പുനരൈക്യവഴികളിലെ അല്മായ നേതൃത്വം

റവ. ഡോ. ജോബി കറുകപ്പറമ്പിൽ

കൂനൻകുരിശു സത്യത്തെ തുടർന്ന് നസ്രാണിസഭയിൽ ഉണ്ടായ ഭിന്നിപ്പ് അവസാനിപ്പിക്കണമെന്നും ഇരു വിഭാഗങ്ങളും ഐക്യത്തിലേയ്ക്ക് വരണമെന്നും പുത്തൻകൂർ-പഴയകൂർ വിഭാഗങ്ങൾ എന്നും ആഗ്രഹിച്ചിരുന്നു. വിഘടിതവിഭാഗത്തിന് നേതൃത്വം നല്കിയ ഒന്നു മുതൽ ആറുവരെ എല്ലാ മാർത്തോമ്മാമാരും പുനരൈക്യത്തിനായി തീവ്രമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഈ സരണിയിലെ ശ്രദ്ധേയമായ ചുവടുവയ്പുകൾ നടത്തിയ മാർത്തോമ്മായാണ് മാർ ദിവന്ന്യാസ്യോസ് എന്ന പേരിൽ അഭിഷിക്തനായ ആറാം മാർത്തോമ്മാ. കത്തോലിക്കാ മാതാപിതാക്കന്മാരിൽനി ന്നു ജനിക്കുകയും ശക്തമായ കത്തോലിക്കാ അന്തരീക്ഷത്തിൽ വളർത്തപ്പെടുകയും ചെയ്ത ആറാം മാർത്തോമ്മായ്ക്ക് ശീശ്മ വളരെ അപകടകരമാണെന്ന ബോ ദ്ധ്യം ഉണ്ടായിരുന്നു. മുൻ ലക്കങ്ങളിൽ സൂചിപ്പിച്ചിരുന്നതുപോലെ സാധുവായ മെത്രാൻ പട്ടം ലഭിച്ചതിനു ശേഷവും മാർ ദിവന്ന്യാസോസ് കത്തോലിക്കാസഭയോട് അനുരഞ്ജനപ്പെടുവാൻ അഭിവാഞ്ഛ വച്ചു പുലർത്തിയിരുന്നു. നസ്രാണിസഭയിലെ മിക്ക പുനരൈക്യശ്രമങ്ങളും നടന്നത് മാർ ദിവന്ന്യാസോസിന്റെ കാലത്താണ്.
മോൺസിഞ്ഞോർ ഫ്‌ളോറൻസ് വികാരി അപ്പസ്‌തോലിക്ക (1750-73) ആയിരുന്ന കാലത്ത് ഇതിനായുള്ള ശ്രമങ്ങൾ മാർ ദിവന്ന്യാസോസ് ആരംഭിച്ചു. കൊടുങ്ങല്ലൂർ മെത്രാപ്പോലീത്ത ആയിരുന്ന സാൽവദോർ ദോസ് റൈസ് വഴിയും അപ്പസ്‌തോലിക്ക് വിസിറ്റർ ആയിരുന്ന ലോറൻസ് ജസ്റ്റിനിയായി വഴിയും നടത്തിയ ശ്രമങ്ങൾ ഫലമണിഞ്ഞില്ല. മോൺസിഞ്ഞോർ ഫ്രാൻസിസ് സാലെസ് (1775-80) വികാരി അപ്പസ്‌തോലിക്ക ആയിരുന്ന കാലത്താണ് അടുത്ത ശ്രമം നടന്നത്.
മാർ ദിവന്ന്യാസോസിനെയും അദ്ദേഹത്തിന്റെ അനുയായികളെയും കത്തോലിക്കാസഭയിലേയ്ക്ക് സ്വീകരിക്കുന്നതിന് കൊച്ചിയുടെ മെത്രാന്മാരായിരുന്ന ഇമ്മാനുവേലും സൊളഡാസെയും അശേഷം താല്പര്യമുള്ളവരായിരുന്നില്ല. ദിവന്ന്യാസോസിൽ ഒരു സമീപകാല മലയാളി നേതാവിനെയാണ് അവർ ദർശിച്ചത്. ദിവന്ന്യാസോസിന്റെ പുനരൈക്യം മലബാർ ക്രൈസ്തവർ ഒന്നിച്ചു നിൽക്കാൻ കാരണമാവുമെന്നും ദിവന്ന്യാസോസ് തന്നെ അവരുടെ നേതാവായി പരിണമിക്കാൻ സാധ്യതയുണ്ടെന്നും അത് പ്രൊപ്പഗാന്ത നേതൃത്വത്തിന് ക്ഷീണം ചെയ്യുമെന്നും മിഷനറിമാർ മനസ്സിലാക്കിയിരുന്നു. മലബാറിലെ ക്രൈസ്തവരുടെമേലുള്ള തങ്ങളുടെ ആധിപത്യത്തിനു കോട്ടം തട്ടാവുന്ന ഒന്നും അവർ അനുവദിച്ചു കൊടുത്തില്ല.
മലങ്കര സുറിയാനി സമൂഹം ഏകസമൂഹമായി തീരുവാനുള്ള വാതിലുകൾ എല്ലാം അടയുന്നു എന്നു മനസ്സിലാക്കിയപ്പോഴാണ് കരിയാറ്റിൽ യൗസേപ്പ് മല്പാനും, പാറേമ്മാക്കലും ഈ ദൗത്യം ഏറ്റെടുക്കുന്നത്. അവരുടെ പോർത്തുഗൽ – റോമാ യാത്രയുടെ പ്രഥമോദ്ദേശ്യം മാർ ദിവന്ന്യാസോസിന്റെയും അനുയായികളുടെയും
പുനരൈക്യമായിരുന്നു. പുത്തൻകൂർ – പഴയകൂർ വൈജാത്യങ്ങൾ ഇല്ലാതാക്കി മലങ്കര സുറിയാനിക്കാർ ഒറ്റ സമൂഹമായി കേരളക്കരയിൽ ജീവിക്കുക എന്നതായിരുന്നു മാർ ദിവന്ന്യാസോസിന്റെ സ്വപ്നം. എന്നാൽ ദിവന്ന്യാസോസിന്റെ ഈ ചിരകാലാഭിലാഷം മിഷനറിമാരുടെ വിരുദ്ധ നിലപാടുകൾ മൂലം തകരുന്നു എന്ന് കരിയാറ്റിൽ മാർ ജോസഫ് മെത്രാപ്പോലീത്തായിലൂടെ അദ്ദേഹം സമർപ്പിക്കുന്ന നിവേദനത്തിൽ വ്യക്തമാണ്. ”പല പ്രാവശ്യം ഞാൻ നെടുവീർപ്പോടെ പ്രാർത്ഥിക്കുകയും തീക്ഷ്ണമായി ആഗ്രഹിക്കുകയും ചെയ്ത ഒരു കാര്യമാണ് കത്തോലിക്കാസഭയുമായുള്ള പുനരൈക്യം. യഥാർത്ഥ വിശ്വാസത്തിന്റെ സംരക്ഷകരായ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്ത മോൺസിഞ്ഞോർ സാൽവദോർദോസ് റൈസിന്റെയും മലബാറിന്റെ വികാരി അപ്പസ്‌തോലിക്കയും അരൃീുീഹശ െന്റെ മെത്രാനുമായ മോൺസിഞ്ഞോർ ഫ്‌ളോറൻസിന്റെയും മുൻപാകെയാണ് ഞാൻ അപേക്ഷ സമർപ്പിച്ചത്. എന്നെയും എന്റെ ജനത്തെയും ഞങ്ങളുടെ പൂർവ്വ
പിതാക്കന്മാരുടെ കാലം മുതലുള്ള എല്ലാ മുടക്കുകളിൽനിന്നും വിമുക്തരാക്കി കത്തോലിക്കാസഭയുടെ ഭാഗമായി സ്വീകരിക്കണമെന്നായിരുന്നു എന്റെ അപേക്ഷ. അവർക്ക് ഇതിന് അധികാരമില്ലെങ്കിൽ എന്റെ അപേക്ഷ റോമിലെ പരിശുദ്ധ സിംഹാസനത്തിന്റെ മുമ്പാകെയെങ്കിലും സമർപ്പിക്കുമാറാകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ അവർ അത് ചെവിക്കൊണ്ടില്ല.”
മാർ ദിവന്ന്യാസോസിന്റെ അപേക്ഷകളുമായി റോമായ്ക്കു കപ്പൽ കയറിയ കരിയാറ്റി മല്പാൻ, പുനരൈക്യത്തിനുള്ള അധികാരാനുവാദങ്ങളുമായി കൊടുങ്ങല്ലൂരിന്റെ കരിയാറ്റി മെത്രാപ്പോലീത്തയായി നാട്ടിലേയ്ക്കു യാത്ര തിരിച്ചു. വഴിമദ്ധ്യേ ഗോവയിൽവച്ച് കരിയാറ്റി മെത്രാപ്പോലീത്താ മൃതിയടഞ്ഞപ്പോൾ ഒരു ജനതയുടെ മുഴുവൻ സ്വപ്നമാണവിടെ തകർന്നടിഞ്ഞത്.
മാർ കരിയാറ്റിയുടെയും, പാറേമ്മാക്കലിന്റെയും മാർ ദിവന്ന്യാസോസിന്റെയും നിരയിലേയ്ക്കുയർന്ന് നസ്രാണിസഭയുടെ പുനരൈക്യ ശ്രമങ്ങൾക്ക് നേതൃത്വം
നല്കിയ അല്മായ പ്രേഷിതനായിരുന്നു തച്ചിൽ മാത്തു തരകൻ. മാർ ദിവന്ന്യാസോസിന്റെ കത്തോലിക്കാ പ്രവേശന പരിശ്രമങ്ങൾക്ക് മാത്തുത്തരകൻ നേതൃത്വം നല്കി. നസ്രാണിസഭയുടെ ചരിത്രരേഖകളിൽ തെളിഞ്ഞുയർന്നുനില്ക്കുന്ന അല്മായ താരകമാണ് തച്ചിൽ മാത്തുത്തരകൻ എന്ന് വിശേഷിപ്പിക്കാം. ഒരു പക്ഷേ നസ്രാണി സഭയുടെ ചരിത്രത്തിൽ ഒരു അല്മായ പ്രമുഖൻ നടത്തിയ പുനരൈക്യശ്രമങ്ങളാണ് ഹ്രസ്വകാലത്തേക്കെങ്കിലും പ്രതീക്ഷയേകിയത്. ഈയൊരു ലക്ഷ്യത്തോടെ അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചു. ”മാർത്തോമ്മാക്രിസ്ത്യാനികൾ” – രണ്ടാം ഭാഗത്തിൽ ബർണാദ് തോമ്മാ ഇപ്രകാരം എഴുതിയിരിക്കുന്നു.”കരിയാറ്റി മെത്രാപ്പോലീത്തായുടെ മരണാനന്തരം മാർത്തോമ്മായുടെയും, പാറേമ്മാക്കൽ തോമ്മാ കത്തനാർ, തച്ചിൽ മാത്തുത്തരകൻ മുതലായ എല്ലാ പഴയകുറ്റുകാരുടെയും അപേക്ഷ പിന്നെയും ഉണ്ടായതിനാൽ എല്ലാവരും കൊച്ചിമെത്രാനെ ആശ്രയിച്ച് അതിലേയ്ക്ക് വേണ്ട ആലോചനകൾ നടത്തിത്തുടങ്ങി”. ഈ ചരിത്രരചനയിൽ ബർണാദ് തോമ്മാ മാത്തുതരകനെ മാർ കരിയാറ്റിയുടെയും, പാറേമ്മാക്കൽ തോമ്മാകത്തനാരുടെയും നിരയിലേയ്ക്കുയർത്തുന്നു. ഇത് വിസ്മരിക്കപ്പെടരുതാത്ത യാഥാർത്ഥ്യമാണ്.
1799 ജൂൺ 22-ാം തീയതി മാർ ദിവന്ന്യാസോസ് വളരെ വൈദികരോടും ജനപ്രതിനിധികളോടും കൂടി ആലപ്പുഴ യിലെത്തി. പുനരൈക്യത്തിനുവേണ്ടി തീവ്രമായി യത്‌നിക്കുന്ന തച്ചിൽ മാത്തുത്തരകന്റെ താമസസ്ഥലം അക്കാലത്ത് ആലപ്പുഴയായിരുന്നു. കത്തോലിക്കാ പദവിയിലേയ്ക്ക് പുനരൈക്യപ്പെടാനുള്ള ആഗ്രഹത്തോടെ മാർ ദിവന്ന്യാസോസും കൂട്ടരും ആലപ്പുഴ മാർ സ്ലീവാ പള്ളിയിൽ സമ്മേളിച്ച് കത്തോലിക്കാവിഭാഗവുമായി ധാരണയുണ്ടാക്കുന്നു. ലത്തീൻ ഭരണാധികാരികൾക്കുള്ള സംശയങ്ങളെ നിവാരണം ചെയ്യുന്നതിന് എന്തുവേണമെങ്കിലും ചെയ്യാമെന്ന് മാർത്തോമ്മാ സമ്മതിച്ചു. ഈ ധാരണപ്രകാരം അവർ കൈക്കൊണ്ട തീരുമാനങ്ങൾ താഴെപ്പറയുന്നവയാണ്.
”ഞങ്ങളുടെ പൂർവ്വീകർ എങ്ങനെ ഒരു ജനമായി കഴിഞ്ഞിരുന്നുവോ ആ വിധം ഒന്നായി കഴിയുവാൻ ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. റോമിലെ മാർപ്പാപ്പായായ പരിശുദ്ധ പിതാവിന് ഞങ്ങൾ ഞങ്ങളെത്തന്നെ കീഴ്‌പ്പെടുത്തുന്നു. ഉദയംപേരൂർ സൂനഹദോസ് ആവശ്യപ്പെടുന്ന പ്രകാരം പരി. കുർബ്ബാന അർപ്പിക്കുവാനും യാമ
പ്രാർത്ഥനകൾ ചൊല്ലുവാനും, നോമ്പും മറ്റു നിയമങ്ങളും അനുഷ്ഠിക്കുവാനും ഞങ്ങൾ തയ്യാറാണ്. പരിശുദ്ധ റോമാ സഭയുമായി ഐക്യത്തിൽ കഴിയുന്ന സീറോ – കാൽഡിയൻ സഭയുടെ ആരാധാനാനുഷ്ഠാനങ്ങളെല്ലാം ഞങ്ങളും
പാലിക്കുന്നതിന് പരിശുദ്ധ പിതാവിനോട് ഞങ്ങൾ അനുമതിയ്ക്കായി അപേക്ഷിക്കുന്നു. ഇതുവരെ ഞങ്ങൾ പുലർത്തിപ്പോന്ന യാക്കോബായ വിശ്വാസവും ആചാരവും ഞങ്ങൾ ഉപേക്ഷിക്കുന്നു.” യാക്കോബായ വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്കാസഭയിലേയ്ക്ക് വരുവാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയ മാർ ദിവന്ന്യാസോസ,് എട്ടാം ഊർബൻ മാർ പ്പാപ്പായുടെ കാലത്ത് തയ്യാറാക്കിയിട്ടുളള ”വിശ്വാസപ്രഖ്യാപന”ഫോർമുല ചൊല്ലി സഭയിൽ അംഗമായി, കത്തോലിക്കാ വിശ്വാസം ഔദ്യോഗികമായി സ്വീകരിച്ചു. ആലപ്പുഴ തത്തംപളളി സെന്റ് മൈക്കിൾസ് ദൈവാലയങ്കണമായിരുന്നു പുനരൈക്യവേദി.
എന്നാൽ മാർ ദിവന്ന്യാസോസിന്റെ ഈ പരിശ്രമവും വിജയത്തിലേയ്‌ക്കെത്തിക്കുന്ന ഒരു പ്രതീതി സൃഷ്ടിച്ചു എങ്കിലും തരകന്റെ രാഷ്ട്രീയ പിന്തുണ തകർന്ന സാഹചര്യത്തിൽ മാർ ദിവന്ന്യാസോസും കൂട്ടരും കേവലം ആറുമാസം നീണ്ട കത്തോലിക്കാജീവിതം ഉപേക്ഷിച്ച് വീണ്ടും ശീശ്മയിലേയ്ക്ക് തിരികെപ്പോയി. അക്കാലയളവിലെ രാഷ്ട്രീയസാഹചര്യങ്ങൾ തച്ചിൽ മാത്തുത്തരകന്റെ പ്രവർത്തനങ്ങൾക്കതീതമായിരുന്നു. അപ്രതീക്ഷമായുണ്ടായ ചില നീക്കങ്ങളും, രാഷ്ട്രീയ, സാമൂഹ്യപരമായ മാറ്റങ്ങളും പുനരൈക്യം വീണ്ടുമൊരു സ്വപ് നം മാത്രമാക്കി അവശേഷിപ്പിച്ചു. മാത്രമല്ല പുത്തൻകൂർ, പഴയകൂർ വിഭാഗങ്ങൾ തമ്മിലുളള അകൽച്ച കൂടുതൽ തീവ്രമാകുന്നു എന്നതാണ് പിന്നീടുളള ചരിത്രം.