രക്തസാക്ഷകളായ ജൂലിറ്റായും കുര്യാക്കോസും തിരുനാൾ ദിനം ജൂലൈ 15

തങ്ങളുടെ രക്തസാക്ഷിത്വത്താൽ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും തലമുറകളെ സ്വാധീനിക്കുകയും ചെയ്ത ഒരമ്മയും കുഞ്ഞുമാണ് വിശുദ്ധരായ ജൂലിറ്റായും കുര്യാക്കോസും. പാശ്ചാത്യദേശത്തും പൗരസ്ത്യദേശത്തും ഒന്നുപോലെ അവരുടെ ഖ്യാതിയുടെ പരിമളം പരന്നു. കത്തോലിക്കാസഭയിലും ഓർത്തഡോക്‌സ് സഭയിലും അവർ വണങ്ങപ്പെടുന്നു. ജൂലിറ്റ (Julitta) എന്ന പേര് ജൂലിയേറ്റ (Julietta) എന്നും പ്രയോഗിച്ചു കാണുന്നുണ്ട്. കുര്യാക്കോസ് (Quriaqos) എന്ന നാമം ഇപ്പോൾ Kuriakose എന്നാണ് നാം എഴുതുന്നത്. Cyriacus എന്നതിൽനിന്നാണ് ഇ്യൃശമര എന്ന പേരിന്റെ നിഷ്പത്തി. സിറിയക്കും കുര്യാക്കോസും ഒരാൾ തന്നെ.
രക്തസാക്ഷിത്വം
ഏഷ്യാമൈനാറിലെ താർസൂസിലാണ് ഇവർ നിവസിച്ചിരുന്നത്. അന്ത്യോക്യയിൽ വച്ച് ഡയോക്ലിഷ്യൻ ചക്രവർത്തിയുടെ കാലത്ത് (AD-304ൽ) ഇവർ രക്തസാക്ഷിമകുടം ചൂടിയെന്ന് നമുക്കറിയാം. മറ്റു വിശദാംശങ്ങൾക്ക് നാം പാരമ്പര്യത്തെയും ഐതിഹ്യങ്ങളെയും ആശ്രയിക്കുകയാണു പോംവഴി.
അന്ത്യോക്യയിൽ മരിച്ച കുര്യാക്കോസ് എന്ന ഒരു ശിശുരക്തസാക്ഷിയെപ്പറ്റി കുറച്ചൊക്കെ തെളിവുകൾ ലഭ്യമാണ്. വിശുദ്ധരായ കുരിക്കൂസിനെയും ജൂലിറ്റായെയുംപറ്റിയുളള ഐതിഹ്യങ്ങൾ ഇപ്പറഞ്ഞ കുര്യാക്കോസിനെപ്പറ്റിയാണെന്നു വിശ്വസിക്ക െപ്പടുന്നു. ജൂലിറ്റായുടെ പേരു ചേർക്കാതെ, കുര്യാക്കോസിന്റെ പേരിൽ മാത്രം അറിയപ്പെടുന്ന സ്ഥലങ്ങൾ യൂറോപ്പിലും മധ്യപൂർവദേശത്തുമുണ്ട്. ഫ്രാൻസിലെ പല സ്ഥലപ്പേരുകളിലും (toponyms) കാണപ്പെടുന്ന സിറിക്കൂസ് (Cyricus),
കുര്യാക്കോസ് തന്നെയാണ്. ഓക്‌സെറിലെ ബിഷപ്പായിരുന്ന വിശുദ്ധ അമാത്തോർ (Saint Amator) 4-ാം നൂറ്റാണ്ടിൽ അന്ത്യോക്യയിൽനിന്ന് ഈ വിശുദ്ധരുടെ തിരുശേഷിപ്പുകൾ (relics) കൊണ്ടുവന്നതിനു ശേഷം ഫ്രാൻസിൽ ഇവരോടുളള ഭക്തി കൂടുതൽ ശക്തമായി. ഇവരുടെ തിരുശേഷിപ്പുകൾ ആദ്യമായി കണ്ടെത്തിയത് കോൺസ്റ്റന്റയിൻ (Constantine) ചക്രവർത്തിയാണ്. അദ്ദേഹം ഇവരുടെ ഓർമ്മക്കായി കോൺസ്‌ററാന്റിനോപ്പിളിനു സമീപം ഒരാശ്രമവും, ജറുസലേമിൽ നിന്ന് അധികം അകലെയല്ലാതെ ഒരു പളളിയും പണിയിച്ചു. ഐതിഹ്യങ്ങളിലെ ഒരു കഥ ഇങ്ങനെ: ജൂലിറ്റായും അവളുടെ മൂന്നു വയസ്സുളള മകൻ കുര്യാക്കോസും (മതപീഡനത്തെ ഭയന്നാവാം) താർസൂസിലേക്കു പലായനം ചെയ്തു. അവിടെ രഹസ്യത്തിൽ കഴിഞ്ഞു വരവേ അവർ ക്രിസ്ത്യാനികളാണെന്നു മനസ്സിലാക്കിയ താർസൂസിലെ ഗവർണർ അവരെ അറസ്റ്റു ചെയ്തു; അവരെ അയാൾ പീഡനത്തിന് ഏല്പിച്ചുകൊടുത്തു. ജൂലിറ്റ പീഡിപ്പിക്കപ്പെടുമ്പോൾ അവളുടെ മൂന്നു വയസ്സുളള മകൻ കുര്യാക്കോസ് ഗവർണറുടെ മുഖത്തു മാന്തി. പീഡകർ കോവണിപ്പടികളിലൂടെ താഴേക്കെറിഞ്ഞ് ആ കുഞ്ഞിനെ കൊന്നു. ജൂലിറ്റ കരഞ്ഞില്ല. തന്റെ മകൻ രക്തസാക്ഷിത്വത്തിന്റെ കിരീടമണിഞ്ഞതിൽ അവൾ സന്തോഷിക്കുകയത്രെ ചെയ്തത്. കോപവെറിപൂണ്ട ഗവർണർ ജൂലിറ്റയുടെ പാർശ്വങ്ങൾ ഇരുമ്പുകൊളുത്തുകൾകൊണ്ട് കീറിപ്പൊളിക്കാൻ ആജ്ഞാപിച്ചു; പിന്നെ അവളുടെ ശിരസ്സ് ഛേദിക്കപ്പെട്ടു.
രണ്ടുപേരുടെയും മൃതദേഹങ്ങൾ നഗരത്തിനു പുറത്തേക്കു വലിച്ചെറിയപ്പെട്ടു-കുറ്റവാളികളുടെ ശവക്കൂനകളുടെ മുകളിലേക്ക്. രണ്ടു വനിതകൾ അമ്മയുടെയും കുഞ്ഞിന്റെയും പൂജ്യാവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞ്, അവയെടുത്ത്, സമീപത്തുളള ഒരു തുറസ്സായ സ്ഥലത്ത് സംസ്‌കരിച്ചു. ഈ കഥയുടെ മറ്റൊരു ഭാഷ്യം ഇങ്ങനെ: മൂന്നു വയസ്സായ ഒരു കുട്ടിക്ക് ഗവർണറുടെ മതം സ്വീകരിക്കാനാവുകയില്ലെന്ന് ജൂലിറ്റാ ഗവർണറോടു പറഞ്ഞു. അതു കേട്ട കുര്യാക്കോസ് തന്റെ വിശ്വാസത്തിനു സാക്ഷ്യം വഹിച്ചു. അമ്മയും കുഞ്ഞും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ഒടുവിൽ വധിക്കപ്പെടുകയും ചെയ്തു. പിൽക്കാലത്ത് ചാർലിമെയിൻ ചക്രവർത്തിക്ക് കുര്യാക്കോസ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതായി ഒരു കഥയുണ്ട്.
നായാട്ടിനിടക്ക് ഒരു കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് ഒരു ശിശു തന്റെ ജീവൻ രക്ഷിച്ചതായിട്ടായിരുന്നു ചക്രവർത്തിയുടെ സ്വപ്നം. അത് വിശുദ്ധ കുര്യാക്കോസാണെന്ന് അദ്ദേഹം വിശ്വസിച്ചു.
വണക്കം (Veneration)
ആദ്യം സൂചിപ്പിച്ചതുപോലെ പാശ്ചാത്യ-പൗരസ്ത്യ ദേശങ്ങളിൽ ഈ രണ്ടു രക്തസാക്ഷികളോടുളള ഭക്തി ഇന്നും വ്യാപകമാണ്. ഫ്രാൻസിലെ കാര്യം മുകളിൽ പരാമർശിച്ചുവല്ലൊ. ഇറ്റലിയിൽ ഇവരുടെ നാമങ്ങളോടു ബന്ധപ്പെട്ട ഒട്ടേറെ ആശ്രമങ്ങളും, സ്ഥലങ്ങളും, 200-ൽ അധികം
പളളികളുമുണ്ട്. ഇംഗ്ലണ്ടിലും വെയിൽസിലും ഇവരുടെ നാമങ്ങളിൽ ഏതാനും ദൈവാലയങ്ങളുണ്ട്. മധ്യപൂർവ്വദേശത്ത് രക്തസാക്ഷിചരിതങ്ങളിലും മാർ കുര്യക്കോസിന്റെ നാമം പരാമർശിക്കപ്പെടുന്നുണ്ട്.
ഇന്ത്യയിൽ അയ്യംപളളിയിലെ ഓർത്തഡോക്‌സ് സിറിയൻ ചാപ്പലിൽ മാർ കുര്യാക്കോസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുണ്ട്. ഇന്നും കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിൽ കുര്യാക്കോസ് നാമധാരികൾ ധാരാളമുണ്ട്.
ഉപസംഹാരം
ആദിമസഭയിലെ മതപീഡനത്തേക്കാൾ വ്യാപകമാണ് ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കുന്ന ക്രൈസ്തവ പീഡനം. മതഭ്രാന്തന്മാരും, ഭീകരപ്രവർത്തകരും, നിരീശ്വരന്മാരുമാണ് ഈ ക്രൂരതക്കു പിന്നിൽ. മിശിഹായിൽ വിശ്വസിക്കുകയും അവിടുത്തെപ്രതി എല്ലാവരെയും –
പ്രത്യേകിച്ച് പാവങ്ങളെയും പരിത്യക്തരെയും-സ്‌നേഹിക്കുകയും ചെയ്ത ‘തെറ്റി’നാ ണ് ക്രിസ്ത്യാനികൾ നിഷ്‌കരുണം വധിക്കപ്പെടുന്നത്. ഈ സാഹചര്യങ്ങളിൽ ഈ രണ്ടു ധീര രക്തസാക്ഷികളുടെ മാതൃക നമുക്ക് പ്രത്യാശയും പ്രചോദനവും നൽകട്ടെ.