ആഗോള സഭയിൽ പരക്കെ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഒരു പുണ്യപുരുഷനാണ് ജോൺ വിയാനി. ഫ്രാൻസിലെ ഒരു ഇടവകവികാരിയായിരുന്ന ഇദ്ദേഹത്തെ സഭ ഇടവകവൈദികരുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചിട്ടുണ്ട്. ”ആർസിലെ ഇടവകവികാരി” (Cure d’ Ars) എന്ന പേരിൽ ഇദ്ദേഹം ജീവിതകാലത്തു തന്നെ പ്രശസ്തനായി. ആർസ് ഫ്രാൻസിലെ ഒരു ഇടവകയായിരുന്നു. അവിടെയും ചുറ്റുപാടും അദ്ദേഹം പരിത്യാഗനിർഭരമായ തന്റെ വിശുദ്ധ ജീവിതം കൊണ്ട് അത്ഭുതകരമായ ആത്മീയപരിവർത്തനം സാധിച്ചു. ”കുമ്പസാരത്തിന്റെ വിശുദ്ധൻ” (Saint of the Confessional) എന്നും അദ്ദേഹത്തെ വിളിക്കാറുണ്ട്. ഷാൺ-ബാപ്റ്റിസ്റ്റ്-മാരി വിയാനി (Jean – Baptist – Marie Vianney) എന്നാണ് ഫ്രഞ്ചു ഭാഷയിൽ അദ്ദേഹത്തിന്റെ പേര്. ഇംഗ്ലീഷിൽ ജോൺ മരിയ വിയാനി എന്ന ചുരുക്കപ്പേരിലാണ് അറിയുന്നത്. ജീവിതത്തിന്റെ ആദ്യകാലം (Early Life)
1786 മെയ് 8-ാം തീയതി ഫ്രാൻസിലെ ലിയോൺസിനു സമീപമുളള ഡാർഡില്ലി (Dardilly) എന്ന കൊച്ചു പട്ടണത്തിൽ ജോൺ വിയാനി ജനിച്ചു. അന്നു തന്നെ മാമ്മോദീസയും നടന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളായ മാത്യു വിയാനിക്കും മരിയയ്ക്കും ആറു കുട്ടികളുണ്ടായിരുന്നു. അവരിൽ നാലാമത്തെ സന്താനമായിരുന്നു ജോൺ. വിയാനി കുടുംബം ഉത്തമ കത്തോലിക്കരായിരുന്നു. അവർ ദരിദ്രരെ ഉദാരമായി സഹായിക്കുകയും സുകൃത ജീവിതം നയിക്കുകയും ചെയ്തു പോന്നു. അലഞ്ഞു നടക്കുന്നവരുടെ മദ്ധ്യസ്ഥനായ (Patron Saint of Tramps) വിശുദ്ധ ബനഡിക്റ്റ് ജോസഫ് ലാബ്രേയുടെ റോമിലേക്കുളള തീർത്ഥാടനത്തിൽ ഈ കുടുംബം അദ്ദേഹത്തിന് ആതിഥ്യം നൽകി.
1790 ആയപ്പോഴേക്കും ഫ്രഞ്ചു വിപ്ലവകാരികളുടെ ഭരണത്തിലെ വൈദികവിദ്വേഷവും പീഡനവും ഉച്ചകോടിയിലെത്തിയിരുന്നു. വൈദികർ തങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് രഹസ്യത്തിലാണ് ദിവ്യബലിയർപ്പിച്ചിരുന്നതും, കൂദാശകൾ നൽകിയിരുന്നതും, മതബോധനം നടത്തിയിരുന്നതും. ജോൺ അവരെ ”ഹീറോ” കളായി കരുതി. ഈ സാഹചര്യങ്ങളിൽ 13-ാമത്തെ വയസ്സിൽ ഒളിവിലാണ് അവൻ ആദ്യകുർബാന സ്വീകരിച്ചതും, തുടർന്ന് സ്ഥൈര്യലേപനത്തിനായി ഒരുങ്ങിയതും.
1802-ൽ നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രാൻസിൽ കത്തോലിക്കാ സഭ പുനഃ സ്ഥാപിച്ചുവെന്നു പറയാം. നാടെങ്ങും സ്വാതന്ത്ര്യവും സമാധാനവും കളിയാടി. മാർപ്പാപ്പായും നെപ്പോളിയനും തമ്മിലുണ്ടായ ഉടമ്പടി (Concordat) വിശ്വാസത്തിന്റെ ഉയിർത്തെഴുന്നേല്പിനെ സഹായിച്ചു. ജോൺ തന്റെ ഭാവിയെപ്പറ്റിയും ദൈവവിളിയെപ്പറ്റിയും ചിന്തിച്ചു. പഠിക്കാൻ ഏറെക്കൊതിച്ചിരുന്ന അവനെ കർഷകനായ പിതാവ് അതിനനുവദിച്ചു. അങ്ങനെ ഇരുപതാമത്തെ വയസ്സിൽ അവൻ ആബേ ബയിലിയുടെ സ്‌കൂളിൽ ചേർന്നു പഠനം തുടങ്ങി. ഏകാധിപതിയായ നെപ്പോളിയൻ നിർബന്ധിത സൈന്യസേവനം ഏർപ്പെടുത്തിയപ്പോൾ ജോൺ തന്റെ കുടുംബാവകാശം സ്വസഹോദരൻ ഫ്രാൻസിസ്സിനു നല്കി അതിനെ മറികടന്നു. ജോണിനു പകരം സഹോദരൻ സൈനികസേവനത്തിനു തയ്യാറാവുകയും ചെയ്തു. ഇതിനിടയിൽ ഒരു വർഷം ജോൺ കുട്ടികളെ പഠിപ്പിച്ചു. ആബേ ബയിലിയുടെ സ്‌കൂളിൽ കുറെനാൾകൂടി പഠിച്ചതിനു ശേഷം ജോൺ സെമിനാരിയിൽ ചേർന്നു. ഒരു വൈദികനായി ദൈവത്തിനും ദൈവജനത്തിനും സേവനം ചെയ്യുകയായിരുന്നു അവന്റെ ലക്ഷ്യം. ലാറ്റിൻ ഭാഷാപഠനം അവനൊരു കീറാമുട്ടിയായിരുന്നു. സ്‌കൂളിൽ അവൻ ലാറ്റിനു പുറമേ കണക്കും, ചരിത്രവും ഭൂമിശാസ്ത്രവുമാണു പഠിച്ചത്. സെമിനാരിയിലെ പഠനം തൃപ്തികരമല്ലെന്നും എന്നാൽ അവന്റെ സ്വഭാവം അതിവിശിഷ്ടമാണെന്നും റെക്റ്റർ അധികാരികളെ അറിയിച്ചു. അവന്റെ അഗാധമായ ദൈവഭക്തിയും മരിയഭക്തിയും കണക്കിലെടുത്ത് സഭാധികാരികൾ അവനു പട്ടം കൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ 1815 ഓഗസ്റ്റ് 13-ാം തീയതി, 29-ാമത്തെ വയസ്സിൽ, ജോൺ വൈദികനായി അഭിഷേചിക്കപ്പെട്ടു.
ആർസിലെ വികാരി (Vicar of Ars) രണ്ടു കൊല്ലം ബെയിലിയുടെ കീഴിൽ ഫാദർ ജോൺ അസിസ്റ്റന്റായി ജോലി ചെയ്തു. പിന്നെ 1818-ൽ, ബെയിലിയുടെ മരണശേഷം, അദ്ദേഹം ആർസിലെ വികാരിയായി നിയമിക്കപ്പെട്ടു. ഫ്രഞ്ചുവിപ്ലവം നാട്ടിലാകെ വരുത്തിക്കൂട്ടിയ വിശ്വാസത്തകർച്ച ഭയാനകമായിരുന്നു. ആർസിലെ ആളുകൾ ഞായറാഴ്ചയും വയലുകളിൽ പണിചെയ്തിരുന്നു. മതപരമായ അജ്ഞതയും നിസ്സംഗതയും സർവത്ര ഇരുൾ പരത്തി. പളളിയിൽ പോകേണ്ട നേരത്ത് ഡാൻസും മദ്യപാനവുമായി ജനങ്ങൾ അധഃപതിച്ചു. അവരെ വിശ്വാസത്തിലേക്കും മതാത്മകജീവിതത്തിലേക്കും തിരിച്ചുകൊണ്ടുവരാൻ ഫാദർ വിയാനി തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാൽ സമ്പന്നനായിരുന്ന അദ്ദേഹത്തിന്റെ പ്രയത്‌നങ്ങൾ അവസാനം ഫലമണിഞ്ഞു.
കുമ്പസാരത്തിലൂടെയുളള പ്രേഷിതത്വം (Apostolate through confession)
വിശ്വാസികളുടെ ഇടയിലെ ദൈവദൂഷണം, മദ്യപാനം, സദാചാരബോധമില്ലാതെയുളള നൃത്തങ്ങൾ എന്നീ തിന്മകളെയെല്ലാം വിയാനിയച്ചൻ തന്റെ പ്രസംഗങ്ങളിലൂടെ അപലപിച്ചു. തന്റെ ഇടവകക്കാർ ഈ ശീലങ്ങളെ ഉപേക്ഷിക്കുന്നില്ലെങ്കിൽ താൻ അവരുടെ പാപം പോക്കുകയില്ലെന്ന് അദ്ദേഹം ശഠിച്ചു. അവർക്കുവേണ്ടി അദ്ദേഹം പ്രാർത്ഥിക്കുകയും, ഉപവസിക്കുകയും, പ്രായശ്ചിത്തങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു. ഫലമോ? അത്ഭുതകരം, അവിശ്വസനീയം! ആർസ് ഒരു അനുതാപകേന്ദ്രമായി മാറി. ശീതകാലത്ത് 12 മണിക്കൂറും മറ്റു കാലങ്ങളിൽ 18 മണിക്കൂറും ഫാദർ വിയാനി കുമ്പസാരക്കൂട്ടിൽ ചെലവഴിച്ചു. ഉരളക്കിഴങ്ങും വെളളവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. 20 വർഷത്തിനിടക്ക് 20 ലക്ഷം പാപികൾ അദ്ദേഹത്തെ സമീ
പിച്ച് ഉപദേശം വാങ്ങിയിട്ടുണ്ടത്രെ! മെത്രാന്മാരും വൈദികരും കൂടി അദ്ദേഹത്തിന്റെ കുമ്പസാരക്കൂടിനെ സമീപിച്ചിരുന്നു. കുമ്പസാരത്തിലൂടെ ലക്ഷക്കണക്കിന് ആത്മാക്കളെ ദൈവത്തിലേക്കും, സഭയിലേക്കും, രക്ഷയിലേക്കും ആനയിച്ച വിയാനിയച്ചൻ വിശുദ്ധ ഫിലോമിനായുടെ വലിയ ഭക്തനായിരുന്നു.
അവസാന നാളുകൾ ജീവിതത്തിന്റെ അന്തിമ ഘട്ടങ്ങളിൽ വിയാനിയച്ചൻ അന്തരാഷ്ട്രതലങ്ങളിലും അറിയപ്പെട്ടിരുന്നു. ഫ്രാൻസിന്റെ നാനാ ഭാഗങ്ങളിൽ നിന്നു മാത്രമല്ല, വിദേശങ്ങളിൽ നിന്നു പോലും പതിനായിരക്കണക്കിനു സന്ദർശകർ ആർസിലേക്കു പ്രവഹിച്ചു – കുമ്പസാരത്തിനും ഉപദേശങ്ങൾക്കുമായി. ഫാദർ വിയാനിക്ക് സന്മാർഗ്ഗശാസ്ത്രം അറിഞ്ഞുകൂടെന്ന് ചിലർ കുറ്റപ്പെടുത്തി. അധികാരികളുടെ അന്വേഷണത്തിൽ ആ ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞു. പുസ്തകത്തിൽനിന്നുളള വിജ്ഞാനമല്ല, ദൈവനിവേശിതമായ ജ്ഞാനമാണ് വിശുദ്ധനെ നയിച്ചത്. ഫ്രഞ്ചു ഗവൺമെന്റ് ‘Knight of the Legion of Honour’ എന്ന മാടമ്പിസ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു. എന്നാൽ അത് അദ്ദേഹത്തിന്റെ മനോഭാവത്തിൽ യാതൊരു മാറ്റവും വരുത്തിയില്ല.
മരണവും നാമകരണവും ഫാദർ വിയാനി പ്രസന്നനും ഫലിത പ്രിയനുമായിരുന്നു. ഉപവാസവും പ്രാ യശ്ചിത്തവും കൊണ്ട് അദ്ദേഹത്തിന്റെ ശരീരം മെലിഞ്ഞിരുന്നുവെങ്കിലും കണ്ണുകളിൽ സ്വർഗ്ഗീയമായ പ്രകാശം ദൃശ്യമായിരുന്നു. 1859 ഓഗസ്റ്റ് 4-ാം തീയതി, 73-ാമത്തെ വയസ്സിൽ, ഈ പുണ്യാത്മാവ് ചരമം പ്രാപിച്ചു. സ്ഥലത്തെ മെത്രാൻ അദ്ദേഹത്തിന്റെ സംസ്‌കാരത്തിനു നേതൃത്വം വഹിച്ചു; 300 വൈദികരും 6000 ജനങ്ങളും ആ ചടങ്ങിൽ പങ്കെടുത്തു. 1874 ഒക്‌ടോബർ 3-ാം തീയതി ഒമ്പതാം പീയുസ് മാർപ്പാപ്പ വിയാനിയച്ചനെ ധന്യൻ (venerable) എന്നു പ്രഖ്യാപിച്ചു. 1905 ജനുവരി 8-ാം തീയതി പത്താം പീ യുസ് മാർപ്പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ (Blessed) എന്നു പ്രഖ്യാപിക്കുകയും ഇടവകവൈദികർക്കുളള മാതൃകയായി നിർദ്ദേശിക്കുകയും ചെയ്തു. 1925-ൽ പതിനൊന്നാം പീയുസ് മാർപ്പാപ്പ ജോൺ മരിയ വിയാനിയെ വിശുദ്ധനെന്ന് (Saint) നാമകരണം ചെയ്യുകയും, അദ്ദേഹത്തെ ഇടവകവൈദികരുടെ സ്വർഗ്ഗീയമദ്ധ്യസ്ഥ നായി പ്രഖ്യാപിക്കുയും ചെയ്തു.
ഉപസംഹാരം
വിശുദ്ധ ജോൺ വിയാനിയുടെ ചരിത്രം ഒരു കാര്യം വിശദമാക്കുന്നു: ജനങ്ങൾ ആഗ്രഹിക്കുന്നത് നിഷ്‌കളങ്കരും നിർമ്മലരുമായ വൈദികരെയാണ്; അവരിലൂടെ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും. പണ്ഡിതന്മാരെയും നമുക്ക് ആവശ്യമുണ്ടെങ്കിലും വിശുദ്ധി കൂടാതെയുളള പാണ്ഡിത്യം അപകടകരമാണ്.