക്കു രൂപം കൊടുത്തു.
4. ചരിത്രപരമായ വ്യാഖ്യാനം
പരിശുദ്ധ ബനഡിക്ട് 16-ാം മാർപ്പാപ്പായുടെ ചാക്രിക ലേഖനമായ ‘ഢലൃയൗാ ഉീാശിശ’ (ദൈവവചനം) ഇപ്രകാരം പറയുന്നു: ”രക്ഷാകര ചരിത്രം വെറും സാങ്കല്പിക കഥകൾ അല്ല. ഇത് യഥാർത്ഥ ചരിത്രം ആണ്. ഈ ചരിത്രത്തെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പഠിക്കണം” (VD. 97). വി. ഗ്രന്ഥത്തിന്റെ ചരിത്രപരമായ വ്യാഖ്യാനത്തിലൂടെ, വചനത്തിന്റെ യഥാർത്ഥ ഉറവിടത്തിലേക്ക് ഒരുവൻ പ്രവേശിക്കുകയാണ്. വി. ഗ്രന്ഥം ഏതു സാഹചര്യത്തിൽ ആർക്കുവേണ്ടിയാണ് എഴുതപ്പെട്ടത് എന്ന് മനസ്സിലാക്കുവാൻ ഈ വ്യാഖ്യാനരീതി സഹായകമാകുന്നു. ഗ്രന്ഥകാരൻ തന്റെ കഴിവും ബുദ്ധിയും ഉപയോഗിച്ച് ചരിത്രത്തിലൂടെ ദൈവത്തെ അവതരിപ്പിക്കുന്നതിന് പല വിധത്തിലുളള സങ്കേതങ്ങളെ ഉപയോഗപ്പെടുത്തുന്നു. ബാബിലോൺ പ്രവാസകാലമായിരുന്നല്ലൊ വി. ഗ്രന്ഥ രൂപീകരണത്തിനു കളമൊരുക്കിയത്. ഇവിടുത്തെ സംസ്‌കാരങ്ങളും, സാഹിത്യരൂപങ്ങളും വി. ഗ്രന്ഥത്തിന്റെ രചനയിൽ ഗ്രന്ഥകാരന്മാർ ഉപയോഗിച്ചു എന്നതിൽ സംശയമില്ല. അതുകൊണ്ട് ഏതു തരത്തിലുളള സാഹിത്യരൂപമാണ് ഓരോ വചനഭാഗത്തിനും ഉളളത് എന്ന് ഈ വ്യാഖ്യാന ശൈലി പഠിപ്പിക്കുന്നു. വി. ഗ്രന്ഥത്തിൽ പല വിധത്തിലുളള ആവർത്തനങ്ങൾ കടന്നു വരിക സ്വാഭാവികമാണ്. ഒരു സംഭവത്തെ പല വ്യക്തികൾ വീക്ഷിച്ചാൽ അവരുടെ, അതിനെക്കുറിച്ചുളള അവതരണസ്വഭാവും ശൈലിയും വ്യത്യസ്തമാകുന്നതുപോലെ വി. ഗ്രന്ഥത്തിന്റെ അവതരണത്തിലും ഇത് ദൃശ്യമാണ്. വി. ഗ്രന്ഥത്തിന്റെ സാഹിത്യ രൂപത്തിന്റെ വിശകലനം (literary analysis) ഇതിനെക്കുറിച്ച് പഠനം നടത്തുന്നു. വി. ഗ്രന്ഥത്തിന് വളരെ ദീർഘമായ രചനാചരിത്രമാണുളളത്. വ്യത്യസ്ത കാലഘട്ടത്തിലൂടെ ഉരുത്തിരിഞ്ഞു വന്ന ദൈവശാസ്ത്ര ചിന്തകളാണ് വി. ഗ്രന്ഥത്തിലുളളത്. ഈ പുസ്തകത്തിന് ഓരോ കാലഘട്ടത്തിലും വന്ന മാറ്റങ്ങളും അതിന്റെ പൂർണ്ണമായ രൂപത്തിന്റെ സവിശേഷതകളുമാണ് Redaction Criticism എന്ന വിശകലന ശൈലിയിൽ അവതരിപ്പിക്കുന്നത്. ഇപ്രകാരം വി. ഗ്രന്ഥത്തിന്റെ ഉറവിടങ്ങളിലേക്കുളള ഒരു തിരിഞ്ഞു നോട്ടവും അതിലൂടെ സംലഭ്യമാകുന്ന ദൈവാനുഭവവും ദൈവശാസ്ത്രവും ഈ ആഖ്യാന ശൈലികളിലൂടെ കരഗതമാകുന്നു.