വിശുദ്ധ ഗ്രന്ഥപഠനം ഒരാമുഖം

റവ. ഡോ. സിറിയക്ക് വലിയകുന്നുംപുറത്ത്‌

വിശുദ്ധ ഗ്രന്ഥത്തെ കേവലം ഒരു പുസ്തകം എന്നതിലുപരി രക്ഷാകരരഹസ്യത്തിന്റെ ഉളളറകളിലേക്ക് മനുഷ്യനെ പ്രവേശിപ്പിക്കുന്ന ദൈവനിവേശിത ഗ്രന്ഥമായാണ് സഭാപിതാക്കന്മാർ മുതലുളള വിശുദ്ധ ഗ്രന്ഥ വ്യാഖ്യാതാക്കൾ മനസ്സിലാക്കിയിരുന്നത്. ഒരു വിദ്യാർത്ഥി വി. ഗ്രന്ഥത്തെ സമീപിക്കുന്നത് പല രീതികളിലാണ്. ക്രിസ്ത്യാനികളും യഹൂദരുമായ വിദ്യാർത്ഥികൾ ഏറെ പ്രതീക്ഷകളോടും വിശ്വാസത്തോടും കൂടെയാണ് ഈ ഗ്രന്ഥത്തെ സമീപിക്കുക. ചിലർ ഇതിനെ ഒരു പ്രത്യേക മതഗ്രന്ഥം എന്നു വിശേഷിപ്പിക്കാതെ അതിനു സാമൂഹ്യമായ മാനം മാത്രം നല്കുന്നു. എന്നാൽ മറ്റു ചിലരാകട്ടെ, അവരുടെ വിശ്വാസ സാമൂഹ്യ തലങ്ങളിൽ വലിയ പ്രാധാന്യം നല്കുന്നു. വി. ഗ്രന്ഥത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വി. ഗ്രന്ഥം തന്നെ സമർത്ഥിക്കുന്നത് ഇപ്രകാരമാണ്. ”വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുളള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യൻ പൂർണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതനു പര്യാപ്തനാവുകയും ചെയ്യുന്നു”
(2 തിമോത്തി 3:16-17). വി. ഗ്രന്ഥത്തെ സംബന്ധിക്കുന്ന ഈ നിർവചനം രണ്ടു പ്രധാന കാര്യങ്ങളാണ് വെളിപ്പെടുത്തുന്നത്: 1. ഇത് ദൈവനിവേശിതമാണ്.
2. ഇതിന്റെ ലക്ഷ്യം മനുഷ്യന്റെ പൂർണ്ണതയാണ്.
വി. ഗ്രന്ഥം ദൈവനിവേശിതം രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ”ദൈവവചനം” (Dei Verbum) എന്ന ശീർഷകത്തോടെ ആരംഭിക്കുന്ന
പ്രമാണരേഖ വി. ഗ്രന്ഥ പഠനത്തിന്റെ പ്രസക്തിയെക്കുറിച്ചു പ്രതിപാദിക്കുന്ന അതിപ്രധാനമായ ഒരു രേഖയാണ്. ‘ദൈവവചനം’ എന്നത് എഴുതപ്പെട്ട വി. ഗ്രന്ഥ ലിഖിതങ്ങൾ എന്നു മാത്രമല്ല അർത്ഥമാക്കുന്നത്. സഭയുടെ, എഴുതപ്പെടാത്ത പാരമ്പര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. കത്തോലിക്കാ വിശ്വാസമനുസരിച്ച് ഇവ രണ്ടും ഒരുപോലെ പ്രാധാന്യമർഹിക്കുന്നവയാണ്. എഴുതപ്പെട്ട ലിഖിതങ്ങളും എഴുതപ്പെടാത്ത പാരമ്പര്യങ്ങളും ഒരേ ഉറവിടത്തിൽനിന്നു പുറപ്പെടുന്നവയാണ്. ഇവ രണ്ടും ദൈവാത്മാവിന്റെ പ്രേരണയാൽ വളർന്നു വന്നവയുമാണ്. ഇവയുടെ വളർച്ചയിൽ ദൈവത്തിന്റെയും മനുഷ്യരുടെയും പങ്ക് നമുക്കു നിഷേധിക്കാനാവില്ല. ദൈവം തന്നെയാണ് വി. ഗ്രന്ഥത്തിന്റെ രചയിതാവ്. എന്നാൽ അവിടുന്ന് മനുഷ്യനെ പ്രത്യേക ഉപകരണങ്ങളായി ഉപയോഗിച്ചു. അവരെ ദൈവം തന്നെ പ്രചോദിപ്പിക്കുകയും അവരുടെ കഴിവുകളെ ഉദ്ദീപിപ്പിക്കുകയും ചെയ്തു. അതിലൂടെ അവർ ദൈവം ആഗ്രഹിക്കുന്നവ മുഴുവനായും അവ മാത്രമായും എഴുതാൻ
പ്രാപ്തനാവുകയും ചെയതു. ദൈവനിവേശിതത്തെക്കുറിച്ചുളള ഈ പഠനം നമ്മുടെ പല തെറ്റിദ്ധാരണകളും അകറ്റാൻ സഹായിക്കും. വി. ഗ്രന്ഥത്തിന്റെ രചനയിൽ ദൈവം മനുഷ്യനെ പല വിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവൻ വെറും യാന്ത്രിക ഉപകരണം മാത്രമാകാതെ ഇസ്രായേലിന്റെ ദൈവം ചെയ്ത പ്രവർത്തനങ്ങളെ ഒരു ദൈവശാസ്ത്ര വീക്ഷണത്തോടെ അവതരിപ്പിക്കുകയാണു ചെയ്തത്. വി. ഗ്രന്ഥം മുഴുവനും ഇസ്രായേലിന്റെ – പഴയ ഇസ്രായേലിന്റെയും പുതിയ ഇസ്രായേലിന്റെയും ചരിത്രമാണ്. ഈ ചരിത്രത്തെ ദൈവവുമായിട്ടുളള ഉടമ്പടിയുടെ ഭാഗമായിട്ടാണ് ദൈവശാസ്ത്രകാരൻ മനസ്സിലാക്കുന്നത്. കാരണം, ഇസ്രായേൽ ചരിത്രത്തെ നിയന്ത്രിക്കുന്നത് ദൈവമാണ്. ഇത് രക്ഷാകര ചരിത്രത്തിന്റെ ഭാഗവുമാണ്. അബ്രാഹവുമായുളള ഉടമ്പടിയുടെ ഭാഗമായിട്ടാണ് ഈ രക്ഷാകര ചരിത്രത്തെ നാം മനസ്സിലാക്കുന്നത്: ”ഞാൻ നിന്നെ വലിയ ഒരു ജനതയാക്കും, നിന്റെ പേരു ഞാൻ മഹത്ത്വമുളളതാക്കും” (ഉല്പ. 12: 1-4). ഈ ഉടമ്പടിയുടെ പൂർണ്ണതയാണ് വി. ഗ്രന്ഥം അവതരിപ്പിക്കുന്നത്. ഒരു ജനതയെ ദൈവം രൂപീകരിക്കുന്ന, അവരെ പരിപാലിക്കുന്ന, വസിക്കാൻ ഇടവും സമൃദ്ധിയും നല്കി അവരെ സംരക്ഷിക്കുന്നതിന്റെ ചരിത്രമാണിത്. തെറ്റു ചെയ്യുമ്പോൾ ശാസിക്കുകയും, തെറ്റിനനുസൃതമായി ശിക്ഷ വിധിക്കുകയും, അനുതപിച്ച് തിരികെ വരുമ്പോൾ ദൈവം അവരെ കരുണയോടെ സ്വീകരിച്ച് നഷ്ടപ്പെട്ട സമൃദ്ധി പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇവയെല്ലാം ഇസ്രായേലിന്റെ രാഷ്ട്രീയ
പശ്ചാത്തലത്തിൽ നടന്ന സംഭവങ്ങളാണ്. എന്നാൽ ഇവയിലൂടെ ദൈവശാസ്ത്രപരമായ ഒരു സമീപനം ഗ്രന്ഥകാരൻ നടത്തുമ്പോൾ അത് ദൈവനിവേശിത ഗ്രന്ഥമായി മാറുന്നു. മാനുഷിക ഗ്രന്ഥകാരൻ തന്റെ കഴിവും അറിവും ഉപയോഗിച്ച് ഇസ്രായേൽ ചരിത്രത്തെ ദൈവത്തിന്റെ ഇടപെടലുകളുടെ ചരിത്രമായി രൂപപ്പെടുത്തി. ദൈവം ആഗ്രഹിക്കുന്നവ മുഴുവനായും അനുവാചകനു നല്കുന്ന ദൈവാത്മാവിന്റെ ഇടപെടലിന്റെ ചരിത്രമാണ് ദൈവനിവേശിതം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വി. ഗ്രന്ഥത്തിന്റെ ചരിത്രപരത
വി. ഗ്രന്ഥത്തിന്റെ ചരിത്രം പൗരാണികമായ പാരമ്പര്യത്തിൽ അധിഷ്ഠിതമാണ്. ബി. സി. 6-ാം നൂറ്റാണ്ടിനും 2-ാം നൂറ്റാണ്ടിനും ഇടക്കാണ് പഴയനിയമ ഗ്രന്ഥത്തിന്റെ രചനാ കാലഘട്ടം. ഈ കാലയളവുകൾ ഇസ്രായേൽ അനുഭവിച്ച ബാബിലോൺ പ്രവാസത്തിന്റെയും തുടർന്നുളള മോചനത്തിന്റെയും അതുവഴിയായുളള
പുതിയ ഇസ്രായേൽ സമൂഹത്തിന്റെ വളർച്ചയുടെയും കാലഘട്ടമായിരുന്നു. യഹൂദജനതയുടെ സംസ്‌കാരവും തനിമയും പുഷ്ടി പ്രാപിച്ച കാലഘട്ടം. ഈ പശ്ചാത്തലത്തിലാണ് വാമൊഴിയായി ഇസ്രായേൽ സമൂഹത്തിൽ നിലനിന്ന ചില പാരമ്പര്യങ്ങൾക്ക് ഈ സമൂഹം ജീവൻ നല്കുന്നതും തുടർന്ന് അവ എഴുതപ്പെടുന്നതും. വി. ഗ്രന്ഥ വ്യഖ്യാതാക്കൾ ഈ പഴയനിയമ പാരമ്പര്യങ്ങളെ Yahwist, Elohist, Priestly, Deuteronomy എന്നിങ്ങനെ നാലു ഗണങ്ങളായി തിരിച്ചു. ദൈവത്തിന്റെ നാമം ‘യാഹ്‌വേ’ എന്നും ‘എലോഹിം’ എന്നും ഉപയോഗിച്ചിരുന്ന രണ്ടു പാരമ്പര്യങ്ങളാണ് ആദ്യത്തെ രണ്ടെണ്ണം. ഇവയുടെ രചനാ കാലഘട്ടം ബാബിലോൺ പ്രവാസവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. എന്നാൽ ‘ജ’ പാരമ്പര്യം അല്ലെങ്കിൽ പൗരോഹിത്യ പാരമ്പര്യം ദൈവാലയവും അതിൽ അർപ്പിക്കുന്ന ബലികളും കാഴ്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഉദാഹരണത്തിന് വി. ഗ്രന്ഥത്തിലെ ലേവ്യരുടെ പുസ്തകം. ദൈവാലയവും അവിടുത്തെ ആചാരവുമായി ബന്ധപ്പെടുന്ന എഴുത്തുകളും വിവരണങ്ങളും ഈ പാരമ്പര്യത്തിന്റെ പ്രത്യേകതയാണ്. ദൈവാലയ സാന്നിദ്ധ്യവും പുരോഹിത സാന്നിദ്ധ്യവും ഈ പാരമ്പര്യത്തിന്റെ തെളിവാണ്. ‘ഉ’ അല്ലെങ്കിൽ Deuteronomic പാരമ്പര്യത്തിന് അനന്യമായ ഒരു സ്വഭാവവും ശൈലിയുമാണുളളത്. ദൈവത്തോട് അനുസരണവും വിധേയത്വവും നിർബന്ധിതമായി ആവശ്യപ്പെടുന്ന ആഹ്വാനവും ഗൗരവതരമായ അനന്തരഫലത്തിന്റെ മുന്നറിയിപ്പും നിറഞ്ഞ മതാത്മക പ്രബോധനത്തിന്റെ ശൈലിയാണിത്. ദൈവവും ജനവും തമ്മിലുളള ഉടമ്പടിയുടെ ചരിത്രം പറയുന്ന ദൈവശാസ്ത്ര ചിന്തകളെ മനോഹരമായി കോർത്തിണക്കുന്ന ഒരു രേഖയാണിത്. ദൈവം അബ്രാഹത്തോടു ചെയ്ത വാഗ്ദാനം (ഉല്പത്തി 12: 1-5) അത് എപ്രകാരമാണ് എന്ന് വിവരിക്കുന്ന ഭാഗമാണ് ഈ പാരമ്പര്യത്തിന്റെ പ്രത്യേകത. ‘വിശുദ്ധനാട്’ എന്ന ദൈവശാസ്ത്ര ചിന്തയെ ഭംഗിയായി അവതരിപ്പിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. ദൈവം രൂപകല്പന ചെയ്ത ‘വാഗ്ദാനനാട്’ (ഉല്പത്തി 1: 2-21), അതിൽ അവിടുന്നു മനുഷ്യനു രൂപം നല്കി. എന്നാൽ പാപം മൂലം ദൈവസാന്നിദ്ധ്യത്തിൽ നിന്ന് അകന്ന ജനത്തിന് ഈ നാട് നഷ്ടമായി. ഇസ്രായേലിനെതിരായുളള അസ്സീറിയൻ ആക്രമണവും (B.C. 722), യൂദായുടെ ബാബിലോൺ പ്രവാസവും (B.C. 587) ഇതിന്റെ ചരിത്രപശ്ചാത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽനിന്നുളള മോചനം ആസന്നമാണെന്നും
പുതിയ ദൈവാനുഭവത്തിലേക്ക്-പുറപ്പാട് അനുഭവത്തിലേക്ക് ഇസ്രായേൽ ജനം യാത്ര ചെയ്യണമെന്നും ‘നിയമാവർത്തന’ പാരമ്പര്യം അനുശാസിക്കുന്നു. ഇതു
പോലെ വി. ഗ്രന്ഥത്തിലെ പാരമ്പര്യങ്ങൾ ഓരോന്നും ഒന്നിച്ചു ചേർന്ന് വിവിധ കാലഘട്ടങ്ങളിൽ രൂപപ്പെടുത്തി എടുത്ത രക്ഷാകര രഹസ്യത്തിന്റെ, ദൈവശാസ്ത്രപരവും ചരിത്രപരവുമായ അവതരണം ഉൾക്കൊളളുന്ന ഗ്രന്ഥമാണ് പഴയനിയമം. പുതിയനിയമത്തിന്റെ രൂപീകരണവും ഈ പശ്ചാത്തലത്തിൽ കാണാവുന്നതാണ്. മിശിഹാ സംഭവത്തോടുകൂടി ക്രിസ്തുമതം ഉടലെടുത്തപ്പോൾ ഈശോയുടെ അനുയായികൾ യഹൂദരുടെ വി. ഗ്രന്ഥം തന്നെ അവരുടെ ആദ്ധ്യാത്മിക ഗ്രന്ഥമായി സ്വീകരിച്ചു. കാരണം പഴയനിയമ ഗ്രന്ഥത്തിൽ ഈശോയെക്കുറിച്ചു പ്രതി
പാദിച്ചിരുന്ന കാര്യങ്ങൾ സസൂക്ഷ്മം വായിക്കുകയും ധ്യാനിക്കുകയും ചെയ്ത ഒരു സമൂഹമാണ് ആദിമ ക്രൈസ്തവസമൂഹം. ഈശോ വാമൊഴിയായിട്ടാണ്
പഠിപ്പിച്ചിരുന്നത്. ഒന്നും തന്നെ അവിടുത്തെ ശിഷ്യസമൂഹം രേഖപ്പെടുത്തിയുമില്ല. മിശിഹാസംഭവത്തിനു വർഷങ്ങൾക്കു ശേഷമാണ് ഈശോ പഠിപ്പിച്ച കാര്യങ്ങൾ വരമൊഴിയായി പകർത്തി സൂക്ഷിക്കാൻ തുടങ്ങിയത്. എന്നാൽ
പഴയ നിയമത്തെപ്പോലെ ദീർഘനാളത്തെ കാത്തിരിപ്പു വേണ്ടി വന്നില്ല. എ. ഡി. 50നു ശേഷം, അതായത് ഈശോയുടെ രക്ഷാകര രഹസ്യങ്ങളുടെ പൂർത്തീകരണത്തിന് 20 വർഷങ്ങൾക്കു ശേഷമാണ് ആദ്യ പുസ്തകങ്ങളുടെ രചന നടന്നത്. ഇത് പ്രധാനമായും വി. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളായിരുന്നു. ഇവ എഴുതപ്പെട്ടത് അപ്പം മുറിക്കൽ ശുശ്രൂഷ അഥവാ ബലിയർപ്പണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ സുവിശേഷപ്രഘോഷണം മിശിഹാ സംഭവത്തെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുക എന്നതായിരുന്നു. പന്തക്കുസ്താ അനുഭവത്തിനു ശേഷം പത്രോസ് നടത്തിയ പ്രഘോഷണം (നടപടി 2: 14-21) ഇപ്രകാരമുളള പ്രഘോഷണത്തിന്റെ നിദർശനമാണ്. ഈശോയുടെ പീഡാനുഭവവും കുരിശു മരണവും ഉത്ഥാനവും പ്രധാന പ്രമേയമാക്കിക്കൊണ്ടായിരുന്നു ആദിമ ക്രൈസ്തവ സമൂഹത്തിന്റെ അപ്പം മുറിക്കൽ ശുശ്രൂഷ നടത്തി വന്നിരുന്നത്. ഇതു തന്നെയായിരുന്നു ആദ്യ സുവിശേഷങ്ങളുടെ ഉളളടക്കം. ഈ സുവിശേഷങ്ങളുടെ രചനക്ക് പലവിധ കാരണങ്ങൾ ഉണ്ടായിരുന്നു.
1. ജറുസലേമിൽനിന്ന് അകലങ്ങളിലേക്കു വ്യാപിച്ച സുവിശേഷ പ്രഘോഷണം, ശ്ലീഹന്മാരുടെ ദൈവാനുഭവത്തെ മറ്റുളളവർക്കു പങ്കു വയ്ക്കുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെട്ടു. ഇത് ഓരോ കാലഘട്ടത്തിലും സംസ്‌കാരത്തിലുമുളളവർക്ക് അവരുടെ തനിമ അനുസരിച്ച് സുവിശേഷം എഴുതപ്പെടാൻ കാരണമായി. 2. മിശിഹാ സംഭവത്തിന്റെ ദൃക്‌സാക്ഷികളുടെ കുറവ് അവർ അനുഭവിച്ച ദൈവാനുഭവത്തെ പകർത്താൻ സഹായകമായി. 3. ആദിമ ക്രൈസ്തവ സമൂഹം കർത്താവിന്റെ രണ്ടാമത്തെ ആഗമനം ആസന്നമായി എന്നാണ് വിശ്വസിച്ചിരുന്നത് (തെസ.
4:1318; 1 കോറി. 15: 51-52). എന്നാൽ ഈ വിശ്വാസത്തിന് മങ്ങലേറ്റതോടുകൂടി ആദിമ സഭ തങ്ങളുടെ വചനങ്ങളും
പ്രവൃത്തികളും രേഖപ്പെടുത്താൻ ആരംഭിച്ചു. 4. ആദിമസഭയുടെ വിശ്വാസപരിശീലനം പ്രധാനമായും നടന്നിരുന്നത് നേരിട്ടുളള പ്രഘോഷണം (direct preaching) വഴിയായിരുന്നു. പിന്നീട് ക്രൈസ്തവസഭയുടെ വളർച്ചയുടെ പാതയിൽ എഴുതപ്പെട്ട വിശ്വാസസംഹിതകളും മിശിഹാനുഭവത്തിന്റെ പങ്കുവയ്ക്കലും വി. ഗ്രന്ഥത്തിന്റെ ലിഖിത രൂപത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. 5. അതുപോലെ, ക്രൈസ്തവ സഭ ശക്തി പ്രാപിക്കുന്നതിനു മുന്നോടിയായി ലോകത്തിൽ പ്രചരിച്ച ചില പാഷണ്ഡതകളെ വിശ്വാസപരമായി നേരിടുവാൻ സുവിശേഷങ്ങളും വി. പൗലോസിന്റെ ലേഖനങ്ങളും സഹായകമായി. ഇപ്രകാരം കാലഘട്ടത്തിനനുസരിച്ച് വശ്വാസ പ്രഘോഷണത്തിനും തെറ്റുതിരുത്തലിനും നന്മയിലുളള അഭിവൃദ്ധിക്കും വേണ്ടി രചിക്കപ്പെട്ടതാണ് പുതിയനിയമം (2 തിമോത്തി. 3: 16 – 17). (തുടരും)