ഹൃദയകവാടങ്ങൾ തുറക്കുമോ?

മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.

കരുണയുടെ ദൂതനായി ലോകം വാഴ്ത്തുന്ന ഫ്രാൻസിസ് മാർപ്പാപ്പാ ‘കരുണയുടെ അസാധാരണ ജൂബിലി വർഷം’ പ്രഖ്യാപിച്ചതിനെത്തുടർന്ന് മറ്റുളളവരോട് കരുണ കാണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നുണ്ട്.
പ്രതീകാത്മകമായി ദൈവാലയങ്ങളിൽ ‘കരുണയുടെ വാതിൽ’ തുറക്കണമെന്നും ശരിയായ ഒരുക്കത്തോടെ ഈ വാതിലിലൂടെ പ്രവേശിക്കുന്നവർക്ക് പൂർണ ദണ്ഡവിമോചനം ലഭിക്കുമെന്നും മാർപ്പാപ്പാ പ്രഖ്യാപിച്ചിരുന്നു. ഇതോടനുബന്ധിച്ച് കേരളസഭയിലും ഒട്ടേറെ ദൈവാലയങ്ങൾ കരുണയുടെ തീർത്ഥാടനകേന്ദ്രങ്ങളായി മാറുകയും വിശ്വാസികൾ ദണ്ഡവിമോചനം കാംക്ഷിച്ചുകൊണ്ട് കരുണയുടെ വാതിലിലൂടെ പ്രവേശിക്കുകയും ചെയ്തുവരുന്നു. 2016 നവംബർ 20ന് ഈശോയുടെ രാജത്വ തിരുനാൾ ദിനത്തിൽ കരുണയുടെ വർഷത്തിന് സമാപനമാവുകയാണ്. ഈ സമയം മറ്റുളളവരോടു നമുക്കുളള കരുണയെക്കുറിച്ച് ആത്മവിചിന്തനം നടത്തുന്നത് ഉചിതമായിരിക്കും.
അയൽവാസികൾക്ക് കുടിവെളളം  നിഷേധക്കുന്നവരും, കൊളളപ്പലിശകൊണ്ട് കൊട്ടാരങ്ങൾ പടുത്തുയർത്തുന്നവരും, അപവാദപ്രചരണങ്ങൾ നടത്തി മറ്റുളളവരുടെ ജീവിതം തകർക്കുന്നവരും പശ്ചാത്താപവും പ്രായശ്ചിത്തവുമില്ലാതെ കരുണയുടെ വാതിലിലൂടെ പ്രവേശിച്ചതുകൊണ്ടു മാത്രം രക്ഷപെടുമെന്നു വിചാരിക്കുന്നുണ്ടെങ്കിൽ അതു ഭോഷത്തമല്ലേ? ചില വസ്തുതകൾ നമുക്കൊന്ന് വിലയിരുത്താം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർ, അവർ ആരായിരുന്നാലും നിയമനത്തിന് ലക്ഷങ്ങൾ കോഴവാങ്ങുമ്പോൾ കളളപ്പണം കൈയിലുളളവർ ജോലി നേടുകയും, കഷ്ടപ്പെട്ടു പഠിച്ചിട്ടും കൈക്കുലി കൊടുക്കാൻ പണമില്ലാത്തതിനാൽ പാവപ്പെട്ടവർ ജോലിയില്ലാതെ അലയുകയും ചെയ്യേണ്ടവരുന്നു. അതേ സമയം തന്നെ അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്ന പാവപ്പെട്ടവർ കുറഞ്ഞ വേതനത്തിനു തൊഴിലെടുക്കാൻ നിർബന്ധിതരാകുകയും ചൂഷണത്തിനു വിധേയരാവുകയും ചെയ്യുന്നു. കരുണ കാട്ടേണ്ടവർ പോലും
അനീതി പ്രവർത്തിക്കുകയും ഹൃദയ കാഠിന്യത്തോടെ പെരുമാറുകയും ചെയ്യുന്നതല്ലേ ഈ ദുരവസ്ഥക്കു കാരണം? സാമ്പത്തിക പരാധീനത, സ്ഥാപനത്തിന്റെ നിലനില്പ് എന്നൊക്കെപ്പറഞ്ഞ് കൈകഴുകി ഒഴിഞ്ഞുമാറാൻ സാധിക്കുമോ? അനീതി പ്രവർത്തിച്ച് ലാഭം കൊയ്യുന്നതിനെക്കാൾ
നല്ലത് നീതിയോടെ മാറിനിൽക്കുന്നതാകും.
കരുണയുടെ മുഖംമൂടിയണിയുന്ന ഹൃദയകാഠിന്യവുമുണ്ട്. മറ്റെന്തിനെക്കാളും ഭയപ്പെടേണ്ട ഒന്നാണിത്. പലപ്പോഴും ഉന്നത അധികാര സ്ഥാനങ്ങളിലിരിക്കുന്നവരാണ് കരുണയുടെ ‘വ്യാജ പ്രവാചകർ’ ആകുന്നത്. നീതി നടപ്പാക്കാനുളള ഭയമോ കഴിവുകേടോ ആണ് ഇത്തരം ‘വ്യാജ കരുണയുടെ’കാരണം. രാഷ്ട്രീയ നേതാക്കളും ഉന്നത പോലീസ് അധികാരികളും മുതൽ പഞ്ചായത്തു മെമ്പർമാർ വരെ ഈ ഗണത്തിലുണ്ട്. മതനേതാക്കന്മാരിലും ഇത്തരക്കാർ വിരളമല്ല. തങ്ങളുടെ മുന്നിൽ പ്രശ്‌നപരിഹാരത്തിനു വരുന്നവരെ കാരുണ്യത്തിന്റെയും ക്ഷമയുടെയും വാക്കുകൾ പറഞ്ഞ് പ്രബോധനം നല്കി ‘ഒത്തുതീർപ്പിലാക്കി’ വിടുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. ഈ പ്രബോധനം നല്കുന്നതാകട്ടെ ന്യായത്തിന്റെ പക്ഷത്തുളള കൂട്ടത്തിൽ ദുർബലരോടായിരിക്കുകയും ചെയ്യും. അനീതിയുടെ പക്ഷത്തു നില്ക്കുന്ന ശക്തരോട് എതിരിടാനും അവരെ പിണക്കാനുമുളള വൈമുഖ്യമാണ് വ്യാജ കരുണയുടെ കാരണം. ദൈവാലയം കച്ചവടസ്ഥലമാക്കിയവർക്കെതിരെ പ്രതികരിച്ചപ്പോൾ ഈശോയിലുണ്ടായിരുന്നത് കച്ചവടത്തിലൂടെ ഉപജീവനം കഴിക്കുന്നവരോടുളള കരുണയായിരുന്നില്ല എന്ന് ഓർമ്മിക്കുക. കരുണയെന്നത് നീതി നിഷേധിക്കുകയും അനീതിക്കു കുടപിടിക്കുകയുമല്ല എന്നതും നാം മനസ്സിലാക്കണം. നിയമങ്ങൾ മനുഷ്യനുവേണ്ടിയാണ് മനുഷ്യൻ നിയമത്തിനുവേണ്ടിയല്ല എന്നതു മറന്നുപോകുമ്പോൾ, മനുഷ്യപ്പറ്റും മനസ്സാക്ഷിയും ഇല്ലാതാകുമ്പോൾ ചില ജീവിതങ്ങൾ ഞെരിഞ്ഞമരുന്നുണ്ട് എന്നും നാം ഓർക്കണം. അവർ ഭാരമുളള ചുമടുകൾ മനുഷ്യരുടെ ചുമലിൽ വച്ചുകൊടുക്കുന്നു. സഹായിക്കാൻ ചെറുവിരൽ അനക്കാൻ പോലും തയ്യാറാകുന്നുമില്ല (മത്തായി 23: 4) എന്ന മിശിഹായുടെ വാക്കുകൾ നമ്മെ കുറ്റപ്പെടുത്തുന്നതാകാതിരിക്കാൻ നമുക്ക് പരിശ്രമിക്കാം.