നസ്രാണിസഭയിലെ വിഭജനവും അന്ത്യോക്യൻ പാരമ്പര്യവും

റവ. ഡോ. ജോബി കറുകപ്പറമ്പിൽ

1653 – ലെ കൂനൻകുരിശുസത്യത്തിനുശേഷം ഉണ്ടായ സംഭവവികാസങ്ങൾ ഒന്നായിരുന്ന സുറിയാനി സമുദായത്തെ ദുർബലമാക്കിയ പിളർപ്പിലേയ്ക്കു നയിച്ചു. 1665-ൽ അന്ത്യോക്യൻ മെത്രാനായ മാർ ഗ്രിഗോറിയോസിന്റെ കേരളസഭയിലേയ്ക്കുളള ആഗമനം ഈ പിളർപ്പിനു പുതിയ മാനങ്ങൾ നല്കി.
പോർട്ടുഗീസ് പദ്രൊവാദോ ആധിപത്യത്തിനെതിരായി ഭാരതനസ്രാണികൾ ഉയർത്തിയ പ്രതിഷേധമായിരുന്നു കൂനൻ കുരിശുസത്യം. ഈ ആധിപത്യത്തിന്റെ പ്രതിനിധികളായിരുന്ന ഈശോ സഭാമെത്രാന്മാരും, മിഷനറിമാരും മാർത്തോമ്മക്രിസ്ത്യാനികളുടെ പൗരസ്ത്യറീത്തും സഭാ
പാരമ്പര്യങ്ങളും സ്വയംഭരണാവകാശങ്ങളും തോമ്മാമാർഗ്ഗവുമെല്ലാം അടിച്ചമർത്തുവാനുള്ള ശ്രമങ്ങൾ തുടർന്നു. പ്രശ്‌നകലുഷിതമായ ഈ സാഹചര്യങ്ങളുടെ നടുവിലേയ്ക്കാണ് മാർ ഗ്രിഗോറിയോസിന്റെ വരവ്. സമൂഹത്തിന്റെ വികാരങ്ങൾ മനസ്സിലാക്കി, നസ്രാണിപാരമ്പര്യങ്ങളും പൈതൃകങ്ങളും വീണ്ടെടുത്തു നല്കാമെന്നും അവയെ
പ്രോത്സാഹിപ്പിച്ചു വളർത്താമെന്നുമുളള അദ്ദേഹത്തിന്റെ വാഗ്ദാനം ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യത ഉളവാക്കി. ഉദയംപേരൂർ സൂനഹദോസിനുശേഷം നഷ്ടമായ പല ആധികാരിക പാരമ്പര്യങ്ങളും അദ്ദേഹം പുനസ്ഥാപിച്ചു എങ്കിലും വിഭജിതസമൂഹത്തിന്റെ നേതാവായിരുന്ന ആർച്ചു
ഡീക്കൻ മാർത്തോമ്മാ ഒന്നാമനെ മെത്രാനായി വാഴിച്ചില്ല. കാരണം വേർപെട്ടു
പോയ സമൂഹത്തെ യാക്കോബായ വിശ്വാസത്തിലേയ്ക്കും അന്ത്യോക്യൻ പാരമ്പര്യത്തിലേയ്ക്കും കൊണ്ടുവരിക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അന്ത്യോക്യൻ ആരാധനക്രമമോ, യാക്കോബായ വിശ്വാസമോ നസ്രാണി സഭയിൽ നടപ്പിലാക്കുന്നതിൽ അദ്ദേഹം വിജയിച്ചില്ലെങ്കിലും 1670 -ൽ തന്റെ മരണത്തിനു മുൻപായി റോമിനോടും കത്തോലിക്കാ സഭയോടുതന്നെയും
പൊതുവായ ഒരു എതിർപ്പ് ഈ സമൂഹത്തിൽ ഉളവാക്കാൻ മാർ ഗ്രിഗോറിയോസിനു കഴിഞ്ഞു. മാർത്തോമ്മാ ഒന്നാമന്റെ അനുയായി സമൂഹത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം കത്തോലിക്കാ, അകത്തോലിക്കാ സമൂഹങ്ങൾ തമ്മിലുളള വിടവു വർദ്ധിപ്പിക്കുവാനും ഈ പ്രവർത്തനങ്ങൾ ഇടയാക്കി.
മാർ ഗ്രിഗോറിയോസിനുശേഷം കേരളത്തിലെത്തിയ അന്ത്യോക്യൻ യാക്കോബായ മെത്രാന്മാരാണ് യഥാർത്ഥത്തിൽ അന്ത്യോക്യൻ അനുഷ്ഠാനങ്ങൾ ഇവിടെ നടപ്പിലാക്കിയത്. 1751-ൽ കേരളത്തിൽ വന്ന മാർ ബസേലിയോസ്, മാർ ഗ്രിഗോറിയോസ്, മാർ ഇവാനിയോസ് എന്നീ യാക്കോബായ മെത്രാന്മാരാണ് അന്ത്യോക്യൻ ആരാധന ക്രമം ഇവിടെ പ്രചരിപ്പിച്ചത്. എങ്കിലും അതിന്റെ പ്രചരണം വളരെ സാവധാനമായിരുന്നു. 1653 നു ശേഷമുളള പിളർപ്പു കാലഘട്ടത്തിൽ പുത്തൻകൂർ എന്നും പഴയകൂർ എന്നും ഉളള വേർതിരിവ് പ്രകടമാകാൻ ആരംഭിച്ചു. എങ്കിലും മാർത്തോമ്മാ ഒന്നാമനെ സ്വീകരിച്ച പുത്തൻകൂർ സമുദായവും പറമ്പിൽ ചാണ്ടിമെത്രാന്റെ കീഴിലായിരുന്ന പഴയകുറ്റുകാരും ഒരുപോലെ പൗരസ്ത്യ സുറിയാനി ആരാധനക്രമമാണ് ഉപയോഗിച്ചിരുന്നത്. 1836-ലെ മാവേലിക്കര സൂനഹദോസിൽ വച്ചാണ് പുത്തൻകുറ്റുകാർ അന്ത്യോക്യൻ യാക്കോബായ സഭാദ്ധ്യക്ഷനോടുള്ള വിധേയത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഇക്കാലത്തും
പുത്തൻകുറ്റുകാരുടെ ഇടയിൽ ആരാധനക്രമത്തിൽ പൗരസ്ത്യസുറിയാനി ഭാഷ നിലനിന്നിരുന്നു. അന്ത്യോക്യൻ യാക്കോബായ പാത്രിയാർക്കീസിന്റെ നേതൃത്വത്തിൽ 1876ലെ മുളന്തുരുത്തി സൂനഹദോസിൽ വച്ച് ഈ സമുദായത്തെ പൂർണ്ണമായും അന്ത്യോക്യൻ സഭയുടെ ഭാഗമാക്കാൻ ശ്രമങ്ങൾ നടന്നു. ഈ സൂനഹദോസോടുകൂടി അന്ത്യോക്യൻ ആരാധനക്രമം പുത്തൻകൂർ സമുദായത്തിന്റെയിടയിൽ വ്യാപകമായി പ്രചരിച്ചു.
മാർത്തോമ്മാനസ്രാണികളുടെ പുനരൈക്യശ്രമങ്ങൾക്കേറ്റ ഏറ്റംവലിയ തിരിച്ചടികളിൽ ഒന്നായിരുന്നു കൊടുങ്ങല്ലൂരിന്റെ മെത്രാപ്പോലീത്തയായി നിയമിത
നായ മാർ ജോസഫ് കരിയാറ്റിയുടെ അകാല നിര്യാണം. മാർ കരിയാറ്റിൽ ഒരിക്കലും
രൂപത ഏറ്റെടുത്തില്ലെങ്കിൽപോലും മാർത്തോമ്മാക്രിസ്ത്യാനികളെല്ലാം പദ്രൊവാദോയുടെ അധികാരത്തിൻ കീഴിലേയ്ക്കു മാറി. കരിയാറ്റിയുടെ ആകസ്മിക വേർപാടിനെ തുടർന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ പാറേമ്മാക്കൽ തോമ്മാകത്തനാരെ 1786 -ൽ പദ്രൊവാദോ അതിരൂപതയായ കൊടുങ്ങല്ലൂരിന്റെ അഡ്മിനിസ്‌ട്രേറ്റർ ആയി നാമനിർദ്ദേശം ചെയ്തു. പറമ്പിൽ ചാണ്ടി മെത്രാനുശേഷം തങ്ങൾക്കു ലഭിച്ച നാട്ടുമെത്രാനായ മാർ കരിയാറ്റിയുടെ അകാല മൃത്യു മാർത്തോമ്മാനസ്രാണികളെ നിരാശരാക്കിയെങ്കിലും പാറേമ്മാക്കൽ തോമ്മാകത്തനാരുടെ ഗോവർണദോർ പദവി അവർക്കാശ്വാസമായി. കൊടുങ്ങല്ലൂർ അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായ അദ്ദേഹം പാറേമാക്കേൽ തോമ്മാ ഗോവർണദോർ എന്ന് അറിയപ്പെട്ടു. ഗോവർണദോർ എന്നത് മലയാളത്തിൽ ഉപയോഗിക്കുന്ന പോർട്ടുഗീസ് പദമാണ്. ‘Gubernador’എന്ന ഈ വാക്കിനർത്ഥം ഗവർണർ, ഭരിക്കുന്നവൻ എന്നാണ്. നാട്ടുകാരനായിരുന്ന പാറേമ്മാക്കൽ ഗോവർണദോറിന്റെ നേതൃത്വം ഏവരും സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് സഭയിൽ ഐക്യവും സ്വസ്ഥതയും കളിയാടി. 1799 മാർച്ച് 20ന് അദ്ദേഹം അന്ത്യശ്വാസം വലിക്കുന്നതുവരെ മാർത്തോമ്മാക്രിസ്ത്യാനികളെല്ലാം അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിൽ നിലകൊണ്ടു. ഈ കാലയളവിൽ, പ്രൊപ്പഗാന്തായുടെ കർമ്മലീത്താ മെത്രാനായ അലോഷ്യസ് മേരിയുടെ (1784 – 1802) കീഴിലുളള മലബാറിലെ അപ്പസ്‌തോലിക വികാരിയാത്തിൽ ലത്തീൻ ക്രിസ്ത്യാനികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാറേമ്മാക്കൽ ഗോവർണദോർക്ക് കീഴിൽ ഏകസമൂഹമായി വളർന്ന മാർത്തോമ്മാ നസ്രാണികൾക്ക് ആ പതിമൂന്നു വർഷക്കാലം ആശ്വാസത്തിന്റെ കാലമായിരുന്നു. എന്നാൽ പാറേമ്മാക്കലിനെ മെത്രാനാക്കുവാനോ അദ്ദേഹത്തിന്റെ കാലശേഷമെങ്കിലും ഒരു നാട്ടു മെത്രാനെ നല്കുവാനോ ഉളള ശ്രമം നടന്നില്ല. മാത്രമല്ല അപ്രകാരമുള്ള പരിശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയോ എതിർക്കുകയോ ചെയ്യുന്ന സമീപനങ്ങളാണ് അക്കാലയളവിലെ വിദേശ ലത്തീൻ മിഷനറിമാർ സ്വീകരിച്ചത്. ഭാരതത്തിലെ മാർത്തോമ്മാനസ്രാണി സഭയുടെയോ, സഭാതനയരുടെയോ ആവശ്യം എന്തെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ കൂട്ടാക്കാതിരുന്ന മിഷനറിമാരുടെ മനോഭാവങ്ങൾ
നസ്രാണി സഭയിലെ പുനരൈക്യശ്രമങ്ങളെ തളർത്തി എന്നതിൽ സംശയമില്ല. ഭാരതസഭയുടെ പ്രണേതാക്കളും സംരക്ഷകരും തങ്ങൾ മാത്രമാണെന്ന ചിന്ത വളർത്തിയെടുത്ത മനോഭാവം അവരുടേതല്ലാത്ത പരിശ്രമങ്ങളിൽ നിന്നുണ്ടായ പുനരൈക്യശ്രമങ്ങളെ എതിർക്കാൻ മാത്രമാണ് ഉപകരിച്ചത് എന്നത് സ്വാഭാവികം മാത്രമാണ്.