റവ. ഫാ. ആന്റണി പുത്തൻകളം
ഒരു കാലത്ത് കേരളക്കരയിൽ പ്രസിദ്ധമായിരുന്ന റമ്പാൻ പാട്ടിൽ ഭാരതത്തിന്റെ ശ്ലീഹായായ മാർത്തോമ്മാ ശൂലത്താൽ നെഞ്ചിൽ കുത്തേറ്റ് രക്തസാക്ഷിത്വം വരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ‘തോരാതെ മഴപെയ്യുന്ന തോറാന’ എന്ന് കാരണവന്മാരുടെ പഴമൊഴിയിൽ പറയുന്ന ദുക്‌റാന, ലോകമെമ്പാടുമുളള മാർത്തോമ്മാ നസ്രാണികളെ സംബന്ധിച്ചിടത്തോളം വെറുമൊരു ഓർമ്മദിനം മാത്രമാല്ല, മറിച്ച് അവർക്ക് അത് സ്വന്തം അപ്പന്റെ ഓർമ്മ തിരുനാളാണ്. വിശ്വാസത്തിൽ തങ്ങൾക്ക് ജന്മം നല്കിയ, അതിനായി ഈ ഭാരതമണ്ണിൽ സ്വന്തം രക്തം ചിന്തി വിശ്വാസത്തിനു സാക്ഷ്യം നല്കിയ അപ്പന്റെ തിരുനാളാണത്. പൗരസ്ത്യ സുറിയാനി പ്രാർത്ഥനയിൽ മാർത്തോമ്മാശ്ലീഹായെ, വിശ്വാസത്തിൽ ഭാരതീയരുടെ പിതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. അപ്പന്റെ ഓർമ്മദിനത്തിൽ മക്കളെല്ലാം ഒന്നിച്ചുകൂടി പ്രാർത്ഥിക്കുകയും അപ്പനെക്കുറിച്ചുളള തങ്ങളുടെ സ്‌നേഹസ്മരണകൾ പങ്കുവയ്ക്കുകയും ചെയ്യുക എന്നത് നല്ല കുടുംബങ്ങളുടെ നല്ല പാരമ്പര്യമാണ്. ഇതുപോലെ ലോകത്തെവിടെയുമുളള മാർത്തോമ്മാ നസ്രാണികൾ ദൈവാലയത്തിൽ ഒരുമിച്ചുകൂടി, വിശ്വാസത്തിൽ തങ്ങളുടെ പിതാവായ മാർത്തോമ്മാ ശ്ലീഹായുടെ ധീര രക്തസാക്ഷിത്വത്തിന്റെ ദീപ്ത സ്മരണകൾ പുതുക്കുന്ന, ഒന്നിച്ചു പ്രാർത്ഥിക്കുന്ന, മാദ്ധ്യസ്ഥ്യം യാചിക്കുന്ന, ആ നല്ല അപ്പൻ കാണിച്ചുതന്ന ധീരമായ മാതൃക പിന്തുടരുമെന്ന് പ്രതിജ്ഞയെടുക്കുന്ന പുണ്യദിനമാണ് ദുക്‌റാനനാൾ.
ഉത്ഥാനശേഷം ഈശോ രണ്ടാം പ്രാവശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്ന രംഗം. ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമ്മാ അവരുടെകൂടെ ഉണ്ടായിരുന്നില്ല എന്നാണ് വി. ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരട്ട എന്ന അർത്ഥത്തിലാണ് ദിദിമോസ് എന്ന ഗ്രീക്ക് പദം ഉപയോഗിച്ചിരിക്കുന്നത്. ഈശോയുടെ ഇരട്ട എന്ന അർത്ഥത്തിലാണ് തോമ്മാശ്ലീഹായെ ദിദിമോസ് എന്നു വിളിച്ചതെന്നും അദ്ദേഹത്തിന് ഈശോയുമായി വളരെ അടുത്ത രൂപസാദൃശമുണ്ടായിരുന്നു എന്നുമാണ് പാരമ്പര്യം. ‘തോമ്മായുടെ നടപടികൾ’ എന്ന പ്രചുരപ്രചാരം ലഭിച്ച അപ്രമാണിക ഗ്രന്ഥത്തിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. അതനുസരിച്ച് ഹാബാനുമൊത്ത് ഇന്ത്യയിലെത്തിയ തോമ്മാശ്ലീഹായ്ക്ക് ഒരു രാജാവിന്റെ മകന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കേണ്ടിവന്നു. തോമ്മായുടെ ദിവ്യത്വം മനസ്സിലാക്കിയ രാജാവ് വധൂവരന്മാരെ ആശീർവദിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു. ആശീർവാദം നല്കിയ തോമ്മാ വിവാഹമണ്ഡപത്തിനു പുറത്തുപോയി. വാതിലുകൾ അടച്ചിരിക്കെ വരൻ നോക്കുമ്പോൾ വധുവിനോടു സംസാരിക്കുന്ന തോമ്മായെയാണു കണ്ടത്. അങ്ങെങ്ങനെ അകത്തുകടന്നു എന്നു വരൻ ചോദിച്ചപ്പോൾ വധുവിനോടു സംസാരിച്ചുനിന്ന ഈശോ താൻ തോമ്മായല്ല എന്നു വെളിപ്പെടുത്തി എന്നാണ് അവിടെ രേഖപ്പെടുത്തുയിട്ടുളളത്. ഈശോയ്ക്കും തോമ്മായ്ക്കുമുളള രൂപസാദൃശമാണ് ഇതിൽനിന്നു മനസ്സിലാകുന്നത്. വി. യോഹന്നാന്റെ സുവിശേഷത്തിൽ 11, 16 ലും 14, 5 ലും 20, 24-29 ലും നാം തോമ്മാശ്ലീഹായെ കണ്ടുമുട്ടുന്നുണ്ട്. ഇവിടെയെല്ലാം തോമ്മാശ്ലീഹായുടെ അനന്യമായ സ്വഭാവസവിശേഷതകൾ നമുക്ക് ദർശിക്കാനാകും. ”നമുക്കും അവനോടൊപ്പം മരിക്കാം” എന്നു പറഞ്ഞ് സഹശിഷ്യന്മാരെ ധൈര്യപ്പെടുത്തിയ, സംശയം തുറന്നു പറയാനുളള ആർജവം കാട്ടിയ, ”എന്റെ കർത്താവേ എന്റെ ദൈവമെ” എന്ന് ഏറ്റുപറഞ്ഞ് ഈശോയിലുളള തന്റെ ആഴമായ വിശ്വസവും സ്‌നേഹവും പ്രകടമാക്കിയ തോമ്മാശ്ലീഹായെ പിതാവായി ലഭിച്ചതിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ പിതാവായ തോമ്മാശ്ലീഹായിൽനിന്നു ലഭിച്ച അമൂല്യമായ പൈതൃകമാണു നമ്മുടെ വിശ്വാസം. ഏതു പ്രതികൂല സാഹചര്യങ്ങളിലും, ഏതു
പ്രതിസന്ധി ഘട്ടങ്ങളിലും ആ അമൂല്യനിധി കൈമോശം വരാതെ കണ്ണിലെ
കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കാനും വരും തലമുറക്ക് അവികലമായി കൈമാറാനും നമുക്കു കടമയുണ്ട്. ഏവർക്കും ദുക്‌റാനയുടെ ആശംസകൾ.