മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.
ലോകമെങ്ങും വേരുകൾ ആഴ്ത്തിക്കഴിഞ്ഞിരിക്കുന്ന ഭീകരസംഘടനയായ ഐ. എസ്. ഐ. എസിൽ ചേർന്നു പ്രവർത്തിക്കാനായി ചില മലയാളികളും പുറപ്പെട്ടു
പോയിരിക്കുന്നതായ വാർത്തകൾ കേരളജനതയെ അക്ഷരാർത്ഥത്തിൽ ഞെയട്ടിച്ചിരിക്കുകയാണ്. ലോകത്തിന്റെ മറ്റേതോ കോണിൽ മതത്തിന്റെ പേരിൽ നടമാടുന്ന ക്രൂരതകളെ ഒരു ‘ക്രൈം ത്രില്ലർ’ വായിച്ചുതളളുന്ന ലാഘവത്തോടെ ‘ബഡ് കോഫിക്കൊപ്പം’ ഊതിപ്പറപ്പിച്ചിരുന്നവരാണു മലയാളികൾ. എന്നാൽ മതതീവ്രവാദം അതിന്റെ ദംഷ്ട്രങ്ങൾ കൂർപ്പിച്ച് ഒരു ഭീകരസത്വമായി
പടിപ്പുറത്ത് പതിയിരിക്കുന്നുവെന്ന തിരിച്ചറിവുണ്ടാക്കുന്നതാണ് സമീപകാലത്ത്
പുറത്തുവരുന്ന വിവരങ്ങൾ. തങ്ങളുടെ മക്കൾ പ്രണയക്കുരുക്കിലകപ്പെട്ട് മതം മാറുകയും പിന്നീട് തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുകയും ചെയ്തു എന്ന ദുഃഖത്തിൽ നെഞ്ചുപൊട്ടി വിലപിക്കുന്ന മാതാപിതാക്കളുടെ ദുരന്തം വാർത്താ ചാനലുകൾ നമുക്ക് കാട്ടിത്തരുന്നു. മതം മാറ്റത്തിനുളള ഉപാധിയായി പ്രണയ വിവാഹങ്ങളെ ഇസ്ലാം മതത്തിലെ തീവ്രചിന്താഗതിക്കാരായ ചില സംഘടനകൾ ഉപയോഗിക്കുന്നു എന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിശ്വസിക്കാൻ സാധാരണക്കാരെ പ്രേരിപ്പിക്കുന്നതാണ് സമീപകാലത്ത് പുറത്തുവരുന്ന സംഭവങ്ങൾ. ക്രിസ്ത്യൻ പെൺകുട്ടികൾ ഇത്തരക്കാരുടെ പ്രധാന ലക്ഷ്യമാണ് എന്നത് ഈ വിഷയത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കാനുളള ഉത്തരവാദിത്വം നമുക്കു നൽകുന്നു. എന്നാൽ മതേതരത്വത്തിന്റെ സ്വയം പ്രഖ്യാപിത അപ്പസ്‌തോലന്മാരായ ചില രാഷ്ട്രീയ നേതാക്കൾ ഈ വിഷയത്തെ ലഘൂകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കാണാതായ വ്യക്തികൾ തീവ്രവാദ സംഘടനയിൽ ചേർന്നതായി തെളിവുകളില്ല എന്നാണ് അവരുടെ ന്യായം. കാണാതായവർ തീവ്രവാദികളായി മാറിയിട്ടില്ല എന്നതിനും തെളിവുകളില്ല എന്നത് സൗകര്യ
പൂർവം മറന്നുകൊണ്ടാണ് അവർ ഈ വാദം ഉന്നയിക്കുന്നത്. ആധുനിക വാർത്താവിനിമയ സംവിധാനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമായ ഈ കാലഘട്ടത്തിൽ ‘ജോലിക്കും ബിസിനസ്സിനുമായി നാടുവിട്ടവർക്ക് തങ്ങളുടെ കുടുംബമായും തങ്ങളുടെ രാജ്യത്തിന്റെ അധികാരികളുമായും ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ അകറ്റാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് തെളിവു ചോദ്യക്കാർ ആശങ്കപ്പെടുന്നില്ല. ഹിന്ദു വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരായി എടുക്കുന്ന ശക്തമായ നിലപാടുകൾ ഇസ്ലാമിക തീവ്രവാദികൾക്കെതിരായി നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളോ മാധ്യമങ്ങളോ, എന്തിന് മത സമുദായ നേതൃത്വങ്ങൾ പോലുമോ സ്വീകരിക്കുന്നില്ലാ എന്നത് പച്ചയായ സത്യമാണ്. സമൂഹത്തിൽ മതപരമായ അസ്വസ്ഥതകളും വർഗ്ഗീയ ചേരുതിരിവുകളും സൃഷ്ടിക്കാതിരിക്കാനുളള ആത്മസംയമനമാണ് ഈ വിഷയത്തിൽ മതസാമുദായിക നേതാക്കളുടെ കുലീനമായ മൗനത്തിനു പിന്നിലെന്നു കരുതാം. പക്ഷേ രാഷ്ട്രീയ പാർട്ടികളുടെയും മാധ്യമങ്ങളുടെയും മൗനത്തിനു പിന്നിൽ ഭയമോ, രാഷ്ട്രീയ കച്ചവട താൽപര്യങ്ങളോ ആണെന്നുളളതാണ് വാസ്തവം. സംഘടിത ശക്തിയുടെയും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും ബലത്തിൽ ദേശവിരുദ്ധമായ പ്രവൃത്തികളും, ക്രിമിനൽ കുറ്റകൃത്യങ്ങളും മൂടിവയ്ക്കാനുളള ശ്രമങ്ങളെ ഒരുമിച്ചു ചെറുത്തു തോല്പ്പിക്കുവാൻ പൊതുസമൂഹത്തിനു സാധിച്ചില്ലെങ്കിൽ അരാജകത്വത്തിലേക്കും അശാന്തിയിലേക്കും നമ്മുടെ നാടും വഴുതി വീഴുന്നത് നിസ്സഹായരായി നമുക്ക് നോക്കി നിൽക്കേണ്ടതായി വരും. ഇന്നത്തെ നമ്മുടെ മൗനത്തിനും ഭയത്തിനും നാളെ നമ്മുടെ മക്കളായിരിക്കും വില കൊടുക്കേണ്ടി വരുന്നത്. ഇന്നു തീവ്രവാദത്തിന്റെ പിടിയിലമർന്നു നരകിക്കുന്ന ഭൂരിപക്ഷം രാജ്യങ്ങൾക്കും പറയാനുളളത് ബൗദ്ധികമായും സാംസ്‌കാരികമായും സാമ്പത്തികമായും ഉന്നതിയിലായിരുന്ന പ്രൗഢമായ ഇന്നലെകളെക്കുറിച്ചാണ്. ഏതാനും വ്യക്തികളുടെ ദുർബ്ബുദ്ധിയിൽ ജനിച്ച് ചെറിയ സംഘടനകളായി വളർന്നുവന്ന പ്രസ്ഥാനങ്ങൾ വളർന്നു വലുതായത് മതത്തിന്റെ പിൻബലത്തിൽ മൗനംകൊണ്ട് ഭൂരിപക്ഷസമൂഹം നൽകിയ പിന്തുണയാലാണ്. അതിന്റെ അപകടം അവർ മനസ്സിലാക്കിയപ്പോഴേക്കും ചെറുത്തു തോല്പ്പിക്കാനാകാത്ത വിധം ഭീകര സംഘടനകൾ ശക്തി പ്രാപിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്നത് ക്രൈസ്തവരെയാണെന്നതിൽ ആർക്കും സംശയമുണ്ടാകുവാനിടയില്ല. ലോകത്തിലെ ഏറ്റവും പുരാതനമായ ക്രൈസ്തവ സമൂഹങ്ങളിൽ ഒന്നായിരുന്നു ഇറാഖിൽ ഉണ്ടായിരുന്നത്. ഇസ്ലാമിക ഭീകരർ ആ സമൂഹത്തെ ഒന്നടങ്കം നാമാവശേഷമാക്കിക്കഴിഞ്ഞിരിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ദശലക്ഷക്കണക്കിനു ഡോളർ ചെലവഴിക്കുന്ന സംഘടനകളുളള ലോകത്ത് ഇറാഖിലെ ക്രൈസ്തവർക്കും യസീദികൾക്കും മൃഗങ്ങളുടെ പരിഗണന പോലും ലഭിക്കാതെ പോയത് എന്തുകൊണ്ടാണെന്നും, തീവ്രവാദികളുടെ മനുഷ്യാവകാശത്തെപ്പറ്റി ചർച്ച ചെയ്യുന്ന മാധ്യമങ്ങളിൽ അവർക്ക് ഇടം ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക തീവ്രവാദികളെ ഭയന്ന് അന്ത്യോക്യൻ
പാത്രിയാർക്കീസിന് തന്റെ ആസ്ഥാനം മാറ്റേണ്ടിവന്നു. സിറിയൻ ഓർത്തഡോക്‌സ് ആർച്ച്ബിഷപ്പായ യോഹന്ന ഇബ്രാഹിമിനെയും ഗ്രീക്ക് ഓർത്തഡോക്‌സ് ആർച്ച്ബിഷപ്പായ ബൗലോസ് യാസിഗിയെയും ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടു പോയിട്ട് മൂന്നു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അവർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നു പോലും ഇതുവരെ വ്യക്തമല്ല. കുറ്റകരമായ മൗനമാണ് ഈ വിഷയത്തിൽ ലോകരാജ്യങ്ങൾ പുലർത്തുന്നതെന്ന് പറയാതെ വയ്യ.
തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട രണ്ട് ഇസ്ലാമിക പ്രഭാഷകർക്ക് അനുകൂലമായി നമ്മുടെ നാട്ടിൽ നടന്ന പ്രചാരണങ്ങളും പാലസ്തീൻ വിഷയത്തിൽ ലോകമെങ്ങും നടക്കുന്ന കോലാഹലങ്ങളും കൂടി ഇതോടു ചേർത്തു വായിച്ചാൽ; സ്വസഹോദരങ്ങൾ അതിക്രൂരമായി കൊല ചെയ്യപ്പെടുമ്പോൾ മൗനം പാലിക്കുകയും മാധ്യമങ്ങൾക്കു മുന്നിൽ ഇഫ്താർ വിരുന്നു നടത്തി മതസൗഹാർദം പ്രസംഗിക്കുകയും ചെയ്യുന്ന നമ്മുടെ സ്വാർത്ഥതയിൽ ഒളിഞ്ഞിരിക്കുന്ന ക്രൗര്യത്തിന്റെ ആഴം മനസ്സിലാകും. അറബ് രാജ്യങ്ങളുടെ എണ്ണയിൽ കണ്ണുനട്ടും, രാഷ്ട്രീയ സാമ്പത്തിക ലാഭങ്ങൾക്കായും തീവ്രവാദസംഘങ്ങൾക്ക് വളം വച്ചുകൊടുത്ത പാശ്ചാത്യ രാജ്യങ്ങൾ ഇന്ന് അതിന്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അഭയാർത്ഥി പ്രവാഹമായും, തെരു
വുകളിൽ മരണം വിതക്കുന്ന ചാവേറുകളായും ഇസ്ലാമിക ഭീകരത പാശ്ചാത്യരുടെ ഉറക്കം കെടുത്താൻ തുടങ്ങിക്കഴിഞ്ഞു. സ്‌ഫോടനങ്ങൾ, കലാപങ്ങൾ, ബസ് കത്തിക്കൽ, കൈവെട്ട്, പന്നിയിറച്ചി-തട്ടം വിവാദങ്ങൾ, ലവ് ജിഹാദ്; മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതും അറിയാത്തതും, തെളിയിക്കപ്പെട്ടതും തെളിയിക്കപ്പെടാത്തതുമായ ചെറുതും വലുതുമായ ഒട്ടേറെ സംഭവങ്ങൾ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടി മൗനം അവലംബിക്കുമ്പോഴും ഒത്തുതീർപ്പുണ്ടാക്കുമ്പോഴും ഭീകരതക്കു വളരുവാൻ വെളളവും വളവും നൽകുകയാണ് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. ചരിത്രം നൽകുന്ന പാഠങ്ങളും, ചുറ്റുപാടുകൾ നൽകുന്ന മുന്നറിയിപ്പുകളും ഉൾക്കൊണ്ടുകൊണ്ട് നമുക്ക് ജാഗരൂകരാകാം. ‘ചില കാര്യങ്ങളിൽ
നിശബ്ദത അപകടകരമാണ്’- ‘In some cases silence is dangerous” എന്ന വിശുദ്ധ അംബ്രോസിന്റെ വാക്കുകൾ എന്നും നമ്മുടെ ഓർമ്മയിൽ ഉണ്ടായിരിക്കട്ടെ.